Showing posts with label റില്‍ക്കെ. Show all posts
Showing posts with label റില്‍ക്കെ. Show all posts

Friday, July 17, 2015

റിൽക്കെ - ഒരു കവിയുടെ പ്രണയചിന്തകൾ



സ്നേഹമല്ലാതെ മറ്റൊരു ശക്തി ലോകത്തില്ല; നിങ്ങൾ അതുള്ളിൽ കൊണ്ടുനടക്കുമ്പോൾ, അതെങ്ങനെ ഉപയോഗപ്പെടുത്തണമെന്നു നിങ്ങൾക്കറിവില്ലെങ്കിൽത്തന്നെ, അതിന്റെ ദീപ്തഫലങ്ങൾ നിങ്ങളെ നിങ്ങളിൽ നിന്നു പുറത്തു കടത്തും, നിങ്ങൾക്കതീതമായതിലേക്കു നിങ്ങളെ കൊണ്ടുപോകും. ഈ വിശ്വാസം നിങ്ങൾ ഒരിക്കലും കൈവിടരുത്.
(1921)
*

പ്രേമിക്കുക എന്നതിനെക്കാൾ ദുഷ്കരമായി ഒന്നുമില്ല എന്നത് എനിക്കനുഭവമായ കാര്യമാണ്‌.  അദ്ധ്വാനമാണത്, നിത്യാദ്ധ്വാനം; അതിനെ കുറിക്കാൻ മറ്റൊരു വാക്കില്ലെന്ന് ദൈവത്തിനറിയാം. നോക്കൂ, അത്ര ദുഷ്കരമായ ഒരു പ്രണയത്തിന്‌ ചെറുപ്പക്കാർ ഒരുക്കമല്ല എന്ന വസ്തുതയും ഇതിനോടു ചേർത്തു കാണണം. മനുഷ്യബന്ധങ്ങളിൽ വച്ചേറ്റവും സങ്കീർണ്ണവും ആത്യന്തികവുമായ ഈ ബന്ധത്തെ നമ്മുടെ കീഴ്വഴക്കങ്ങൾ അനായാസവും ചപലവുമായതൊന്നാക്കാനാണു ശ്രമിക്കുന്നത്; ആർക്കും സാദ്ധ്യമാണതെന്ന പ്രതീതിയുണ്ടാക്കാനാണു നോക്കുന്നത്. പക്ഷേ കാര്യം അങ്ങനെയല്ല. പ്രണയം ദുഷ്കരമാണ്‌, മറ്റേതിനെക്കാളും ദുഷ്കരമാണ്‌; കാരണം മറ്റു സംഘർഷങ്ങളിൽ പ്രകൃതി നമ്മോടനുശാസിക്കുന്നത് സർവശക്തിയും കൈകളിൽ സംഭരിച്ച് സ്വയം സജ്ജരാവാനാണ്‌; എന്നാൽ പ്രണയത്തിന്റെ മൂർദ്ധന്യത്തിൽ നമുക്കുണ്ടാവുന്ന അന്തഃപ്രചോദനം നമ്മെത്തന്നെ പൂർണ്ണമായി അടിയറ വയ്ക്കാനാണ്‌. പക്ഷേ ഒന്നോർത്തുനോക്കൂ, എല്ലാ പൂർണ്ണതയോടും കൂടെയല്ല നാം മറ്റൊരാൾക്കു സ്വയം വിട്ടുകൊടുക്കുന്നതെങ്കിൽ, ഒരു ചിട്ടയും താളവുമില്ലാത്തതാണ്‌ നമ്മുടെ ആ പ്രവൃത്തിയെങ്കിൽ അതിൽ എന്തെങ്കിലും സൗന്ദര്യമുണ്ടോ? വലിച്ചെറിയൽ പോലെ തോന്നുന്ന ആ വിട്ടുകൊടുക്കലിൽ നല്ലതെന്നു പറയാൻ എന്തെങ്കിലുമുണ്ടോ, സുഖമോ ആനന്ദമോ അഭ്യുദയമോ ഉണ്ടോ? ഇല്ല, ഉണ്ടാവുകയില്ല...ആർക്കെങ്കിലും പൂക്കൾ സമ്മാനിക്കുമ്പോൾ ആദ്യം തന്നെ നിങ്ങളത് ഭംഗിയായി അടുക്കി വയ്ക്കില്ലേ, ഇല്ലേ? എന്നാൽ വികാരാവേശം കൊണ്ടക്ഷമരും തിടുക്കകാരുമായ ചെറുപ്പക്കാർ ഒരാൾ മറ്റൊരാളിലേക്കു സ്വയം വലിച്ചെറിയുകയാണ്‌; അങ്ങനെയൊരു ക്രമരഹിതമായ സമർപ്പണത്തിൽ പരസ്പരപരിഗണനയുടെ ഒരംശം പോലുമില്ലെന്നത് അവർ ശ്രദ്ധിക്കുന്നതേയില്ല. പിന്നീട്, താളം തെറ്റിയ ആ ബന്ധത്തിൽ നിന്ന് ഒരു സംഘർഷം പിറവിയെടുക്കുമ്പോഴാണ്‌ അമ്പരപ്പോടെയും നീരസത്തോടെയും അവർ അതു ശ്രദ്ധിക്കുന്നത്. ഒരിക്കൽ അവർക്കിടയിൽ അന്യൈക്യം ഉടലെടുത്താൽ പിന്നെ ഓരോ ദിവസം ചെല്ലുന്തോറും കാലുഷ്യം കൂടിക്കൂടിവരും. അവരിൽ പിന്നെ ഉടയാത്തതോ അഴുക്കു പുരളാത്തതോ ആയി യാതൊന്നും അവശേഷിക്കുന്നില്ല. ഒടുവിൽ, വേർപെട്ടു കഴിയുമ്പോൾ സന്തോഷമെന്നു തങ്ങൾ കരുതിയതിനെ ഹതാശമായി മുറുകെപ്പിടിക്കാൻ ശ്രമിക്കുകയാണവർ. സന്തോഷം എന്നാൽ എന്താണെന്ന് അവർക്കിപ്പോൾ ഒർമ്മ വരുന്നതേയില്ല. ആ അനിശ്ചിതത്വത്തിൽ അവർ അന്യോന്യം അനീതിയോടെ പെരുമാറുന്നു; അന്യോന്യം നന്മ ചെയ്യണമെന്നാഗ്രഹിച്ചിരുന്നവർ ഇപ്പോൾ പരസ്പരം അധികാരവും അസഹിഷ്ണുതയും എടുത്തു പ്രയോഗിക്കുന്നു; ന്യായീകരണമില്ലാത്തതും അസഹനീയവുമായ ഒരു ദുരവസ്ഥയിൽ നിന്ന് ഏതു വിധേനയും പുറത്തു കടക്കാനുള്ള തത്രപ്പാടിൽ അവർ പിന്നെ മനുഷ്യബന്ധങ്ങൾക്കു സംഭവിക്കാവുന്ന ഏറ്റവും വലിയ അബദ്ധം ചെയ്യുന്നു: അവർ അക്ഷമരാകുന്നു. ഒരു പരിഹാരത്തിനവർ തിരക്കിടുന്നു, ഒരന്തിമതീരുമാനത്തിലേക്ക്, എന്നവർ വിശ്വസിക്കുന്നതിലേക്ക്, എത്രയും പെട്ടെന്ന് അവർക്കെത്തണം. തങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാൻ അവർ ഒരിക്കല്ക്കൂടി ശ്രമിക്കുന്നു. ഒന്നിനോടൊന്നു കൂട്ടിയിണക്കിയ സ്ഖലിതങ്ങളുടെ ചങ്ങലയിൽ അവസാനത്തേതു മാത്രമാണത്...
(1904)
*

പ്രണയത്തെ ഗൗരവമായി കാണുക, അതിന്റെ കഠിനതകൾ അനുഭവിക്കുക, ഒരു ജീവിതവൃത്തി പരിശീലിക്കുന്നതു പോലെ അതു പഠിച്ചെടുക്കുക- ചെറുപ്പക്കാർ ചെയ്യേണ്ടത് അതാണ്‌. മറ്റു പലതുമെന്നപോലെ പ്രണയത്തിന്‌ ജീവിതത്തിലുള്ള സ്ഥാനം ആളുകൾ തെറ്റിദ്ധരിച്ചിരിക്കുന്നു. അവർ പ്രണയത്തെ കളിയും നേരമ്പോക്കുമായി മാറ്റിയിരിക്കുന്നു; കാരണം അവർ കരുതുന്നത് അദ്ധ്വാനത്തേക്കാൾ സുഖം നല്കുന്നത് കളിയും നേരമ്പോക്കുമാണെന്നാണ്‌. അതേ സമയം അദ്ധ്വാനത്തെക്കാൾ ആനന്ദദായകമായി മറ്റൊന്നുമില്ല; പ്രണയം, പരമമായ ആനന്ദമാണതെന്നതിനാൽത്തന്നെ, അദ്ധ്വാനമല്ലാതെ മറ്റൊന്നാകുന്നുമില്ല. അപ്പോൾ, പ്രണയിക്കുന്നൊരാൾ വലിയ ഒരുദ്യമം ഏറ്റെടുത്തു നടത്തുന്നതു പോലെ വേണം പെരുമാറാൻ ശ്രമിക്കേണ്ടത്: പണ്ടത്തേക്കാൾ കൂടുതൽ നേരം അയാൾ ഒറ്റയ്ക്കാവണം, അയാൾ തന്നിലേക്കിറങ്ങണം, സ്വയം സജ്ജനാവണം, താനെന്താണോ, അതിൽ മുറുകെപ്പിടിക്കണം; അയാൾ പ്രവൃത്തിയെടുക്കണം; അയാൾ എന്തെങ്കിലുമാവണം!
(1904)
*

പ്രണയമല്ലേ, കല പോലെ, മനുഷ്യാവസ്ഥയെ അതിവർത്തിക്കാനും സാമാന്യമനുഷ്യനെക്കാൾ വലിയവനും മഹാമനസ്കനും വേണമെങ്കിൽ അസന്തുഷ്ടനുമാവാൻ നമുക്കു വരുതി നല്കുന്ന ഒരേയൊരു കർമ്മം? ആ സാദ്ധ്യതയെ വീരോചിതമായി നാം ആശ്ളേഷിക്കുക- ആ സചേതനാവസ്ഥ നമുക്കു പ്രദാനം ചെയ്യുന്ന വരങ്ങളിൽ ഒന്നു പോലും നാം തിരസ്കരിക്കാതിരിക്കുക.
(1920)
*

സമീപസ്ഥമായ രണ്ടേകാന്തതകൾ പരസ്പരം കരുത്തു പകരുന്നതിനെയാണ്‌ സൗഹൃദം എന്നു പറയുക. ഒരാൾ മറ്റൊരാൾക്ക് സ്വയം അടിയറവു പറയുകയാണെങ്കിൽ അത് സൗഹൃദത്തിനു ഹാനികരമായിട്ടാണു വരിക. എന്തെന്നാൽ, ഒരാൾ സ്വയം പരിത്യജിക്കുമ്പോൾ അയാൾ പിന്നെ ആരുമല്ലാതാവുന്നു; ഒന്നാവാൻ വേണ്ടി രണ്ടു പേർ തങ്ങളല്ലാതാവുമ്പോൾ അവരുടെ ചുവട്ടടിയിൽ ഉറച്ച നിലമില്ലെന്നാവുന്നു, അവരുടെ ഒത്തുചേരൽ നിരന്തരമായ പതനം മാത്രമാവുന്നു.
(1904)
*

താൻ സ്നേഹിക്കുന്ന ഒരാളെ വേദനിപ്പിക്കുക എന്ന ഭീതിയെക്കാൾ നികൃഷ്ടമായ തടവറ മറ്റൊന്നില്ല.
(1908)
*

ഒരേയളവിൽ ഒതുങ്ങിയ രണ്ടു പേർക്ക് തങ്ങൾ ഒരുമിച്ചിരിക്കുന്ന നേരങ്ങളെ നിർവചിക്കുന്ന സംഗീതത്തെക്കുറിച്ചു സംസാരിക്കേണ്ട ആവശ്യം തന്നെയില്ല. ആ സംഗീതമാണ്‌ അവർക്കു പൊതുവായിട്ടുള്ള മൂലകം. യാഗാഗ്നി പോലെ അവർക്കിടയിൽ അതെരിയുന്നു; ഇടയ്ക്കിടെ ഉച്ചരിക്കുന്ന അക്ഷരങ്ങളാൽ ആ പവിത്രജ്വാലയെ അവർ വളർത്തുകയും ചെയ്യുന്നു.

ഇനി, ഈ രണ്ടു പേരെ ഞാൻ ഒരു വേദിയിൽ കയറ്റിനിർത്തി അവരെ കലാപരമായി അവതരിപ്പിക്കുകയാണെന്നിരിക്കട്ടെ; രണ്ടു കമിതാക്കളെ കാട്ടിത്തരാനും എങ്ങനെയാണ്‌ അവർ ഇത്ര ധന്യരായതെന്നു വിശദീകരിക്കാനുമാണ്‌ ഞാൻ ശ്രമിക്കുന്നത്. പക്ഷേ ആ യാഗാഗ്നി രംഗത്തദൃശ്യമാണ്‌, അവർ അനുഷ്ഠിക്കുന്ന ബലികർമ്മത്തിന്റെ ചേഷ്ടകൾ അതിനാൽ ആർക്കും പിടി കിട്ടുകയുമില്ല.
(1898)

പ്രണയത്തിന്റെ ചരിത്രത്തിൽ എത്ര ദയനീയമായ ഒരു രൂപമാണ്‌ പുരുഷൻ സ്വയം വരച്ചിടുന്നത്! പാരമ്പര്യം ചാർത്തിക്കൊടുത്ത മേൽക്കൈയല്ലാതെ മറ്റൊരു കരുത്തും അയാൾക്കില്ലെന്നു തന്നെ പറയാം. എന്നാൽ ആ മേൽക്കോയ്മ പോലും എത്ര അലംഭാവത്തോടെയാണ്‌ അയാൾ കൈയാളുന്നതെന്നത് കൊടിയ അന്യായമായേനെ, സുപ്രധാനസംഭവങ്ങളിൽ ഏർപ്പെടേണ്ടിവരുന്നതാണ്‌ ആ അലംഭാവത്തിനും അന്യമനസകതയ്ക്കും കാരണമെന്ന ഭാഗികമായ ന്യായീകരണമില്ലായിരുന്നുവെങ്കിൽ. എന്നാൽ ഈ തീവ്രാനുരാഗിണിയും (മരിയന്ന അൽക്കോഫൊറാഡോ എന്ന പോർത്തുഗീസ് കന്യാസ്ത്രീ) നാണം കെട്ട ആ പങ്കാളിയും തമ്മിലുള്ള ബന്ധത്തിൽ നിന്നു ഞാൻ സ്വരൂപിച്ച ബോദ്ധ്യത്തെ തിരുത്താൻ ആരെയും ഞാൻ അനുവദിക്കില്ല: അതായത്, പ്രണയത്തിൽ സ്ത്രീ തന്റെ ഭാഗം അങ്ങേയറ്റം  പൂർണ്ണതയോടെ സഫലമാക്കുമ്പോൾ പുരുഷന്റെ ഭാഗത്ത് വെറും കഴിവുകേടേ കാണാനുള്ളു. ഒരു പഴഞ്ചൻ ഉപമ ഉപയോഗിച്ചു പറഞ്ഞാൽ, പ്രണയമെന്ന വിദ്യയിൽ അവൾ ബിരുദധാരിണിയാണെങ്കിൽ അയാൾ കീശയിൽ ഇട്ടുകൊണ്ടു നടക്കുന്നത് പ്രണയവ്യാകരണത്തിന്റെ ഒന്നാം പാഠപുസ്തകമാണ്‌; അതിലെ ചില വാക്കുകളെടുത്ത് വല്ലപ്പോഴും അയാൾ തട്ടിക്കൂട്ടുന്ന വാചകങ്ങളാവട്ടെ, ബാലപാഠങ്ങളിലെ തുടക്കപ്പേജുകളിലെ പരിചിതവാക്യങ്ങളെപ്പോലെ സുന്ദരവും കോരിത്തരിപ്പിക്കുന്നതും!
(1912)

ആളുകൾ തമ്മിൽ തമ്മിൽ എത്ര അകല്ച്ചയാണെന്നു നോക്കൂ; ഈ അകല്ച്ച ഏറ്റവും കൂടുതൽ കാണുന്നത് പ്രേമിക്കുന്നവർക്കിടയിലുമാണ്‌. അവർ തങ്ങൾക്കുള്ളതെല്ലാമെടുത്ത് അന്യോന്യമെറിയുന്നു; മറ്റേയാൾക്ക് അതു പിടിക്കാനും പറ്റുന്നില്ല; ഒടുവിൽ അവർക്കിടയിൽ അതു കുന്നു കൂടുകയും പരസ്പരം കാണുന്നതിലും അടുക്കുന്നതിലും നിന്ന് അവരെ തടയുകയും ചെയ്യുന്നു.
(1898)


സൃഷ്ടിയിൽ നാം അനുഭവിക്കുന്ന ആനന്ദം അവാച്യമാം വിധത്തിൽ സുന്ദരവും സമ്പുഷ്ടവുമാണെങ്കിൽ അതിനു കാരണം പ്രജനനത്തിന്റെയും ജനനത്തിന്റെയും കോടിക്കണക്കായ മുഹൂർത്തങ്ങളുടെ സ്മൃതിപരമ്പര അതിൽ നിറയുന്നു എന്നതുതന്നെ. സൃഷ്ടി എന്നൊരു ചിന്ത ഒരാളുടെ മനസ്സിൽ ഉദയം കൊള്ളുമ്പോൾ പ്രണയത്തിന്റെ ഒരായിരം വിസ്മൃതരാത്രികൾ അതിൽ വീണ്ടും ജന്മമെടുക്കുകയാണ്‌, അതിനെ ഗംഭീരവും ഉദാത്തവുമാക്കുകയാണ്‌. രാത്രികളിൽ തമ്മിലൊരുമിക്കുന്നവർ, ത്രസിക്കുന്ന തൃഷ്ണയോടെ ഉടലുകൾ കെട്ടിവരിയുന്നവർ, അവർ ഭവ്യമായ ഒരനുഷ്ഠാനം നിർവഹിക്കുകയാണ്‌, അവാച്യമായ പ്രഹർഷങ്ങളെക്കുറിച്ചു പറയാൻ ഭാവിയിൽ ജനിക്കാനിരിക്കുന്ന ഏതോ കവിയുടെ ഗീതത്തിനായി മാധുര്യവും ഗഹനതയും ബലവും ശേഖരിച്ചുവയ്ക്കുകയാണ്‌. അവർ ഭാവിയെ ആവാഹിച്ചുവരുത്തുകയാണ്‌; ഇനിയഥവാ, അവർക്കൊരു സ്ഖലിതം പിണഞ്ഞുവെന്നിരിക്കട്ടെ, അന്ധതയോടെയാണ്‌ അവർ ആശ്ളേഷിക്കുന്നതെന്നിരിക്കാട്ടെ, എന്നാൽക്കൂടി ഭാവി വന്നുചേരുകതന്നെ ചെയ്യും, പുതിയൊരു മനുഷ്യജീവി ജന്മമെടുക്കും, യാദൃച്ഛികതയ്ക്കു മേൽ പ്രകൃതിനിയമം പ്രയുക്തമാവും, ബലിഷ്ഠവും അപ്രതിരോധ്യവുമായ ഒരു ബീജം തനിക്കായി സ്വയം തുറക്കുന്ന ഒരണ്ഡത്തിലേക്ക് ഊറ്റത്തോടെ പ്രവേശിക്കുകയും ചെയ്യും.
(1903)



Monday, March 23, 2015

പ്രണയലേഖനങ്ങൾ (43) - റിൽക്കെ

rainer-maria-rilke1


ലൂ അന്ദ്രിയാസ് സാലോമിയ്ക്ക്

മ്യൂണിച്ച്, 1897 ജൂൺ 9

ബുധനാഴ്ച വൈകുന്നേരം

 

നിന്നെ പിരിഞ്ഞതില്പിന്നെ മഴ പെയ്തിരുണ്ട തെരുവുകളിലൂടെ
തിരക്കു പിടിച്ചൊളിച്ചുപോകുമ്പോളെനിക്കു തോന്നുന്നു,
എന്റെ കണ്ണുകളെ നേരിടുന്ന കണ്ണുകൾക്കെല്ലാം കാണാം,
നിർവൃതിയടഞ്ഞതും ഉയിർത്തെഴുന്നേറ്റതുമായ എന്റെയാത്മാവ്
അവയിലാളിക്കത്തുകയാണെന്ന്.

വഴിപോക്കരുടെ പറ്റത്തിൽ നിന്നെന്റെയാഹ്ളാദം മറച്ചുപിടിക്കാൻ
ഒളിഞ്ഞും മറിഞ്ഞും ഞാൻ ശ്രമിക്കുന്നു;
ധൃതിപ്പെട്ടു ഞാനതു വീട്ടിനുള്ളിലെത്തിക്കുന്നു;
രാത്രിയേറെക്കടന്നതില്പിന്നെയേ,
നിധിപേടകം പോലെ ഞാനതു പതുക്കെത്തുറക്കുന്നുള്ളു.

പിന്നെ, ഗഹനാന്ധകാരത്തിൽ നിന്നൊന്നൊന്നായി
എന്റെ പൊൻപണ്ടങ്ങൾ ഞാൻ കൈയിലെടുത്തു നോക്കുന്നു;
ഏതാണാദ്യം കാണേണ്ടതെന്നെനിക്കു തീർച്ചയാവുന്നില്ല:
എന്റെ മുറിയ്ക്കുള്ളിലിടമായ ഇടമെല്ലാം
കവിഞ്ഞൊഴുകുകയാണല്ലോ, കവിഞ്ഞൊഴുകുകയാണല്ലോ.

താരതമ്യങ്ങൾക്കപ്പുറത്തുള്ളൊരു സമൃദ്ധിയാണത്-
രാത്രിയുടെ കണ്ണുകളിന്നേവരെ കാണാത്ത പോലെ,
രാത്രിയുടെ മഞ്ഞുതുള്ളികളിന്നേവരെ വീഴാത്ത പോലെ.
ഏതു രാജകുമാരന്റെ വധുവിനു നല്കിയതുമാവട്ടെ,
ആ രാജകീയസ്ത്രീധനത്തെക്കാളമൂല്യമാണത്.

ഉജ്ജ്വലമായ രാജകീയകിരീടങ്ങളതിലുണ്ട്,
അവയിൽ പതിച്ച രത്നങ്ങൾ നക്ഷത്രങ്ങളത്രെ.
ആർക്കുമൊരു സംശയം പോലുമില്ല;
എന്റെ നിധികൾക്കിടയിൽ ഞാനിരിക്കുന്നു പ്രിയേ,
തനിക്കൊരു റാണിയുണ്ടെന്നറിയുന്ന രാജാവിനെപ്പോലെ.

തൊട്ടു മുമ്പു വീശിക്കടന്നുപോയ വന്യമായ കൊടുങ്കാറ്റിനു ശേഷം എത്ര സമൃദ്ധിയാണു സൂര്യൻ കോരിച്ചൊരിയുന്നതെന്നു കാണുമ്പോൾ എന്റെ മുറിയ്ക്കുള്ളിലെങ്ങും ആനന്ദത്തിന്റെ കട്ടിപ്പൊന്നു പൊതിഞ്ഞപോലെനിക്കു തോന്നിപ്പോകുന്നു. ധനികനും സ്വതന്ത്രനുമാണു ഞാൻ; തൃപ്തിയുടെ ദീർഘശ്വാസമെടുത്തുകൊണ്ട് സായാഹ്നത്തിന്റെ ഓരോ നിമിഷവും പിന്നെയും ഞാൻ സ്വപ്നം കാണുന്നു. ഇന്നിനി വീണ്ടും പുറത്തേക്കിറങ്ങണമെന്ന് എനിക്കു തോന്നുന്നില്ല. എനിക്കു സൗമ്യസ്വപ്നങ്ങൾ കാണണം, നീ വരുമ്പോൾ അവയുടെ പൊലിമ കൊണ്ടെന്റെ മുറിയ്ക്കകമെനിക്കലങ്കരിക്കണം. എന്റെ കൈകളിലും എന്റെ മുടിയിലും നിന്റെ കൈകളുടെ ആശിസ്സുകളുമായി രാത്രിയിലേക്കെനിക്കു പ്രവേശിക്കണം. എനിക്കാരോടും സംസാരിക്കേണ്ട: എന്റെ വാക്കുകൾക്കു മേൽ ഒരു മിനുക്കം പോലെ ഞൊറിയിടുകയും അവയ്ക്കൊരു മുഴക്കത്തിന്റെ സമൃദ്ധി പകരുകയും ചെയ്യുന്ന നിന്റെ വാക്കുകളുടെ പ്രതിധ്വനി ഞാൻ ദുർവ്യയം ചെയ്താലോ? ഈ സായാഹ്നസൂര്യനു ശേഷം മറ്റൊരു വെളിച്ചത്തിലേക്കും എനിക്കു കണ്ണയക്കേണ്ട; നിന്റെ കണ്ണുകളിലെ അഗ്നി കൊണ്ട് ഒരായിരം സൗമ്യയാഗങ്ങൾക്കു തിരി കൊളുത്തിയാൽ മതിയെനിക്ക്...എനിക്കു നിന്നിലുയരണം, ആർപ്പുവിളികൾ മുഴങ്ങുന്നൊരു പ്രഭാതത്തിൽ ഒരു ശിശുവിന്റെ പ്രാർത്ഥന പോലെ, ഏകാന്തനക്ഷത്രങ്ങൾക്കിടയിൽ ഒരഗ്നിബാണം പോലെ. എനിക്കു നീയാവണം. നിന്നെ അറിയാത്ത ഒരു സ്വപ്നവും എനിക്കു വേണ്ട; നീ സഫലമാക്കാത്ത, നിനക്കു സഫലമാക്കാനാവാത്ത ഒരഭിലാഷവും എനിക്കു വേണ്ട. നിന്നെ പ്രകീർത്തിക്കുന്നതല്ലാത്ത ഒരു പ്രവൃത്തിയും എനിക്കു ചെയ്യേണ്ട, നിന്റെ മുടിയിൽ ചൂടാനല്ലാത്ത ഒരു പൂവും എനിക്കു നട്ടു വളർത്തുകയും വേണ്ട. നിന്റെ ജനാലയിലേക്കുള്ള വഴിയറിയാത്ത ഒരു കിളിയേയും എനിക്കെതിരേല്ക്കേണ്ട, ഒരിക്കലെങ്കിലും നിന്റെ പ്രതിബിംബത്തിന്റെ രുചി നുകരാത്ത ചോലയിൽ നിന്നെനിക്കു ദാഹവും തീർക്കേണ്ട. അജ്ഞാതരായ അത്ഭുതപ്രവർത്തകരെപ്പോലെ നിന്റെ സ്വപ്നങ്ങളലഞ്ഞു നടന്നിട്ടില്ലാത്ത ഒരു നാട്ടിലേക്കുമെനിക്കു പോകേണ്ട, നീയിന്നേവരെ അഭയം തേടാത്ത ഒരു കുടിലിലുമെനിക്കു പാർക്കുകയും വേണ്ട. എന്റെ ജീവിതത്തിൽ നീ വരുന്നതിനു മുമ്പുള്ള നാളുകളെക്കുറിച്ചെനിക്കൊന്നുമറിയേണ്ട, ആ നാളുകളിലധിവസിച്ചിരുന്നവരെക്കുറിച്ചുമറിയേണ്ട. ആ മനുഷ്യരെ കടന്നുപോകുമ്പോൾ അവരുടെ കുഴിമാടത്തിൽ ഓർമ്മയുടെ അപൂർവ്വവും വാടിയതുമായ ഒരു പുഷ്പചക്രം, അവരതർഹിക്കുന്നുണ്ടെങ്കിൽ, എനിക്കർപ്പിക്കണം; എന്തെന്നാൽ, ഇത്ര സന്തോഷഭരിതനായിരിക്കെ നന്ദികേടു കാണിക്കാൻ എനിക്കു കഴിയില്ല. പക്ഷേ ഇന്നവർ എന്നോടു പറയുന്ന ഭാഷ കുഴിമാടങ്ങളുടെ ഭാഷയാണ്‌; അവർ ഒരു വാക്കു പറയുമ്പോൾ എനിക്കു തപ്പിത്തടയേണ്ടിവരുന്നു; എന്റെ കൈകൾ തൊടുന്നത് തണുത്ത, മരവിച്ച അക്ഷരങ്ങളിലാകുന്നു. ഈ മൃതരെ സന്തുഷ്ടഹൃദയത്തോടെ എനിക്കു പ്രശംസിക്കണം; എന്തെന്നാൽ അവരെന്നെ നിരാശപ്പെടുത്തി, അവരെന്നെ തെറ്റിദ്ധരിച്ചു, അവരെന്നോടു മര്യാദകേടായി പെരുമാറി, അങ്ങനെ ദീർഘമായ ആ യാതനാവഴിയിലൂടെ അവരെന്നെ നിന്നിലേക്കു നയിക്കുയും ചെയ്തു.- ഇപ്പോൾ എനിക്കു നീയാകണം. കന്യാമറിയത്തിന്റെ തിരുരൂപത്തിനു മുന്നിലെ കെടാവിളക്കു പോലെ നിന്റെ കൃപയ്ക്കു മുന്നിൽ എന്റെ ഹൃദയം എരിഞ്ഞുനില്ക്കുന്നു.

 

Lou andreas

വ്യാഴാഴ്ച രാവിലെ

 

ചോരച്ചുവപ്പായ കംബളങ്ങളെനിക്കു നീട്ടിവിരിക്കണം,
പതിനായിരങ്ങളായ പുഷ്പദീപങ്ങൾ നിരത്തിവയ്ക്കണം,
മണക്കുന്ന പൊൻകിണ്ണങ്ങളിൽ നിന്നവയിലെണ്ണ പകരണം,
പിന്നെയെങ്ങുമവ തുള്ളിത്തുളുമ്പി നില്ക്കണം.

അങ്ങനെയവ എരിഞ്ഞെരിഞ്ഞു നില്ക്കണം,
ചുവന്ന പകലുകൾ അന്ധരാക്കിയ നമ്മൾ
വിളർത്ത രാത്രിയിൽ അന്യോന്യമറിയും വരെ,
നക്ഷത്രങ്ങളാണു നമ്മുടെയാത്മാക്കളെന്നറിയും വരെ.

എത്ര സമ്പന്നയാണു നീ. എന്റെ രാത്രികൾക്കു നീ സ്വപ്നങ്ങൾ നല്കുന്നു, എന്റെ പുലരികൾക്കു ഗാനങ്ങൾ നല്കുന്നു, എന്റെ പകലിനു ലക്ഷ്യം നല്കുന്നു, എന്റെ ചുവന്ന അസ്തമയത്തിനു സൂര്യാശംസകളും നല്കുന്നു. അക്ഷയമാണു നിന്റെ ദാനങ്ങൾ. നിന്റെ കൃപ കൈക്കൊള്ളാനായി മുട്ടു കുത്തി ഞാൻ കൈകളുയർത്തുന്നു. എത്ര സമ്പന്നയാണു നീ! ഞാനാരാകണമെന്നു നീയാഗ്രഹിക്കുന്നുവോ, അതൊക്കെയാണു ഞാൻ. നിനക്കു കോപം വരുമ്പോൾ ഞാൻ അടിമയാകാം, നിനക്കു പുഞ്ചിരി വരുമ്പോൾ ഞാൻ രാജാവാകാം. എങ്ങനെയായാലും എനിക്കസ്തിത്വം നല്കുന്നത് - നീ.

ഇതു നിന്നോടു ഞാൻ പലപ്പോഴും പറയും, മിക്കപ്പോഴും പറയും. എന്റെ കുമ്പസാരം എളിമയും സാരള്യവും വായ്ചതൊന്നായി വിളയും.  അങ്ങനെയൊടുവിൽ എത്രയും ലളിതമായി നിന്നോടു ഞാനതു പറയുമ്പോൾ അത്രയും ലളിതമായിത്തന്നെ നീയതുൾക്കൊള്ളും, നമ്മുടെ ഗ്രീഷ്മകാലം വന്നുചേരും. എല്ലാ പകലുകൾക്കും മേലതു വ്യാപിക്കുകയും ചെയ്യും- നിന്റെ
                                                            റെനെയുടെ.

നീ ഇന്നു വരും!?


 

 

Sunday, March 22, 2015

പ്രണയലേഖനങ്ങൾ (42)- റിൽക്കെ

rilke (1)


ലൂ അന്ദ്രിയാസ് സാലോമിയ്ക്ക്

(1903 നവംബർ 9)
റോം, 1904 ജനുവരി 15

ലൂ, പ്രിയപ്പെട്ട ലൂ, നിന്റെ ഒടുവിലത്തെ  കത്തിന്റെ തീയതി ഞാൻ എന്റെ കത്തിനു മുകളിൽ എഴുതുന്നു,- നീ എഴുതിയതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നറിയിക്കാനുള്ള ആഗ്രഹം കൊണ്ടു മാത്രമാണത്; അങ്ങനെയൊരവിശ്വാസത്തിനു നിരന്തരവും സാദ്ധ്യമായ എല്ലാ തരത്തിലുമുള്ള പിൻബലം തരുന്നവരാണ്‌ ഇറ്റലിയിലെ തപാൽ വകുപ്പുകാർ.

പ്രിയപ്പെട്ട ലൂ, ഞാനിപ്പോൾ തോട്ടത്തിലെ എന്റെ ചെറിയ പുരയ്ക്കുള്ളിലാണ്‌; ഏറെ നേരത്തെ അശാന്തിയ്ക്കു ശേഷം കിട്ടുന്ന ആദ്യത്തെ സമാധാനപൂർണ്ണമായ നേരമാണിത്; ലളിതമായ ഈ മുറിയ്ക്കുള്ളിൽ ഓരോന്നും അതാതിന്റെയിടത്തു കുടി പാർക്കുന്നു, ജീവിക്കുന്നു, പകലും രാത്രിയും അതിനു മേൽ പതിക്കാൻ വിട്ടുകൊടുക്കുകയും ചെയ്യുന്നു. അത്രയധികം മഴയ്ക്കു ശേഷം പുറത്തിപ്പോൾ ഒരു വസന്തകാലത്തിന്റെ അപരാഹ്നമാണ്‌, നാളെ കണ്ടില്ലെന്നു വരാമെങ്കിലും നിത്യതയിൽ നിന്നു വരുന്നതായി ഇപ്പോൾ തോന്നുന്ന ഏതോ വസന്തത്തിന്റെ നേരങ്ങളാണ്‌: അത്ര സംയമനമാണ്‌, തിളങ്ങുന്ന വാകയിലകളും കുറ്റിയോക്കുകളുടെ എളിയ ഇലപ്പൊതികളുമിളക്കുന്ന നേർത്ത ഇളംകാറ്റിന്‌; അത്ര ആത്മവിശ്വാസമാണ്‌, ഒഴിഞ്ഞൊരിടമുണ്ടെന്നു പറയാനില്ലാത്ത മരങ്ങളിൽ ഇളംചുവപ്പു നിറമാർന്ന കുഞ്ഞുമൊട്ടുകൾക്ക്; അത്രയ്ക്കാണ്‌, ഒരു പഴയപാലത്തിന്റെ കമാനം ധ്യാനനിരതമായി നോക്കിനില്ക്കുന്ന എന്റെ ഈ പ്രശാന്തസാനുവിലെ ധൂസരവും ഇളംപച്ചനിറവുമായ നാഴ്സിസസ് പൂത്തടത്തിൽ നിന്നു പൊങ്ങുന്ന സൗരഭ്യം. എന്റെ പുരപ്പുറത്തു കെട്ടിക്കിടന്ന മഴവെള്ളത്തിന്റെ അടിമട്ടു ഞാൻ തൂത്തു മാറ്റിക്കളഞ്ഞു, വാടിയ ഓക്കിലകൾ ഒരു വശത്തേക്കു വാരി മാറ്റുകയും ചെയ്തു; ...ഏറെക്കാലത്തിനു ശേഷം ഇതാദ്യമായിട്ടാണ്‌ ഒരല്പം സ്വതന്ത്രനായ പോലെ, ഉല്ലാസവാനായ പോലെ, എന്റെ വീട്ടിലേക്കു നീ കയറിവരുന്ന പോലെ എനിക്കു തോന്നുന്നതും...ആഹ്ളാദം നല്കുന്ന ഈ അനുഭൂതിയും മാഞ്ഞുപോകാനേയുള്ളു: ആരറിഞ്ഞു, എന്റെ പുരപ്പുറത്തു പിന്നെയും വെള്ളം കോരിച്ചൊരിയാനായി അകലെ മലകൾക്കു പിന്നിൽ ഒരു മഴരാത്രി തയാറെടുക്കുകയല്ലെന്ന്, എന്റെ വഴികൾ പിന്നെയും മേഘങ്ങൾ കൊണ്ടു നിറയ്ക്കാൻ ഒരു കൊടുങ്കാറ്റുരുണ്ടുകൂടുകയല്ലെന്ന്.-

പക്ഷേ നിനക്കൊരു കത്തെഴുതാതെ ഈ നേരം കടന്നുപോകരുതെന്നു ഞാൻ കരുതി; നിനക്കു കത്തെഴുതാൻ എനിക്കു കഴിയുന്ന, നിനക്കടുത്തേക്കു വരാൻ മാത്രം എന്റെ മനസ്സു ശാന്തവും തല തെളിഞ്ഞതും ഞാൻ ഏകാകിയുമായിരിക്കുന്ന അല്പനിമിഷങ്ങൾ പാഴായിപ്പോകരുതെന്നു ഞാൻ കരുതി; കാരണം അത്രയ്ക്ക്, അത്രയ്ക്കാണെനിക്കു നിന്നോടു പറയാനുള്ളത്. പാരീസിൽ, ഡുറാൻഡ്-റുവേലിൽ വച്ച് കഴിഞ്ഞ കൊല്ലത്തെ വസന്തകാലത്ത് പൗരാണികചിത്രങ്ങളുടെ ഒരു പ്രദർശനം ഉണ്ടായിരുന്നു; ബോസ്ക്കോറിയേലിലെ ഒരു വില്ലായിൽ നിന്നുള്ള ചുമർചിത്രങ്ങൾ...ആ ചിത്രശകലങ്ങളിൽ ഏറ്റവും വലുതും അതിനാൽ അത്ര ലോലമെന്നു തോന്നുന്നതുമായ ഒന്ന് പൂർണ്ണമായും വലിയ ചേതം വരാതെയുമുണ്ടായിരുന്നു. ഗൗരവം നിറഞ്ഞതും പ്രശാന്തവുമായ ഒരു മുഖഭാവത്തോടെ ഒരു സ്ത്രീ ഇരിക്കുന്നതാണ്‌ അതിൽ ചിത്രീകരിച്ചിരുന്നത്; മന്ത്രിക്കുന്ന പോലെയും ചിന്തയിൽ മുഴുകിയ പോലെയും സംസാരിക്കുന്ന ഒരു പുരുഷൻ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയാണവൾ; അയാൾ സംസാരിക്കുന്നത് അവളോടെന്നപോലെ തന്നോടുമാണ്‌; അസ്തമയനേരത്തെ കടലോരങ്ങൾ പോലെ കഴിഞ്ഞുപോയ ഭാഗധേയങ്ങൾ തിളങ്ങുന്ന ഇരുണ്ട ശബ്ദമാണയാളുടേത്. ഈ മനുഷ്യൻ, എന്റെ ഓർമ്മ ശരിയാണെങ്കിൽ, അയാളുടെ കൈകൾ ഒരൂന്നുവടി മേൽ വച്ചിരുന്നു, വിദൂരദേശങ്ങളിൽ അയാൾ ഒപ്പം കൊണ്ടുപോയിരിക്കാവുന്ന ആ വടി മേൽ മടക്കിവച്ചിരുന്നു; അയാൾ സംസാരിക്കുമ്പോൾ അവ വിശ്രമിക്കുകയായിരുന്നു (തങ്ങളുടെ യജമാനൻ കഥ പറയാൻ തുടങ്ങുമ്പോൾ, അതേറെ നേരം നീണ്ടുനില്ക്കുമെന്നു കാണുമ്പോൾ മയങ്ങാൻ കിടക്കുന്ന നായ്ക്കളെപ്പോലെ-); എന്നാൽ ഈ മനുഷ്യൻ തന്റെ കഥയിൽ ഏറെ മുന്നോട്ടു പോയിരിക്കുന്നുവെങ്കിലും ഓർമ്മയുടെ എത്രയും വലിയൊരു വിസ്തൃതി (നിരപ്പായതെങ്കിലും പാത അപ്രതീക്ഷിതമായി വളവുകളെടുക്കുന്ന ഓർമ്മയുടെ വിസ്തൃതി) ഇനിയും മുന്നിലുണ്ടെന്നു തോന്നിപ്പിച്ചിരുന്നു; പക്ഷേ പ്രഥമദർശനത്തിൽ തന്നെ നിങ്ങൾക്കു മനസ്സിലാകുന്നു, അയാളാണു വന്നതെന്ന്, സ്വസ്ഥയും പ്രൗഢയുമായ ഈ സ്ത്രീയിലേക്കു യാത്ര ചെയ്തു വന്നയാൾ; ഉയരം വച്ച, വീടിന്റെ ശാന്തി നിറഞ്ഞ ഈ സ്ത്രീയിലേക്കു കയറിവന്ന അപരിചിതൻ. ആ ആഗമനത്തിന്റെ ഭാവം അപ്പോഴും അയാളിൽ ശേഷിച്ചിരുന്നു, കടലോരത്തൊരു തിരയിലെന്നപോലെ, തെളിഞ്ഞുപരന്ന ചില്ലു പോലതു പിൻവാങ്ങുകയാണെങ്കില്പോലും; കുറച്ചുകൂടി പക്വത വന്ന ഒരു സഞ്ചാരിക്കു പോലും കുടഞ്ഞുകളയാനാവാത്ത ആ തിടുക്കം അയാളിൽ നിന്നപ്പോഴും കൊഴിഞ്ഞുപോയിരുന്നില്ല; അയാളുടെ മനസ്സിന്റെ ഊന്നൽ അപ്പോഴും മാറിവരുന്നതും വിചാരിച്ചിരിക്കാത്തതുമായ സാദ്ധ്യതകളിലായിരുന്നു, അയാളുടെ കൈകളെക്കാൾ ഉത്തേജിതമായ, ഇനിയും ഉറക്കം പിടിക്കാത്ത കാലടികളിലേക്ക് ചോര ഇരച്ചുപായുകയായിരുന്നു. ഇപ്രകാരമാണ്‌ ചലനവും നിശ്ചലതയും ആ ചിത്രത്തിൽ സന്നിവേശിപ്പിച്ചിരുന്നത്; വൈരുദ്ധ്യങ്ങളായിട്ടല്ല, ഒരന്യാപദേശമായി, സാവധാനം മുറി കൂടുന്ന ഒരു വ്രണം പോലെ അന്തിമമായൊരൈക്യമായി...മഹത്തും ലളിതവുമായ ആ ചിത്രം എനിക്കു മേൽ പിടി മുറുക്കിയ രീതി എന്റെ ഓർമ്മയിൽ എന്നുമുണ്ടാവും. അത്രയ്ക്കതൊരാലേഖനമായിരുന്നു, രണ്ടു രൂപങ്ങളേ അതിലുള്ളുവെന്നതിനാൽ; അത്രയ്ക്കതർത്ഥവത്തുമായിരുന്നു, ആ രണ്ടു രൂപങ്ങൾ തങ്ങളാൽത്തന്നെ നിറഞ്ഞിരുന്നുവെന്നതിനാൽ, തങ്ങളാൽത്തന്നെ ഭാരിച്ചതായിരുന്നുവെന്നതിനാൽ, നിരുപമമായ ഒരനിവാര്യതയാൽ ഒന്നുചേർന്നിരുന്നുവെന്നതിനാൽ. ആദ്യനിമിഷം തന്നെ ആ ചിത്രത്തിന്റെ സാരം എനിക്കു തെളിഞ്ഞുകിട്ടുകയും ചെയ്തു. തികച്ചും കലുഷമായ ആ പാരീസ്‌കാലത്ത്, അനുഭവങ്ങൾ ദുഷ്കരവും വേദനാപൂർണ്ണവുമായി വലിയൊരുയരത്തിൽ നിന്നെന്നപോലെ ആത്മാവിൽ വന്നുപതിച്ചുകൊണ്ടിരുന്നപ്പോൾ, ആ മനോഹരചിത്രവുമായുള്ള സംഗമം നിർണ്ണായകമായ ഒരൂന്നൽ കൈവരിക്കുകയായിരുന്നു; ആസന്നമായതിനൊക്കെയപ്പുറം, അന്തിമമായതൊന്നിലേക്കു നോക്കാൻ എനിക്കനുമതി കിട്ടിയ പോലെയായിരുന്നു; അത്രയ്ക്കാണ്‌ ആ ചിത്രദർശനം എന്നെ സ്പർശിച്ചതും ദൃഢപ്പെടുത്തിയതും. പിന്നെയാണ്‌ പ്രിയപ്പെട്ട ലൂ, നിനക്കു കത്തെഴുതാനുള്ള ധൈര്യം വന്നുഭവിച്ചതും; എന്തെന്നാൽ എനിക്കു തോന്നി, ഏതു പാതയും, അതെത്ര വളഞ്ഞുപുളഞ്ഞതുമായിക്കോട്ടെ, സാർത്ഥകമാകും, ഒരു സ്ത്രീയിലേക്കുള്ള, സ്വസ്ഥതയിലും പക്വതയിലും കുടി കൊള്ളുന്ന, വിപുലയായ, ഗ്രീഷ്മരാത്രി പോലെന്തും- തങ്ങളെത്തന്നെ പേടിക്കുന്ന കുഞ്ഞുശബ്ദങ്ങൾ, വിളികൾ, മണിനാദങ്ങൾ- കേൾക്കാനറിയുന്ന ആ ഒരു സ്ത്രീയിലേക്കുള്ള അന്തിമമായ മടക്കത്തിലൂടെയെന്ന്:

പക്ഷേ ലൂ, എനിക്ക്, നിനക്കെങ്ങനെയോ നഷ്ടപ്പെട്ട ഈ മകന്‌, ഇനി വരാനുള്ള കുറേയേറെക്കാലത്തേക്കാവില്ല, കഥകൾ പറയുന്നവനാവാൻ, സ്വന്തം വഴി ഗണിച്ചെടുക്കുന്നവനാവാൻ, എന്റെ പൊയ്പോയ ഭാഗധേയങ്ങൾ വിവരിക്കുന്നവനാവാൻ; നീ കേൾക്കുന്നത് ഞാൻ ചുവടു വയ്ക്കുന്ന ശബ്ദം മാത്രമാണ്‌, ഇപ്പോഴുമതു തുടരുകയാണ്‌, ഇന്നതെന്നറിയാത്ത വഴികളിലൂടതു പിന്മടങ്ങുകയാണ്‌, ഏതിൽ നിന്നെന്നെനിക്കറിയില്ല, ആർക്കെങ്കിലുമടുത്തേക്കു വരികയാണോ അതെന്നുമെനിക്കറിയില്ല. എന്റെ നാവ്, ഒരിക്കലതൊരു വൻപുഴയായിക്കഴിഞ്ഞാൽ നിന്നിലേക്ക്, നിന്റെ കേൾവിയിലേക്ക്, നിന്റെ തുറന്ന ഗഹനതകളുടെ നിശബ്ദതയിലേക്കൊഴുകേണമെന്നേയെനിക്കുള്ളു- അതാണെന്റെ പ്രാർത്ഥന; പ്രബലമായ ഓരോ നേരത്തോടും, സംരക്ഷിക്കുകയും സർവതും പ്രദാനം ചെയ്യുകയും ചെയ്യുന്ന ഓരോ ഉത്കണ്ഠയോടും അഭിലാഷത്തോടും ആഹ്ളാദത്തോടും ആ പ്രാർത്ഥന ഞാൻ ആവർത്തിക്കുന്നു. ഇപ്പോൾപ്പോലും അപ്രധാനമാണെന്റെ ജീവിതമെങ്കിലും, കളകൾ കോയ്മ നേടിയ, പരിപാലനമില്ലാത്ത തൈകൾക്കിടയിൽ കിളികൾ കൊത്തിപ്പെറുക്കുന്ന ഉഴാത്ത പാടം പോലെയാണതെന്നു പലപ്പോഴും പലപ്പോഴുമെനിക്കു തോന്നാറുണ്ടെങ്കിലും,- നിന്നോടു പറയാനാവുമ്പോഴേ എനിക്കതുള്ളു, നീയതു കേൾക്കുമ്പോഴേ എനിക്കതുള്ളു!

Rilke_Signature


 

Saturday, March 21, 2015

പ്രണയലേഖനങ്ങൾ (41) - റിൽക്കെ

 

rilke (4)


ലൂ അന്ദ്രിയാസ് സാലോമിയ്ക്ക്

മ്യൂണിച്ച്, 1897 ജൂൺ 7

രണ്ടാഴ്ച മുമ്പ് യക്ഷിക്കഥ പോലെ മനോഹരമായ ഒരു പ്രഭാതത്തിൽ നിന്ന് ഞാൻ വീട്ടിലേക്കു കൊണ്ടുവന്ന കാട്ടുപൂക്കൾ അതില്പിന്നെ മൃദുലമായ രണ്ടു ബ്ളോട്ടിംഗ് പേപ്പറുകൾക്കിടയിൽ സുഖം പറ്റിയിരിക്കുകയായിരുന്നു. ഇന്നു പക്ഷേ, ഞാനവരെ നോക്കുമ്പോൾ ധന്യമായൊരോർമ്മയായി അവരെന്നെ നോക്കി മന്ദഹസിക്കുന്നു, അന്നെന്നപോലൊരു സന്തുഷ്ടഭാവം അവർ മുഖത്തു വരുത്തുകയും ചെയ്യുന്നു.
***

അനർഘമെന്നു പറയുന്ന നേരങ്ങളിലൊന്നായിരുന്നു അത്. ചുറ്റിനും നിബിഡപുഷ്പങ്ങൾ വിടര്‍ന്നുനില്ക്കുന്ന തുരുത്തുകൾ പോലെയാണ്‌ ആ തരം നേരങ്ങൾ. തിരകൾ പുറത്തു കിടന്നു നിശ്വസിക്കുന്നതേയുള്ളു; ഭൂതകാലത്തിൽ നിന്നൊരു യാനവും കടവടുക്കുന്നില്ല, ഭാവിയിലേക്കു പോകാനായൊന്നും കാത്തുകിടക്കുന്നുമില്ല.
***

ദൈനന്ദിനജീവിതത്തിലേക്കുള്ള അനിവാര്യമായ മടക്കം ആ നേരങ്ങളെ ബാധിക്കുന്നതേയില്ല. മറ്റെല്ലാ നേരങ്ങളിൽ നിന്നും വേർപെട്ടവയാണവ; ഉന്നതമായ മറ്റൊരസ്തിത്വത്തിന്റെ നേരങ്ങളാണവ.

***

തുരുത്തു പോലെ ഇമ്മാതിരി ഒരുന്നതാസ്തിത്വം, എനിക്കു തോന്നുന്നു, ചുരുക്കം പേർക്കു മാത്രം പറഞ്ഞിട്ടുള്ള സവിശേഷഭാവിയാണെന്ന്.-

ഒരു ധന്യതയുടെ മണിനാദം മുഴങ്ങുന്നു,
അകലെ നിന്നതു വിടർന്നെത്തുന്നു,
എന്റെയേകാന്തതയെ വന്നു പൊതിയുന്നു,
പൊന്നു കൊണ്ടൊരു കടകം പോലെ
എന്റെ സ്വപ്നത്തെ വലയം ചെയ്യാനൊരുങ്ങുന്നു.

ഹിമക്കട്ടകൾ കണ്ടു പേടിച്ചതും
ഹിമാനികൾ കൊണ്ടു വിഷാദിച്ചതുമാ-
ണെന്റെ ദരിദ്രമായ ചെറുജീവിതമെങ്കിലും
ഒരു പുണ്യകാലമതിനു സമ്മാനിക്കുമല്ലോ,
ഒരു ധന്യവസന്തം...

ഞാനിപ്പോൾ ഡോർഫെനിൽ ആയിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു. ഈ നഗരം എല്ലാ തരം ഒച്ചകളും കൊണ്ടു നിറഞ്ഞതാണ്‌, എനിക്കു തീർത്തും അന്യവുമാണത്. ഉൾവളർച്ചയുടെ അതിപ്രധാനകാലത്ത് അന്യമായതൊന്നും അതിനു വിഘാതമായി വരരുത്.-

അനേകവർഷങ്ങൾ കഴിഞ്ഞൊരു നാളായിരിക്കും നിങ്ങൾ എനിക്കാരാണെന്ന് നിങ്ങൾക്കു ശരിക്കും പിടി കിട്ടുക.

ദാഹം കൊണ്ടു മരിക്കാൻ പോകുന്നൊരാൾക്ക് കാട്ടുറവയെന്താണോ, അത്.

ആരുടെ പ്രാണനാണോ അതു രക്ഷിച്ചത്, നീതിമാനും മതിയാം വിധം കൃതജ്ഞനുമാണയാളെങ്കിൽ അതിന്റെ തെളിമയാവോളം മോന്തി സ്വയം തണുക്കുകയും കരുത്തു നേടുകയും ചെയ്തിട്ട് പുതിയ സൂര്യവെളിച്ചത്തിലേക്കയാൾ നടക്കില്ല. ഇല്ല: ആ അഭയത്തിൽ അയാളൊരു കുടിലു പണിയും, അതു പാടുന്നതു കേൾക്കാനും പാകത്തിലത്രയടുത്തയാൾ പണിയും, തന്റെ കണ്ണുകൾ വെയിലേറ്റു തളരുകയും സമൃദ്ധികളും തെളിമയും കൊണ്ടു ഹൃദയം കവിയുകയും ചെയ്യുന്നത്ര നേരം ആ പൂവിട്ട പുൽത്തട്ടിൽ അയാൾ കഴിയും. ഞാൻ കുടിലുകൾ പണിയും- അവിടെക്കഴിയും.

എന്റെ തെളിഞ്ഞയുറവേ! എനിക്കു നിന്നോടെന്തുമാത്രം കൃതജ്ഞനാവണമെന്നോ! ഒരു പൂവും പ്രകാശവും ഒരു സൂര്യനും എനിക്കു കാണേണ്ട- നിന്നിലല്ലാതെ. നിന്റെ കണ്ണുകളിലൂടെ നോക്കുമ്പോൾ എത്രയധികം മനോഹരവും യക്ഷിക്കഥ പോലെയുമാകുന്നു സർവതും: നിന്റെ വിളുമ്പത്തു നില്ക്കുന്ന ആ പൂവ്, നരച്ച പായലിൽ ഒറ്റയ്ക്കു തണുത്തു വിറച്ചും ജീവച്ഛവം പോലെയും നിന്നത് (നീയില്ലാതെ വസ്തുക്കളെ നോക്കിയിരുന്നപ്പോൾ അങ്ങനെയാണു ഞാനതിനെ കണ്ടത്), നിന്റെ കാരുണ്യത്തിന്റെ കണ്ണാടിയിൽ അതിനു തിളക്കം കിട്ടുന്നു, അതിനനക്കം വയ്ക്കുന്നു, നിന്റെ ഗഹനതകളിൽ ചെന്നു തട്ടി പ്രതിഫലിക്കുന്ന ആകാശത്തോളം അതിന്റെ കുഞ്ഞുതല ചെന്നു തൊടുകയും ചെയ്യുന്നു. പൊടി പിടിച്ചും ചെത്തിമിനുക്കാതെയും നിന്റെ വേലിയ്ക്കലെത്തുന്ന വെയില്ക്കതിരാവട്ടെ, തെളിച്ചം വച്ചും ഒരായിരം മടങ്ങായി പെരുകിയും തേജോമയമായ നിന്റെയാത്മാവിന്റെ തിരകളിൽ ഉജ്ജ്വലദീപ്തിയാവുകയും ചെയ്യുന്നു. എന്റെ തെളിഞ്ഞ ഉറവേ, എനിക്കു ലോകത്തെ നിന്നിലൂടെ കാണണം; എന്തെന്നാൽ അപ്പോൾ ഞാൻ കാണുന്നതു ലോകത്തെയായിരിക്കില്ല, എപ്പോഴും നിന്നെ, നിന്നെ, നിന്നെ മാത്രമായിരിക്കും!

എന്റെ പെരുന്നാളാണു നീ. സ്വപ്നത്തിൽ നിനക്കടുത്തേക്കു നടക്കുമ്പോൾ എന്റെ മുടിയിലെപ്പോഴും പൂക്കളുണ്ടാവുകയും ചെയ്യും.
***

നിന്റെ മുടിയിൽ എനിക്കു പൂക്കളണിയിക്കണം. പക്ഷേ എന്തുതരം പൂക്കൾ? മതിയായ ലാളിത്യമുള്ളതൊന്നുമില്ല. ഏതു മേയ്‌മാസത്തിൽ നിന്നു ഞാനതു പറിച്ചെടുക്കാൻ? എനിക്കിപ്പോൾ ബോദ്ധ്യമാണു പക്ഷേ, നിന്റെ ശിരസ്സിലെപ്പോഴുമുണ്ടാവും ഒരു പുഷ്പചക്രമെന്ന്...അല്ലെങ്കിലൊരു കിരീടമെന്ന്. അങ്ങനെയല്ലാതെ നിന്നെ ഞാൻ കണ്ടിട്ടേയില്ല.

നിന്നെ കാണുമ്പോഴൊക്കെയും നിന്നോടു പ്രാർത്ഥിക്കണമെന്നെനിക്കു തോന്നാതിരുന്നിട്ടില്ല. നിന്റെ ശബ്ദം കേൾക്കുമ്പോഴൊക്കെയും നിന്നിലെനിക്കു വിശ്വാസമർപ്പിക്കണമെന്നെനിക്കു തോന്നാതിരുന്നിട്ടില്ല. നിന്നോടഭിലാഷം തോന്നിയപ്പോഴൊക്കെയും നിനക്കായി യാതന അനുഭവിക്കണമെന്നെനിക്കു തോന്നാതിരുന്നിട്ടില്ല. നിന്നോടു തൃഷ്ണ തോന്നിയപ്പോഴൊക്കെയും നിന്റെ മുന്നിൽ മുട്ടു കുത്താനായെങ്കിൽ എന്നെനിക്കു തോന്നാതിരുന്നിട്ടില്ല.

നിന്റേതാണു ഞാൻ, തീർത്ഥാടകന്‌ ഊന്നുവടി പോലെ- നിനക്കു ഞാൻ താങ്ങാവുന്നില്ലെന്നു മാത്രം. നിന്റേതാണു ഞാൻ, റാണിയ്ക്കു ചെങ്കോലു പോലെ- നിനക്കു ഞാൻ അലങ്കാരമാവുന്നില്ലെന്നു മാത്രം. നിന്റേതാണു ഞാൻ, രാത്രിക്കതിന്റെ അന്ത്യയാമത്തിലെ കുഞ്ഞുനക്ഷത്രം പോലെ- രാത്രിക്കതിനെക്കുറിച്ചു ബോധമില്ലെങ്കിൽക്കൂടി, അതിന്റെ നനുത്ത തിളക്കത്തെക്കുറിച്ചറിവില്ലെങ്കിൽക്കൂടി.

റെനെ


 

Thursday, March 19, 2015

പ്രണയലേഖനങ്ങൾ (40)- റിൽക്കെ

indexrilke2



ലൂ അന്ദ്രിയാസ് സാലോമിയ്ക്ക്


1897 മേയ് 13

...നിങ്ങളോടൊപ്പം ഞാൻ പങ്കിട്ട ആദ്യത്തെ സന്ധ്യനേരമായിരുന്നില്ല ഇന്നലത്തേത്. എന്റെ ഓർമ്മയിൽ മറ്റൊന്നുണ്ട്, നിങ്ങളുടെ കണ്ണുകളിലേക്കു നോക്കാൻ എനിക്കാഗ്രഹം ജനിപ്പിച്ച മറ്റൊരു സന്ധ്യ. ഹേമന്തമായിരുന്നു; വസന്തകാലമായിരുന്നെങ്കിൽ ഒരായിരം വിദൂരദേശങ്ങളിലേക്കു കാറ്റടിച്ചുപറത്തുമായിരുന്ന എല്ലാ ചിന്തകളും കാംക്ഷകളും എന്റെ ഇടുങ്ങിയ വായനമുറിയിലും എന്റെ നിശബ്ദമായ ജോലിയിലും തൂന്നുകൂടിയിരുന്നു. അപ്പോഴാണ്‌ ഡോ. കോൺറാഡിൽ നിന്ന് എനിക്കൊരുപഹാരം കിട്ടുന്നത്: ന്യൂ ജർമ്മൻ റിവ്യൂവിന്റെ 1896 ഏപ്രിലിന്റെ ലക്കം. അതിൽ ‘ജൂതനായ യേശു’ എന്ന തലക്കെട്ടിൽ ഒരു ലേഖനമുള്ളതിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഒരു കത്തുമുണ്ടായിരുന്നു. എന്തുകൊണ്ട്? എന്റെ ‘ക്രിസ്തുവിന്റെ ദർശനങ്ങൾ’ എന്ന കവിതയുടെ ചില ഭാഗങ്ങൾ അടുത്ത കാലത്ത് അദ്ദേഹം വായിച്ചിട്ടുണ്ടായിരുന്നു; പ്രജ്ഞാസമ്പന്നമായ നിങ്ങളുടെ ആ പ്രബന്ധത്തിൽ എനിക്കു താല്പര്യമുണ്ടാവുമെന്ന് അദ്ദേഹം കരുതി. അദ്ദേഹത്തിനു തെറ്റി. ആ വെളിപാടിലേക്ക് എന്നെ ആഴത്തിലാഴത്തിൽ വലിച്ചിറക്കിക്കൊണ്ടുപോയത് താല്പര്യമായിരുന്നില്ല; ആത്മാർത്ഥമായ ഒരു സഹാനുഭൂതി  ആ ഭവ്യമായ പാതയിലൂടെ എനിക്കു വഴി കാട്ടിക്കൊണ്ട് മുന്നിൽ നടക്കുകയായിരുന്നു-എന്റെ ദർശനങ്ങൾ സ്വപ്നസമാനമായ ഇതിഹാസങ്ങൾ വഴി അവതരിപ്പിക്കുന്നത് മതപരമായ ബോദ്ധ്യത്തിന്റെ വിപുലബലത്തോടെ, അത്രയും സുതാര്യമായ വാക്കുകളിൽ നിങ്ങൾ ആവിഷ്കരിക്കുന്നതു കണ്ടപ്പോൾ എന്റെ ആഹ്ളാദത്തിന്‌ അതിരുണ്ടായില്ല.

നോക്കൂ, നിങ്ങളുടെയാ ആ നിർദ്ദയമായ കാർശ്യത്തിലൂടെ, വാക്കുകളുടെ വിട്ടുവീഴ്ചയില്ലാത്ത കരുത്തിലൂടെ എന്റെ കൃതി ഒരനുഗ്രഹം, ഒരനുമതി നേടുകയാണെന്ന് എനിക്കു തോന്നിപ്പോയി. കൂറ്റൻ സ്വപ്നങ്ങൾ അവയുടെ എല്ലാ നന്മതിന്മകളോടെയും ഫലിക്കുന്ന ഒരാളായി ഞാൻ മാറി. എന്തെന്നാൽ, സ്വപ്നത്തിനു യാഥാർത്ഥ്യം പോലെയും ആഗ്രഹത്തിനു സാഫല്യം പോലെയുമായിരുന്നു, എന്റെ കവിതകൾക്ക് നിങ്ങളുടെ ലേഖനം.

അപ്പോൾ എന്തൊക്കെ വികാരങ്ങളോടെയാണ്‌ ഇന്നലത്തെ ആ സായാഹ്നത്തെ ഞാൻ പ്രതീക്ഷിച്ചിരുന്നതെന്ന് നിങ്ങൾക്കു ഭാവന ചെയ്യാൻ പറ്റുമോ? ഇതൊക്കെ വേണമെങ്കിൽ ഇന്നലെ സംസാരത്തിനിടെ എനിക്കു പറയാമായിരുന്നു- ഒരു കപ്പു ചായ കുടിച്ചുകൊണ്ട്, യദൃച്ഛയാ എന്ന പോലെ, ആദരവു നിറഞ്ഞതും ഉള്ളിൽ തട്ടിയതുമായ ചില വാക്കുകൾ തിരഞ്ഞെടുത്തുകൊണ്ട്. പക്ഷേ എന്റെ മനസ്സിലുണ്ടായിരുന്നതുമായി ഒരു ബന്ധവും അതിനുണ്ടായെന്നു വരില്ല. ആ സന്ധ്യനേരത്ത് നിങ്ങളോടൊപ്പം ഞാൻ ഒറ്റയ്ക്കായിരുന്നു; എനിക്കു നിങ്ങളോടൊപ്പം ഒറ്റയ്ക്കാവുകയും വേണ്ടിയിരുന്നു- അത്രയും വലിയ ഒരനുഗ്രഹം കിട്ടിയതിന്റെ നന്ദിസൂചകമായി എന്റെ മനസ്സു നിറഞ്ഞു തുളുമ്പുകയായിരുന്നതിനാൽ.

എനിക്കെപ്പോഴും തോന്നാറുണ്ട്: ഒരാൾ മറ്റൊരാളോട് സവിശേഷമായ എന്തിനെങ്കിലും കടപ്പെട്ടിട്ടുണ്ടെങ്കിൽ ആ കടപ്പാട് അവർക്കിടയിൽ മാത്രമുള്ള ഒരു രഹസ്യമായി ശേഷിക്കണമെന്ന്.

എന്നെങ്കിലുമൊരിക്കൽ എന്റെ ‘ക്രിസ്തുവിന്റെ ദർശനങ്ങ’ളുടെ ഏതെങ്കിലും ഒരു ഭാഗം നിങ്ങളെ വായിച്ചുകേൾപ്പിക്കാനുള്ള ഭാഗ്യം എനിക്കു കിട്ടിയെന്നു വരാം; അതിലും വലുതായൊരാഹ്ളാദം എനിക്കു കിട്ടാനില്ല.

പക്ഷേ ഇതൊക്കെ പണ്ടേ മനസ്സിൽ സൂക്ഷിക്കുന്ന, പഴയൊരു നന്ദിയുടെ വാക്കുകളാണ്‌; ഇപ്പോൾ അവ പുറത്തു പറയാൻ അനുവാദം കിട്ടിയത്
ഒരു ബഹുമതിയായി കണക്കാക്കുന്നു,
നിങ്ങളുടെ,
റെനെ മരിയ റിൽക്കെ


റിൽക്കെ ലൂ അന്ദ്രിയാസ് സാലോമിയെ ആദ്യമായി കാണുന്നത് 1897 മേയ് 12നാണ്‌. അന്ന് റിൽക്കെയ്ക്ക് 21 വയസ്സായിരുന്നു; അവർക്ക് മുപ്പത്താറും. എഴുതിത്തുടങ്ങിയ ഒരു കവിയ്ക്ക് ലബ്ധപ്രതിഷ്ഠ നേടിയ, ജീവിതത്തിലും വിപുലമായ യാത്രകളിലും നിന്ന് അനുഭവങ്ങൾ സഞ്ചയിച്ച മുതിർന്ന ഒരെഴുത്തുകാരിയോടുള്ള ആരാധനയാണ്‌ ആദ്യത്തെ ഈ കത്തിൽ മുന്നിട്ടു നില്ക്കുന്നതെങ്കിലും പിന്നീടതു പ്രണയമായി വളരുകയായിരുന്നു.


 

Monday, February 2, 2015

ചെറുപ്പക്കാരനായ ഒരു കവിയ്ക്ക് റിൽക്കെ അയച്ച കത്തുകൾ - 5

116659


റോം, 1903 ഒക്റ്റോബർ 29

പ്രിയപ്പെട്ട സർ,

ഓഗസ്റ്റ് 29ലെ താങ്കളുടെ കത്ത് ഫ്ളോറൻസിൽ വച്ച് എനിക്കു കിട്ടിയിരുന്നു; രണ്ടു മാസത്തിനു ശേഷം ഇപ്പോഴാണ്‌ ഞാൻ ആ വിവരം താങ്കളോടു പറയുന്നത്. ഈ അലംഭാവം താങ്കൾ പൊറുക്കണം. യാത്ര ചെയ്യുമ്പോൾ കത്തെഴുതുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല; കാരണം, അത്യാവശ്യം വേണ്ട ഉപകരണങ്ങൾ മാത്രം പോര, എനിക്കു കത്തെഴുതാൻ: അല്പം സ്വസ്ഥത, ഏകാന്തത, വീണുകിട്ടിയതല്ലാത്ത ഒരു മണിക്കൂറെങ്കിലും സമയം- ഇത്രയും എനിക്കു വേണം.

ആറാഴ്ചയോളം മുമ്പ് ഞങ്ങൾ റോമിലെത്തി; ഉഷ്ണിക്കുന്ന, ജ്വരത്തിനു കുപ്രസിദ്ധമായ, സഞ്ചാരികളുടെ വരവു തുടങ്ങുന്നതിനു മുമ്പുള്ള സമയം. ഈ സാഹചര്യവും താമസസൌകര്യം സംബന്ധിച്ച ചില വൈഷമ്യങ്ങളും കൂടി ഞങ്ങൾക്കു സമ്മാനിച്ചത് ഒരിക്കലും മോചനമില്ലെന്നു തോന്നിയ ഒരു സ്വസ്ഥതകേടാണ്‌; വീടില്ലാത്തതിന്റെ ഭാരത്തിനൊപ്പം ഒരന്യദേശത്തിന്റെ അപരിചിതത്വവും ഞങ്ങൾക്കു താങ്ങേണ്ടിവന്നു. തന്നെയുമല്ല, ആദ്യത്തെ ചില നാളുകളിൽ  കടുത്ത വിഷാദത്തിലേക്കു നിങ്ങളെ തള്ളിവിടുന്ന സ്വഭാവവുമുണ്ട് റോമിന്‌: കാഴ്ചബംഗ്ളാവിലേതെന്നപോലെ ജീവനറ്റതും ദാരുണവുമായ ആ അന്തരീക്ഷം കാരണം; ഉത്ഖനനം ചെയ്തെടുത്ത് അതീവശ്രദ്ധയോടെ സൂക്ഷിച്ചുപോരുന്ന ഭൂതകാലങ്ങളുടെ (വർത്തമാനകാലത്തിന്റെ ചെറിയൊരംശം അതുകൊണ്ടു ജീവിച്ചുപോരുന്നുമുണ്ട്) സമൃദ്ധി കാരണം; മറ്റൊരു കാലത്തിന്റേതായ, നമ്മുടേതല്ലാത്തതും നമ്മുടേതാകരുതാത്തതുമായ ഒരു ജീവിതത്തിന്‍റെ യാദൃച്ഛികാവശിഷ്ടങ്ങൾ മാത്രമാണ്‌ വിരൂപമാക്കപ്പെട്ടതും തകർന്നുടഞ്ഞതുമായ ആ വസ്തുക്കൾ; പക്ഷേ, പണ്ഡിതന്മാരും ഭാഷാശാസ്ത്രജ്ഞരും ടൂറിസ്റ്റുകളുമുൾപ്പെടെ മിക്കവരും വേണ്ടതിലധികം മൂല്യമാണ്‌ അവയ്ക്കു ചാർത്തിക്കൊടുക്കുന്നത്.

ഒടുവിൽ ആഴ്ചകൾ നീണ്ട പ്രതിരോധത്തിനു ശേഷം നിങ്ങൾ സ്വയം കണ്ടെടുക്കുകയാണ്‌ (ആശയക്കുഴപ്പം പൂർണ്ണമായി മാറിയിട്ടിലെങ്കില്ക്കൂടി); നിങ്ങൾ സ്വയം പറയുകയാണ്‌: ഇല്ല, മറ്റെവിടെയുമുള്ളതിലധികം സൌന്ദര്യം ഇവിടെയില്ല. തലമുറകളുടെ നിരന്തരമായ ആരാധനയ്ക്കു പാത്രമായ, പണിക്കാർ കേടു പോക്കിയെടുത്ത ഈ വസ്തുക്കൾ ഒരർത്ഥവും ഉൾക്കൊള്ളുന്നില്ല, അവ ഒന്നുമല്ല; അവയ്ക്കു ഹൃദയവുമില്ല, മൂല്യവുമില്ല.

പക്ഷേ ഇവിടെ ഒരുപാടു സൌന്ദര്യമുണ്ട്, എവിടെയും ഒരുപാടു സൌന്ദര്യമുണ്ട് എന്നതിനാൽ. ഒടുങ്ങാത്ത ഓജസ്സോടെ പ്രാക്തനമായ ജലനാളികളിലൂടെ മഹാനഗരത്തിലേക്കൊഴുകിയെത്തുന്ന വെള്ളം; നഗരചത്വരങ്ങളിലെ വെണ്ണക്കൽത്തളികകളിൽ നൃത്തം വച്ചുകൊണ്ടതു പരന്നൊഴുകുന്നു, വിശാലമായ താമ്പാളങ്ങളിൽ അതു തളം കെട്ടുന്നു, പകൽനേരത്തെ അതിന്റെ നേർത്ത മർമ്മരം രാത്രിയിൽ ഉച്ചത്തിലാകുന്നു. രാത്രികൾ ഇവിടങ്ങളിൽ വിപുലവും നക്ഷത്രാവൃതവും ഇളംകാറ്റുകളാൽ സൌമ്യവുമാണ്‌. പിന്നെ ഉദ്യാനങ്ങളുണ്ട്, ഓർമ്മയിൽ നിന്നു മായാത്ത നടക്കാവുകളുണ്ട്. പിന്നെ കല്പടവുകളുണ്ട്, മൈക്കലാഞ്ജലോ ഭാവന ചെയ്ത പടവുകൾ, ഒഴുകിയിറങ്ങുന്ന ജലം പോലെ പണിതെടുത്ത പടവുകൾ, പരന്നിറങ്ങിപ്പോകുമ്പോൾ തിരയിൽ നിന്നു തിരയെന്നപോലെ ഒന്നിൽ നിന്നൊന്നു പിറവിയെടുക്കുന്ന പടവുകൾ. മനസ്സിൽ പതിയുന്ന ഈ തരം ബിംബങ്ങളുടെ സഹായത്തോടെ നാം മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുകയാണ്‌, ബഹുലതകളുടെ സംസാരങ്ങളിലും ജല്പനങ്ങളിലും നിന്ന് സ്വയം രക്ഷപ്പെടുത്തുകയാണ്‌. (എത്ര വാചാലമാണവ!) ക്രമേണ നമ്മൾ പഠിക്കുന്നു, നിത്യത വസിക്കുന്ന ചുരുക്കം ചില വസ്തുക്കളെ (നമുക്കവയെ സ്നേഹിക്കാനാകും), ഏകാന്തമായതൊന്നിനെ (നമുക്കതിന്റെ ഭാഗവുമാകാം) തിരിച്ചറിയാൻ.

ഇപ്പോഴും ഞാൻ നഗരത്തിൽ തന്നെയാണു താമസം, ക്യാപിറ്റോളിൽ; റോമൻ കലയിൽ നിന്നു നമുക്കു കിട്ടിയ അതിമനോഹരമായ ആ അശ്വാരൂഢപ്രതിമയിൽ നിന്ന് - മാർക്കസ് ഓറേലിയസിൽ നിന്ന്-  അധികം അകലെയല്ലാതെ. പക്ഷേ ചില ആഴ്ചകൾക്കുള്ളിൽത്തന്നെ ചെറുതും ലളിതവുമായ ഒരു മുറിയിലേക്കു ഞാൻ താമസം മാറ്റുകയാണ്‌; നഗരത്തിന്റെ ആരവങ്ങളിലും സംഭവങ്ങളിൽ നിന്നുമൊഴിഞ്ഞ്, വലിയൊരു പാർക്കിനുള്ളിൽ ഒളിഞ്ഞുകിടക്കുന്ന പഴയൊരു വേനല്ക്കാലവസതി. ആ മഹാമൌനം ആസ്വദിച്ചുകൊണ്ട് മഞ്ഞുകാലം മുഴുവൻ ഞാൻ അവിടെ കഴിയാൻ പോവുകയാണ്‌. സഫലവും സന്തോഷപ്രദവുമായ ചില നാളുകൾ അതെനിക്കു സമ്മാനിക്കുമെന്നു ഞാൻ ആശിക്കുന്നു.

എനിക്കു കൂടുതൽ സ്വസ്ഥത തോന്നുന്ന ആ സ്ഥലത്തു ചെന്നിട്ട് ഞാൻ താങ്കൾക്ക് ദീർഘമായ ഒരു കത്തെഴുതാം; താങ്കളുടെ എഴുത്തിനെക്കുറിച്ച് എനിക്കു പറയാനുള്ളതും അതിൽ ഉൾക്കൊള്ളിക്കാം. ഇപ്പോൾ ഇതു മാത്രം പറയട്ടെ (ഇതു നേരത്തേ പറയാതിരുന്നതു തെറ്റായിപ്പോയി എന്നും തോന്നുന്നു): താങ്കളുടെ കത്തിൽ സൂചിപ്പിച്ചിരിക്കുന്ന ആ പുസ്തകം (താങ്കളുടെ രചനകൾ ഉൾപ്പെടുന്നത്) ഇനിയും ഇവിടെ കിട്ടിയിട്ടില്ല. അതിനി വോർപ്സ്വീഡിൽ നിന്ന് താങ്കളിലേക്കു തന്നെ തിരിച്ചെത്തിയോ? ഒരു വിദേശരാജ്യത്തേക്കയക്കുന്ന കത്തുകൾ അവർ സാധാരണഗതിയിൽ മറ്റൊരു മേൽവിലാസത്തിലേക്കു മാറ്റി അയക്കാറില്ല. ഏറ്റവും ഹിതകരമായ സാദ്ധ്യത അതാണ്‌; അതിനൊരു സ്ഥിരീകരണം താങ്കളിൽ നിന്നു കിട്ടുമെന്നും പ്രതീക്ഷിക്കുന്നു. അതു താങ്കൾക്കു നഷ്ടപ്പെടില്ലെന്നും ആശിക്കട്ടെ; ദൌർഭാഗ്യവശാൽ ഇറ്റാലിയൻ പോസ്റ്റൽ സംവിധാനത്തിൽ അതൊരപവാദവുമല്ല.

ആ പുസ്തകം കൈയിൽ കിട്ടിയാൽ ഞാൻ ഏറെ സന്തോഷിക്കുമായിരുന്നു, താങ്കളുടെ അടയാളം പേറുന്ന മറ്റേതുമെന്നപോലെ. ഇതിനകം എഴുതിക്കഴിഞ്ഞ കവിതകളുണ്ടെങ്കിൽ - താങ്കൾ അവ എന്നെ വിശ്വസിച്ചേല്പിക്കുകയാണെങ്കിൽ- അവ ഞാൻ വായിക്കും, വീണ്ടും വായിക്കും, എനിക്കായവിധം, ആർജ്ജവത്തോടെ ഞാൻ വായിക്കും, അതിന്റെ അനുഭവം ഉൾക്കൊള്ളുകയും ചെയ്യും.

എല്ലാ അനുഗ്രഹാശിസ്സുകളോടെയും.

താങ്കളുടെ,

റെയ്‌നർ മരിയ റിൽക്കെ


Monday, December 8, 2014

ചെറുപ്പക്കാരനായ ഒരു കവിയ്ക്ക് റിൽക്കെ അയച്ച കത്തുകൾ-4



rilke3
വോർപ്‌സ്വീഡ്, ബ്രെമനു സമീപം
1903 ജൂലൈ 16

തീരെ സുഖമില്ലാതെയും ക്ഷീണിതനായും പത്തു ദിവസം മുമ്പ് ഞാൻ പാരീസിൽ നിന്ന് ഈ വടക്കൻ സമതലത്തിലേക്കു പോന്നു; ഇപ്രദേശത്തിന്റെ വിപുലതയും നിശബ്ദതയും ആകാശവും ആരോഗ്യം വീണ്ടെടുക്കാൻ എന്നെ സഹായിക്കുമെന്നതിൽ സംശയിക്കാനില്ല; പക്ഷേ തോരാതെ മഴ പെയ്യുന്നൊരു കാലത്തായിപ്പോയി ഞാൻ ഇവിടെയെത്തിയത്; നിർത്താതെ കാറ്റു വീശുന്ന ഈ ദേശത്ത് ഇന്നിപ്പോഴാണ്‌ മഴയ്ക്കൊരു ശമനമുണ്ടായത്. തെളിച്ചത്തിന്റെ ഈ നിമിഷം നിങ്ങളോടു കുശലം പറയാൻ ഉപയോഗപ്പെടുത്തട്ടെ, പ്രിയപ്പെട്ട സർ.
പ്രിയപ്പെട്ട കപ്പൂസ്, നിങ്ങളുടെ കത്ത് എന്റെ മറുപടി പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായിരിക്കുന്നു. ഞാനതിനെ മറവിയിൽ തള്ളി എന്നല്ല; മറിച്ച്, മറ്റു കത്തുകളുടെ കൂട്ടത്തിൽ കാണുമ്പോൾ വീണ്ടുമെടുത്തു വായിക്കുന്ന തരത്തിൽപ്പെട്ടതൊന്നാണത്. വായിക്കുന്തോറും നിങ്ങൾ എനിക്കത്ര സമീപസ്ഥനാണെന്ന് എനിക്കു തോന്നുകയുമായിരുന്നു. മേയ് രണ്ടാം തീയതിയിലെ കത്താണത്; നിങ്ങൾക്ക് അതോർമ്മയുണ്ടാവണം. ഈ വിദൂരദേശത്തെ വിപുലമൌനത്തിലിരുന്ന് വീണ്ടും ഈ കത്തു വായിക്കുമ്പോൾ ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ മനോഹരമായ ആകാംക്ഷകൾ പാരീസിൽ വച്ചെന്നതിനെക്കാൾ എന്റെ മനസ്സിനെ സ്പർശിച്ചുപോവുകയാണ്‌!; അവിടെയാകട്ടെ, ഭൂമി കുലുക്കുന്ന ആ ഒച്ചപ്പാടിൽ എന്തും നമ്മുടെ കാതിലേക്കെത്തുന്നത് വ്യത്യസ്തമായൊരു പ്രകാരത്തിലാണല്ലോ. ഇവിടെ, കടൽക്കാറ്റുകൾ മേയുന്ന ഈ പ്രബലപ്രകൃതി വലയം ചെയ്തുനിൽക്കെ, എനിക്കു തോന്നുകയാണ്‌, ഒരു മനുഷ്യനുമാവില്ല, താങ്കളുടെ ആ ചോദ്യങ്ങൾക്കു മറുപടി നല്കാനെന്ന്, ഉള്ളിന്റെയുള്ളിൽ സ്വന്തമായൊരു ജീവിതമുള്ള ആ അനുഭൂതികളെ വിശദീകരിക്കാനെന്ന്. എന്തെന്നാൽ, എത്രയും സൂക്ഷ്മമായ, അവാച്യമെന്നുതന്നെ പറയാവുന്ന അനുഭൂതികളെക്കുറിച്ചു പറയേണ്ടി വരുമ്പോൾ ഏതു കേമനായ എഴുത്തുകാരനും കാലിടറും.
അതങ്ങനെയാണെങ്കിൽക്കൂടി, ഈ നിമിഷം എന്റെ കണ്ണുകളെ ഉന്മേഷപ്പെടുത്തുന്ന ഈ വസ്തുക്കളോടു സദൃശമായമായവയിലാണു നിങ്ങൾ പറ്റിച്ചേർന്നു നിൽക്കുന്നതെങ്കിൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെപോകില്ല എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. പ്രകൃതിയിൽ, അതിന്റെ സാരള്യത്തിൽ, കണ്ണിൽപ്പെടാൻ കൂടിയില്ലാത്ത വിധത്തിൽ അത്ര നിസ്സാരമെങ്കിലും പൊടുന്നനേ വിശ്വരൂപമെടുത്തേക്കാവുന്ന ചെറിയവയിൽ നിങ്ങൾ വിശ്വാസമർപ്പിക്കുമെങ്കിൽ; എളിമയുള്ളതുകളോടാണു നിങ്ങൾക്കു മമതയെങ്കിൽ, നിസ്സാരങ്ങളുടെ സ്നേഹമാർജ്ജിക്കാൻ ഒരു സേവകനെപ്പോലെ നിങ്ങൾ ശ്രമിക്കുമെങ്കിൽ; എങ്കിൽ സർവതും നിങ്ങൾക്കു കൂടുതൽ അനായാസമാവുകയാണ്‌, കൂടുതൽ സന്തുലിതവും യുക്തവുമാവുകയാണ്‌- നിങ്ങളുടെ ബോധമനസ്സിനല്ല- അത് അത്ഭുതസ്തബ്ധമായി പിൻവലിയുകയാണല്ലൊ- നിങ്ങളിൽ അന്തര്യാമിയായ ബോധത്തിന്‌, ജാഗ്രതയ്ക്ക്, ജ്ഞാനത്തിന്‌.
നിങ്ങൾ തീരെ ചെറുപ്പമാണ്‌; തുടക്കങ്ങൾ വരാൻ കിടക്കുന്നതേയുള്ളു; അതിനാൽ പ്രിയപ്പെട്ട കപ്പൂസ്, എനിക്കായ വിധം ഞാൻ നിങ്ങളോടപേക്ഷിക്കട്ടെ: നിങ്ങളുടെ ഹൃദയത്തിൽ ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങൾക്കു മുന്നിൽ ഒരല്പം ക്ഷമ കാണിക്കുക, ആ ചോദ്യങ്ങളെത്തന്നെ സ്നേഹിക്കാൻ പഠിക്കുക, അടഞ്ഞുകിടക്കുന്ന മുറികളെയെന്നപോലെ, നമുക്കു തീർത്തുമന്യമായ ഭാഷയിലെഴുതിയ പുസ്തകങ്ങളെപ്പോലെ. ഉത്തരങ്ങൾ തേടിപ്പോകരുത്; അവ സ്വീകരിക്കാൻ ഇപ്പോൾ നിങ്ങൾ അർഹനായിട്ടില്ല, കാരണം, അവയെ അനുഭവമാക്കാനുള്ള കഴിവു നിങ്ങൾക്കായിട്ടില്ല എന്നുതന്നെ. സർവതും അനുഭവമാവുക എന്നതിലാണു കാര്യം. ഇപ്പോൾ ചോദ്യങ്ങൾ നിങ്ങൾക്കനുഭവമാകട്ടെ. എങ്കിൽ വിദൂരഭാവിയിലൊരു നാൾ പതിയെപ്പതിയെ, നിങ്ങൾ പോലുമറിയാതെ ഉത്തരങ്ങൾ നിങ്ങൾക്കനുഭവമായെന്നു വരാം. തീർത്തും സംതൃപ്തവും ആഹ്ളാദപ്രദവും നിർമ്മലവുമായ ഒരു ജീവിതശൈലി തനിക്കായി മനസ്സിൽ കാണാനും ആസൂത്രണം ചെയ്യാനും നടപ്പിൽ വരുത്താനുമുള്ള ശക്തി നിങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്നുവെന്നുതന്നെയും വരാം. അതിനായി സ്വയം പരിശീലിപ്പിക്കുക; അതേ സമയം, വരുന്നതെന്തിനെയും, നിങ്ങളുടെ സ്വതന്ത്രേച്ഛയിൽ നിന്നാണതു വരുന്നതെങ്കിൽ, നിങ്ങളുടെ അന്തരാത്മാവിന്റെ ഒരാവശ്യത്തിൽ നിന്നാണു വരുന്നതെങ്കിൽ, പൂർണ്ണവിശ്വാസത്തോടെ കൈക്കൊള്ളുക, ഒന്നിനെയും വെറുക്കാതിരിക്കുക.
ലൈംഗികത ദുഷ്കരമാണ്‌; അതെ, അതു ദുഷ്കരം തന്നെയാണ്‌. പക്ഷേ നമുക്കു പറഞ്ഞിട്ടുള്ള ഉദ്യമങ്ങളിൽ ദുഷ്കരമല്ലാത്തതായി ഏതിരിക്കുന്നു? സാരമായിട്ടുള്ളതെല്ലാം ദുഷ്കരമാണ്‌, സാരമല്ലാത്തതായി ഒന്നുമില്ലതാനും. ഇതംഗീകരിക്കാൻ നിങ്ങൾക്കായാൽ, നിങ്ങളിൽ നിന്ന്, നിങ്ങളുടെ സ്വന്തം പ്രകൃതത്തിലും മനോഭാവത്തിലും നിന്ന്, നിങ്ങളുടെ സ്വന്തം അനുഭവസമ്പത്തിൽ നിന്ന്, നിങ്ങളുടെ കരുത്തുകളിൽ നിന്ന്, നിങ്ങളുടെ ബാല്യകാലത്തിൽ നിന്ന് പൂർണ്ണമായും നിങ്ങളുടേതായ ഒരു ബന്ധം (മാമൂലുകൾ സ്വാധീനിക്കാത്തതായ ഒന്ന്) ലൈംഗികതയോടു രൂപപ്പെടുത്താൻ നിങ്ങൾക്കായാൽ, എങ്കിൽ നിങ്ങൾ വ്യക്തിത്വമില്ലാത്തവനാവുമെന്നോ, നിങ്ങളുടെ ഏറ്റവും അനർഘമായ സ്വത്തായ ലൈംഗികതയ്ക്ക് നിങ്ങൾ അർഹനല്ലാതാവുമെന്നോ പിന്നെ പേടിക്കാനില്ലാതാവുന്നു.
ഉടലിന്റെ ആനന്ദങ്ങളെ മറ്റേതൊരു ഐന്ദ്രിയാനുഭവം പോലെ തന്നെ എടുത്താൽ മതി- ശുദ്ധമായ കാഴ്ച പോലെ, നന്നായി പഴുത്ത ഒരു മധുരഫലം നാവിൽ നിറയുമ്പോലെ. നമുക്കു നല്കപ്പെട്ട മഹത്തായതും അനന്തവുമായ ജ്ഞാനമാണത്, എല്ലാ ജ്ഞാനത്തിന്റെയും പൂർണ്ണതയും മഹിമയുമാണത്. അതിനെ കൈക്കൊള്ളുന്നതിൽ ഹീനമായിട്ടൊന്നുമില്ല. മിക്കവരും അതിനെ ദുരുപയോഗപ്പെടുത്തുന്നു, ദുർവ്യയം ചെയ്യുന്നു എന്നതാണു ഹീനമായിട്ടുള്ളത്. തങ്ങളുടെ ഏറ്റവും ഉന്നതമായ മുഹൂർത്തങ്ങളിലേക്കുള്ള മാർഗ്ഗമായി അതിനെ ഉപയോഗപ്പെടുത്തുന്നതിനു പകരം സ്വന്തം ജീവിതത്തിലെ വിരസവും ക്ഷീണിതവുമായ ഇടങ്ങളിൽ ഒരു പ്രലോഭനമായിട്ടാണ്‌ അവരതിനെ കാണുന്നത്.
ഭക്ഷണം കഴിക്കുന്നതിനെപ്പോലും മനുഷ്യൻ മറ്റൊന്നായി മാറ്റിയിരിക്കുന്നു. ഒരിടത്തു കുറവും മറ്റൊരിടത്തു കൂടുതലും ആ അടിസ്ഥാനപരമായ ആവശ്യത്തെപ്പോലും കലുഷമാക്കിയിരിക്കുന്നു. ഇതേ പ്രകാരം തന്നെ കലുഷമായിരിക്കുന്നു, ജീവിതം സ്വയം നവീകരിക്കുന്ന സരളവും അഗാധവുമായ എല്ലാ ആവശ്യങ്ങളും. വ്യക്തിക്കു പക്ഷേ, അവയെ തെളിച്ചെടുക്കാവുന്നതേയുള്ളു, ആ തെളിമയിൽ ജീവിക്കാവുന്നതേയുള്ളു- അന്യരെ അമിതമായി ആശ്രയിക്കുന്നില്ല അയാളെങ്കിൽ, ഏകാന്തതയുമായി ഉടമ്പടിയിലാണയാളെങ്കിൽ.
ജന്തുക്കളിലും സസ്യങ്ങളിലുമുള്ള സൌന്ദര്യം സ്നേഹത്തിന്റെയും അഭിലാഷത്തിന്റെയും മൂകവും ചിരന്തനവുമായ രൂപമാണെന്നും നാമോർക്കുക. സസ്യങ്ങളെപ്പോലെതന്നെ വേണം നാം ജന്തുക്കളെയും വീക്ഷിക്കുക- ക്ഷമാപൂർവ്വമായും സ്വേച്ഛയോടെയും വളരുകയും പെരുകുകയുമാണവ; അതുപക്ഷേ, ഭൌതികമായ സുഖത്തിലും വേദനയിലും നിന്നല്ല, അവയെക്കാളുന്നതവും സ്വേച്ഛയെക്കാൾ, പ്രതിരോധത്തെക്കാൾ ശക്തവുമായ ആവശ്യകതകൾക്കു വഴങ്ങിയിട്ടാണ്‌. ഈ രഹസ്യം കൊണ്ടു നിറഞ്ഞിരിക്കുകയാണ്‌, ഭൂമി അതിന്റെ ഏറ്റവും നിസ്സാരമായ വസ്തുക്കൾ വരെ. ഹാ, അതിനെ നിസ്സാരമായി കാണാതെ എളിമയോടെ ആ രഹസ്യത്തെ കൈയേല്ക്കാൻ നമുക്കായെങ്കിൽ, ഭവ്യതയോടെ കൊണ്ടുനടക്കാൻ നമുക്കായെങ്കിൽ, അതിനെ നിസ്സാരമായി കാണാതെ എത്ര ഭയാനകമാം വിധത്തിൽ ദുഷ്കരമാണതെന്നറിയാൻ നമുക്കു കഴിഞ്ഞെങ്കിൽ!
തന്നിലെ ഉർവരതയെ ഭക്തിയോടെ കാണാൻ മനുഷ്യനായെങ്കിൽ! ആത്മീയമോ ഭൌതികമോ ആയിട്ടാണതിന്റെ ആവിഷ്കാരങ്ങളെന്നു തോന്നിയാലും സാരാംശത്തിൽ രണ്ടും ഒന്നു തന്നെ. കാരണം, ആത്മീയമായ ഒരു സൃഷ്ടിയും മുളയെടുക്കുന്നത് ഭൌതികതയിലാണ്‌, രണ്ടിനും ഒരേ പ്രകൃതിയുമാണ്‌; ശാരീരികാനന്ദങ്ങളുടെ കുറച്ചുകൂടി സൌമ്യവും നിർവൃതിദായകവും ചിരന്തനവുമായ ഒരാവർത്തനമാണെന്നേയുള്ളു മറ്റേത്. ‘സ്രഷ്ടാവാകാനുള്ള, ജനയിതാവാകാനുള്ള, രൂപപ്പെടുത്തിയെടുക്കാനുള്ള തൃഷ്ണ’ ഭൌതികലോകത്ത് അതു സാക്ഷാല്ക്കരിക്കപ്പെടുന്നില്ലെങ്കിൽ, ജന്തുക്കളുടെയും വസ്തുക്കളുടെയും അളവറ്റ സമ്മതി അതിനു ലഭിക്കുന്നില്ലെങ്കിൽ ഒന്നുമല്ലാതായിപ്പോകുന്നു. സൃഷ്ടിയിൽ നാം അനുഭവിക്കുന്ന ആനന്ദം അവാച്യമാം വിധത്തിൽ സുന്ദരവും സമ്പുഷ്ടവുമാണെങ്കിൽ അതിനു കാരണം പ്രജനനത്തിന്റെയും ജനനത്തിന്റെയും കോടിക്കണക്കായ മുഹൂർത്തങ്ങളുടെ സ്മൃതിപരമ്പര അതിൽ നിറയുന്നു എന്നതുതന്നെ. സൃഷ്ടി എന്നൊരു ചിന്ത ഒരാളുടെ മനസ്സിൽ ഉദയം കൊള്ളുമ്പോൾ പ്രണയത്തിന്റെ ഒരായിരം വിസ്മൃതരാത്രികൾ അതിൽ വീണ്ടും ജന്മമെടുക്കുകയാണ്‌, അതിനെ ഗംഭീരവും ഉദാത്തവുമാക്കുകയാണ്‌. രാത്രികളിൽ തമ്മിലൊരുമിക്കുന്നവർ, ത്രസിക്കുന്ന തൃഷ്ണയോടെ ഉടലുകൾ കെട്ടിവരിയുന്നവർ, അവർ ഭവ്യമായ ഒരനുഷ്ഠാനം നിർവഹിക്കുകയാണ്‌, അവാച്യമായ പ്രഹർഷങ്ങളെക്കുറിച്ചു പറയാൻ ഭാവിയിൽ ജനിക്കാനിരിക്കുന്ന ഏതോ കവിയുടെ ഗീതത്തിനായി മാധുര്യവും ഗഹനതയും ബലവും ശേഖരിച്ചുവയ്ക്കുകയാണ്‌. അവർ ഭാവിയെ ആവാഹിച്ചുവരുത്തുകയാണ്‌; ഇനിയഥവാ, അവർക്കൊരു സ്ഖലിതം പിണഞ്ഞുവെന്നിരിക്കട്ടെ, അന്ധതയോടെയാണ്‌ അവർ ആശ്ളേഷിക്കുന്നതെന്നിരിക്കട്ടെ, എന്നാൽക്കൂടി ഭാവി വന്നുചേരുകതന്നെ ചെയ്യും, പുതിയൊരു മനുഷ്യജീവി ജന്മമെടുക്കും, യാദൃച്ഛികതയ്ക്കു മേൽ പ്രകൃതിനിയമം പ്രയുക്തമാവും, ബലിഷ്ഠവും അപ്രതിരോധ്യവുമായ ഒരു ബീജം തനിക്കായി സ്വയം തുറക്കുന്ന ഒരണ്ഡത്തിലേക്ക് ഊറ്റത്തോടെ പ്രവേശിക്കുകയും ചെയ്യും.
വസ്തുക്കളുടെ ഉപരിതലം കണ്ടു വഴി തെറ്റാൻ നിന്നുകൊടുക്കരുത്; ആഴങ്ങളിൽ എല്ലാം നിയമമത്രെ. ആ നിഗൂഢത അയഥാർത്ഥമായി, വികലമായി അനുഭവിക്കുന്നവർക്ക് - അങ്ങനെയുള്ളവർ കുറച്ചൊന്നുമല്ല- അതു നഷ്ടപ്പെടുന്നുണ്ടെങ്കിലും ആ നഷ്ടം അവരെ സംബന്ധിച്ചു മാത്രമേയുള്ളു. ആ നിഗൂഢതയെക്കുറിച്ചജ്ഞരാണെങ്കിലും അതവർ അടുത്ത തലമുറയിലേക്കു പകരുന്നുണ്ട്, മുദ്ര വച്ച ഒരു കത്ത് കൊണ്ടേല്പിക്കുമ്പോലെ. പേരുകൾ എത്രയാണെന്നതും എത്ര സങ്കീർണ്ണമാണ്‌ ഓരോ ജീവിതമെന്നോർത്തും മനസ്സു കലുഷമാക്കുകയുമരുത്. പ്രബലമായ ഒരു മാതൃഭാവം പരസ്പരാകർഷണത്തിന്റെ രൂപത്തിൽ സർവതിനും മേലുണ്ടെന്നുമാവാം.
ഒരു കന്യകയുടെ,  നിങ്ങൾ അതിമനോഹരമായി പറഞ്ഞപോലെ ഇനിയുമൊന്നും കൈയവരിച്ചിട്ടില്ലാത്ത ഒരു വ്യക്തിയുടെ സൌന്ദര്യം എന്നു പറയുന്നത് അവളുടെ മാതൃത്വമാണ്‌, അതിന്റെ പ്രതീക്ഷയാണ്‌; അതിന്റെ ഒരുക്കങ്ങളും ഉത്കണ്ഠകളും അഭിലാഷങ്ങളുമാണ്‌. അമ്മയുടെ സൌന്ദര്യമാകട്ടെ, ശുശ്രൂഷിക്കുന്ന മാതൃത്വത്തിന്റേതും. പ്രായമായ ഒരു സ്ത്രീയിൽ അതൊരു വിപുലസ്മൃതിയുമാകുന്നു.
പുരുഷനിലുമുണ്ട് ഒരു മാതൃഭാവമെന്നെനിക്കു തോന്നുന്നു, ശാരീരികമായും ആത്മീയമായും. പ്രജനനം ഒരു തരത്തിൽ പ്രസവം കൂടിയാണ്‌; പ്രസവം തന്നെയാണ്‌, അയാൾ തന്റെ ഉള്ളിന്റെയുള്ളിൽ നിന്ന് സൃഷ്ടി നടത്തുമ്പോൾ സംഭവിക്കുന്നതും.
ആണിനും പെണ്ണിനും തമ്മിൽ നാം കരുതുന്നതിനെക്കാൾ അടുപ്പമുള്ള ബന്ധമായിരിക്കാമുള്ളത്. ലോകത്തിന്റെ നവോത്ഥാനം ഒരുപക്ഷേ, ഇതിലായിരിക്കാം: സ്ത്രീയും പുരുഷനും, സകലവിധ ചിന്താകാലുഷ്യങ്ങളിലും വിദ്വേഷങ്ങളിലും നിന്നു മുക്തരായി, ഒരാൾ തന്റെ വിപരീതത്തെ എന്നല്ലാതെ സ്വന്തം സഹോദരനെയോ സഹോദരിയേയോ ഒരയൽക്കാരനെയോ എന്നപോലെ അന്യോന്യം തേടുക; മനുഷ്യജീവികളായി തമ്മിലൊരുമിക്കുക; തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ലൈംഗികത എന്ന ഭാരിച്ച ചുമതല ഗൌരവത്തോടെയും ക്ഷമയോടെയും ഒരുമിച്ചു വഹിക്കുക.
ഭാവിയിൽ പലരെക്കൊണ്ടും സാദ്ധ്യമാകുന്നതൊക്കെ ഏകാകിയായ മനുഷ്യന്‌ അത്രയധികം പിശകുകൾ വരുത്താത്ത സ്വന്തം കൈകൾ കൊണ്ട് ഇപ്പോഴേ ചെയ്തുതുടങ്ങാവുന്നതേയുള്ളു. അതിനാൽ പ്രിയപ്പെട്ട സ്നേഹിതാ, നിങ്ങളുടെ ഏകാന്തതയെ സ്നേഹിക്കുക. അതു കൊണ്ടുണ്ടാകുന്ന വേദന സഹിക്കാൻ പഠിക്കുക, അതിനെ പാടി മറി കടക്കുക. തനിക്കേറ്റവുമടുത്തവർ അകലെയാണെന്നല്ലേ നിങ്ങൾ എഴുതിയത്; നിങ്ങളുടെ കാഴ്ചപ്പാടു വിപുലമാവാൻ തുടങ്ങുന്നു എന്നാണതു കാണിക്കുന്നത്. അടുത്തുള്ളത് അകലെയായിക്കഴിഞ്ഞുവെങ്കിൽ നിങ്ങളുടെ ചക്രവാളം നക്ഷത്രങ്ങളിലേക്കു വികസിച്ചിരിക്കുന്നു എന്നാണർത്ഥം. നിങ്ങളുടെ വളർച്ചയിൽ ആഹ്ളാദിക്കുക; തീർച്ചയായും ആ വളർച്ചയിൽ നിങ്ങൾക്കാരെയും ഒപ്പം കൂട്ടാനാവില്ല; പിന്നിലായിപ്പോയവരോടു സൌമ്യരാവുക, അവരുടെ സാന്നിദ്ധ്യത്തിൽ നിങ്ങളുടെ പെരുമാറ്റം ആത്മവിശ്വാസവും അക്ഷോഭ്യതയും നിറഞ്ഞതാവട്ടെ; നിങ്ങളുടെ സന്ദേഹങ്ങൾ കൊണ്ട് അവരെ പീഡിപ്പിക്കരുത്; നിങ്ങളുടെ ആത്മവിശ്വാസമോ അവർക്കു പിടി കിട്ടാത്ത നിങ്ങളുടെ ആഹ്ളാദമോ കൊണ്ട് അവരെ വിരട്ടുകയുമരുത്. സരളവും ആത്മാർത്ഥവുമായ ഒരു ചാർച്ചയിലേക്ക് അവരെ കൊണ്ടുവരാൻ ശ്രമിക്കുക; നിങ്ങൾ നിരന്തരം മാറിക്കൊണ്ടിരുന്നാലും ആ ബന്ധത്തിനു മാറ്റം വരണമെന്നുമില്ല. നിങ്ങളിൽ നിന്നു വ്യത്യസ്തമാണതെങ്കിലും അവർ ജീവിക്കുന്ന ജീവിതത്തെ സ്നേഹിക്കുക. പ്രായമാകുന്നവരോടു പരിഗണന കാണിക്കുക; കാരണം, നിങ്ങൾ അത്രമേൽ വിശ്വാസമർപ്പിക്കുന്ന അതേ ഏകാന്തതയെ ഭയക്കുന്നവരാണവർ. കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ നിത്യേന അരങ്ങേറുന്ന ആ ബലപരീക്ഷണനാടകത്തിനു  കൊഴുപ്പു കൂട്ടാതെ നോക്കുക. അതു കുട്ടികളുടെ ശക്തി കവർന്നെടുക്കുകയാണ്‌, മുതിർന്നവരുടെ സ്നേഹത്തെ പാഴിലാക്കുകയുമാണ്‌; കുട്ടികളെ മനസ്സിലാക്കുന്നില്ലെങ്കിലും ചടുലവും ഊഷ്മളവുമാണല്ലോ, അവരുടെ സ്നേഹം. അവരിൽ നിന്ന് ഉപദേശം തേടരുത്, അവർ തന്നെ മനസ്സിലാക്കുമെന്നു മോഹിക്കുകയുമരുത്. പകരം, ഒരു പിതൃസ്വത്തു പോലെ തനിക്കായി കാത്തുവച്ചിരിക്കുന്ന ഒരു സ്നേഹത്തിൽ വിശ്വാസമർപ്പിക്കുക, ഒരു ശക്തിയും അനുഗ്രഹവും അതിലുണ്ട് എന്ന ദൃഢവിശ്വാസമുണ്ടായിരിക്കുക. നിങ്ങളുടെ ഏറ്റവും അകലത്തേക്കുള്ള യാത്രകളിൽ പോലും ആ സാന്നിദ്ധ്യം നിങ്ങളോടൊപ്പമുണ്ടാവുകയും ചെയ്യും.
നിങ്ങളെ സ്വതന്ത്രനാക്കുകയും ഏതർത്ഥത്തിലും സ്വന്തം കാലിൽ നിൽക്കാൻ നിങ്ങളെ പ്രാപ്തനാക്കുകയും ചെയ്യുന്ന ഒരു തൊഴിലിലേക്കാണ്‌ ഇപ്പോൾ നിങ്ങൾ പ്രവേശിക്കുന്നതെന്നത് നല്ല കാര്യമാണ്‌. ആ തൊഴിലിന്റെ സ്വഭാവം കൊണ്ട് നിങ്ങളുടെ ആന്തരജീവിതം ഞെരുങ്ങുമോയെന്ന് ക്ഷമയോടെ കാത്തിരുന്നു കാണുക. അതു വളരെ ദുഷ്കരമായിരിക്കുമെന്നാണ്‌ എന്റെ അഭിപ്രായം; കാരണം, അതിന്റെ നിർദ്ദിഷ്ടമായ കടമകളെ വ്യക്തിപരമായി വ്യാഖ്യാനിക്കാൻ ഒരു പഴുതും നല്കാത്ത വിധം മാമൂലുകൾ കൊണ്ട് അത്ര ഭാരം തൂങ്ങുന്നതാണ്‌ ആ തൊഴിൽ. പക്ഷേ അപരിചിതമായ ചുറ്റുപാടിലും നിങ്ങളുടെ ഏകാകിത നിങ്ങൾക്കൊരു സാന്ത്വനവും ആശ്രയവുമായിരിക്കും. ആ ഏകാകിതയിൽ നിന്ന് നിങ്ങൾ നിങ്ങളുടെ വഴികൾ തുറക്കുകയും ചെയ്യും. എന്റെ എല്ലാ ആശംസകളും നിങ്ങളുടെ യാത്രകളിൽ ഒപ്പം പോരാൻ ഒരുങ്ങിനിൽക്കുകയാണ്‌, അതുപോലെ തന്നെ എനിക്കു നിങ്ങളിലുള്ള വിശ്വാസവും.
സ്വന്തം,
റെയ്നർ മരിയ റിൽക്കെ




Wednesday, July 2, 2014

റിൽക്കെ - വെനീസിൽ നിന്ന്

 

rilke-passbild-1919

 

തീർച്ചയായും ശരിയാണത്... ഞാൻ ഒന്നും എഴുതുന്നില്ല, എന്റെ എഴുതായ്കയുടെ മാനങ്ങൾ വളരുകയുമാണ്‌. പക്ഷേ ഇതു നോക്കൂ, നിനക്കു മേൽ വന്നുപതിക്കുന്ന ആ കടുത്ത സംഗതികൾക്കു മുന്നിൽ എന്റെ മെലിഞ്ഞ അനുഭവത്തിന്‌ എന്തു പ്രാധാന്യമാണുള്ളത്? ...എന്നെ ഇവിടെ പിടിച്ചുനിർത്തുന്ന ഒരേയൊരു കാര്യം കാർലോ സീനോയുടെ ജീവിതത്തെ സംബന്ധിച്ച ചില വിശദാംശങ്ങൾ ഇവിടുത്തെ ഗ്രന്ഥശാലകളിൽ നിന്നു കിട്ടിയേക്കാം എന്ന സാദ്ധ്യത മാത്രമാണ്‌. പക്ഷേ ഒരു ക്ളോവറിന്റെ ഇലയോ സ്ട്രോബറിയോ കണ്ടുപിടിക്കാൻ പറ്റാത്ത എനിക്ക് അതേ ഹതാശമായ നിഷ്ഫലതാബോധം തന്നെയാണ്‌ ഈ പുസ്തകങ്ങൾക്കും കാറ്റലോഗുകൾക്കും മുന്നിലിരിക്കുമ്പോൾ തോന്നുന്നത്. ആളുകൾ ഞാനൊരു വലിയ പണ്ഡിതനാണെന്ന മട്ടിൽ സകലതും എനിക്കു മുന്നിൽ കൊണ്ടുനിരത്തുന്നു; പക്ഷേ പുസ്തകങ്ങൾക്കു മേൽ കയറിയിരിക്കുന്ന ഒരു പൂച്ചയെപ്പോലാകാനേ എനിക്കു കഴിയുന്നുള്ളു: അവയിലെന്തുണ്ടോ, അതിനെ മറയ്ക്കാനേ അവളുടെ ഇരിപ്പു കൊണ്ടു കഴിയുന്നുള്ളു; കൂടിവന്നാൽ ആ സാഹചര്യത്തിന്റെ പുതുമ കൊണ്ട് ഒരാനന്ദം അവൾക്കു തോന്നാമെന്നു മാത്രം. അങ്ങു താഴെ മാർബിളിന്റെ പഴയ അസ്തിവാരത്തിൽ കടൽ തിര തല്ലുമ്പോൾ എന്റെ ശ്രദ്ധ മൊത്തവും ആ ശബ്ദത്തിലേക്കു പോകുന്നു, ഈ പ്രാചീനഗ്രന്ഥങ്ങളിൽ നിന്നെന്നതിനെക്കാൾ അതിൽ നിന്നാണു പഠിക്കാനുള്ളതെന്നപോലെ.

ഇതോടെ എന്നെക്കുറിച്ചു പറയാനുള്ളതൊക്കെ ശരിക്കും ഞാൻ പറഞ്ഞുകഴിഞ്ഞു. ഡുയീനോയിലേത് സൌഹാർദ്ദത്തിന്റെ നാളുകളായിരുന്നു; പ്രിൻസെസ്സുമായുള്ള ബന്ധത്തിന്റെ ഊഷ്മളത സാമാന്യമായി ഞാൻ പാരീസിൽ വച്ചറിഞ്ഞുവെങ്കിൽ വിശേഷിച്ചും അതങ്ങനെ തന്നെയാണെന്ന് ഇവിടെ വച്ചെനിക്കു ബോദ്ധ്യമായി...കാസ് നറോടൊപ്പം മൂന്നു ദിവസം ഉണ്ടായിരുന്നു; പിന്നെ അദ്ദേഹത്തിനു പോകേണ്ടിവന്നു. അദ്ദേഹം ഒരു പരീക്ഷ പോലെയാണ്‌, എനിക്കാണെങ്കിൽ അതു ജയിക്കാനുള്ള സമയവുമായിരുന്നില്ല. ഈ പരീക്ഷയിൽ സൌമ്യമായ രീതിയിൽ ഞാൻ തോറ്റുപോയി- എന്നു പറഞ്ഞാൽ, ചില വിഷയങ്ങളിൽ. സുനിശ്ചിതവും കൃത്യവും ഗൌരവം തികഞ്ഞതുമായ ഒന്നാണ്‌ അദ്ദേഹം. അദ്ദേഹത്തിന്റെ കേൾവി വച്ച് നിങ്ങൾക്ക് നിങ്ങളുടെ ഓരോ വാക്കും പരിശോധിക്കാം; പക്ഷെ അതേ കാരണം കൊണ്ടുതന്നെ നിങ്ങൾക്കു സ്വന്തം വാക്കുകളിൽ സംശയം തോന്നുകയും ചെയ്യും. സ്വർണ്ണം സ്വർണ്ണത്തിന്റെ ഒരു ലക്ഷണവും കാണിക്കാത്തത് ചാണക്കല്ലിൽ അതുരച്ച പാടു നോക്കുമ്പോഴാണെന്ന് പണ്ടു ഫിസിക്സ് ക്ളാസ്സിൽ കേട്ടത് എനിക്കോർമ്മ വരുന്നു.

പിന്നെക്കാണാം, പ്രിയപ്പെട്ടവളേ, അത്രയധികം തന്നതിന്‌ ഇത്ര കുറച്ചേ ഞാൻ തിരിച്ചുതരുന്നുള്ളു എന്നതിൽ വിരോധം തോന്നരുതേ. ഇതിലധികം എനിക്കു തരാനില്ല, അതിനാൽ എന്നും ഞാൻ കടത്തിലുമാണ്‌...

(റിൽക്കെ 1910 മേയ് 5ന്‌ വെനീസിൽ നിന്നു ക്ളാര റിൽക്കെയ്ക്കെഴുതിയ കത്തിൽ നിന്ന്)

 

Friday, September 27, 2013

റില്ക്കെ - എങ്ങനെയാണെന്റെ നാളുകൾ നീങ്ങുന്നതെന്നു നിന്നോടു പറയട്ടെയോ?

44030967.MediciiPalacelink to image

 


എങ്ങനെയാണെന്റെ നാളുകൾ നീങ്ങുന്നതെന്നു നിന്നോടു പറയട്ടെയോ?
വെടിപ്പായ തെരുവുകളിലൂടതികാലത്തു ഞാനിറങ്ങിനടക്കുന്നു,
ചെന്നുകയറുന്ന രാജധാനികളിലെന്റെയാത്മാവതിന്റെ സീമകൾ ഭേദിക്കുന്നു,
പിന്നെ ഞാൻ കവലകളിൽ, തെരുവുകളുടെ തുറസ്സുകളിൽ
തൊലിയിരുണ്ട ജനത്തിരക്കിലവരുടെയാരവങ്ങളിൽ കലരുന്നു.

പിന്നെ നട്ടുച്ചകളിൽ ചിത്രസഭാതലങ്ങളിലെന്റെയാരാധന,
അഭിജാതസൌന്ദര്യത്തോടെ വിളങ്ങുന്ന മഡോണകൾക്കു മുന്നിൽ.
അതില്പിന്നെ, ആ ശ്രീകോവിൽ വിട്ടിറങ്ങിയതില്പിന്നെ,
ആർണോ തടങ്ങളിൽ സന്ധ്യ ഇറങ്ങിയതില്പിന്നെ,
ഞാൻ മൌനിയാവുന്നു, എന്നിൽ തളർച്ച കേറുന്നു,
പൊന്നു കൊണ്ടൊരു ദൈവരൂപമെനിക്കായി ഞാൻ വരയ്ക്കുന്നു...


ഫ്ളോറൻസ്, 1898 ഏപ്രിൽ 18

(ഇരുപത്തിമൂന്നാമത്തെ വയസ്സിൽ മദ്ധ്യകാലഘട്ടത്തിലെ കലകളെക്കുറിച്ചു നേരിൽക്കണ്ടു പഠിക്കാനായി ഫ്ളോറൻസിലെത്തിയ റില്ക്കെ കാമുകിയായ ലോ ആന്ദ്രേ ശലോമിക്കായി ഡയറിയിലെഴുതിയത്.
രാജധാനികൾ - ചിത്രങ്ങളും ശില്പങ്ങളും നിറഞ്ഞ മെഡിച്ചി കൊട്ടാരങ്ങൾ.
മഡോണകൾ - റാഫേലിന്റെ പ്രത്യേകിച്ചും
ആർണോ - ഫ്ളോറൻസിലൂടൊഴുകുന്ന നദി)

Sunday, May 5, 2013

റില്ക്കെ - കീർത്തിക്ക ഹൃദയമേ, നിന്റെ കാലടികൾ പതിയാത്ത പൂന്തോപ്പുകളെ…

rilke orpheus


കീർത്തിക്ക ഹൃദയമേ, നിന്റെ കാലടികൾ പതിയാത്ത പൂന്തോപ്പുകളെ,
ചില്ലുപാത്രത്തിൽ പകർന്നപോലെ ദീപ്തവുമപ്രാപ്യവുമായവയെ;
ഷിറാസിലെ പനിനീർപ്പൂക്കളെ, ഇസ്ഫഹാനിലെ ജലധാരകളെ,
നിന്റെ ധന്യഗാനങ്ങളാലവയെപ്പുകഴ്ത്തൂ, അനന്യതകളെ.


കാട്ടിക്കൊടുക്കൂ ഹൃദയമേ, അവയില്ലാതില്ല നിനക്കു ജീവനെന്ന്,
അവയിലത്തിപ്പഴങ്ങൾ പഴുക്കുന്നുവെങ്കിലതു നിനക്കായെന്ന്.
പൂവിടുന്ന ചില്ലകൾക്കിടയിൽ കണ്ണിൽത്തെളിയുന്നപോലെ
തെന്നൽ വീശുമ്പോഴതു തലോടുന്നതു നിന്റെ മുഖത്തെയെന്ന്.

ജീവിക്കുക, സരളമായി എന്നൊരു നിശ്ചയമെടുത്തപ്പോൾ
പലതും തനിക്കു നഷ്ടമായെന്നൊരു വിചാരപ്പിഴ വരുത്തരുതേ.
ചിത്രകംബളത്തിലൊരിഴയോട്ടമാണു നീയും, പട്ടുനൂലേ!

മനസ്സു കൊണ്ടു നീയൊന്നാവുന്നതേതു ചിത്രവുമാവട്ടെ,
(ഒരു യാതനാജീവിതത്തിലൊരേയൊരു നിമിഷമെങ്കിൽക്കൂടി)
ഉള്ളിലറിയൂ, അർത്ഥപൂർണ്ണമാണാ ദീപ്തകംബളമെന്നും.


(ഓർഫ്യൂസ് ഗീതകങ്ങൾ II-21)


Sing the gardens, my heart, which you know not; clear,
unreachable, like gardens poured in glass.
Water and roses from Isfahan or Shiraz:
sing blessings, praise them, nothing can compare.

Point out, my heart, that you never miss these.
That intended for you are their ripening figs.
That you fly through them, between blossoming twigs,
just like over a face blows the rising breeze.

Don't ever believe that bereavement is due
to a choice that you made: namely, to be!.
Silk thread, in this fabric you're woven all through.

And no matter what image you hold to be you
(even if it's a moment of sheer agony),
know the whole awesome tapestry's purpose is true.

(translated by H. Landman)


Saturday, February 23, 2013

റിൽക്കെ - വിദ്യാഭ്യാസത്തെക്കുറിച്ച്

529px-ISkolenVæggelus_paaFyn




വ്യത്യസ്തരായ വ്യക്തികൾക്കു വേണ്ടിയുള്ള എരിയുന്ന ദാഹം കൊണ്ടു നിറഞ്ഞതാണ്‌ ചരിത്രത്തിന്റെ ഓരോ കാലഘട്ടവും: എന്തെന്നാൽ അവരോടൊപ്പമാണ്‌ എന്നും ഭാവി വന്നെത്തുക.  എന്നിട്ടും ഒരു കുട്ടിയിൽ വ്യക്തിത്വം തലപൊക്കുമ്പോൾ എത്ര അവജ്ഞയോടെയാണ്‌, നിസ്സാരതയോടെയാണ്‌, പരിഹാസത്തോടെയാണ്‌ -കുട്ടിയെ ഏറ്റവുമധികം വേദനിപ്പിക്കുന്നതുമതാണ്‌-  സമൂഹം അതിനെ കൈകാര്യം ചെയ്യുക. അവനു തനതായിട്ടൊന്നുമില്ലെന്നു നാം അവനോടു പറയുന്നു; അവന്റെ ജീവിതം വേരുകളാഴ്ത്തിയിരിക്കുന്ന ഗഹനമായ സമൃദ്ധികളെ ഇടിച്ചു താഴ്ത്തിയിട്ട് പകരം പഴകിയ പൊതുധാരണകൾ നാം അവനു മുന്നിൽ വയ്ക്കുന്നു. മുതിർന്നവരോട് ഈ വിധം പെരുമാറുന്നതു നിർത്തിയാലും കുട്ടികളോടുള്ള മനോഭാവത്തിൽ നമ്മുടെ അക്ഷമയും അസഹ്യതയും മാറുന്നതേയില്ല. മുതിർന്ന ഒരാൾക്ക് സ്വാഭാവികമായി അനുവദിക്കപ്പെട്ടിരിക്കുന്ന ഒരവകാശം കുട്ടികൾക്കു നിഷേധിച്ചിരിക്കുകയാണ്‌: സ്വന്തമായിട്ട് ഒരഭിപ്രായം ഉണ്ടാവുക. ഇന്നത്തെ വിദ്യാഭ്യാസം കുട്ടിയുമായിട്ടുള്ള ഒരു നിരന്തരയുദ്ധമായി മാറിയിരിക്കുന്നു; രണ്ടു കക്ഷികളും ഒടുവിൽ എത്രയും ജുഗുപ്ത്സാവഹമായ മാർഗ്ഗങ്ങളിൽ അഭയം തേടുകയും ചെയ്യുന്നു. രക്ഷിതാക്കൾ തുടങ്ങിവച്ചത് തുടർന്നുപോവുകയേ വിദ്യാലയങ്ങളും ചെയ്യുന്നുള്ളു. കുട്ടിയുടെ വ്യക്തിത്വവുമായി സംഘടിതമായ ഒരു യുദ്ധമാണത്. അതു വ്യക്തിയെ അവമതിക്കുന്നു, അവന്റെ ആഗ്രഹങ്ങളെയും തൃഷ്ണകളെയും നിസ്സാരമായി കാണുന്നു, വ്യക്തിയെ ആൾക്കൂട്ടത്തിന്റെ നിരപ്പിലേക്കിടിച്ചു താഴ്ത്തുകയാണ്‌ തന്റെ ദൌത്യമെന്നു കരുതുന്നു. മഹാന്മാരായ വ്യക്തികളുടെ ജീവിതകഥകൾ ഒന്നു വായിച്ചുനോക്കുകയേ വേണ്ടു; സ്കൂളിൽ പോയിട്ടല്ല, സ്കൂളിൽ പോയിട്ടും അവർ മഹാന്മാരാവുകയായിരുന്നു.
(1902) 

Friday, February 22, 2013

റിൽക്കെ - ആത്മഹത്യയെക്കുറിച്ച്

rilke (1)

 


ഞാനൊരിക്കൽ പാരീസിൽ ഒരു പാലത്തിനു മേൽ നിൽക്കുമ്പോൾ കുറച്ചകലെയായി പുഴയിലേക്കുള്ള വഴിയിൽ ആത്മഹത്യ ചെയ്ത ഒരാളുടെ ജഡം തുണി കൊണ്ടു മൂടിയിട്ടിരിക്കുന്നതു കണ്ടു. അരികിൽ നിന്ന ഒരാൾ പെട്ടെന്നെന്തോ പറയുന്നതു ഞാൻ കേട്ടു. നീലക്കോട്ടിട്ട ചെറുപ്പക്കാരനായ ഒരുന്തുവണ്ടിക്കാരനായിരുന്നു അത്; സ്ട്രോബറി നിറത്തിൽ ചുവന്ന മുടിയും, മിടുക്കും പ്രസരിപ്പും നിറഞ്ഞ താടി കൂർത്ത മുഖവും. അയാളുടെ താടിയിന്മേലുള്ള അരിമ്പാറയിൽ പെയിന്റുബ്രഷു പോലെ എറിച്ചുനിൽക്കുന്ന ചുവന്ന രോമങ്ങൾ വളർന്നുനിന്നിരുന്നു. ഞങ്ങളുടെ ശ്രദ്ധയെ ആകർഷിച്ച ആ വസ്തുവിനെ തല കൊണ്ടൊന്നു ചൂണ്ടിക്കാട്ടിയിട്ട് എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് അയാൾ പറഞ്ഞു: “നിങ്ങൾക്കെന്തു തോന്നുന്നു, ആയാൾക്ക് ഇതു ചെയ്തൊപ്പിക്കാൻ പറ്റിയ സ്ഥിതിയ്ക്ക് വേറേ പലതും ഇത്ര നന്നായി അയാൾ ചെയ്യുമായിരുന്നില്ലേ?”

കല്ലു കൂട്ടിവച്ച കൂറ്റൻ ഉന്തുവണ്ടിയുടെ നേർക്ക് അയാൾ നടക്കുമ്പോൾ എന്റെ നോട്ടം അത്ഭുതത്തോടെ പിന്നാലെ ചെന്നു. ശരിയല്ലേ: ജീവിതത്തിലെ ഏറ്റവും ശക്തവും ദൃഢവുമായ കെട്ടഴിയ്ക്കാനാവാശ്യമായ ആ ബലം കൊണ്ട് നമുക്കെന്തൊക്കെ കൈവരിച്ചുകൂടാ! ആ ദിവസത്തിനു ശേഷം എനിക്കു തീർച്ചയായി, ഏതു വിധിവിപര്യയവും, കൊടുംനൈരാശ്യം പോലും, സമൃദ്ധി തന്നെയാണെന്ന്; നമ്മുടെ സത്തയ്ക്കു മേൽ നടക്കുന്ന ഏതാക്രമണത്തെയും ഹൃദയത്തിന്റെ ഒരേയൊരു തീരുമാനം കൊണ്ട് എതിർദിശയിലേക്കു നമുക്കു തിരിക്കാമെന്ന്.


(അനീറ്റാ ഫോറെർക്ക് 1920 ഫെബ്രുവരി 4ന്‌ റിൽക്കെ അയച്ച കത്തിൽ നിന്ന്)



Sunday, February 12, 2012

റിൽക്കെ - സുഖം പ്രാപിക്കുന്നവൾ


ഇടത്തെരുവിലെവിടെയോ കേട്ടൊരു ഗാനം പോലെ,
ആദ്യമാദ്യമടുത്തും, പിന്നെയകന്നകന്നു പോകുമ്പോലെയും,
(കൈയിൽ കിട്ടുമെന്നപോലരികിൽ വരുന്ന കിളികൾ
പിന്നെ വിരണ്ടുയർന്നു പറന്നുപോകുമ്പോലെ)

രോഗം പൊറുത്തുവരുന്നൊരുവളെ ജീവിതം കളിയാക്കുന്നു,
അത്ര ക്ഷീണിതയുമലസയുമായവൾ കിടക്കുമ്പോൾ
പരിത്യക്തയാ,യാത്മാനുകമ്പ നിറഞ്ഞവളായവൾ കിടക്കുമ്പോൾ
ഒരു വിലക്ഷണചലനത്തിലവളുടെ കൈയൊന്നനങ്ങുന്നു.

ഒരപരിചിതത്വം, ഒരു ദുഷ്ടത തന്നെയവളറിയുന്നു,
ജ്വരമപ്പോഴുമെരിയുന്ന തന്റെ ശുഷ്കിച്ച കൈ,
ജ്വരസ്വപ്നങ്ങളും ക്ഷീണങ്ങളുമിനിയും മാറാത്ത തന്റെ കൈത്തലം,
എരിയുന്ന പൂവു പോലെ വന്നു തന്റെ കവിളു തൊടുമ്പോൾ,
അതിന്റെ ചർമ്മത്തെ, അതിന്റെ അസ്ഥിയെ തലോടുമ്പോൾ.


പുതിയ കവിതകള്‍


link to image


Tuesday, December 20, 2011

റിൽക്കെ - ഈ ലോകത്തെത്രയുമേകാകി ഞാൻ…

File:Christos Acheiropoietos.jpg


ഈ ലോകത്തെത്രയുമേകാകി ഞാൻ,
എന്നാലോരോ നിമിഷത്തെയും പവിത്രമാക്കാൻ പോരു-
ന്നത്രയുമേകാകിയുമല്ല ഞാൻ.
ഈ ലോകത്തെത്രയും നിസ്സാരൻ ഞാൻ,
എന്നാൽ നിന്റെ മുന്നിൽ നിഴലടഞ്ഞൊരു ജീവി പോലെ നിൽക്കാ-
നത്രയും ചെറുതുമല്ല ഞാൻ.
എന്റെ ഇച്ഛാശക്തി എനിക്കു വേണം,
കർമ്മപഥത്തിലേക്കതിറങ്ങുമ്പോൾ
ഒപ്പമെനിക്കും പോകണം.
ആവിർഭാവത്തിന്റെ സന്ദിഗ്ദ്ധമുഹൂർത്തത്തിൽ
ജ്ഞാനികൾക്കുമേകാകികൾക്കുമൊപ്പ-
മെനിയ്ക്കുമിടം വേണം.
എന്റെ ദർപ്പണത്തിൽ പ്രതിബിംബിക്കട്ടെ,
നിന്റെ കേശാദിപാദം.
നിന്റെ വിഗ്രഹമെന്റെ കൈകളിലൊതുങ്ങാതിരിക്കാൻ
അത്രയും വൃദ്ധനല്ല, അന്ധനുമല്ല ഞാൻ.
എനിക്കനാവൃതമാകണം,
മടങ്ങിക്കിടക്കരുതെവിടെയും ഞാൻ;
എവിടെ ഞാനൊടിയുന്നു, മടങ്ങുന്നു,
അവിടെ നുണയാവുകയാണു ഞാൻ.
നേരുറ്റതാവട്ടെ, നിന്റെ മുന്നിലെന്റെ മന:സാക്ഷി.
ഞാനെന്നെ വിവരിക്കുമാറാകട്ടെ,
ഏറെക്കാലമെടുത്തു ഞാൻ പഠിച്ചൊരു ചിത്രം പോലെ,
എനിക്കർത്ഥം വഴങ്ങിയൊരു വാക്കു പോലെ,
ഞാനെന്നുമെടുത്തുകുടിയ്ക്കുന്ന മൺകൂജ പോലെ,
എന്റെ അമ്മയുടെ മുഖം പോലെ,
കൊടുങ്കാറ്റിൽ കോളുകൊണ്ട കടലി-
ലെന്നെപ്പേറിയ നൗക പോലെ.


(ദൈവത്തിനെഴുതിയ പ്രണയലേഖനങ്ങൾ)


link to image


Monday, December 19, 2011

റിൽക്കെ–എന്റെ…

File:Giovanni Domenico Tiepolo - God the Father - WGA22376.jpg

വേവലാതിപ്പെടേണ്ട നീ, ദൈവമേ.
സഹനമുള്ളതെന്തിനോടുമവർ പറയും,
പ്രതിഷേധിക്കാത്തതെന്തിനോടുമവർ പറയും,
അവയെന്റേതെന്ന്.
ചില്ലകളിലൂടെ വീശിക്കടക്കുമ്പോൾ
എന്റെ മരമെന്നു പറയുന്ന കാറ്റിനെപ്പോലെയാണവർ.

അവർ കാണുന്നതേയില്ല,
തങ്ങളെത്തിപ്പിടിക്കാൻ നോക്കുന്നതെന്തുമെരിഞ്ഞുനിൽക്കുകയാണെന്ന്,
പൊള്ളാതെയവയുടെയരികു തൊടാൻ തങ്ങൾക്കാവില്ലയെന്ന്.
എന്റേതെന്നവർ പറയും,
ഗ്രാമീണരോടു സംസാരിക്കുമ്പോൾ
രാജാവു തങ്ങളുടെ സ്നേഹിതനെന്നവർ പറയുമ്പോലെ;
മഹാനാണീ രാജാവ്, അകലെയാണദ്ദേഹമെങ്കിലും.
അന്യമായ ചുമരുകൾ എന്റേതെന്നവർ പറയും,
ഗൃഹനാഥനാരെന്നവർക്കൊട്ടറിവുമുണ്ടാകില്ല.
എന്റേതെന്റേതെന്നവർ പറയും,
അവകാശം സ്ഥാപിക്കും,
അടഞ്ഞുപോവുകയാണെന്തും, അവർ സമീപിക്കുമ്പോഴെങ്കിലും;
അവർ പറയും: എന്റെ ജീവിതം, എന്റെ ഭാര്യ, എന്റെ കുട്ടി, എന്റെ നായ,
അവർക്കറിയുകയും ചെയ്യാം,
ജീവിതം, ഭാര്യ, കുട്ടി, നായ -
അന്യവും അജ്ഞാതവുമാണൊക്കെയുമെന്ന്,
കണ്ണു കാണാതെ തപ്പിത്തടയുമ്പോൾ
കൈയിൽ തടഞ്ഞവ മാത്രമാണവയെന്ന്.
കഷ്ടമേ, കണ്ണുകൾക്കു ദാഹിക്കുന്നവർക്കേ
ഈ സത്യമുറയ്ക്കുന്നുമുള്ളു.
അന്യർ കാതു കൊണ്ടു കേൾക്കുകയേയില്ല,
ജീവിതമെന്ന യാചനായാത്രയിൽ
ഒന്നിനോടും ബന്ധം വയ്ക്കാൻ തങ്ങൾക്കാവുകയില്ലെന്ന്;
പൊന്നുപോലെ കാത്ത സ്വന്തങ്ങളിൽ നിന്നാട്ടിപ്പായിക്കപ്പെട്ടവർ,
സ്വന്തം ബന്ധുക്കൾ തള്ളിപ്പറഞ്ഞവർ,
നമ്മളിൽ നിന്നന്യവുമകന്നതുമായ ജന്മങ്ങൾ, പൂക്കളെപ്പോലെയാണ്‌
തങ്ങളുടെ ഭാര്യമാരെന്നവർ കാണുന്നതേയില്ല.
ദൈവമേ, നിന്റെ സമചിത്തത കൈവെടിയരുതേ.
നിന്നെ സ്നേഹിക്കുന്നവൻ,
ഇരുട്ടത്തു നിന്റെ മുഖം കണ്ടെടുക്കുന്നവൻ,
നിന്റെ നിശ്വാസമേൽക്കുമ്പോൾ തീനാളം പോലുലയുന്നവൻ-
അവനും സ്വന്തമല്ല നീ.
രാത്രിയിലൊരാൾ നിന്നെ മുറുക്കെപ്പിടിച്ചുനിന്നാലും,
പ്രാർത്ഥനകൾ കൊണ്ടു നിന്നെ വരിഞ്ഞുമുറുക്കിയാലും,
നീ വിരുന്നുകാരൻ,
വന്നു മടങ്ങിപ്പോകുന്നവൻ.
ആരു നിന്നെയെടുക്കാൻ ദൈവമേ?
നീ നിന്റേതു മാത്രം,
ഒരുടമയുടെ കൈയും നിനക്കു ശല്യമല്ല,
ചാറയിലേകാന്തമായി മധുരം വായ്ക്കുന്ന
മൂക്കാത്ത വീഞ്ഞു പോലെയാണു നീ.


(ദൈവത്തിനെഴുതിയ പ്രണയലേഖനങ്ങൾ)


link to image


Sunday, December 18, 2011

റിൽക്കെ - എന്തുപഹാരം നിനക്കു ഞാനർപ്പിക്കാൻ, ദേവാ…

File:Eugène Ferdinand Victor Delacroix 059.jpg


എന്തുപഹാരം നിനക്കു ഞാനർപ്പിക്കാൻ, ദേവാ,
ജീവികളെ കേൾവി പഠിപ്പിച്ചവനേ?
ഏറെക്കാലം മുമ്പൊരു സായാഹ്നത്തിന്റെ ചിന്തകളോ?
അതൊരു വസന്തകാലമായിരുന്നു, റഷ്യയിലായിരുന്നു...

ഗ്രാമത്തിൽ നിന്നിറങ്ങിവന്നു, ഒറ്റയ്ക്കൊരു വെള്ളക്കുതിര,
ഒരു കാലിൽ ബന്ധിച്ച മുട്ടിയുമായി,
പുൽപ്പുറത്തൊറ്റയ്ക്കൊരു രാത്രി കഴിക്കാനായി;
അവന്റെ പിടലിയിൽ സടകൾ തുള്ളിക്കളിച്ചിരുന്നു,

അതിരറിയാത്ത പ്രഹർഷത്തിന്റെ താളത്തിൽ,
ഇടറിയും തട്ടിത്തടഞ്ഞുമാണാക്കുതിപ്പെങ്കിലും.
ഉറവുകളിലിരച്ചുകേറുകയായിരുന്നു അവന്റെയശ്വരക്തം!

അകലങ്ങളവനറിഞ്ഞു, ഹാ!
അവൻ പാടി, അവൻ കേട്ടു- നിന്റെ കാവ്യചക്രം
പൂർണ്ണമായതുമവനിൽ.
                                    അവന്റെ രൂപം: എന്റെ ഉപഹാരം.


റിൽക്കെ - ഓർഫ്യൂസ് ഗീതകങ്ങൾ - 1.20

1900 മേയിൽ ലൂ ആന്ദ്രേ ശലോമിയുമൊത്ത് രണ്ടാമതു റഷ്യയിൽ പോയപ്പോൾ കണ്ട ഒരു കാഴ്ചയാണ്‌ ഈ കവിതയ്ക്കു നിമിത്തമായത്. 1922-ൽ അവർക്കയച്ച കത്തിൽ റിൽക്കെ ഇങ്ങനെ പറയുന്നു: “നിനക്കോർമ്മയുണ്ടോ, ഒരിക്കൽ, സന്ധ്യാസമയത്ത്, മുൻകാലിൽ കെട്ടിയിട്ട ഒരു കുറ്റിയുമായി നമുക്കടുത്തേക്കാഹ്ളാദത്തോടെ കുതിച്ചുവന്ന ആ കുതിരയെ?...ഞാനവനെ ഓർഫ്യൂസിനൊരു നിവേദ്യമാക്കി! എന്തു കാലം? ഇപ്പോഴെന്നതെന്ത്? അത്രയും വർഷങ്ങൾക്കപ്പുറത്തു നിന്ന് ആഹ്ളാദത്തിന്റെ പൂർണ്ണതയുമായി എന്റെ അനുഭൂതിയുടെ വൈപുല്യത്തിലേക്കു കുതിച്ചോടിവരികയായിരുന്നു അവൻ...”


http://commons.wikimedia.org/wiki/Painting by Delacroix

റിൽക്കെ - പാവപ്പെട്ടവർ


നഗരത്തിന്റെ തിന്മകളിൽ നിന്നവരെയകറ്റൂ, ദൈവമേ,
അവരുടെ ജീവിതങ്ങളോടു മല്ലുപിടിയ്ക്കുന്ന
കലുഷവും രുഷ്ടവുമായ പരിസരങ്ങളിൽ നിന്ന്,
മുറിപ്പെട്ട ക്ഷമയോടു കാത്തിരിക്കുമ്പോഴും
അവരെ കാർന്നുതിന്നുന്ന ക്ഷുബ്ധജീവിതത്തിൽ നിന്ന്.

ഒരിടവുമില്ലേ, ഭൂമിയിലവർക്കായി?
കാറ്റിന്റെ പ്രഹർഷം തേടുന്നതാരെ?
ചോലയുടെ തെളിമ മൊത്തുന്നതാര്‌?
ദിവാസ്വപ്നം കാണുന്ന തടാകത്തിന്റെ കയങ്ങളിൽ
ഒരിടവുമില്ലേ, അവരുടെ വാതിലിനെ,
ജനാലപ്പടിയെ പ്രതിഫലിപ്പിക്കാൻ?
നമുക്കറിയുമല്ലോ, പാവപ്പെട്ടവർക്കൊരു ചെറുപഴുതേ വേണ്ടൂ,
തങ്ങളുടെ സർവലോകവുമുറപ്പിയ്ക്കാൻ, മരത്തെപ്പോലെ.



Saturday, December 17, 2011

റിൽക്കെ - പെൺകുട്ടികൾ

File:Jean-Baptiste-Camille Corot - Orphée (modification).jpg


1

ദീർഘദീർഘമായ പാതകൾ താണ്ടണമന്യർക്ക്
രാത്രി പോലിരുണ്ട കവികളിലെത്താൻ,
വഴിയിലാരാഞ്ഞാരാഞ്ഞു നടക്കണമവർക്ക്
പാടുന്നൊരാളെയെങ്ങാനും കണ്ടുവോയെന്ന്,
തന്ത്രികളിൽ വിരൽ വച്ചൊരാളെക്കണ്ടുവോയെന്ന്.
പെൺകുട്ടികൾക്കൊരാളോടും ചോദിക്കേണ്ടാ,
പ്രതീകങ്ങളുടെ ലോകത്തേക്കുള്ള പാലമേതെന്ന്.
ഒരു പുഞ്ചിരി മതി, വെള്ളിക്കിണ്ണങ്ങൾക്കിടയിൽ
മുത്തുമണികൾ പൊട്ടിയുരുളുന്ന പോലെ.
അവരുടെ ജന്മങ്ങൾക്കു വാതിലുകൾ തുറക്കുന്നതു
കവിയിലേക്ക്, അതിൽപ്പിന്നെ ലോകത്തിലേക്ക്.

2

സ്വന്തമേകാന്തതയിൽ നിങ്ങളുടെ തത്സ്വരൂപമെന്തോ,
അതിന്റെയാഖ്യാനവും കവികൾ നിങ്ങളിൽ നിന്നു പഠിക്കുന്നു;
അകന്ന ജീവിതവും നിങ്ങളിലൂടവർ പഠിക്കുന്നു,
രാത്രികൾ മഹാനക്ഷത്രങ്ങളിലൂടെ
നിത്യതയെ പരിചയിക്കുമ്പോലെ.

ഒരുവളും തന്നെത്തന്നെ കവികൾക്കു നിവേദിക്കാതിരിക്കട്ടെ,
അവന്റെ കണ്ണുകളഥവാ, സ്ത്രീകൾക്കായി ദാഹിച്ചാലും;
അവന്റെ ചിന്തയിൽ നിങ്ങൾ പെൺകുട്ടികൾ മാത്രം:
പട്ടുടയാടകൾക്കുള്ളിലുടയും,
നിങ്ങളുടെ കൊലുന്ന കൈത്തണ്ടകളിലോടുന്ന തലോടൽ.

എകനായിക്കൊള്ളട്ടെയവൻ തന്റെയുദ്യാനത്തിൽ,
മാലാഖമാരെപ്പോലെ നിങ്ങളെയവനെതിരേറ്റയിടങ്ങളിൽ-
എന്നുമെന്നപോലവനലഞ്ഞ പാതകളിൽ,
നിഴൽ മുങ്ങിയ ചാരുപടികളിൽ,
വീണ തൂക്കിയിട്ട മുറിയിൽ.

പോകൂ!...ഇരുളടയുകയായി.
അവന്റെ ഇന്ദ്രിയങ്ങൾക്കിനിമേലിൽ വേണ്ട,
നിങ്ങളുടെ ശബ്ദങ്ങളും നിങ്ങളുടെ രൂപങ്ങളും.
ദീർഘവുമേകാന്തവുമായാൽ മതി, അതേ പാതകളവനിനി,
ഇരുണ്ട ഭൂർജ്ജവൃക്ഷങ്ങൾക്കടിയിൽ വെണ്മയുമവനു വേണ്ട,-
മൗനം സാന്ദ്രമായ മുറിയോടാണിപ്പോളവന്റെ സ്നേഹവും.
...നിങ്ങളുടെ ശബ്ദങ്ങളവനകലെയായ്ക്കേൾക്കുന്നു,
(മടുപ്പോടവനകറ്റിനിർത്തുന്ന ജനങ്ങൾക്കിടയിൽ);
പലരുടെ കണ്ണുകൾക്കും നിങ്ങൾ വിഷയമാകുന്നുവെങ്കിൽ,
അതുമവന്റെ ആർദ്രസ്മൃതി സഹിക്കും, ദീർഘദർശനം പോലെ.


link to image


Thursday, December 15, 2011

റിൽക്കെ - പോങ്ങ് ദു കറൗസൽ

File:Paris-PontDuCarrousel-19e.jpg

പാലത്തിൽ നിൽക്കുന്ന ആ കുരുടൻ,
മറവിയിൽപ്പെട്ടൊരു നാടിന്റെ
അതിർത്തിക്കല്ലു പോലെ നിറം കെട്ടയാൾ,
വിദൂരനക്ഷത്രങ്ങൾ ഭ്രമണം ചെയ്യുന്ന
ഏകാന്തസ്ഥിരവസ്തുവാകാമയാൾ;
താരാപഥങ്ങൾക്കു നിശ്ചലമദ്ധ്യബിന്ദു.
വഴുതുകയു,മിടറുകയു,മൊഴുകുകയും ചെയ്യുന്നു,
അയാൾക്കു ചുറ്റും സർവതും.

പിണഞ്ഞുകൂടുന്ന വഴികൾക്കു നടുവിൽ
അയാളത്രേ, ഇളക്കമറ്റ ദിശാസൂചി.
ഉപരിതലജീവികളായൊരു വർഗ്ഗത്തിനിടയിൽ
ആഴങ്ങളുടെ ലോകത്തേക്കു ഭവ്യമായൊരു കവാടം.



(പോങ്ങ് ദു കറൗസൽ - പാരീസിൽ സെയീൻ നദിക്കു കുറുകെയുള്ള പാലം)

link to image


റിൽക്കെ - ഒരു ബാല്യത്തിൽ നിന്ന്

File:Gehrmann Berliner Salon.jpg

തന്നെത്തന്നെയൊളിപ്പിച്ചു കുട്ടിയിരുന്ന മുറിയിൽ
സാന്ദ്രമാവുകയായിരുന്നു ഉരുണ്ടുകൂടുന്ന അന്ധകാരം.
പിന്നെ, സ്വപ്നത്തിലെന്നപോലെ അമ്മ കയറിവന്നപ്പോൾ
മൗനം പൂണ്ട അലമാരയിൽ ഒരു ചില്ലുപാത്രം വിറക്കൊണ്ടു.
മുറിയിൽ തന്റെ സാന്നിദ്ധ്യം വെളിപ്പെട്ടുവെന്നായപ്പോൾ
അവർ കുനിഞ്ഞു തന്റെ കുട്ടിയെ ചുംബിച്ചു: ആഹാ, നീ ഇവിടെയോ?
പിന്നെയിരുവരുമധീരരായി പിയാനോയ്ക്കു നേർക്കു നോട്ടമയച്ചു.
എത്ര സന്ധ്യകളിലവരവനായി പാടിയിരിക്കുന്നു,
അതിന്റെ വിചിത്രവശ്യത്തിലവൻ വീണുപോയിരിക്കുന്നു.

അനക്കമറ്റവനിരുന്നു. കൺ വിടർന്നവൻ നോക്കിയിരുന്നു,
വള കൊണ്ടു ഭാരം തൂങ്ങിയ അമ്മയുടെ കൈകളെ,
മഞ്ഞു കുഴഞ്ഞ പാടത്തൂടുഴുതുനീങ്ങുന്നപോലെ
വെളുത്ത പിയാനോക്കട്ടകളിൽ സഞ്ചരിക്കുന്നവയെ.


link to image