Showing posts with label ടാങ്ങ്‌ കവിതകൾ. Show all posts
Showing posts with label ടാങ്ങ്‌ കവിതകൾ. Show all posts

Saturday, January 24, 2015

ലു യു - ഒരു പൂക്കാരന്റെ കഥ

LuYu


ആ കിഴവനെ നിങ്ങൾക്കറിയുമോ,
തെക്കേക്കവാടത്തിനടുക്കൽ പൂ വില്ക്കുന്നയാളെ?
തേനീച്ചയെപ്പോലെ പൂക്കളിലാണയാളുടെ ജീവിതം.
കാലത്തയാളെ പരുത്തിപ്പൂക്കളുമായി കാണാം,
വൈകുന്നേരങ്ങളിൽ പോപ്പിപ്പൂക്കളായിരിക്കും.
നീലാകാശത്തിനു കയറിവരാൻ പാകത്തിൽ
കൂര പൊളിഞ്ഞതാണയാളുടെ പുര.
അരിക്കലം മിക്കവാറുമൊഴിഞ്ഞതും.
പൂക്കൾ വിറ്റു പണം കുറേയായെന്നു കണ്ടാൽ
കള്ളുകടയിലേക്കയാൾ വച്ചുപിടിക്കും.
ഉള്ള പണം പോയിക്കഴിഞ്ഞാൽ
പിന്നെയുമയാൾ പൂ പെറുക്കാനിറങ്ങും.
എന്നും പൂക്കൾ വിടരുന്ന വസന്തകാലത്തിൽ
അയാളുടെ മുഖത്തിനും ആ വിടർച്ച തന്നെ!
ഒരുനാളുമയാളെ തല നീർന്നു കണ്ടിട്ടില്ല.
കൊട്ടാരച്ചുമരിൽ പുതിയ നിയമങ്ങൾ പതിച്ചിട്ടുണ്ടെങ്കിൽ
അയാൾക്കതിലെന്തു കാര്യം?
പൂഴിമണ്ണിൽ പണിതതാണു സർക്കാരെങ്കിൽ
അയാൾക്കെന്തു ചേതം?
അയാളോടൊന്നു മിണ്ടാൻ ചെന്നാൽ
ഒരു മറുപടിയും നിങ്ങൾക്കു കിട്ടില്ല,
ആ ചെട പിടിച്ച മുടിയ്ക്കടിയിൽ നിന്നും
മത്തു വിടാത്തൊരു പുഞ്ചിരിയൊഴികെ.


ലു യു (733-804) - ടാങ്ങ് കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചൈനീസ് കവിയും പണ്ഡിതനും. തേയിലയുടെ കൃഷി, ചായ ഉണ്ടാക്കുന്നതെങ്ങനെ, അതു കുടിയ്ക്കേണ്ടതെങ്ങനെ എന്നതൊക്കെ വിഷയമായ The Classic of Tea എന്നതാണ്‌ പ്രശസ്തമായ കൃതി.

Tuesday, July 12, 2011

ചിയി ചി - നര

File:Flying Horse, East Han Dynasty.Bronze. Gansu Provincial Museum.jpg


അതിൽ ചായം തേക്കേണ്ട,
അതിനെപ്പിഴുതെടുക്കേണ്ട.
തല മുഴുവനതു പരക്കട്ടെ.
ഒരു മരുന്നും തടുക്കില്ലാവെളുപ്പിനെ,
ഒരു കറുപ്പും ശിശിരം കടക്കുകയുമില്ല.
പതുപതുത്തൊരു തലയിണയിൽ
തലയെടുത്തുവയ്ക്കൂ,
ചീവീടുകളെ കേട്ടുകിടക്കൂ,
അലസം ചരിഞ്ഞുകിടന്ന്
ചോലയുടെ കളകളത്തിനു കാതോർക്കൂ-
ഈ വിശാലവീക്ഷണത്തിലേക്കുയരാൻ
ഞങ്ങള്‍ക്കാകുന്നില്ലെങ്കിലതിനു കാരണം,
നരച്ച മുടിയിഴേ,
അത്ര ദുഃഖിപ്പിക്കുന്നു ഞങ്ങളെ നീയെന്നതു തന്നെ.

 



ചിയി ചി (864-937) - ചൈനീസ് കവിതയുടെ സുവർണ്ണയുഗമായ ടാങ്ങ് കാലഘട്ടത്തിൽ ജീവിച്ചിരുന്ന കവി.

link to image


Monday, June 6, 2011

ലി യെ - ഒരേ ശ്രുതി

File:Konghou.jpg

കടലഗാധമെന്നു ശ്രുതി.
അതുമതിലധികവുമാണവനെനിക്കു നല്കിയ പ്രണയം.
കടലൊരു കരയിലടിയണം;
ഒരു കരയിലുമൊതുങ്ങില്ല പ്രണയം.
കിന്നരവുമെടുത്തു ഞാൻ മേട മേൽ കയറും,
നിലാവു വീണ മട്ടുപ്പാവിലൊറ്റയ്ക്കു
വിരഹഗാനം മീട്ടി ഞാനിരിക്കും.
ഒരേ ശ്രുതിയിൽ തകരും കിന്നരവുമെന്റെ  ഹൃദയവും.

 

 

 

 


(ചൈനീസ് കവയിത്രി (മരണം 784)


link to image


Sunday, May 15, 2011

ലീ ബോ (699-762)





വെറും പൂഴി


ജീവനോടിരിക്കുന്നവൻ വഴി നടക്കുന്ന യാത്രികൻ,
മരിച്ചവനോ, വീടെത്തിയവനും.
ഭൂമിക്കുമാകാശത്തിനുമിടയിലല്പനേരത്തെ സഞ്ചാരം;
അതില്പിന്നെ, കഷ്ടം 
യുഗങ്ങൾ പഴകിയ പൊടിമണ്ണു തന്നെ നാമൊക്കെ.
ചന്ദ്രനിലൊരു മുയലിരുന്നു
മരുന്നിടിയ്ക്കുന്നതു വെറുതേ;
ചിരായുസ്സിന്റെ മരം വീണടുപ്പിലെ വിറകുമായി.
പച്ചപ്പൈനുകളാസന്നവസന്തമറിയുമ്പോൾ
നാവു പൊന്താതെ കിടക്കും മനുഷ്യന്റെ വെള്ളെലുമ്പുകൾ.
തിരിഞ്ഞുനോക്കി നെടുവീർപ്പിടുന്നു ഞാൻ,
മുന്നിലേക്കു നോക്കി നെടുവീർപ്പിടുന്നു ഞാൻ.
ക്ഷണികജീവിതത്തിലെ കീർത്തികൾക്കിനിയും മോഹിക്കണോ ഞാൻ?




മലഞ്ചരിവിലൊരാനന്ദം


യുഗങ്ങൾ പഴകിയ ശോകങ്ങ-
ളാത്മാക്കളിൽ നിന്നു കഴുകിക്കളയാൻ
ഒരുനൂറു കള്ളുകുടങ്ങൾ നാം ചരിച്ചു.
എത്ര മോഹനമായിരുന്നു രാത്രി!...
നിലാവങ്ങനെ തെളിഞ്ഞുനില്ക്കെ
ഉറങ്ങാൻ മടിയായിരുന്നു നമുക്ക്.
പിന്നെയൊടുവിൽ തല നീരില്ലെന്നായപ്പോൾ
മലഞ്ചരിവിൽ നാം നമ്മെക്കിടത്തി:
മണ്ണു നമുക്കു തലയിണ തന്നു,
ആകാശം നല്ലൊരു പുതപ്പും.




ഇരുവർ


കിളികളൊക്കെപ്പറന്നകന്നു,
അലസസഞ്ചാരമാണൊരേകാന്തമേഘം;
അന്യോന്യം നോക്കിനോക്കി മടുക്കുന്നില്ല ഞങ്ങൾക്ക്-
ആ മലയ്ക്കും എനിക്കും.




ഗുരുപ്രണാമം


ഉള്ളു തുറന്നങ്ങയെ സ്നേഹിക്കുന്നു, ഞാൻ ഗുരോ,
ലോകത്താരറിയാതുള്ളൂ
ഊർജ്ജിതാശയനാമങ്ങയെ?...
ചെറുപ്പം കവിളു തുടുപ്പിച്ച കാലത്തു
പടയും പട്ടവും വേണ്ടെന്നങ്ങു വച്ചു;
അങ്ങു വരിച്ചതു പൈന്മരങ്ങളെ, മേഘങ്ങളെ.
തല വെളുത്ത ഈ കാലത്തും
നിലാവുപാനത്താലവിടുന്നുന്മത്തൻ,
തപസ്വിയായ സ്വപ്നാടകൻ.
പൂക്കൾക്കടിമപ്പണി ചെയ്യുന്നോനേ,
രാജാവിന്റെ വിളി നീ കേൾക്കുന്നില്ലല്ലോ.
എന്റെ കാലുകൾ കയറാത്ത മഹാചലം നീ,
ദൂരെ നിന്നു നിന്റെ ഗന്ധമുൾക്കൊള്ളുകെന്നതേ
എനിയ്ക്കു വയ്ക്കൂ.


 (തന്റെസമകാലികനും കവിയും രാജ സേവയിൽ ആഭിമുഖ്യമില്ലാത്തയാളുമായ മെങ്ങ് ഹാവോ റാനെ സംബോധന ചെയ്തുകൊണ്ടെഴുതിയത്)



Thursday, May 12, 2011

ദു ഫു (712-770) - മടക്കയാത്ര




മടക്കയാത്ര


ഓർമ്മ വരുന്നുണ്ടെനിക്കീയമ്പലം,
പണ്ടേ നടന്ന വഴികളും, വീണ്ടും കടക്കുന്ന പാലവും.
എന്നെയും കാത്തിരിയ്ക്കുകയായിരുന്നെവെന്നോ പുഴകളും കുന്നുകളും?
എന്നെ മാടിവിളിയ്ക്കുകയാണരളികളും പൂക്കളും.
പൂത്ത പാടത്തു നേർത്ത മഞ്ഞിന്റെ തിളക്കം,
മിനുസമായ പൂഴിയിൽ അന്തിവെയിലിന്റെ മിനുക്കം.
പഥികന്റെ വ്യഥകളൊക്കെയുമലിഞ്ഞുപോകുന്നു,
വിശ്രമിക്കാനിതിലും ഭേദമൊരിടമയാൾക്കെവിടെക്കിട്ടാൻ?
*


അത്രയും താഴ്ന്ന കൂര


അത്രയും കൂര താഴ്ന്നതാണെന്റെ പുൽക്കുടിൽ,
അതിനാലത്രേ കുരുവികളവിടെക്കുടിയേറുന്നു;
അവരുടെ കാൽച്ചേറു പറ്റുന്നുണ്ടെന്റെ ഗ്രന്ഥങ്ങളിൽ,
പ്രാണിവേട്ടയ്ക്കിടയിൽ ചിലനേരമെന്നെ വന്നിടിയ്ക്കുന്നുമുണ്ടവർ.
*


പൂക്കൾ പാകിയ വഴിത്താരയിൽ


പൂക്കൾ പാകിയ വഴിത്താരയിൽ മുളയരിയുടെ വെൺവിരി,
പച്ചനാണയങ്ങളടുക്കിയ പോലെ താമരയിലകളുടെ ചിറ്റരുവി.
ഇളംമുളകളുടെ വേരുകൾക്കിടയിൽ ആരും കാണാത്ത കൂമ്പുകൾ;
പൂഴിയിലമ്മയുടെയരികുപറ്റി മയങ്ങുകയാണൊരു കുഞ്ഞുതാറാവും.
*


link to du fu

Sunday, April 17, 2011

ടാങ്ങ്‌ കവിതകൾ

File:Gao Xiang-Tanzhi Pavillion.jpg


ലിയു ചാങ്ങ്‌-ചിങ്ങ്‌ (733-)


തീർത്ഥാടകൻ

മുളംകാവിനുള്ളിലൊരൊരമ്പലം,
സന്ധ്യമണി മുട്ടുന്ന പതിഞ്ഞ നാദം,
മലയിറങ്ങുന്ന ഭക്തന്റെ ചുമലിലേറി
അകന്നകന്നുപോകുമസ്തമയം.


ഒരു നന്തുണി

പൈൻമരങ്ങളിൽ കുളിരു വീശുന്ന
തെന്നലാണു നിന്റെ നന്തുണി;
ആരും കാതോർത്തു നിൽക്കുന്നുമില്ല
അതിന്റെയോമനപ്പാട്ടുകൾ കേൾക്കാൻ.



ചെൻ ത്‌സു-ആങ്ങ്‌ (656-698)

ഒരു നഗരകവാടത്തിൽ

എവിടെ,യെന്മുന്നിൽ പൊയ്പ്പോയൊരക്കാലങ്ങൾ?
എവിടെ,യെൻ പിന്നിൽ വരാനുള്ള കാലങ്ങൾ?
ഓർത്തുപോയ്‌ ഞാനപ്പോൾ മണ്ണിനെ, മാനത്തെ-
സീമയുമന്ത്യവുമില്ലാത്ത സ്ഥായികൾ;
ഏകനീ ഞാനെന്നു കണ്ണീരു വാർത്തു ഞാൻ.



ലിയു ത്‌സുങ്ങ്‌-യുവാൻ (773-819)

പുഴമഞ്ഞ്‌

ഒരു നൂറു മലകളുണ്ടൊരു കുഞ്ഞുകിളിയില്ല,
ഒരു നൂറു പാതകളുണ്ടൊരു കാലടിപ്പാടില്ല;
ഒരു കൊതുമ്പുവള്ളം, ഒരു മുളങ്കുപ്പായം,
പുഴമഞ്ഞിൽ ചൂണ്ടയിടും ഒരു വൃദ്ധരൂപം.



ചൈനീസ്‌ കവിതയുടെ സുവർണ്ണകാലമായിരുന്നു ഏഴു മുതൽ പത്തു വരെയുള്ള നൂറ്റാണ്ടുകളിലെ ടാങ്ങ്‌ ഭരണകാലം. ലീ ബോ, ദു ഫു, വാങ്ങ്‌ വെയ്‌, മെങ്ങ്‌ ഹാവോ റാൻ ഇവരൊക്കെ ആ കാലത്തെഴുതിയിരുന്നവരാണ്‌.


link to image