Saturday, February 1, 2014

മഹമൂദ് ദർവീശ് - മർമ്മരം

mahmoud-darwish


മറഞ്ഞുകിടക്കുന്നൊരു പ്രചോദനത്തിന്റെ വിളി കേൾക്കുന്നൊരാളെപ്പോലെ വേനൽമരങ്ങളിൽ ഇലകളുടെ മർമ്മരശബ്ദത്തിനു ഞാൻ കാതു കൊടുക്കുന്നു...നിദ്രയുടെ അധിത്യകകളിൽ നിന്നിറങ്ങിവരുന്ന കാതരവും സൌമ്യവുമായ ഒരു ശബ്ദം...ഒരുൾനാട്ടുപാടത്തെ ഗോതമ്പു മണക്കുന്ന നേർത്ത ശബ്ദം...ഇളംതെന്നലിന്റെ അലസമായ തന്ത്രികൾ വായിക്കുന്ന നാതിദീർഘമായ മനോധർമ്മസംഗീതത്തിന്റെ ശകലിതശബ്ദം. വേനലിൽ ഇലകൾ മന്ത്രിക്കുന്നത് ഒതുക്കത്തോടെയാണ്‌, പേരു പറഞ്ഞുവിളിക്കുന്നത് സങ്കോചത്തോടെയാണ്‌, എന്നെ മാത്രമാണെന്നപോലെ; പ്രാരബ്ധങ്ങളുടെ നടുവിൽ നിന്ന് സൌമ്യദീപ്തി നിറഞ്ഞൊരിടത്തേക്ക് ആരും കാണാതെ എന്നെ വിളിച്ചിറക്കിക്കൊണ്ടു പോവുകയാണത്. അവിടെ, കുന്നുകൾക്കു പിന്നിൽ, ഭാവനയ്ക്കുമപ്പുറം, ദൃശ്യവും അദൃശ്യവും ഒന്നു മറ്റൊന്നാകുന്ന അവിടെ, സൂര്യന്റേതല്ലാത്ത ഒരു വെളിച്ചത്തിൽ ഞാൻ എന്റെ ഉടലിനു വെളിയിലൊഴുകിനടക്കുന്നു. ഉണർച്ച പോലെ ഒരു മയക്കം കഴിഞ്ഞതില്പിന്നെ, അഥവാ, മയക്കം പോലെ ഒരുണർച്ച കഴിഞ്ഞതില്പിന്നെ മരങ്ങളുടെ മർമ്മരം ആശങ്കകളും ഭീതികളും കഴുകിക്കളഞ്ഞ് എന്നെ എനിക്കു വീണ്ടെടുത്തുതരുന്നു. ആ ശബ്ദത്തിന്റെ അർത്ഥമെന്താണെന്നു ഞാൻ ചോദിക്കുന്നതേയില്ല: ശൂന്യതയിൽ തന്റെ കൂടപ്പിറപ്പിനോടു രഹസ്യങ്ങൾ മന്ത്രിക്കുന്ന ഒരിലയാണോ, അതോ ഒരുച്ചമയക്കത്തിനു കൊതിക്കുന്ന ഇളംകാറ്റാണോ എന്നൊന്നും. വാക്കുകളില്ലാത്ത ഒരു ശബ്ദം എന്നെ പാടിയുറക്കുന്നു, എന്നെ കുഴച്ചെടുക്കുന്നു, എന്നെ മെനഞ്ഞെടുക്കുന്നു, അതിലുള്ളതോ അതിൽ നിന്നുള്ളതോ ആയ ഒരു വസ്തു കിനിയുന്ന പാത്രമായി, തന്നെ അറിയാനൊരാളെത്തേടുന്ന ഒരനുഭൂതിയായി.


No comments: