Friday, February 14, 2014

യവ്തുഷെങ്കോ - അന്തിമവിശ്വാസം

images


അത്ര വക്രതയാണു നമുക്കെന്നതിനാൽ
മോക്ഷം നമുക്കു പറഞ്ഞിട്ടുള്ളതല്ലെന്നു വരുമോ,
റോക്കറ്റുകൾ ചിറകു വച്ചുയരുന്ന ഒരു കാലത്ത്
ചിറകു മുളയ്ക്കാത്തവയാണു നമ്മുടെ ചിന്തകളെന്നും?

അവസാനത്തെ പുഴയിലേക്കു നോക്കിനില്ക്കുന്ന
വളർച്ച മുരടിച്ച ബിർച്ചുമരം
കുമിളയിടുന്ന തിളവെള്ളത്തിൽ കാണുന്നത്
അവസാനത്തെ മനുഷ്യനെയാണെന്നു വരുമോ?

ബിഗ് ബൻ, സെയിന്റ് ബാസിൽ, നോത്രുദാം
ഇതൊന്നും ശേഷിക്കില്ലെന്നു വരുമോ,
നമ്മുടെ അവസാനത്തെ കാൽവയ്പ്പുകളിൽ
ന്യൂട്രോൺ നുരകളാണു വന്നലയ്ക്കുന്നതെന്നും?

എനിക്കു വിശ്വാസമല്ല പക്ഷേ,
ഈ ഗ്രഹം, ചെറിമരങ്ങൾ, കിളികൾ, കുഞ്ഞുങ്ങൾ,
നശിക്കാനുള്ളവയാണവയെന്ന്.
ഈ അവിശ്വാസമാണെന്റെ അന്തിമവിശ്വാസം.

ഇനി മേൽ ഗോപുരങ്ങൾക്കുള്ളിൽ
തലയോട്ടികൾ കൂമ്പാരം കൂടില്ല.
യുദ്ധത്തിനു ശേഷമല്ല, അതിനു മുമ്പായിരിക്കും
അവസാനത്തെ ന്യൂറംബർഗുണ്ടാവുന്നതും.

ഭൂമിയിലെ അവസാനത്തെ പട്ടാളക്കാരൻ
തോൾവാറു വലിച്ചൊരു ചാലിലേക്കെറിയും,
അതിന്മേൽ തുമ്പികൾ വന്നിരിക്കുന്നത്
ശാന്തനായി കണ്ടുനില്ക്കും.

തെമ്മാടിത്തരങ്ങളെല്ലാം അവസാനിക്കും.
ജനങ്ങളറിയും- നാമൊരേ കുടുംബം.
അവസാനത്തെ ഭരണകൂടം
സ്വയം പിരിച്ചുവിടുകയും ചെയ്യും.

അവസാനത്തെ ചൂഷകൻ
പല്ലില്ലാത്ത വായ തുറന്ന്
അവസാനത്തെ നാണയമെടുത്തു വിഴുങ്ങും,
ആരും കാണാതൊരു നാരങ്ങാമിട്ടായി പോലെ.

അവസാനത്തെ ഭീരുവായ പത്രാധിപരാവട്ടെ,
താൻ നശിപ്പിച്ച സർവതും
സ്റ്റേജിൽ കയറിനിന്നൊന്നായി വായിക്കാൻ
നിത്യശിക്ഷക്കു വിധിക്കപ്പെടും.

അവസാനത്തെ ബ്യൂറോക്രാറ്റിന്റെ തൊള്ളയിൽ
അയാളിനി മിണ്ടരുത്, അനങ്ങരുത് എന്നതിനായി,
അയാൾക്കുള്ള ശമ്പളമായി,
അവസാനത്തെ റബ്ബർ സ്റ്റാമ്പ് കുത്തിത്തിരുകും.

അവസാനനാളുകളെക്കുറിച്ചുള്ള ഭീതിയില്ലാതെ
ഭൂഗോളം പിന്നെയും തിരിയും;
അവസാനത്തെ മഹാകവി എന്നൊരാൾ
ഭാഷയിൽ ജനിക്കുകയുമില്ല.

(1982 )


No comments: