Thursday, December 8, 2011

റൂമി - ഗുരു ശിഷ്യനോടു പറഞ്ഞത്


നിന്നോടു ഞാൻ പറഞ്ഞതല്ലേ:
അവിടെയ്ക്കു പോകരുതെന്ന്,
എനിയ്ക്കു നിന്നെ അറിയാമെന്ന്;
ഉന്മൂലനത്തിന്റെ ഈ മരീചികയിൽ
നിന്റെ ജീവനുറവു ഞാനാണെന്ന്;
എന്നോടു കോപിച്ചൊരുകോടിക്കൊല്ലമെന്നിൽ നിന്നു പാഞ്ഞാലും,
ഒടുവിൽ നീയെന്നിലേക്കു മടങ്ങുമെന്ന്,
നിന്റെ ലക്ഷ്യം ഞാൻ തന്നെയാണെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
ലോകത്തിന്റെ പുറവും വടിവും കണ്ടു
നീ തൃപ്തനാവരുതെന്ന്;
നിന്റെ തൃപ്തിയുടെ കൂടാരമടിച്ചതു ഞാൻ തന്നെയെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
കടൽ ഞാനാണെന്ന്,
എന്നിലൊരു പരലുമീനാണു നീയെന്ന്;
നിനക്കു ദ്രവനൈർമ്മല്യം ഞാനായിരിക്കെ,
വരണ്ട പൂഴിമണൽ തേടിപ്പോകരുതു നീയെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
കിളികളെപ്പോലെ കെണിയിൽപ്പോയി വീഴരുതെന്ന്;
നിനക്കു ചിറകും തൂവലും പറക്കാനുള്ള കരുത്തും ഞാനാണെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
മ്ളേച്ഛഗുണങ്ങൾ കൊണ്ടവർ നിന്നെ നിറയ്ക്കുമെന്ന്,
ഗുണങ്ങൾക്കുറവയായ എന്നിലേക്കുള്ള വഴി നിനക്കു പിശകുമെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
എങ്ങിനെ,യെവിടെനിന്നു നിന്റെ കാര്യങ്ങൾ നടക്കുമെന്നോർക്കരുതെന്ന്;
എങ്ങുനിന്നുമല്ലാതെ, ഒന്നിൽ നിന്നുമല്ലാതെ
നിന്നെ മെനഞ്ഞെടുക്കും ഞാനെന്ന്?
ഹൃദയങ്ങൾക്കു വിളക്കാണു നീയെങ്കിൽ,
വീട്ടിലേക്കുള്ള വഴിയേതെന്നറിയുക.
ഒരു പ്രഭുവിന്റെ ഗുണങ്ങൾ നിനക്കുണ്ടെങ്കിൽ,
അറിയുക,
നിനക്കു ഞാൻ
മഹാപ്രഭു.


 

റില്ക്കെ - കവിയുടെ മരണം

File:Segantini Bildnis eines Toten 1886.jpg


ഒരു കാഴ്ചവസ്തുവെന്നപോലയാൾ കിടക്കുന്നു,
ഉയർത്തിവച്ച തലയിണ മേൽ വിളർത്ത മുഖവുമായി,
ലോകബോധമൊക്കെപ്പറിച്ചെടുത്തവനായി,
ജീവിതത്തിന്റെ രുചിയും മണവും പൊയ്പ്പോയവനായി.
ഒക്കെയുമടങ്ങിയിരിക്കുന്നു നിർമ്മമയായ പ്രകൃതിയിൽ.

ജീവനോടയാളെക്കണ്ടിട്ടുള്ളൊരാളുമറിഞ്ഞിട്ടില്ല,
പുഴകളും, തടങ്ങളും, പുൽമേടുകളുമായി
എത്രമേലൊന്നായിരുന്നു ലോകവുമയാളുമെന്ന്;
അയാളവയായിരുന്നു, അയാൾക്കവ മുഖമായിരുന്നു.

ഇന്നുമയാളെത്തേടുന്ന ഈ വൈപുല്യമായിരുന്നു,
അയാളുടെ മുഖത്തിനതിന്റെ വടിവുകൾ നല്കിയതും.
ഈ കിടന്നുമരിക്കുന്നതയാളുടെ മുഖംമൂടി മാത്രം,
കാറ്റു തട്ടിയാലഴുകുന്ന കഴമ്പുമായി,
പിളർന്നുമലർന്നൊരു പഴമെന്നപോലെ.


link to image


 

Wednesday, December 7, 2011

പോൾ വലേറി - കൊഴുത്തൊരു ശൂന്യതയിലവരലിഞ്ഞുചേരുന്നു…



കൊഴുത്തൊരു ശൂന്യതയിലവരലിഞ്ഞുചേരുന്നു,
വെളുത്ത, തനിച്ച രൂപങ്ങളെ ചെമന്ന ചെളി വിഴുങ്ങുന്നു.
ജീവന്റേതായ സിദ്ധി പൂക്കൾക്കും പോകുന്നു.
എവിടെ, മരിച്ചവർ? അവരുടെ പരിചിതശൈലികൾ,
തനതായ രീതികൾ, അവനവന്റെയാത്മാക്കൾ?
കണ്ണീരുറന്നിടത്തിന്നു പുഴുക്കൾ നുഴഞ്ഞുകേറുന്നു.


പ്രണയമിക്കിളിപ്പെടുത്തിയ പെൺകുട്ടികളുടെ സീൽക്കാരങ്ങൾ,,
കണ്ണുകൾ, പല്ലുകൾ, പാതിയടഞ്ഞ കണ്ണിമകൾ,
തീനാളങ്ങളെ വെല്ലുവിളിയ്ക്കുന്ന സുന്ദരമായ മാറിടങ്ങൾ,
അധരങ്ങൾ വഴങ്ങുമ്പോൾ തിളങ്ങുന്ന രക്തവർണ്ണം,
അന്ത്യോപഹാരം, അതു കാക്കുന്ന വിരലുകൾ-
ഒക്കെയും മണ്ണിലടിയുന്നു, കളിയിലേക്കു മടങ്ങുന്നു.


(“കടൽക്കരയിലെ ശ്മശാനം” എന്ന കവിതയില്‍ നിന്ന്‍)


link to valery


 

Monday, December 5, 2011

പ്രിമോ ലെവി - വിജ്ഞാപനം

File:El Greco (Doménikos Theotokópoulos) - The Annunciation - Google Art Project.jpg


എന്റെ ഭീഷണരൂപം കണ്ടു ഭയപ്പെടേണ്ട സ്ത്രീയേ, നീ.
ഞാൻ വരുന്നതകലേ നിന്നും, തല കീഴ്ക്കാമ്പാടു പറന്നും;
എന്റെ തൂവലുകളുലഞ്ഞുവെങ്കിലതു കൊടുങ്കാറ്റുകൾ കടന്നിട്ടല്ലേ?
മാലാഖയത്രേ ഞാൻ, ഒരിരപിടിയൻ കിളിയുമല്ല;
മാലാഖ തന്നേ, പക്ഷേ, നിങ്ങൾ വരച്ചിട്ട തരവുമല്ല-
മറ്റൊരു മിശിഹയുടെ വാഗ്ദാനവുമായി മറ്റൊരു കാലത്തവതരിച്ചവരാണവർ.
സദ്വർത്തമാനവുമായിട്ടത്രേ ഞാൻ വന്നു, എന്നാലൊന്നു ക്ഷമിക്കൂ,
എന്റെ നെഞ്ചിന്റെ വീർപ്പും, ഈയിരുളിനോടുള്ള വെറുപ്പുമൊന്നടങ്ങും വരെ.
നിന്റെയുള്ളിലൊരുവനുറങ്ങുന്നു, വളരെയുറക്കം കെടുത്തുന്നവൻ.
രൂപമായിട്ടില്ലവനിനിയുമെന്നാലും 

അവന്റെ കൈകളിൽ വൈകാതെ നീ തലോടും.
അവനുണ്ടാവും വാക്കിന്റെ സിദ്ധികൾ, മയക്കുന്ന കണ്ണുകൾ,
വിദ്വേഷമവൻ പ്രസംഗിയ്ക്കും, സർവരുമവനെ വിശ്വസിയ്ക്കും.
ആവേശത്തോടെയാർത്തും പാടിയും ചോര വാർത്തും
 
അവന്റെ കാലടികൾ മുത്തിയും പറ്റങ്ങളവന്റെ പിന്നാലെ ചെല്ലും.

അസത്യത്തിന്റെയതിരുകളവൻ വിപുലമാക്കും,
ദൈവനിന്ദയും കഴുമരങ്ങളുമവൻ പ്രസംഗിച്ചുനടക്കും.
ഭീതി കൊണ്ടവൻ ഭരിയ്ക്കും, അവൻ വിഷം ശങ്കിയ്ക്കും,
ഉറവെള്ളത്തിൽ, മേടുകളിലെ നറുംതെന്നലിൽ.
ചോരക്കുഞ്ഞിന്റെ തെളിഞ്ഞ കണ്ണുകളിലവൻ കാപട്യം ദർശിയ്ക്കും,
കൊല കൊണ്ടു മതി വരാതെയവൻ മരിയ്ക്കും, വിതച്ച വിഷമവശേഷിപ്പിക്കും.
ഇതത്രേ നിന്നിൽ വളരുന്ന ബീജം. സ്ത്രീയേ, ആഹ്ളാദിക്കൂ.



പ്രിമോ ലെവി (1919-1987). ഇറ്റലിയിലെ ടൂറിനിൽ ജനിച്ചു. ഫാസിസ്റ്റുവിരുദ്ധനായതിന്റെ പേരിൽ 1944ൽ അറസ്റ്റു ചെയ്ത് ഓഷ്വിറ്റ്സിലെ തടങ്കൽപ്പാളയത്തിലേക്കയച്ചു. “ഇതു മനുഷ്യനെങ്കിൽ” എന്ന ഓർമ്മക്കുറിപ്പുകൾ ഏറ്റവും പ്രധാനപ്പെട്ട കൃതി.
wiki link on primo levi

link to image


Sunday, December 4, 2011

അന്തോണിയോ മച്ചാദോ - ഗ്വെയോമാറിന്‌


1
എനിക്കു പറയാനറിയില്ല, ഗ്വെയോമാർ,
നിന്റെ കൈയിൽ ഞാൻ കണ്ടതു മഞ്ഞനാരങ്ങയോ,
തെളിഞ്ഞൊരു പകലിന്റെ നൂലോയെന്ന്-
പന്തു പോലെ ചുറ്റിയെടുത്ത പൊൻനൂൽക്കഴി.
നിന്റെ ചുണ്ടുകളിലുണ്ടായിരുന്നു,
ഒരു മന്ദസ്മിതവും.

ഇതേതുപഹാരമന്നു ഞാനാരാഞ്ഞു,
കാലം കായ്ച്ചതോ,
നിന്റെ വിളഞ്ഞ തോപ്പിൽ നിന്നു
നിന്റെ കൈകളിറുത്തതോ?

നിശ്ചലമായൊരു സുന്ദരസായാഹ്നത്തിൽ
നിറവേറാതെപോയ കാലമോ?
ഒരു തടാകത്തിൽ മയങ്ങുന്ന ഛായയോ?
വശ്യവും സുവർണ്ണവുമായൊരഭാവമോ?
കുന്നുകൾക്കു മേലാളിപ്പടരുന്ന പുലരിയുടെ നേരോ?
പ്രണയമതിന്റെ കലുഷദർപ്പണങ്ങളിലാഞ്ഞുടയ്ക്കുമോ,
പൊയ്പ്പോയ സന്ധ്യകൾ ചുറ്റിയെടുത്ത നൂൽക്കഴി?

2

നിന്നെ ഞാൻ സ്വപ്നം കണ്ടു, ഗ്വെയോമാർ,
പുഴക്കരെ ഒരുദ്യാനത്തിൽ,
വിറങ്ങലിച്ച ഇരുമ്പുവേലിയ്ക്കു പിന്നിൽ
തളച്ചിട്ട കാലത്തിന്റെ ഉദ്യാനത്തിൽ.

ഒരു കാണാക്കിളിയവിടെപ്പാടിയിരുന്നു,
ദാഹമുണർത്തുകയും ശമിപ്പിക്കുകയും ചെയ്യുന്ന
പവിത്രമായൊരു ചോലയുടെ കരയിൽ,
ഒരു താമരമരത്തിന്റെ ചില്ലയിൽ.

ഈ ഉദ്യാനം, ഗ്വെയോമാർ,
രണ്ടു ഹൃദയങ്ങൾ മെനഞ്ഞെടുത്തതൊന്ന്,
ഒന്നു മറ്റൊന്നിനെ സഫലമാക്കുന്നതവിടെ,
നമ്മുടെ നേരങ്ങൾ ഒരുമിച്ചൊഴുകുന്നതവിടെ.
ഒരു സ്വപ്നത്തിൽ കുലകുത്തിയ മുന്തിരിപ്പഴങ്ങൾ
തെളിഞ്ഞ ചില്ലുപാത്രത്തിൽ നാം പിഴിഞ്ഞൊഴിച്ചതവിടെ,
ഒരു കഥയ്ക്കിരുവശമുണ്ടെന്നു നാം മറന്നതുമവിടെ.
(ഒരു സ്ത്രീയും പുരുഷനും,
സിംഹവും പേടമാനുമാണവരെങ്കിലും,
ഒരേ ചോലയിൽ നിന്നവർ ദാഹം തീർക്കാമെന്നതൊന്ന്.
രണ്ടേകാന്തതകളൊന്നാകില്ല,
സ്ത്രീയും പുരുഷനുമാണവരെങ്കിലുമെന്നതു മറ്റേത്.
പ്രണയം കൊണ്ടുവരില്ല അങ്ങനെയൊരു ഭാഗ്യം.)

പുതുതിരകളും നുരകളും കടൽ മാറിയുടുക്കുന്നതു നിനക്കായി,
കുന്നുകളിൽ മഴവില്ലു ചായം തേയ്ക്കുന്നതു നിനക്കായി,
വാൻകോഴി പുലരിയിൽ പുതുഗാനങ്ങളും തൂവലുകളുമണിയുന്നതു നിനക്കായി,
കൂമന്റെ കണ്ണുകൾ വിടരുന്നതു നിനക്കായി...
ഒക്കെയും, ഗ്വെയോമാർ, നിനക്കായി.

3

നിന്റെ കവിയുടെ ചിന്തകൾ
ഇനി നിന്നിലേക്കു തിരിയുന്നു.
വിദൂരതയ്ക്കു നാരങ്ങയുടെ മഞ്ഞ,
നിശ്ചലം, നാട്ടുപച്ച.
എന്നോടൊപ്പമുണ്ടു നീ, ഗ്വെയോമാർ,
മലകൾ നമ്മെ വളയുന്നു.
ഓക്കുതോപ്പുകൾ പിന്നിട്ടുപോകവെ,
പകലിന്റെ ബലം ക്ഷയിക്കുന്നു.
പകലും പാളവും തിന്നു
തീവണ്ടി കുതിയ്ക്കുന്നു.
വാടാമുൾക്കാടുകൾ നിഴലുകളിൽ പതുങ്ങുന്നു;
ഗ്വാഡറമയുടെ പൊൻതിളക്കം മങ്ങുന്നു.
പലായനം ചെയ്യുന്ന ദേവിയുടെയും കാമുകന്റെയും പിന്നാലെ
പൂർണ്ണചന്ദ്രൻ കൊണ്ടുപിടിയ്ക്കുന്നു.
ഒരു വന്മലയ്ക്കുള്ളിലേക്കു തീവണ്ടി നൂണ്ടുകയറുന്നു.
വരണ്ട പാടങ്ങൾ, മുകളിലാകാശം.
കരിങ്കൽമലകൾക്കു പിന്നിൽ,
ലാവാശിലകളുടെ നിരകൾക്കുമപ്പുറം,
കടലും, പിന്നെയനന്തതയും.
ഒരുമിച്ചാണു നാം, സ്വതന്ത്രരാണു നാം.
ദൈവം, പഴങ്കഥകളിലെ നിഷ്ഠുരരാജാക്കന്മാരെപ്പോലെ,
കാറ്റിന്റെ പടക്കുതിരമേലേറിവരട്ടെ,
ശപിക്കട്ടെ, പ്രതികാരം തീർക്കുമെന്നവനാണയിടട്ടെ,
ചിന്തയുടെ കടിഞ്ഞാണുമവന്റെ കൈയിലാകട്ടെ,
ഇവിടെ പ്രണയം സ്വതന്ത്രം,
ആർക്കുമാവില്ലതിനെത്തടയാൻ.


Friday, December 2, 2011

നെരൂദ - മടക്കം


എന്തിനായി ഞാൻ വന്നു? ഞാനവരോടു ചോദിച്ചു.

ആരാണു ഞാൻ, ഈ മരിച്ച നഗരത്തിൽ?

എനിക്കു കണ്ടെത്താനാവുന്നില്ല,
ഒരിക്കലെന്നെ പ്രേമിച്ചിരുന്ന ആ ഭ്രാന്തിപ്പെണ്ണിന്റെ തെരുവോ, വീടോ.

അതേ പോലെതന്നെയുണ്ട്,
മരക്കൊമ്പുകളിൽ കാക്കകൾ,
പച്ചയും തിളപ്പുമായി കാലവർഷം,
തേഞ്ഞുപോയ തെരുവുകളിൽ മുറുക്കിത്തുപ്പിയതും,
ശ്വാസം മുട്ടുന്ന വായുവും-
പക്ഷേ എവിടെ,
എവിടെയായിരുന്നു ഞാൻ,
ആരായിരുന്നു ഞാൻ?
എനിക്കു മനസ്സിലാവുന്നതു ചാരം മാത്രം.

വെറ്റിലക്കാരനെന്നെ നോക്കുന്നു,
അയാൾ തിരിച്ചറിയുന്നില്ല എന്റെ ചെരുപ്പുകളെ,
അടുത്തിടെ ഉയിർത്തെഴുന്നേറ്റ എന്റെ മുഖത്തെ.
അയാളുടെ മുത്തശ്ശൻ എനിക്കൊരു സലാം തന്നുവെന്നു വരാം,
പക്ഷേ സംഭവിച്ചതെന്തെന്നാൽ
ഞാൻ യാത്രയിലായിരുന്നപ്പോൾ
അയാൾ അടിപറ്റി,
മരണത്തിന്റെ ആഴക്കിണറിലേക്കയാളാണ്ടുപോയി.

ഇതുമാതിരിയൊരു കെട്ടിടത്തിലാണു ഞാനുറങ്ങിയത്,
പതിന്നാലു മാസവും, അതിനു നിരക്കുന്ന വർഷവും;
എന്റെ യാതനകൾ ഞാനെഴുതിക്കൂട്ടി.
കദനത്തിന്റെ രുചി ഞാനറിഞ്ഞു.
ഇന്നു ഞാൻ കടന്നുപോവുമ്പോൾ പക്ഷേ,
ആ വാതിൽ അവിടെയില്ല.
മഴ വേലയെടുത്തിരിക്കുന്നു, കണക്കിലധികം.
ഇന്നെനിയ്ക്കു തോന്നിപ്പോവുന്നു,
ഞാനൊരാളല്ല, പലരാണെന്ന്,
എങ്ങനെ പുനർജ്ജനിച്ചുവെന്നറിയാതെ
പലതവണ മരിച്ചിരിക്കുന്നു ഞാനെന്ന്,
ഓരോ തവണ വസ്ത്രം മാറുമ്പോഴും
മറ്റൊരു ജന്മമെടുക്കുകയായിരുന്നു ഞാനെന്ന്;
ഇന്നു ഞാനിവിടെ നില്ക്കുന്നു,
ഒരു ജീവിയെപ്പോലും തിരിച്ചറിയാനാവാത്തതെന്തെന്നറിയാതെ,
ആരുമെന്നെ തിരിച്ചറിയാത്തതെന്തെന്നറിയാതെ,
സർവരുമിവിടെ പരേതാത്മാക്കളാണെന്നപോലെ,
അത്രയും മറവിയ്ക്കിടയിൽ ഞാനൊരാളേ ജീവനോടെയുള്ളു എന്നപോലെ,
ബാക്കിയായൊരു പക്ഷിയെപ്പോലെ-
ഇനിയഥവാ, തിരിച്ചു നഗരമെന്നെ നോക്കിയിരിക്കുന്നുവെന്നാകാം,
മരിച്ചതു ഞാനെന്നതു തിരിച്ചറിയുന്നുവെന്നാകാം.

പട്ടുകളുടെ കമ്പോളങ്ങളിലൂടെ ഞാൻ നടന്നുപോയി,
ദുരിതം വിൽക്കുന്ന അങ്ങാടികളിലൂടെയും.
തെരുവുകൾ അവ തന്നെയെന്നു വിശ്വസിക്കുക പ്രയാസം;
കറുത്ത കണ്ണുകൾ, ആണിമുനകൾ പോലെ കൂർത്തവ,
എന്റെ നോട്ടങ്ങളെ നേർക്കുന്നു,
വെറുങ്ങലിച്ച വിഗ്രഹങ്ങളുമായി,
നിറം മങ്ങിയ സുവർണ്ണക്ഷേത്രത്തിനിന്നു കണ്ണുകളില്ല,
കൈകളില്ല, ഉള്ളിലഗ്നിയുമില്ല.
വിട, കാലം മലിനമാക്കിയ തെരുവുകളേ,
വിട, നഷ്ടപ്രണയമേ, വിട.
ഞാൻ മടങ്ങിപ്പോവുന്നു എന്റെ വീടിന്റെ വീഞ്ഞിലേക്ക്,
ഞാൻ മടങ്ങിപ്പോവുന്നു,
എന്നെ സ്നേഹിക്കുന്നവളുടെ സ്നേഹത്തിലേക്ക്,
ഞാനായിരുന്നതിലേക്ക്, ഞാനായതിലേക്ക്,
പുഴയിലേക്ക്, വെയിലിലേക്ക്, ആപ്പിൾ മുഴുത്ത മണ്ണിലേക്ക്,
ചുണ്ടുകളും പേരുകളുമുള്ള മാസങ്ങളിലേക്ക്.
ഇനി മടങ്ങിപ്പോവാതിരിക്കാനായി ഞാൻ മടങ്ങുന്നു;
ഇനിയും സ്വയം തെറ്റിദ്ധരിപ്പിക്കാനെനിക്കാഗ്രഹവുമില്ല.
പിന്നിലേക്കലഞ്ഞുപോവുക അപകടകരം,
ഭൂതകാലം തടവറയാവുന്നതു പെട്ടെന്നാവാം.


 

Thursday, December 1, 2011

നെരൂദ - മണ്ണിനടിയിലൊരിടം


മണ്ണിനടിയിലൊരിടമെനിയ്ക്കൊഴിച്ചിടൂ,
ഒരു കുടിലദുർഗ്ഗം,
കണ്ണുകളില്ലാതെ, സ്പർശമില്ലാതെ,
ശൂന്യതയിലൊരു മൂകശിലയാവാൻ,
ഒരു നിഴലിന്റെ വിരലാവാൻ കൊതി തോന്നുമ്പോൾ
എനിയ്ക്കു പോയിക്കിടക്കാൻ.

എനിയ്ക്കറിയാം, നിനക്കാവില്ല, ആർക്കുമാവില്ല, ഒരു വസ്തുവിനുമാവില്ല,
അങ്ങനെയൊരിടം, ഒരു വഴിയെനിയ്ക്കു നല്കാൻ;
ഞാനെന്തുചെയ്യാൻ പക്ഷേ,
ജീവിതത്തിന്റെ പ്രതലത്തിൽ നിരുപയോഗമാണെന്റെ ദാരുണവികാരങ്ങളെങ്കിൽ,
മരിച്ചിട്ടല്ലാതെ, ആദിമജ്വാലയുടെ നിദ്രാണലോഹാവസ്ഥയിലേക്കു കടന്നിട്ടല്ലാതെ,
മോഹിക്കേണ്ട ഞാനതിജീവിക്കാനെങ്കിൽ?



Wednesday, November 30, 2011

നെരൂദ - അയാളുടെ മറുപടി, ചില ഗുണകാംക്ഷികൾക്ക്


അയാളുടെ മറുപടി, ചില ഗുണകാംക്ഷികൾക്ക്


ഒരിക്കലവരെന്നോടു ചോദിച്ചു,
എന്തേ എന്റെ എഴുത്തിത്ര ദുർഗ്രഹമാവാനെന്ന്.
അതവർക്കു രാത്രിയോടു ചോദിക്കാം,
അയിരിനോടോ വേരിനോടോ ചോദിക്കാം.
എന്തു പറയണമെന്നെനിക്കറിവുണ്ടായിരുന്നില്ല,
പിന്നെ, ചിലകാലം കഴിഞ്ഞതിൽപ്പിന്നെ,
തലയ്ക്കു തുമ്പുകെട്ട രണ്ടുപേർ എന്നെ വന്നാക്രമിച്ചു-
ഞാനെഴുതുന്നതു സരളമാണത്രെ.
ഒഴുകുന്ന പുഴയിലുണ്ടതിനു മറുപടി.
ഞാനെന്റെ വഴിയ്ക്കും പോയി, ഓടിയും പാടിയും.



അയാൾ തന്റെ യാതനകളെ കെട്ടുകെട്ടിയ്ക്കുന്നു

ഏതൊരാൾക്കു കിട്ടിയിരിയ്ക്കുന്നു,
ഞാനറിഞ്ഞത്രയുമാനന്ദം,
(എന്റെ ചോരയിലൊഴുകുകയാണത്)
എന്റെ പ്രകൃതമെന്ന
സഫലവും വിഫലവുമായ മിശ്രണം?
ഒഴുകുന്ന വൻപുഴയായിരുന്നു ഞാൻ,
മുഴങ്ങുന്ന മുരത്ത ശിലകളുമായി,
തെളിഞ്ഞ രാവൊച്ചകളുമായി,
ഇരുണ്ട പകൽപ്പാട്ടുകളുമായി.
ആർക്കു ഞാനിത്രയും കൊടുത്തിട്ടുപോകാൻ,
അത്രയധികവും, ഇത്ര കുറവും,
ലക്ഷ്യമെന്നതില്ലാത്ത ആനന്ദം,
കടൽക്കരെ ഒറ്റയാനൊരു കുതിര,
കാറ്റു നെയ്യുന്നൊരു തറി?


(ശരൽക്കാലസത്യവാങ്മൂലത്തിൽ നിന്ന്)


നെരൂദ - പകൽവെളിച്ചം, രാത്രിയുടെ ചാവിയുമായി

File:Ernst Ludwig Kirchner - Davoser Cafe - 1928.jpg


രാവിലെ ഒമ്പതു മണി,
ആകെത്തെളിഞ്ഞ പകൽ,
നീലയും വെള്ളയും വരകൾ,
അലക്കിത്തേച്ച കുപ്പായം പോലെ വെടിപ്പായത്.

മറവിയിൽപ്പെട്ട തടിച്ചീളുകൾ,
കുഞ്ഞിപ്പായലുകൾ,
പ്രാണികളുടെ കുഞ്ഞിക്കാലുകൾ,
അലയുന്ന കിളിത്തൂവലുകൾ,
പൈൻമരം കൊഴിയ്ക്കുന്ന സൂചിയിലകൾ,
ഒക്കെയും തിളങ്ങുന്നു, അതാതിന്റെ വഴിയ്ക്ക്.
ലോകത്തിനു വാസന, ഒരു നക്ഷത്രത്തിന്റെ.

പിന്നെയിതാ, പോസ്റ്റുമാനെത്തുന്നു,
ഘോരമായ കത്തുകളും തുപ്പി,
നാം പണമൊടുക്കേണ്ട കത്തുകൾ,
പരുഷമായ കടങ്ങൾ നമ്മെയോർമ്മിപ്പിക്കുന്നവ,
ഒരു മരണമോ, ഒരു സ്നേഹിതന്റെ ജയിൽവാസമോ
വിളിച്ചറിയിക്കുന്ന കത്തുകൾ,
വലയും കെട്ടി കാത്തിരിക്കുന്നൊരാൾ
തന്റെ ഏർപ്പാടുകളിൽ നമ്മെ കുടുക്കുകയും ചെയ്യുന്നു.
പിന്നെ പത്രം വരവായി,
മരണം പോലെ കറുപ്പിലും വെളുപ്പിലും,
വാർത്തകളൊക്കെ കരയുന്നവ,
ലോകത്തിന്റെയും കരച്ചിലിന്റെയും ഭൂപടം!
ഓരോ രാത്രിയും നനയുന്ന,
ഓരോ പകലുമെരിയുന്ന പത്രം,
യുദ്ധങ്ങളും ദുഃഖങ്ങളുമായി.
വിഷണ്ണമായ ഭൂമിശാസ്ത്രം!
ഉടഞ്ഞ സായാഹ്നം ചുളുങ്ങിക്കൂടുന്നു,
പീറക്കടലാസ്സു പോലെ തെരുവുകളിൽ പറന്നുനടക്കുന്നു,
തെരുവുനായ്ക്കളതിന്മേൽ മൂത്രമൊഴിയ്ക്കുന്നു,
തൂപ്പുകാരതിനെ നായാടിപ്പിടിയ്ക്കുന്നു,
ഘോരമായൊരു രുചിയതിന്മേൽ ചേർക്കുന്നു,
കോഴിക്കുടലുകൾ, കാഷ്ഠങ്ങൾ,
ആരുടേതെന്നറിയാത്ത ചില ചെരുപ്പുകൾ;
പ്രായം ചെന്ന പകൽ ഒരു കിഴി പോലെ-
അഴുക്കു പിടിച്ച കടലാസ്സും, ഉടഞ്ഞ ചില്ലുകളും;
പിന്നെയതു വലിച്ചെറിയപ്പെടുന്നു,
ചേരികളിലതുറങ്ങിക്കിടക്കുന്നു.

കൂടിപ്പിണഞ്ഞ നക്ഷത്രങ്ങളുടെ ചഷകവുമായി
പിന്നെ രാത്രിയെത്തുന്നു,
മനുഷ്യർ സ്വപ്നങ്ങളിൽ മുങ്ങിത്താഴുന്നു,
സ്വപ്നം തന്റെ നിലവറയിലവരെയടയ്ക്കുന്നു,
ലോകം പിന്നെയും കഴുകിത്തെളിയുന്നു.
ചന്ദ്രൻ മടങ്ങിയെത്തുന്നു,
രാത്രി കൈയുറകൾ കുടയുന്നു,
വേരുകൾ വേല തുടങ്ങുന്നു.

മറ്റൊരു പകൽ പിറക്കുന്നു.


link to image


Tuesday, November 29, 2011

നെരൂദ - ഒടുവിലയാൾ തന്റെ കാമുകിയിലേക്കു തിരിയുന്നു...



മാറ്റിൽഡേ ഉറൂഷ്യാ, നിനക്കു ഞാനിവിടെ വിട്ടുപോകുന്നു,
എനിക്കുണ്ടായിരുന്നതൊക്കെയും,
എനിക്കില്ലാതിരുന്നതൊക്കെയും,
ഞാനായതൊക്കെയും, ഞാനല്ലാത്തതൊക്കെയും.
കരച്ചിൽ മാറാത്ത കുഞ്ഞാണെന്റെ പ്രണയം,
അവനു മടി നിന്റെ കൈകൾ വിട്ടുപോകാൻ,
അവനെ ഞാൻ നിന്നെയേല്പ്പിക്കുന്നു-
ഞാൻ വരിച്ചവൾ നീ.


ഞാൻ വരിച്ചവൾ നീ,
തെക്കൻനാട്ടിലെ മെലിഞ്ഞ മരങ്ങളെക്കാൾ
തെന്നലുകൾ മയപ്പെടുത്തിയവൾ,
ആഗസ്റ്റുമാസത്തിലെ ഹെയ്സൽമരം;
ഒരു കൂറ്റൻപലഹാരക്കടയെക്കാൾ രുചികരം,
എനിക്കു നീ.
നിന്റേതു മണ്ണിന്റെ ഹൃദയം,
സ്വർഗ്ഗീയം പക്ഷേ, നിന്റെ കൈകൾ.


ചുവന്നവൾ, എരിക്കുന്നവൾ നീ,
വെളുത്തവൾ,
ഉള്ളിയച്ചാറിട്ടപോലുപ്പു ചുവയ്ക്കുന്നവളെനിയ്ക്കു നീ.
ഓരോ മനുഷ്യസ്വരവുമൊത്തു
ചിരിയ്ക്കുന്ന പിയാനോ നീ;
സംഗീതമെന്റെ മേലൊഴുകുന്നു,
നിന്റെ കണ്ണിമകളിൽ നിന്ന്,
നിന്റെ മുടിയിഴകളിൽ നിന്നും.
നിന്റെ പൊൻനിഴലിലസം ഞാൻ കിടക്കുന്നു,
നിന്റെ കാതുകളെന്നെ മായത്തിൽപ്പിടിയ്ക്കുന്നു,
കടലിനടിയിലൊരു പവിഴപ്പുറ്റിൽക്കണ്ടേൻ
പണ്ടേ ഞാനവയെയെന്നപോലെ.
നിന്റെ നഖങ്ങൾക്കു വേണ്ടിയല്ലോ,
കടലിൽ കിടിലൻമീനുകളെ ഞാൻ നേർത്തതും.


തെക്കില്‍ നിന്ന് തെക്കിലേക്കു പരക്കുന്നു നിന്റെ കണ്ണുകൾ,
കിഴക്കുപടിഞ്ഞാറു നീളുന്നു നിന്റെ മന്ദഹാസം;
കണ്ണിൽപ്പെടുന്നതേയില്ല നിന്റെ കാലടികൾ,
നിന്റെ മുടിയിലുദയമാകാൻ സൂര്യനും ഹിതം.
എന്നെപ്പോലെ നിന്റെയുടലിനും മുഖത്തിനുമുത്ഭവം
പരുക്കൻ നാടുകളിൽ,
തോരാമഴയുടെ ചടങ്ങുകളിൽ,
പ്രാക്തനദേശങ്ങളിൽ, രക്തസാക്ഷികളിൽ.
ചോരക്കറ മാറാത്ത നിന്റെ കളിമണ്ണിൽ
ഇന്നും പാടുന്നു ബയോ-ബയോ,
കാട്ടിൽ നിന്നു നീ കൊണ്ടുപോന്നു
അതിന്റെ നിഗൂഢഗന്ധമോരോന്നും,
നിന്റെ മുഖം തിളങ്ങുന്നു
കാണാതായൊരമ്പു പോലെ,
പഴയൊരു പതക്കം പോലെ.
പ്രണയം കൊണ്ടുമുറവുകൾ കൊണ്ടും
എന്നെ നീ മൂടുന്നു,
നിന്റെ ചുണ്ടുകളെന്നെയോർമ്മിപ്പിയ്ക്കുന്നു,
പ്രാചീനമായ ഉല്പത്തികള്‍,
മറ്റേതോ കാലത്തെ കാട്ടിൻ നടുവിലെ സമാഗമങ്ങള്‍,
പരമ്പരകളുടെ ഇരുണ്ട ചെണ്ടകള്‍.
പൊടുന്നനേ ഞാൻ കേട്ടു,
ആരോയെന്നെ പേരെടുത്തു വിളിയ്ക്കുന്നു,
അതകലെയായിരുന്നു, അതവ്യക്തമായിരുന്നു.
ഒരു പ്രാക്തനവനത്തിലേക്കു ഞാനടുത്തുചെന്നു,
നിന്റെ വായിലെന്റെ ചോര ഞാൻ തൊട്ടു,
എന്റെ പ്രിയേ, എന്റെ അറൗക്കാനാ.


എന്തു ഞാൻ നിനക്കു വിട്ടുപോകാൻ, മാറ്റിൽഡേ,
എരിയുന്ന ഇലകളുടെ പരിവേഷം
നിന്റെ സ്പർശത്തിലുള്ളപ്പോൾ,
സ്ട്രാബെറികളുടെ പരിമളം നിന്നിലുള്ളപ്പോൾ,
കൗക്കെനേയുടെ കടൽവെളിച്ചവും
ചിലിയുടെ വാകമണവും
നിന്റെ മുലകൾക്കിടയിലുള്ളപ്പോൾ?


കടലിലിതു ശരൽക്കാലത്തിന്റെ മൂർദ്ധന്യം,
മൂടൽമഞ്ഞും മറഞ്ഞയിടങ്ങളുമായി;
കര നീണ്ടുനിവർന്നു കിടക്കുന്നു, നിശ്വാസമുതിർക്കുന്നു,
ഇലകൾ പൊഴിഞ്ഞുവീഴുന്നു.
നീയോ, എന്റെ പ്രവൃത്തിയ്ക്കു മേൽ കുനിഞ്ഞുനിൽക്കുന്നു നീ,
വികാരവായ്പ്പോടെ, ക്ഷമയോടെ;
നീ വായിച്ചെടുക്കുന്നു ഹരിതമുദ്രണങ്ങളെ,
വിധി കുറിച്ചിടുന്ന എന്റെ കൈയെഴുത്തിന്റെ കീടങ്ങളെ,
എട്ടുകാലിവലകളെ.
ചെറുപാദങ്ങൾ ചേർന്ന സിംഹികേ,
എന്തു ചെയ്യുമായിരുന്നു ഞാൻ,
നിന്റെ കൈകളുടെ വെടിപ്പൻരീതികളില്ലായിരുന്നുവെങ്കിൽ?
എവിടെയലഞ്ഞുനടക്കുമായിരുന്നു ഞാൻ,
ഹൃദയമില്ലാതെ, ലക്ഷ്യമില്ലാതെ?
ഏതന്യനാടുകളിലെ ബസുകളിൽ,
തീയോ, മഞ്ഞോ കൊണ്ടു മുഖം തുടുത്തും?


നിനക്കു ഞാൻ കടം,
വേരുകളീറനായ കടലിന്റെ ശരൽക്കാലം,
മുന്തിരിപ്പഴം പോലത്തെ മൂടൽമഞ്ഞും,
നാട്ടുമ്പുറത്തെ സുഭഗസൂര്യനും;
ശോകങ്ങളാഴ്ന്നുപോവുകയും
ആഹ്ളാദത്തിന്റെ ദീപ്തകിരീടമുയരുകയും ചെയ്യുന്ന
മൂകമായ താഴ്വരയ്ക്കും.
ഒക്കെയും നിനക്കു ഞാൻ കടം,
തുടലൂരിയ എന്റെ മാടപ്രാവേ,
ഉച്ചിയിൽ പൂവുള്ള തിത്തിരിപ്പക്ഷീ,
എന്റ മലങ്കുരുവീ,
എന്റെ ക്വൊയ്ഹെച്ചോക്കാരി കർഷകപ്പെണ്ണേ.


ഇനിയൊരുനാൾ നമ്മുടെ ജീവിതം നിലയ്ക്കുമ്പോൾ,
നമ്മുടെ വരവും പോക്കും നിൽക്കുമ്പോൾ,
പൊടിമണ്ണിന്റെ ഏഴു വിരിപ്പുക്കൾക്കടിയിൽ,
മരണത്തിന്റെ വരണ്ട കാലടികൾക്കടിയിൽ
വീണ്ടും നാമടുക്കും, പ്രിയേ,
ജിജ്ഞാസുക്കളായി, സംഭ്രാന്തചിത്തരായി.
നമ്മുടെ വിഭിന്നമായ തൂവലുകൾ,
നോട്ടം പിഴയ്ക്കുന്ന കണ്ണുകൾ,
ഒരുനാളും കണ്ടുമുട്ടാത്ത നമ്മുടെ കാലടികൾ,
മായാത്ത ചുംബനങ്ങൾ,
ഒക്കെയും വീണ്ടുമൊന്നുചേരും;
അതു നമുക്കെന്തു ഗുണം ചെയ്യാൻ പക്ഷേ,
ഒരു കുഴിമാടത്തിലൊരുമിക്കൽ?
ജീവിതം നമ്മെ വേർപിരിക്കാതിരിക്കട്ടെ,
മരണം പോയിത്തുലയട്ടെ.



(ശരൽക്കാലസത്യവാങ്മൂലത്തിൽ നിന്ന്)

മാറ്റിൽഡേ ഉറൂഷ്യ - നെരൂദയുടെ മൂന്നാമത്തെ ഭാര്യ; 1966 മുതൽ 73ൽ കവിയുടെ മരണം വരെ. ഇവർക്കു സമർപ്പിക്കപ്പെട്ടതാണ്‌, നൂറു പ്രണയഗീതകങ്ങൾ.
ബയോ-ബയോ - ചിലിയിലെ രണ്ടാമത്തെ വലിയ നദി.
അറൗക്കാന- മാറ്റിൽഡേയുടെ നാട്.
കൗക്കെനെസ് - നെരൂദയുടെ ജന്മനാടായ പരാലിനടുത്തുള്ള നഗരം.