Friday, September 27, 2013

റില്ക്കെ - എങ്ങനെയാണെന്റെ നാളുകൾ നീങ്ങുന്നതെന്നു നിന്നോടു പറയട്ടെയോ?

44030967.MediciiPalacelink to image

 


എങ്ങനെയാണെന്റെ നാളുകൾ നീങ്ങുന്നതെന്നു നിന്നോടു പറയട്ടെയോ?
വെടിപ്പായ തെരുവുകളിലൂടതികാലത്തു ഞാനിറങ്ങിനടക്കുന്നു,
ചെന്നുകയറുന്ന രാജധാനികളിലെന്റെയാത്മാവതിന്റെ സീമകൾ ഭേദിക്കുന്നു,
പിന്നെ ഞാൻ കവലകളിൽ, തെരുവുകളുടെ തുറസ്സുകളിൽ
തൊലിയിരുണ്ട ജനത്തിരക്കിലവരുടെയാരവങ്ങളിൽ കലരുന്നു.

പിന്നെ നട്ടുച്ചകളിൽ ചിത്രസഭാതലങ്ങളിലെന്റെയാരാധന,
അഭിജാതസൌന്ദര്യത്തോടെ വിളങ്ങുന്ന മഡോണകൾക്കു മുന്നിൽ.
അതില്പിന്നെ, ആ ശ്രീകോവിൽ വിട്ടിറങ്ങിയതില്പിന്നെ,
ആർണോ തടങ്ങളിൽ സന്ധ്യ ഇറങ്ങിയതില്പിന്നെ,
ഞാൻ മൌനിയാവുന്നു, എന്നിൽ തളർച്ച കേറുന്നു,
പൊന്നു കൊണ്ടൊരു ദൈവരൂപമെനിക്കായി ഞാൻ വരയ്ക്കുന്നു...


ഫ്ളോറൻസ്, 1898 ഏപ്രിൽ 18

(ഇരുപത്തിമൂന്നാമത്തെ വയസ്സിൽ മദ്ധ്യകാലഘട്ടത്തിലെ കലകളെക്കുറിച്ചു നേരിൽക്കണ്ടു പഠിക്കാനായി ഫ്ളോറൻസിലെത്തിയ റില്ക്കെ കാമുകിയായ ലോ ആന്ദ്രേ ശലോമിക്കായി ഡയറിയിലെഴുതിയത്.
രാജധാനികൾ - ചിത്രങ്ങളും ശില്പങ്ങളും നിറഞ്ഞ മെഡിച്ചി കൊട്ടാരങ്ങൾ.
മഡോണകൾ - റാഫേലിന്റെ പ്രത്യേകിച്ചും
ആർണോ - ഫ്ളോറൻസിലൂടൊഴുകുന്ന നദി)

Thursday, September 26, 2013

ബ്രെഷ്റ്റ് - ഓറഞ്ചു വാങ്ങുമ്പോൾ

streets06

 


സതാംപ്ടൺ തെരുവിലൂടെ മഞ്ഞിച്ച മൂടൽമഞ്ഞിൽ നടക്കുമ്പോൾ
പൊടുന്നനേയൊരുന്തുവണ്ടി, നിറയെ പഴങ്ങളുമായി;
ഒരു വിളക്കിനടിയിൽ ഒരു കടലാസ്സുബാഗുമായി ഒരു കിഴവിയും.
വിസ്മയപ്പെട്ടും നാവിറങ്ങിയും ഞാൻ നിന്നുപോയി,
തേടിനടന്നതു കണ്മുന്നിൽ കാണുന്ന ഒരുവനെപ്പോലെ.

ഓറഞ്ചുകൾ! അന്നെന്നപോലത്തെ ഓറഞ്ചുകൾ!
തണുപ്പാറ്റാൻ കൈവെള്ളകളിലേക്കു ഞാനൂതി,
ഒരു നാണയത്തിനായി കീശകളിൽ ഞാൻ പരതി.

നാണയമെടുത്തു കൈയിൽ പിടിക്കുമ്പോൾ പക്ഷേ,
പത്രക്കടലാസ്സിൽ കരിക്കട്ട കൊണ്ടെഴുതിയ വില വായിക്കുമ്പോൾ,
ഞാനറിഞ്ഞു, പതിയെ ചൂളം വിളിക്കുകയാണു ഞാനെന്ന്,
ആ പരുഷസത്യമത്രമേലെനിക്കു തെളിഞ്ഞുകിട്ടുകയും ചെയ്തു:
ഈ നഗരത്തിൽ ഇപ്പോഴെന്നോടൊപ്പമില്ല നീയെന്ന്.


Wednesday, September 25, 2013

വില്യം ബട്ളർ യേറ്റ്സ് - മനുഷ്യന്റെ നാലു കാലങ്ങൾ

Valentin_de_Boulogne_-_The_Four_Ages_of_Man_-_WGA24241link to image

 


ഉടലുമായിട്ടയാളൊരു യുദ്ധം നടത്തി;
ജയിച്ചതുടലായിരുന്നു, ഇന്നുമതു നിവർന്നുനടക്കുന്നു.

പിന്നയാൾ ഹൃദയവുമായി പൊരുതാൻ പോയി;
ശാന്തിയും നിഷ്കളങ്കതയും അയാളെ വിട്ടുപോയി.

പിന്നയാൾ പോരിനിറങ്ങിയതു മനസ്സിനോടായിരുന്നു;
അഭിമാനിയായ ഹൃദയത്തെ അയാൾ പിന്നിലുപേക്ഷിച്ചു.

ഇനി ദൈവത്തോടുള്ള യുദ്ധങ്ങൾ തുടങ്ങുകയായി;
കൃത്യം പാതിരാത്രിയാകുമ്പോൾ ദൈവം ജയിക്കും.


Tuesday, September 24, 2013

നെരൂദ - തേയിലപ്പെട്ടിക്കൊരു സ്തുതിഗീതം


 


ആനകളുടെ നാട്ടിൽ നിന്നു വന്ന തേയിലപ്പെട്ടീ,
ഇന്നു നീ വെറുമൊരു തുന്നൽപ്പെട്ടി,
ബട്ടണുകളുടെ കുഞ്ഞുപ്ളാനറ്റേറിയം,
നീയെന്റെ വീട്ടിലേക്കു കൊണ്ടുവന്നതൊരു പാവനഗന്ധം,
ഇന്നിടത്തേതെന്നറിയാത്ത ഗന്ധം,
ഒരന്യഗ്രഹത്തിൽ നിന്നാണു നിന്റെ വരവെന്നപോലെ.
എന്റെ യൌവനത്തിന്റെ ക്ഷീണിതഹൃദയം
അകലങ്ങളിൽ നിന്നു മടങ്ങിയതു നിന്നോടൊപ്പമായിരുന്നു,
ഞാനെത്തിയതു ദ്വീപുകളിൽ നിന്നായിരുന്നു.
കടല്ക്കരയിൽ പനിക്കോളു പിടിച്ചു ഞാൻ കിടന്നിരുന്നു,
എനിക്കു മേലന്നൊരു തെങ്ങോല വീശിത്തന്നിരുന്നു,
പച്ചക്കാറ്റും പാട്ടുമായി എന്റെ നെഞ്ചു കുളുർപ്പിച്ചിരുന്നു.
ഹാ വിശിഷ്ടമായ തകരപ്പെട്ടീ,
എത്ര നീയെന്നെ ഓർമ്മിപ്പിക്കുന്നില്ല,
മറുകടലുകളിലെ തിരപ്പെരുക്കങ്ങളെ,
ഏഷ്യക്കു മേൽ കാലവർഷത്തിന്റെ ഗർജ്ജനങ്ങളെ!
അന്നു കാറ്റിന്റെ കൈകളിൽ യാനങ്ങളെപ്പോലെ
നാടുകൾ കിടന്നുരുണ്ടിരുന്നു,
കൊടുങ്കാറ്റു ചിതറിച്ച മുടിക്കുത്തിൽ നിന്നെന്നപോലെ
സിലോണതിന്റെ പരിമളങ്ങൾ വിതറിയിരുന്നു.
തേയിലപ്പെട്ടീ,
എന്റെ ഹൃദയം പോലെ നീയും വന്നു,
കഥകളും രോമാഞ്ചങ്ങളുമായി,
അത്ഭുതപ്പെടുത്തുന്ന ദളപുടങ്ങൾ കണ്ടുനിന്ന കണ്ണുകളുമായി,
പിന്നെയതേ,
ആ നഷ്ടഗന്ധവുമായി,
തേയിലയുടെ,
മുല്ലയുടെ, സ്വപ്നത്തിന്റെ,
നാടോടിവസന്തത്തിന്റെ ആ ഗന്ധവുമായി.

 


 

Monday, September 23, 2013

സാദിഖ് ഹിദായത്ത് - അഗ്ന്യാരാധകൻ

 

clip_image002

പാരീസിലെ ഒരു ഗസ്റ്റ് ഹൌസിന്റെ മൂന്നാമത്തെ നിലയിലുള്ള ഒരു മുറിയിൽ തന്റെ പഴയ കൂട്ടുകാരിൽ ഒരാളോടൊപ്പമിരിക്കുകയാണ്‌ ഫ്ളാന്റൺ; അയാൾ ഇറാനിൽ നിന്നു മടങ്ങിവന്നിട്ട് അധികമായിട്ടില്ല. ഇരുവർക്കുമിടയിലുള്ള ഒരു ചെറിയ മേശ മേൽ ഒരു വൈൻ കുപ്പിയും രണ്ടു ഗ്ളാസ്സുകളും വച്ചിട്ടുണ്ട്; താഴത്തെ കഫേയിൽ നിന്ന് സംഗീതം ഉയരുന്നു. പുറത്ത് ഇരുട്ടായിരിക്കുന്നു; ആകാശം മേഘച്ഛന്നം; ഒരു പൊടിമഴ തുള്ളിയിടുകയും ചെയ്യുന്നു. ഫ്ളാന്റൺ കൈത്തലത്തിൽ നിന്നു മുഖം ഉയർത്തിയിട്ട് ഒരു ഗ്ളാസ്സെടുത്ത് ഒറ്റയിറക്കിനു തീർത്തു; എന്നിട്ടയാൾ തന്റെ സ്നേഹിതനെ നോക്കി. “തനിക്കറിയാമോ- ആ തകർന്ന എടുപ്പുകൾക്കും മലകൾക്കും മരുഭൂമികൾക്കുമിടയിൽ ഞാൻ എന്നെക്കൊണ്ടുപോയിത്തുലച്ചു എന്നെനിക്കു തോന്നിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഞാൻ എന്നോടു തന്നെ ചോദിച്ചു: ‘ഞാൻ ഒരു ദിവസം സ്വന്തം നാട്ടിലേക്കു മടങ്ങിപ്പോവുക എന്നതുണ്ടാവുമോ? നാം ഇപ്പോൾ കേൾക്കുന്ന ഈ സംഗീതം എന്നെങ്കിലുമൊരിക്കൽ എനിക്കു കേൾക്കാൻ പറ്റുമോ?’ നാട്ടിലേക്കു മടങ്ങണമെന്നു ഞാൻ ആഗ്രഹിച്ചു. ഇങ്ങനെ നാം രണ്ടു പേർ മാത്രമുള്ള ഒരു നിമിഷത്തിനായി, മനസ്സിലുള്ളതൊക്കെ തുറന്നു പറയാനായി ഞാൻ ആഗ്രഹിച്ചു. പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്തമായതൊന്നാണ്‌ ഇന്നെനിക്കു നിന്നോടു പറയാനുള്ളത്; നിനക്കു വിശ്വാസം വരില്ലെന്ന് എനിക്കറിയാവുന്നതൊന്ന്: മടങ്ങിപ്പോന്നത് തെറ്റായിപ്പോയെന്ന് എനിക്കിപ്പോൾ തോന്നിത്തുടങ്ങിയിരിക്കുന്നു. നിനക്കറിയാമോ, ഞാൻ ഇപ്പോഴും ഇറാനു വേണ്ടി ദാഹിക്കുന്നു. എനിക്കെന്തോ നഷ്ടം പറ്റിയ പോലെ!“

ഇതു കേട്ടപ്പോൾ അയാളുടെ സ്നേഹിതൻ മുഷ്ടി കൊണ്ട് മേശ മേൽ കളിയായി ഒന്നിടിച്ചുകൊണ്ട് പൊട്ടിച്ചിരിച്ചു. ”തമാശ കളയെടാ, യൂജിൻ. നീ ചിത്രകാരനാണെന്ന് എനിക്കറിയാമായിരുന്നു. കവിയും കൂടിയാണെന്ന് ഇപ്പോഴാണു മനസ്സിലായത്. നിനക്കപ്പോൾ ഞങ്ങളെയൊക്കെ മടുത്തുവല്ലേ? അതോ നിനക്കവിടെ ആരെങ്കിലുമായി അടുപ്പം തുടങ്ങിയോ? കിഴക്കുള്ളവർ കാണാൻ സുന്ദരികളാണെന്നു ഞാൻ കേട്ടിരിക്കുന്നു!“

” ഹേയ്, ഇതതൊന്നുമല്ല. ഞാൻ തമാശ പറഞ്ഞതുമല്ല.“

”അതിരിക്കട്ടെ, കഴിഞ്ഞൊരു ദിവസം ഞാൻ നിന്റെ സഹോദരനെ കാണാൻ പോയിരുന്നു. സംസാരം ഒടുവിൽ നിന്നെക്കുറിച്ചായി. നീ അടുത്ത കാലത്ത് ഇറാനിൽ നിന്നയച്ച ചിത്രങ്ങൾ അവൻ എന്നെ കാണിച്ചു. തകർന്ന എടുപ്പുകളുടേതായിരുന്നു എല്ലാ ചിത്രങ്ങളുമെന്ന് ഞാനോർക്കുന്നു...അതെയതെ, അതിലൊന്ന് അഗ്നിപൂജ നടത്തുന്ന ഒരു സ്ഥലത്തിന്റേതാണെന്ന് അവൻ പറഞ്ഞിരുന്നു. ഇപ്പോഴും അവിടെ അഗ്നിപൂജ നടക്കുന്നുണ്ടെന്നാണോ നീ പറയുന്നത്? അവിടെ നല്ല പരവതാനി കിട്ടുമെന്നു മാത്രമേ ആ നാട്ടിനെക്കുറിച്ച് എനിക്കു വിവരമുള്ളു. അവിടെ നീ കണ്ടതൊക്കെ ഒന്നു വിസ്തരിച്ചു പറഞ്ഞാട്ടെ. നിനക്കറിയാമല്ലോ, ഞങ്ങൾ പാരീസുകാർക്ക് അതൊക്കെ വലിയ പുതുമ ആയിരിക്കും!“

ഫ്ളാന്റൺ ഒരു നിമിഷം മിണ്ടാതിരുന്നിട്ടു പറഞ്ഞു: ”നീ പറഞ്ഞതു കേട്ടപ്പോൾ എനിക്കൊരു സംഗതി ഓർമ്മ വരുന്നു. അന്നൊരു ദിവസം ഇറാനിൽ വച്ച് എന്നെ സംബന്ധിച്ചിടത്തോളം തികച്ചും അസാധാരണമായ ഒരു കാര്യം സംഭവിച്ചു. ഇതു വരെ ഞാൻ ഇതാരോടും പറഞ്ഞിട്ടില്ല. അന്ന് എന്റെ കൂടെ ഉണ്ടായിരുന്ന കോസ്റ്റ എന്ന കൂട്ടുകാരനോടു പോലും. അവൻ എന്നെ കളിയാക്കിച്ചിരിക്കുമെന്നായിരുന്നു എന്റെ പേടി. ഞാൻ ഒരവിശ്വാസിയാണെന്ന് നിനക്കറിയാമല്ലോ. ആയുസ്സിലൊരിക്കലേ മനസ്സു തുറന്ന്, ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിച്ചിട്ടുള്ളു. അത് ഇറാനിൽ വച്ചായിരുന്നു, നീ ഫോട്ടോയിൽ കണ്ട അതേ ക്ഷേത്രത്തിൽ വച്ച്. അന്നൊരു ദിവസം തെക്കൻ ഇറാനിലെ പെഴ്സിപ്പൊളീസിൽ ഉത്ഖനനം നടത്തുന്നതിനിടെ ഒറ്റയ്ക്കു ഞാൻ നഗ്ഷേ റൊസ്തമിൽ പോയിരുന്നു. പണ്ടു കാലത്ത് മലകൾ തുരന്ന് പേഴ്സ്യൻ രാജാക്കന്മാരെ അടക്കം ചെയ്തിരുന്നത് അവിടെയാണ്‌. നീ ചിത്രം കണ്ടുകാണും. മലയിൽ ഒരു കുരിശു തുരന്നെടുത്ത പോലെ തോന്നും. അതിനു മുകളിലായി അഗ്നിയുടെ ക്ഷേത്രത്തിനു മുന്നിൽ നില്ക്കുന്ന ഒരു രാജാവിന്റെ ചിത്രം കാണാം; അദ്ദേഹത്തിന്റെ ഒരു കൈ അഗ്നിക്കു നേരേ നീട്ടിയിരിക്കുന്നു. ക്ഷേത്രത്തിനും മുകളിൽ അഹുര മസ്ദ, അവരുടെ ദൈവം. ക്ഷേത്രത്തിനു ചുവട്ടിലായി പൂമുഖം പോലെ പാറ വെട്ടിയിറക്കിയതിനുള്ളിൽ രാജാവിന്റെ ജഡം വച്ച പേടകം. ഈ തരം പേടകങ്ങൾ അവിടെ കുറേ കാണാം. അവയ്ക്കു നേരേ എതിരായി അഗ്നിക്കായുള്ള മഹാക്ഷേത്രം, സൊറാസ്റ്ററുടെ കാബ.

“എനിക്കു നല്ല ഓർമ്മയുണ്ട്, നേരം സന്ധ്യയോടടുക്കുകയാണ്‌. ആ ദേവാലയത്തിന്റെ അളവുകളെടുക്കുന്നതിൽ മുഴുകിയിരിക്കുകയാണു ഞാൻ. ക്ഷീണവും ചൂടും കാരണം ഞാനാകെ വശം കെട്ടിരിക്കുന്നു. പെട്ടെന്നാണ്‌, രണ്ടു പേർ ഞാനിരിക്കുന്ന ദിക്കു നോക്കി നടന്നുവരുന്നത് എന്റെ ദൃഷ്ടിയിൽ പെട്ടു. സാധാരണ പേഴ്സ്യക്കാരുടേതു പോലെയല്ല അവരുടെ വേഷം. അടുത്തെത്തിയപ്പോൾ ഇരുവർക്കും നല്ല പ്രായമായിട്ടുണ്ടെന്നു ഞാൻ കണ്ടു. വൃദ്ധന്മാരെങ്കിലും ബലവും ഓജസ്സുമുള്ള രണ്ടു പേർ. തിളങ്ങുന്ന കണ്ണുകൾ. മനസ്സിൽ തറയ്ക്കുന്ന മുഖങ്ങൾ. അവർ വടക്കേ ഇറാനിലെ യാസ്ദിൽ നിന്നു വരുന്ന വ്യാപാരികളാണെന്നു ഞാൻ ചോദിച്ചു മനസ്സിലാക്കി. യാസ്ദിലെ മിക്കവരുടെയും മതം തന്നയാണ്‌ അവരുടേതും; എന്നു പറഞ്ഞാൽ അഗ്നിയെ ആരാധിക്കുന്നവർ, ഇറാനിലെ പ്രാചീനരായ രാജാക്കന്മാരെപ്പോലെ. പ്രാചീനമായ ഈ അഗ്നിക്ഷേത്രത്തിൽ ആരാധന നടത്താൻ മാത്രമായി പതിവു വഴി വിട്ടു വന്നിരിക്കുകയാണവർ. സംസാരത്തിനിടയിൽത്തന്നെ അവർ ചുള്ളിക്കമ്പുകളും കരിയിലകളും തൂത്തുകൂട്ടി ചെറിയൊരു തീക്കുണ്ഡം ജ്വലിപ്പിച്ചു കഴിഞ്ഞിരുന്നു. വിസ്മയസ്തബ്ധനായി ഞാൻ അവരെ നോക്കിനിന്നു. അവർ പിന്നെ ഞാൻ മുമ്പു കേട്ടിട്ടില്ലാത്ത ഒരു സവിശേഷഭാഷയിൽ മന്ത്രങ്ങളും പ്രാർത്ഥനകളും ഉരുവിടാൻ തുടങ്ങി. ഇതു തന്നെയായിരിക്കണം സൊറാസ്റ്ററുടെയും അവെസ്തയുടെയും ഭാഷ. ശിലകളിൽ ക്യൂണിഫോമായി കോറിയിട്ടിരിക്കുന്നതും ഇതേ ഭാഷ തന്നെയാവണം.

“ഈ സമയത്ത്, ആ രണ്ട് അഗ്ന്യാരാധകർ പ്രാർത്ഥനാനിരതരായി നില്ക്കുന്ന നേരത്ത്, ഞാനൊന്നു മുകളിലേക്കു നോക്കി. അവിടെ കല്ലിൽ കൊത്തിവച്ചിരിക്കുന്ന രംഗം ഇവിടെ എന്റെ കണ്മുന്നിൽ അരങ്ങേറുന്ന ഈ ജീവൽദൃശ്യം തന്നെയാണെന്നു ഞാൻ കണ്ടു. വേരിറങ്ങിയപോലെ ഞാൻ തറഞ്ഞുനിന്നുപോയി. ഡാരിയസിന്റെ ശവകുടീരത്തിനു നേരേ മുകളിലുള്ള ആ ശിലാമനുഷ്യർ ആയിരമായിരം വർഷങ്ങൾക്കിപ്പുറം ജീവൻ വച്ചിറങ്ങിവന്നതാണെന്നപോലെ; എനിക്കു മുന്നിൽ നിന്നുകൊണ്ട് തങ്ങളുടെ ദൈവത്തിന്റെ പ്രത്യക്ഷത്തെ ആരാധിക്കുകയാണെന്നപോലെ. എനിക്കു വിസ്മയം തോന്നി: ഇത്ര കാലം കഴിഞ്ഞിട്ടും, അതിനെ തകർക്കാനും തുടച്ചുമാറ്റാനും മുസ്ലീങ്ങൾ എത്രയൊക്കെ കിണഞ്ഞുപണിതിട്ടും ഈ പ്രാചീനമതത്തിന്‌ ഇന്നും അനുയായികളുണ്ടല്ലോ! രഹസ്യമായിട്ടാണെങ്കിലും തുറന്ന സ്ഥലത്ത് അഗ്നിക്കു മുന്നിൽ അവർ നമസ്കരിക്കുന്നുണ്ടല്ലോ!

”പിന്നെ ആ രണ്ടു പേരും അവിടെ നിന്നു പോയി. ഞാൻ മാത്രം ശേഷിച്ചു; ആ കൊച്ചു തീക്കുണ്ഡം അപ്പോഴും എരിയുന്നുണ്ടായിരുന്നു. എങ്ങനെയാണതു സംഭവിച്ചതെന്ന് എനിക്കറിയില്ല- ഏതോ ഒരതീതശക്തി എന്നെ കീഴമർത്തുകയായിരുന്നു. എങ്ങും കനത്ത നിശബ്ദതയായിരുന്നു. മലയുടെ ഒരു വശത്തുനിന്ന് എരിയുന്ന ഗന്ധകഗോളം പോലെ ചന്ദ്രൻ പുറത്തേക്കു വന്നു; അതിന്റെ വിളറിയ വെളിച്ചം ആ മഹാക്ഷേത്രത്തെ നിമഗ്നമാക്കുകയായിരുന്നു. കാലം രണ്ടോ മൂന്നോ ആയിരം കൊല്ലത്തേക്കു പിന്നിലേക്കു പോയപോലെ തോന്നി. ഞാൻ ഏതു ദേശക്കാരനാണെന്നും ഞാനാരാണെന്നും എന്റെ ചുറ്റുപാടുമെല്ലാം ഞാൻ മറന്നു. അജ്ഞാതരായ ആ രണ്ടു വൃദ്ധന്മാർ ആരാധിച്ചും സ്തുതിച്ചും കൊണ്ട് നമസ്കരിച്ച ആ ചാരക്കൂനയിലേക്കു ഞാൻ കണ്ണു നട്ടു. അതിൽ നിന്ന് നീലപ്പുക ഒരു തൂണു പോലെ പൊങ്ങി വായുവിൽ ചുരുണ്ടുകയറുകയായിരുന്നു. തകർന്ന ശിലകളുടെ നിഴലുകൾ, ധൂസരമായ ചക്രവാളം, എന്റെ തലയ്ക്കു മേൽ അന്യോന്യം കണ്ണു ചിമ്മുന്ന ദീപ്തനക്ഷത്രങ്ങൾ, ഈ നിഗൂഢമായ അവശേഷങ്ങൾക്കും പ്രാക്തനദേവാലയങ്ങൾക്കുമിടയിൽ പ്രശാന്തഗംഭീരമായ താഴ്വാരം- ആ പരിസരവും മരിച്ചവരുടെ ആത്മാക്കളും ശവപേടകങ്ങൾക്കും തകർന്ന ശിലകൾക്കും മുകളിൽ തങ്ങിനില്ക്കുന്ന അവരുടെ ചിന്തകളുടെ ബലവും ഒക്കെക്കൂടി എന്നെ പിടിച്ചുവലിക്കുകയോ പ്രചോദിപ്പിക്കുകയോ ആയിരുന്നു; എന്റെ പിടിയിലായിരുന്നില്ല ഒന്നും. ഞാൻ, ഒന്നിലും വിശ്വാസമില്ലാത്ത ഞാൻ, നീലപ്പുകച്ചുരുളുയരുന്ന ആ ചാരത്തിനു മുന്നിൽ മുട്ടുകുത്തി വീണു; ഞാനതിനെ ആരാധിച്ചു. എന്തു പറയണമെന്ന് എനിക്കറിയില്ലായിരുന്നു; പക്ഷേ ഞാനെന്തെങ്കിലും ഉച്ചരിക്കണമെന്നുമുണ്ടായിരുന്നില്ല. ഒരു മിനുട്ടേ കഴിഞ്ഞിട്ടുണ്ടാവുള്ളു, അപ്പോഴേക്കും എനിക്കു സ്വബോധം വന്നു. പക്ഷേ ഞാൻ അഹുര മസ്ദയുടെ പ്രത്യക്ഷത്തെ ആരാധിച്ചു കഴിഞ്ഞിരിക്കുന്നു- ഒരുപക്ഷേ ഇറാനിലെ പ്രാക്തനരായ രാജാക്കന്മാർ അഗ്നിയെ ആരാധിച്ച അതേ രീതിയിൽ. ആ മുഹൂർത്തത്തിൽ ഞാൻ ഒരഗ്ന്യാരാധകനായി. ഇനി നിനക്ക് എന്നെക്കുറിച്ച് എന്തു വേണമെങ്കിലും ചിന്തിക്കാം. അതൊരുപക്ഷേ മനുഷ്യവർഗ്ഗം ബലഹീനമായതു കൊണ്ടാവാം, അതിനു കഴിയില്ല...“


സാദിഖ് ഹിദായത്ത്(1903-1951) - ”കുരുടൻ മൂങ്ങ“ എന്ന നോവലിലൂടെ പ്രശസ്തനായ ഇറാനിയൻ എഴുത്തുകാരൻ. കാഫ്ക, റില്ക്കെ, ആലൻ പോ, ദസ്തയേസ്കി തുടങ്ങിയവരുടെ സ്വാധീനം പ്രകടം. 1951 ഏപ്രിൽ 4ന്‌ പാരീസിൽ വച്ച് ആത്മഹത്യ ചെയ്തു.

* സൊറാസ്റ്റർ (സരതുഷ്ട്ര)- ഇറാനിലെ സരതുഷ്ട്ര മതത്തിന്റെ സ്ഥാപകൻ.

*സെന്ദ് അവെസ്ത- സൊരാഷ്ട്രിയനിസത്തിന്റെ വേദഗ്രന്ഥം


Sunday, September 22, 2013

ബ്രെഷ്റ്റ് - സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ

17_Bruegel_parable_of_fish

 


‘സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ,’ വീട്ടുടമസ്ഥയുടെ കൊച്ചുമകൾ മി. കെ.യോടു ചോദിച്ചു, ‘ചെറുമീനുകളോടവയുടെ പെരുമാറ്റം ഇതിലും ഭേദമായിരിക്കുമോ?’

‘പിന്നില്ലാതെ,’ അയാൾ പറഞ്ഞു. ‘സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ അവർ ചെറുമീനുകൾക്കു വേണ്ടി കടലിൽ കൂറ്റൻ പെട്ടികൾ പണിതേനെ; പച്ചക്കറിയും ഇറച്ചിയും എന്നു വേണ്ട, നാനാതരം ഭക്ഷണസാധനങ്ങൾ കൊണ്ടതു സജ്ജീകരിച്ചേനെ. പെട്ടികളിൽ ഏതു സമയവും ശുദ്ധജലമുണ്ടായിരിക്കുമെന്നവർ ഉറപ്പു വരുത്തുമായിരുന്നു; വൃത്തിയില്ലായ്മ കൊണ്ടു ചെറുമീനുകളുടെ ആരോഗ്യത്തിനു ഹാനി വരാതിരിക്കാൻ അവർ ശ്രദ്ധിക്കുമായിരുന്നു. ഒരുദാഹരണം പറഞ്ഞാൽ, ഒരു ചെറുമീനിന്‌ ചെകിളയ്ക്കൊരു മുറിവു പറ്റിയെന്നിരിക്കട്ടെ,മരുന്നു പുരട്ടലും മുറിവു വച്ചുകെട്ടലുമൊക്കെ എത്ര വേഗമാണു കഴിയുന്നതെന്നോ: ആ ചെറുമീനെങ്ങാനും അകാലത്തിൽ മരിച്ചുപോയാൽ ഭാവിയിലെ ഒരു സ്വാദിഷ്ഠഭക്ഷണമല്ലേ സ്രാവുകൾക്കു നഷ്ടമാവുക? ചെറുമീനുകൾ വിഷാദത്തിനടിപ്പെടുന്നതൊഴിവാക്കാനായി ഇടയ്ക്കിടെ ഗംഭീരമായ ജലമേളകൾ അവർ ഏർപ്പാടു ചെയ്യുന്നുണ്ട്; എന്തെന്നാൽ സന്തുഷ്ടരായ ചെറുമീനുകൾക്കാണല്ലോ വിഷാദരോഗികളായവയെക്കാൾ രുചി കൂടുക. ആ വലിയ പെട്ടികളിൽ സ്കൂളുകളുണ്ടാവുമെന്നു പറയേണ്ടല്ലോ. ഈ സ്കൂളുകളിൽ നിന്നാണു ചെറുമീനുകൾ പഠിക്കുക സ്രാവുകളുടെ വായിലേക്കെങ്ങനെയാണു നീന്തിയെത്തേണ്ടതെന്ന്. അവർ ജിയോഗ്രഫിയും പഠിക്കണം; എന്നാലല്ലേ എവിടെയെങ്കിലുമൊക്കെ മടിയും പിടിച്ചുകിടക്കുന്ന വമ്പൻ സ്രാവുകളെ അവർക്കു കണ്ടെത്താനാവൂ. പ്രധാനവിഷയം പക്ഷേ, ചെറുമീനുകളുടെ ധാർമ്മികവിദ്യാഭ്യാസം തന്നെ. അവരെ പഠിപ്പിക്കുകയാണ്‌, ഒരു ചെറുമീൻ സന്തോഷത്തോടെ തന്റെ ജീവൻ ബലി കൊടുക്കുകയാണെങ്കിൽ അതില്പരം മഹത്തും സുന്ദരവുമായ ഒരു സംഗതി ലോകത്തു വേറെയില്ലെന്ന്; എല്ലാവർക്കും സ്രാവുകളിൽ വിശ്വാസം വേണമെന്ന്, ഉജ്ജ്വലമായൊരു ഭാവിയാണവർ വാഗ്ദാനം ചെയ്യുന്നതെങ്കിൽ വിശേഷിച്ചും. അനുസരണ പഠിച്ചാലേ അങ്ങനെയൊരു ഭാവിയുണ്ടാകുമെന്നുറപ്പിക്കാൻ പറ്റൂ എന്നവർ ചെറുമീനുകളെ ബോദ്ധ്യപ്പെടുത്തുന്നു. ചെറുമീനുകൾ അധമവും ഭൌതികവും സ്വാർത്ഥവും മാർക്സിയനുമായ പ്രവണതകളെ കരുതിയിരിക്കണം; തങ്ങളുടെ കൂട്ടത്തിലൊരാൾ അങ്ങനെയെന്തെങ്കിലും ചായ് വിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയാൽ അതെത്രയും വേഗം സ്രാവുകളെ അറിയിക്കുകയും വേണം.

സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ സ്വാഭാവികമായും മറ്റു കൂടുകൾ പിടിച്ചടക്കാനും മറ്റു ചെറുമീനുകളെ കൈവശപ്പെടുത്താനുമായി അവർ അന്യോന്യം യുദ്ധങ്ങളിലേർപ്പെടുമായിരുന്നു. ഈ യുദ്ധങ്ങൾക്കായി സ്വന്തം ചെറുമീനുകളെയാവും അവർ നിയോഗിക്കുക. തങ്ങൾക്കും മറ്റു സ്രാവുകളുടെ ചെറുമീനുകൾക്കും തമ്മിൽ വലിയൊരന്തരമുണ്ടെന്ന് അവർ തങ്ങളുടെ ചെറുമീനുകൾക്കോതിക്കൊടുക്കും. ചെറുമീനുകൾ ഊമകളാണെന്നതു പ്രസിദ്ധമാണെങ്കിലും തീർത്തും വ്യത്യസ്തമായ ഭാഷകളാണവരുടെ മൌനങ്ങൾക്കെന്നും, അതിനാൽ അവർക്കന്യോന്യം മനസ്സിലാവുക നടപ്പില്ലാത്ത കാര്യമാണെന്നും അവർ ഉദ്ഘോഷിക്കും. യുദ്ധത്തിൽ വേറേ കുറച്ചു ചെറുമീനുകളെ, മറ്റൊരു ഭാഷയിൽ ഊമകളായ ശത്രുമത്സ്യങ്ങളെ കൊല്ലുന്ന ഓരോ ചെറുമീനിനും അവർ കടല്പായലിൽ നിർമ്മിച്ച ഒരു പതക്കം കല്പിച്ചുനല്കും, ഒപ്പം വീരനായകൻ എന്നൊരു പദവിയും.

സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ തീർച്ചയായും കലകളുമുണ്ടായേനെ. മനോഹരമായ കാൻവാസുകളിൽ സ്രാവുകളുടെ പല്ലുകൾ ഉജ്ജ്വലവർണ്ണങ്ങളിൽ ആലേഖനം ചെയ്തുകണ്ടേനെ; അവയുടെ വായകളാവട്ടെ, നിങ്ങൾക്കു തുള്ളിച്ചാടിനടക്കാനുള്ള ഉദ്യാനങ്ങളും. കടലിന്റെ അടിത്തട്ടിലെ രംഗശാലകളിൽ ശൂരന്മാരായ ചെറുമീനുകൾ ആനന്ദമൂർച്ഛയോടെ സ്രാവിൻ വായിലേക്കു നീന്തുന്ന നാടകം നടക്കുന്നുണ്ടാവും; മനോഹരമായ സംഗീതത്തിന്റെ അകമ്പടിയോടെ, ഹിതകരമായ ചിന്തകളിൽ മയങ്ങിയ ചെറുമീനുകൾ സ്രാവുകളുടെ വായ്ക്കുള്ളിലേക്ക് സ്വപ്നത്തിലെന്നപോലെ ഒഴുകിച്ചെല്ലുന്നതായും.

സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ മതവുമുണ്ടായേനേ. സ്രാവുകളുടെ വയറ്റിലെത്തിയിട്ടേ ചെറുമീനുകളുടെ ശരിക്കുള്ള വളർച്ച തുടങ്ങുന്നുള്ളു എന്നായിരിക്കും അവരുടെ ഉപദേശം. തന്നെയുമല്ല, സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ ഇപ്പോഴത്തെപ്പോലെ എല്ലാ ചെറുമീനുകളും തുല്യരാണെന്ന അവസ്ഥയും മാറും. ചിലർക്ക് ഉയർന്ന പദവികൾ നല്കി അവരെ മറ്റുള്ളവർക്കു മേൽ പ്രതിഷ്ഠിക്കും. അല്പം കൂടി വലിപ്പമുള്ളവയ്ക്ക് തങ്ങളിലും ചെറുതിനെ വെട്ടിവിഴുങ്ങാനുള്ള അനുവാദം കൂടി കിട്ടിയെന്നു വരാം. സ്രാവുകൾക്കതിൽ സന്തോഷമേയുള്ളു: ചെറുതിലും വലുതാണല്ലോ അവയ്ക്കു കിട്ടാൻ പോകുന്നത്. വലിയ ചെറുമീനുകൾക്കാണ്‌, പദവികൾ വഹിക്കുന്നവർക്കാണ്‌ ചെറുമീനുകൾക്കിടയിലെ ക്രമസമാധാനപരിപാലനത്തിന്റെ ചുമതല; അവരാണ്‌ അദ്ധ്യാപകരും ഓഫീസർമാരും പെട്ടി പണിയുന്ന എഞ്ചിനീയർമാരുമൊക്കെയാവുക.

ചുരുക്കം പറഞ്ഞാൽ സ്രാവുകൾ മനുഷ്യരായാലേ കടലിൽ സംസ്കാരത്തിന്റെ തുടക്കമാവൂ.‘


(മി. ക്യൂണറുടെ കഥകൾ)

ബ്രെഷ്റ്റ് - വായനയും സമാഹരണവും

 

brecht4

 


കവിതകൾ നുള്ളിക്കീറി പരിശോധിക്കുന്നതിനെക്കുറിച്ച്
_____________________________________________________
സാധാരണക്കാരനായ ഒരു കാവ്യാസ്വാദകന്‌ കവിതകൾ നുള്ളിക്കീറി പരിശോധിക്കുക എന്ന സംഗതിയോട് കടുത്ത വിയോജിപ്പാണ്‌: പൂവു പോലുള്ള ആ മൃദുലഘടനകൾക്കു മേൽ തർക്കശാസ്ത്രത്തിന്റെ തണുപ്പൻ യുക്തികൾ പ്രയോഗിക്കുക, അവയിൽ നിന്നു വാക്കുകളും ബിംബങ്ങളും പിഴുതെടുക്കുക ഇതൊന്നും ശരിയായി അയാള്‍ക്കു തോന്നുന്നില്ല. മുറിച്ചെടുത്താൽ പൂക്കൾ പോലും വാടുന്നില്ല എന്നതാണ്‌ ഇതിനു മറുവാദമായി വയ്ക്കാനുള്ളത്. കവിതകൾ, ജീവനുള്ളതാണവയെങ്കിൽ, ഏതു മാരകമായ ശസ്ത്രക്രിയയെയും അതിജീവിക്കാനുള്ള പ്രാണബലം അവയ്ക്കുണ്ടാവും. ഒരു മോശം വരി ഒരു കവിതയെ അപ്പാടെ നശിപ്പിക്കുന്നില്ല; ഒരു നല്ല വരി കൊണ്ട് അതു രക്ഷപ്പെടുന്നുമില്ല. കവിത ആസ്വദിക്കുക എന്ന സിദ്ധി ഒരാൾക്കുണ്ടെങ്കിൽ മോശം വരികൾ കണ്ടെടുക്കാനുള്ള കഴിവും അയാൾക്കുണ്ടായിരിക്കണം; നല്ല വരികൾ കണ്ടെടുക്കാനുള്ള കഴിവു പോലെ തന്നെയാണതും. ചില കവിതകളെഴുതാൻ കുറഞ്ഞ അദ്ധ്വാനം മതിയെന്നു വരാം; ചിലതിന്‌ അളവിൽ കവിഞ്ഞും. കവിതകൾ തനിക്കു സുപ്രാപ്യമല്ലാത്തതൊന്നാണെന്നു കരുതുന്ന സാധാരണക്കാരൻ മറക്കുന്നു, തന്റെ സ്വന്തം അമൂർത്തമായ മനോവ്യാപാരങ്ങൾ പങ്കിടാനാണു കവി തന്നെ ക്ഷണിക്കുന്നതെങ്കിലും കവിതയിൽ അവയുടെ പ്രകാശനം ക്ലേശിച്ചുള്ള ഒരധ്വാനതിന്റെ ഫലമാണെന്ന്, കവിത തന്നെയും ക്ഷണികമായതൊന്നിനെ വിടാതെ പിടിച്ചുവച്ചതാണെന്ന്, മറ്റു വിധത്തിൽ പറഞ്ഞാൽ മൂർത്തവും സ്ഥൂലവുമാണതെന്ന്. കവിത സുപ്രാപ്യമല്ലെന്നും പറഞ്ഞിരിക്കുന്ന ഏതൊരാൾക്കും അതെന്നും അപ്രാപ്യമായേ വരൂ. മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നതിൽ തന്നെയുണ്ട് പാതി ആനന്ദം. ഒരു റോസാപ്പുവിനെ നുള്ളിക്കീറുക, ഓരോ ഇതളും മനോഹരമായിരിക്കും.


തിരഞ്ഞെടുത്ത കവിതകളുടെ പ്രസിദ്ധീകരണത്തെ സംബന്ധിച്ച്


തിരഞ്ഞെടുത്ത കവിതകളുടെ പ്രസിദ്ധീകരണത്തെ സംബന്ധിച്ച് എന്റെ ചില തോന്നലുകൾ കുറിച്ചിടുന്നതിൽ നിങ്ങൾക്കു വിരോധമുണ്ടാവില്ലെന്നു വിശ്വസിക്കട്ടെ. ഏതു കവിതയും മറ്റേതു കവിതയുടെയും ശത്രുവാണെന്നതിനാൽ സ്വന്തനിലയ്ക്കു തന്നെ പ്രസിദ്ധീകരിക്കണമെന്നാവും അതാവശ്യപ്പെടുക. അതേ സമയം ഒന്നിനൊന്നിന്റെ സഹായം വേണമെന്നതിനാൽ, ഒന്നു മറ്റൊന്നിൽ നിന്നൂർജ്ജം സംഭരിക്കുന്നുവെന്നതിനാലും അവയെ ഒരു സംഘത്തിൽ കൊള്ളിക്കുകയുമാവാം. ‘ഒരേ കുടക്കീഴിൽ’ അവയെ കൊണ്ടുവരുമ്പോൾ ആ ‘ഒരേ കുട’ എഴുത്തുകാരന്റെ കുടയാവുകയാണല്ലോ പതിവ്. ഇവിടെയും പക്ഷേ ഒരപകടം കാണുന്നു: ഞാനെഴുതിയ കവിതകൾ എന്നെയാണു വിവരിക്കുന്നതെന്നു വരാം, എന്നാൽ അതിനു വേണ്ടിയല്ല അവ എഴുതപ്പെട്ടത്. ‘കവിയുമായി പരിചയമാവുക’യല്ല പ്രധാനം, ലോകവുമായി, ആരോടൊപ്പമാണോ താനതിനെ ആസ്വദിക്കാനും മാറ്റിത്തീർക്കാനും ശ്രമിക്കുന്നത് ആ ജനങ്ങളുമായി പരിചയമാവുക എന്നതാണ്‌. അപ്പോൾ എഡിറ്ററുടെ കടമ എന്നത് ആ കവിതകൾ ഏതുവിധം വായിക്കണമെന്ന് വായനക്കാരനെ പഠിപ്പിക്കുക എന്നാകുന്നു. ആ ഒരു ലക്ഷ്യം വച്ചു നോക്കുമ്പോൾ അവയെ പ്രസിദ്ധമാക്കുകയും വേണം. ജാഗരൂകരായ വായനക്കാരിൽ വിശ്വാസമർപ്പിക്കുന്ന ഒരാളുടെ മനഃസ്ഥിതിയോടെയാണ്‌ അവ എഴുതപ്പെട്ടത് എന്നതാണു വസ്തുത. ഒറ്റയൊറ്റ കവിതകൾക്ക്, വരികൾക്ക്, വീക്ഷണവിശേഷങ്ങൾക്ക് എന്തുമാത്രം പ്രാധാന്യം നല്കാമോ അത്രയും നല്ലത്...


(1951ൽ പുറത്തിറങ്ങിയ തന്റെ “ഒരു നൂറു കവിതകൾ” എന്ന പുസ്തകത്തിന്റെ എഡിറ്റർക്ക് ബ്രെഷ്റ്റ് എഴുതിയ കത്തിൽ നിന്ന്)brecht17


Saturday, September 21, 2013

വില്യം ബട്ളർ യേറ്റ്സ് - കുടിച്ചിരിക്കുമ്പോൾ പാടിയത്

images
 

മദിരയുള്ളിൽ കടക്കുന്നതു ചുണ്ടിലൂടെ,
പ്രണയമുള്ളിൽ കടക്കുന്നതു കണ്ണിലൂടെ;
നേരെന്നു നാമറിയുന്നതിത്രയൊക്കെ,
ജരയും നരയും വന്നു നാം മരിക്കുംമുമ്പേ.
മദിരയുടെ ചഷകം ഞാൻ ചുണ്ടിൽ വച്ചു,
നിന്നെയൊന്നു നോക്കി ഞാൻ നിശ്വസിച്ചു.


1910

വില്യം ബട്ളർ യേറ്റ്സ് - ഇല കൊഴിയും കാലം

yeats


ശരല്ക്കാലം, നമ്മെ സ്നേഹിക്കും നീളിലകൾക്കു മേൽ,
ബാർലിക്കതിരുകൾക്കിടയിലെലികൾക്കും മേൽ;
മഞ്ഞ, ആഷ്മരത്തിന്റെയിലകൾ നമുക്കു മേൽ,
നനഞ്ഞിറ്റുന്ന കാട്ടു ഞാവലിന്നിലകളും മഞ്ഞ.

നമ്മെ വന്നുവളയുന്നു പ്രണയം ക്ഷയിക്കുന്ന കാലം,
ക്ഷീണിച്ചവശമായ നമ്മുടെ ആത്മാക്കൾ ശോകാകുലം;
നാം പിരിയുക, തൃഷ്ണയുടെ ഋതു നമ്മെ മറക്കും മുമ്പേ,
ഒരു ചുംബനവും നിന്റെ കവിളത്തിറ്റുന്ന കണ്ണീരുമായി.

(1889)


Friday, September 20, 2013

ബ്രെഷ്റ്റ് - ദൈവങ്ങളുടെ രൂപാന്തരം

gods

 


പണ്ടുകാലത്തെ പാഷണ്ഡദേവന്മാർ- ഇതൊരു രഹസ്യമാണേ-
അവരായിരുന്നു ഒന്നാമത്തെ പരിവർത്തിതക്രിസ്ത്യാനികൾ.
ആളുകൾക്കെല്ലാം മുമ്പേ നിറം വിളർത്ത കരുവേലത്തോപ്പുകളിലൂടവർ ചുവടു വച്ചു,
കുടുംബപ്രാർത്ഥനകളുരുവിട്ടും കുരിശു വരച്ചും.

മദ്ധ്യകാലഘട്ടമുടനീളം അന്യമനസ്കരെന്നപോലവർ നില്പു പിടിച്ചു,
ഏകദൈവത്തിന്നാലയത്തിന്റെ കല്പഴുതുകളിൽ,
ദേവന്മാരെപ്പോലുള്ള രൂപങ്ങൾ വേണ്ടിയിരുന്നിടങ്ങളിൽ.

അതും കഴിഞ്ഞു ഫ്രഞ്ചുവിപ്ളവത്തിന്റെ കാലത്ത്
അവരായിരുന്നു ആദ്യം തന്നെ ശുദ്ധയുക്തിയുടെ സ്വർണ്ണമുഖംമൂടിയെടുത്തണിഞ്ഞവർ,
പിന്നെ പ്രബലമായ പരികല്പനകളായി അവർ ചവിട്ടിനടന്നു,
ആ ചോരകുടിയന്മാർ, ചിന്തകളുടെ കഴുത്തു ഞെരിച്ചവർ,
പണിയെടുക്കുന്ന ജനത്തിന്റെ കുനിഞ്ഞ മുതുകുകളിലൂടെ.