സെവിയേയിലൊരു നടുമുറ്റത്തിന്റെ ഓർമ്മകളാണെന്റെ ബാല്യം,
ഇല പൊഴിയുന്ന നാരകത്തോപ്പിൽ വെയിലത്തു മൂക്കുന്ന പഴങ്ങളും.
കാസ്റ്റീലിയായിലെ മണ്ണിൽ ഇരുപതു കൊല്ലമായിരുന്നെന്റെ യൗവനം,
എന്റെ മുതിർന്ന ജീവിതമോ, ഞാൻ മറക്കാൻ കൊതിയ്ക്കുന്ന ചിലതും.
കാസനോവാ കളിച്ചിട്ടില്ല ഞാൻ, ജൂലിയറ്റിന്റെ കാമുകനുമായിരുന്നില്ല ഞാൻ,
-എന്റെയൊഴുക്കൻ വേഷത്തിൽത്തന്നെ നിങ്ങൾക്കതു കാണാമല്ലോ -
കാമദേവനുന്നം വയ്ക്കുമ്പോൾപ്പക്ഷേ, ഓടിമാറിയിട്ടുമില്ല ഞാൻ,
എനിക്കഭയം തന്ന സ്ത്രീകളെ പ്രണയിക്കയും ചെയ്തു ഞാൻ.
ഇടംതിരിഞ്ഞൊഴുകുന്ന രോഷമാണെന്റെ സിരകളിലെങ്കിലും
എന്റെ കവിതകൾ കിനിഞ്ഞതാഴത്തിൽ, തെളിഞ്ഞൊരുറവയിൽ.
കല്പനകൾ വരച്ച വഴിയേ നടക്കുന്നവൻ നല്ലവനെങ്കിലും
നല്ലവനായിരുന്നു ഞാൻ, ആ വാക്കിന്റെ നല്ല അർത്ഥത്തിൽ.
ഞാനാരാധിച്ചു സൗന്ദര്യത്തെ. കാലത്തിന്റെ പോക്കിനൊത്തു
റോങ്ങ്സാദിന്റെ തോപ്പിൽ നിന്നു പഴയ പൂക്കളിറുത്തു ഞാൻ.
എനിക്കുള്ളതല്ല പക്ഷേ, പുത്തൻ ലേപനങ്ങളും തൂവലുകളും.
വായാടിക്കിളികൾക്കൊപ്പം പാറിനടക്കാനുമില്ല ഞാൻ.
പ്രണയം, പ്രണയമെന്നു ചിലയ്ക്കുന്ന പൊള്ളപ്പാട്ടുകാരെ വെറുക്കുന്നു ഞാൻ,
നിലാവിനു സ്തുതി പാടുന്ന പച്ചക്കുതിരകളുടെ പറ്റത്തെയും.
മാറ്റൊലികൾക്കിടയിൽ ഞാൻ ശബ്ദങ്ങൾ തേടി നിന്നു,
ശബ്ദങ്ങൾക്കിടയിൽ ഞാൻ കാതോർത്തതൊന്നിനും.
പൗരാണികനോ, കാല്പനികനോ? ഞാനാരുമാകട്ടെ.
പട വെട്ടിയവൻ വച്ചുപോയ വാളു പോലെ എന്റെ കവിതകൾ വിട്ടുപോകുന്നു ഞാൻ.
വാളു പേരാളുന്നതതു കടന്നെടുത്തു വീശുന്ന പൗരുഷത്തിന്റെ കൈകളാൽ,
അതുലയിൽ കാച്ചിയെടുത്ത കൊല്ലന്റെ കൈത്തഴക്കത്താലല്ലല്ലോ.
അരികിൽ നടക്കുന്നൊരാളോടു മിണ്ടിയും പറഞ്ഞും നടക്കും ഞാൻ;
-ആത്മഭാഷണക്കാരാശിക്കുന്നതൊരുനാൾ ദൈവത്തോടു മിണ്ടാമെന്നും!-
ഇച്ചങ്ങാതിയോടുള്ള ചർച്ചകളാണെന്റെയാത്മഗതങ്ങളോരോന്നും,
മനുഷ്യരെ സ്നേഹിക്കുന്ന വിദ്യ എന്നെപ്പഠിപ്പിച്ചതുമീയാൾ തന്നെ.
ഒടുവിൽ കണക്കു നോക്കുമ്പോൾ നിങ്ങൾക്കു കടക്കാരനല്ല ഞാൻ,
നിങ്ങളെനിക്കു കടമാണു ഞാനെഴുതിയതൊക്കെയും;
വേല ചെയ്തിട്ടാണു ഞാൻ വാങ്ങിയതുടുവസ്ത്രങ്ങൾ , ഒരു മേൽക്കൂര,
എന്റെയുടലിനെയൂട്ടാനപ്പവും വീഞ്ഞും, എനിക്കു കിടക്കാനൊരു കിടക്കയും.
പിന്നെ,യവസാനയാത്രയ്ക്കുള്ള നാളു വന്നുചേരുമ്പോൾ
കടവിലേക്കു മടങ്ങാത്ത നൗക പായ വിടർത്തി നില്ക്കുമ്പോൾ
അതിലെന്നെയും കാണും നിങ്ങൾ, കൈയിലൊന്നുമെടുക്കാതെയും,
മുക്കുവച്ചെക്കന്മാരെപ്പോലെ മിക്കവാറും നഗ്നനായും.
സെവിയേ - കവിയുടെ ജന്മദേശം
കാസ്റ്റീലിയ - ഇവിടെ സോറിയ എന്ന പട്ടണത്തിൽ സ്കൂളദ്ധ്യാപകനായിരുന്നു മച്ചാദോ; ആദ്യഭാര്യ ക്ഷയം പിടിച്ചു മരിക്കുന്നതും ഇവിടെ വച്ച്
കാസനോവാ- വെനീസുദേശക്കാരനായ സഞ്ചാരിയും എഴുത്തുകാരനും; കാമുകനെന്ന നിലയിൽ കൂടുതൽ പ്രശസ്തി
ജൂലിയറ്റിന്റെ കാമുകൻ- റോമിയോ തന്നെ
ഇടം തിരിഞ്ഞൊഴുകുന്ന- വിപ്ളവാഭിമുഖ്യമുള്ളതായിരുന്നു കവിയുടെ മനസ്സ്
റോങ്ങ്സാദ്- ഫ്രഞ്ച് ക്ളാസ്സിക്കൽ കവി