Sunday, September 6, 2009

ബോദ്‌ലെയെർ-ഈ ലോകം വിട്ടെവിടെയെങ്കിലും

baudelaire_matisse

കിടക്കകൾ വെച്ചുമാറാൻ കൊതിക്കുന്ന രോഗികളെക്കൊണ്ടു നിറഞ്ഞ ഒരാശുപത്രിയാണ്‌ ഈ ജീവിതം. അടുപ്പിന്റെ ചൂടിൽ ദേഹം പൊള്ളിച്ചാലേ ഒരാൾക്കു തൃപ്തിയാവുള്ളൂ എങ്കിൽ മറ്റൊരാൾ കരുതുന്നത്‌ തുറന്നിട്ട ജനാലയ്ക്കടുത്തു നിന്നാൽ തന്റെ രോഗം ഭേദപ്പെടുമെന്നാണ്‌.

മറ്റൊരിടത്തായാലേ എനിക്കു മേൽഗതിയുള്ളു എന്നൊരു ചിന്ത എന്നെ വിടാതെ പിടികൂടിയിരിക്കുന്നു. ഇക്കാര്യം സംബന്ധിച്ച്‌ ഞാൻ എന്റെ ആത്മാവുമായി അന്തമറ്റ ചർച്ചകളിൽ ഏർപ്പെടാറുമുണ്ട്‌.

"പാവം, നീ തണുത്തുവിറയ്ക്കുകയാണല്ലോ ആത്മാവേ! ലിസ്ബണിൽ പോയി താമസിക്കുന്നതിനെക്കുറിച്ച്‌ എന്തു പറയുന്നു? കടലോരത്താണാ നഗരം; മാർബിളു കൊണ്ടാണു പണിയൊക്കെ. പച്ചപ്പു കണ്ണിനു കണ്ടുകൂടാത്തതിനാൽ ആ നാട്ടുകാർ സകല മരങ്ങളും പുഴക്കിയെടുത്തു കളഞ്ഞുവത്രെ. നിനക്കാ നഗരം നന്നായി ബോധിക്കും-വെളിച്ചവും ധാതുക്കളും കൊണ്ടു പടുത്ത പ്രകൃതി; ജലത്തിൽ പ്രതിഫലനവും!"

എന്റെ ആത്മാവ്‌ ഒന്നും മിണ്ടിയില്ല.

"ചലനങ്ങളുടെ മേളയും കണ്ട്‌ അനങ്ങാതിരിക്കാൻ നിനക്കു വളരെയിഷ്ടമാണല്ലോ. അങ്ങനെയെങ്കിൽ നമുക്കു ഹോളണ്ടിലേക്കു പോയാലോ? എത്രതവണ കാഴ്ചബംഗ്ലാവുകളിൽ ആ നാടിന്റെ ദൃശ്യങ്ങളും നോക്കി ആരാധനയോടെ നീ നിന്നിരിക്കുന്നു. അവിടെ നിനക്കു സമാധാനം കിട്ടിയേക്കും. പാമരങ്ങളുടെ കാടുകളേയും വീട്ടിറമ്പത്തു നങ്കൂരമിട്ട നൗകകളേയും സ്നേഹിക്കുന്ന നിനക്ക്‌ റോട്ടർഡാം ഇഷ്ടപ്പെടാതിരിക്കുമോ?

അപ്പോഴും എന്റെ ആത്മാവിനു മൗനമായിരുന്നു.

"ഇനിയഥവാ ബറ്റേവിയ ആണോ നിനക്കു പിടിക്കുക? യൂറോപ്പിന്റെ ബോധവും ഉഷ്ണമേഖലയുടെ സൗന്ദര്യവും മേളിക്കുകയാണവിടെ."

എന്നിട്ടും അനക്കമില്ല-ഇതെന്താ, എന്റെയാത്മാവു മരണപ്പെട്ടോ?

"നിത്യരോഗിയായിട്ടിരുന്നാലേ നിനക്കു സന്തോഷമാകുള്ളൂ? അത്ര ജാഡ്യം ബാധിച്ചോ നിന്നെ! അങ്ങനെയെങ്കിൽ നമുക്ക്‌ മരണത്തിന്റെ പര്യായങ്ങൾ തന്നെയായ നാടുകളിലേക്കങ്ങോടിപ്പോകാം-പറ്റിയൊരു സ്ഥലം ഞാൻ കണ്ടുവച്ചിട്ടുമുണ്ട്‌. പെട്ടിയുമെടുത്തു നമുക്ക്‌ ടോർണിയോവിലേക്കു പോകാം.വേണമെങ്കിൽ അതും കഴിഞ്ഞ്‌ ബാൾടിക്‌ കടലിനപ്പുറത്തേക്കും പോകാം. അത്രകൂടി ജീവിതം വേണ്ടെങ്കിൽ അതും നോക്കാം-നമുക്കു ധ്രുവപ്രദേശത്തു പോയി ജീവിക്കാമല്ലോ.അവിടെ സൂര്യരശ്മികൾ നേരേ പതിക്കില്ല; ഇരുളിന്റെയും വെളിച്ചത്തിന്റെയും സാവധാനമായ പകർച്ചകൾക്കടിയിൽ വൈവിധ്യങ്ങൾ അദൃശ്യമാകുന്നു,ശൂന്യതയുടെ മറുപാതിയായ ഏകതാനത കനക്കുകയും ചെയ്യുന്നു. ഇരുട്ടിന്റെ കയങ്ങളിൽ നമുക്കെത്രനേരം വേണമെങ്കിലും മുങ്ങിക്കുളിക്കാം. ഇടയ്ക്കിടെ ചില ചെങ്കതിരുകൾ വീശി ധ്രുവദീപ്തി നമ്മെ വിനോദിപ്പിക്കുകയും ചെയ്യും-നരകത്തിൽ വെടിക്കെട്ടു നടക്കുകയാണെന്നേ തോന്നൂ!"

അവസാനം എന്റെയാത്മാവു പൊട്ടിത്തെറിക്കുന്നു,എന്റെ നേർക്കു കുരച്ചുചാടുന്നു: "എവിടെ വേണമെങ്കിലും പോകാം!എവിടെ വേണമെങ്കിലും പോകാം! ഈ ലോകം വിട്ടു പോയാൽ മതി!"