Tuesday, May 1, 2012

ഷൊവാക്കിം ദി ബലേ - നിത്യജീവിതത്തിന്റെ വേവലാതികളിത്രയുമുള്ളപ്പോൾ...





നിത്യജീവിതത്തിന്റെ വേവലാതികളിത്രയുമുള്ളപ്പോൾ,
അസമയത്തു വന്നലട്ടുന്ന ദൗർഭാഗ്യങ്ങളുമുള്ളപ്പോൾ,
ഓർത്തു വിലപിക്കാൻ ഖേദങ്ങൾ വേറെയുമുള്ളപ്പോൾ,
പാടാനെനിക്കാവുന്നതിലല്ലേ, മാഗ്നീ, നിനക്കത്ഭുതം?


പാടുകയല്ല ഞാൻ, മാഗ്നീ, ഓർത്തുകരയുകയാണു ഞാൻ,
ഇനിയഥവാ, കരഞ്ഞുകൊണ്ടു പാടുകയാണു ഞാൻ;
പാടുമ്പോളതിന്റെ വശ്യത്തിൽപ്പെട്ടുപോവുകയുമാണു ഞാൻ,
അതല്ലേ മാഗ്നീ, രാവും പകലുമൊരുപോലെ ഞാൻ പാടുന്നതും.


ആലയിലുലയൂതുമ്പോൾ പാടുന്ന കൊല്ലനെപ്പോലെ,
പാടത്തു കൊഴുവാഴ്ത്തുമ്പോൾ പാടുന്ന ഉഴവനെപ്പോലെ,
തന്റെ നാടു കാണാനുഴറുന്ന തീർത്ഥാടകനെപ്പോലെ,


തന്റെ കാമുകിയെ സ്വപ്നം കാണുന്ന സഞ്ചാരിയെപ്പൊലെ,
അമരത്തു ചുക്കാൻ തിരിക്കുന്ന നാവികനെപ്പോലെ,
തടവറയുടെ ചുമരുകളെ പഴിക്കുന്ന കുറ്റവാളിയെപ്പോലെ.



ഷൊവാക്കിം ദി ബലേ (Joachim du Bellay) പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ചു കവി. മാഗ്നി സുഹൃദ്കവി.


joachim du Bellay


No comments: