Friday, September 7, 2012

റോബർട്ട് വാൾസർ - ഹെർക്കുലീസ്

farnese-hercules

അത്യുജ്ജ്വലമായിരുന്നു അയാളുടെ ജനനം. എനിക്കു തെറ്റു പറ്റിയിട്ടില്ലെങ്കിൽ, ഒരവിഹിതബന്ധത്തിന്റെ പരിണതഫലമായിരുന്നു അയാൾ. ഒരു രാജകുമാരിയുടെയും ഒരു ദിവ്യാവരോഹണത്തിന്റെയും പുത്രൻ. അയാളുടെ പിതാവായ സിയൂസ് ഒരു രാത്രിയില്‍ ആംഫിട്രയോണിന്റെ ഭാര്യയുടെ കിടപ്പറയിൽ ഒളിച്ചുകയറുകയും അവരെ പ്രാപിക്കുന്നതിൽ വിജയം വരിക്കുകയും ചെയ്തു. അസാധാരണമായ ബലത്തിന്റെ സൂചനകൾ ബാലനായിരിക്കുമ്പോഴേ ഇയാൾ കാണിച്ചുതുടങ്ങിയിരിക്കുന്നു. കളികളും അതുമാതിരിയുള്ള വിഷയങ്ങളുമായിരിക്കണം അയാൾ ഇഷ്ടപ്പെട്ടിരിക്കുക. അയാളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് നമുക്കൊരു വിവരവും ഇല്ല. ആൾ പഠിക്കാൻ പോയിട്ടില്ല എന്നും വരാം. ബൌദ്ധികമെന്നതിനെക്കാൾ കായികമായ വികാസത്തിനാണ്‌ അയാൾ ഊന്നൽ കൊടുത്തതെന്ന് നമുക്കു തോന്നാം. അയാളുടെ വിദ്യാഭ്യാസം സമഗ്രമായിരുന്നില്ല എന്നതിനു നല്ല സാദ്ധ്യതയുമുണ്ട്. എന്തൊക്കെയായാലും ഒരു കാര്യത്തിൽ സംശയിക്കാനില്ല; അയാൾ ചെയ്തുകൂട്ടിയ ഐതിഹാസികയത്നങ്ങളുടെ കാര്യമാണു ഞാൻ പറയുന്നത്. ഉദാഹരണത്തിന്‌ ഒരു തൊഴുത്ത് അയാൾ തീര്‍ത്തും വെടിപ്പാക്കിയില്ലേ? ഇക്കാലത്ത് അതു വലിയൊരു കാര്യമൊന്നുമല്ലെന്നു സമ്മതിച്ചു. അത്രയുമല്ല, തന്റെ തനതായ ഊർജ്ജം കൊണ്ട് വിശാലമായൊരു ഭൂപ്രദേശത്തു നിന്ന് വകയ്ക്കു കൊള്ളാത്ത സകല പ്രാകൃതരെയും അയാൾ ആട്ടിയോടിച്ചു, ഒരു സിംഹത്താനുമായി വിജയകരമായി മല്ലു പിടിച്ചു, യാത്രക്കാരെ അവർക്കിഷ്ടമല്ലാത്തൊരു രീതിയിൽ നിരന്തരം ശല്യം ചെയ്തിരുന്ന  ഒരു പിടിച്ചുപറിക്കാരന്റെ കൈയും കാലും തല്ലിയൊടിക്കുകയും ചെയ്തു. ഒരായുസ്സിനുള്ളതു താന്‍ ചെയ്തുകഴിഞ്ഞതായി  ഈ അഭ്യാസിക്കു വിചാരം വന്ന കാലത്താണ്, തന്റെ കായക്ളേശങ്ങൾ കൊണ്ടു ക്ഷീണിക്കുകയും സമർഹമായൊരു വിശ്രമത്തിനായി അയാള്‍ ദാഹിക്കുകയും ചെയ്തപ്പോഴാണ്, ഒരു സ്ത്രീജനത്തെ കാണാനിടവരികയും അവർ അയാളെ വിശേഷപ്പെട്ട രീതിയിൽ ബന്ധനസ്ഥനാക്കുകയും ചെയ്യുന്നത്. കേൾവിപ്പെട്ട ഈ യോദ്ധാവ് പിന്നെ വെള്ളം കോരിക്കൊണ്ടു വരികയും കാലുറകൾ തുന്നുകയും തലയിണകൾ തട്ടിക്കുടയുകയും ഉരുളക്കിഴങ്ങിന്റെ തൊലി കളയുകയും ചെയ്തുവത്രെ. ഹാ, എന്തൊരധഃപതനം! പക്ഷേ അതിൽ പരാതി പറയാനുമുണ്ടോ? ഭീകരതകളെ കീഴമർത്തിയവനും മഹത്കൃത്യങ്ങളനുഷ്ഠിച്ചവനുമായ ഒരാൾക്ക് ഇപ്പോൾ പാത്രം കഴുകാനും  വീട്ടിൽ അടങ്ങിയൊതുങ്ങിക്കഴിയാനും അശക്തയായ ഒരു സ്ത്രീയുടെ വാക്കു കേട്ടു നടക്കാനും ഒരു കമ്പം തോന്നിയതാണെന്നും വന്നുകൂടേ? ഒരു വക്കാണക്കാരൻ സൌമ്യഹൃദയനും മര്യാദക്കാരനുമായി മാറി. ഇതുമാതിരി സംഗതികൾ നടക്കാറുണ്ട്. ഇതിലും മോശമായതിനു നാം ഇരയാവാതിരിക്കട്ടെ!
1920 മേയ്

 ആൽക്ക്മീനിയിൽ കമ്പം കയറിയ സിയൂസ് ഒരു രാത്രിയിൽ അവളുടെ ഭർത്താവായ ആംഫിട്രയോണിന്റെ രൂപമെടുത്ത് അവളെ പ്രാപിച്ചു. അതിൽ നിന്നാണ്‌ ഹെർക്കുലീസ് ജനിക്കുന്നത്. പില്ക്കാലത്ത് ഹെർക്കുലീസ് ലിഡിയയിലെ റാണിയുടെ അടിമയാകുന്നുണ്ട്; അവർ അദ്ദേഹത്തെ സ്ത്രീകളുടെ വേഷം ധരിപ്പിച്ച് മറ്റു സ്ത്രീകൾക്കൊപ്പം തുന്നല്പണിക്കു നിയോഗിക്കുകയും ചെയ്തു.


(Speaking to the Rose Writings, 1912-1932)


No comments: