Monday, October 5, 2015

എമീൽ ചൊറാൻ




ആശയങ്ങളുടെ ചരിത്രം ചില ഏകാകികളുടെ വിദ്വേഷത്തിന്റെ ചരിത്രമാണ്‌.

*

ജർമ്മൻ സഹനത്തിന്‌ അതിരുകളില്ല- ഭ്രാന്തിൽ പോലും. നീറ്റ്ച്ച അതു പതിനാലു കൊല്ലം സഹിച്ചു, ഹോൾഡെർലിൻ നാല്പതും.
*

“ഗഹനം” എന്നു പറയാൻ എന്തെളുപ്പമാണ്‌: സ്വന്തം ന്യൂനതകളിലേക്കു താഴാൻ സ്വയം വിട്ടുകൊടുക്കുകയേ വേണ്ടു.

*

ഓരോ വാക്കും വേദനയേ എനിക്കു സമ്മാനിക്കാറുള്ളു. എന്നാല്ക്കൂടി പൂക്കൾക്കു മരണത്തെക്കുറിച്ചു പറയാനുള്ളതു കേൾക്കാൻ എന്തു രസമായിരിക്കും!

*

സർവ്വതും തച്ചുടയ്ക്കുന്ന പുസ്തകം അതു കഴിഞ്ഞ് സ്വയം തച്ചുടയ്ക്കുന്നില്ലെങ്കിൽ നമ്മെ അതെന്തു മാത്രം അലട്ടില്ല!

*

ഷണ്ഡത്വഭീതി എഴുത്തുകാരെ തങ്ങളുടെ വിഭവശേഷിക്കപ്പുറത്തുള്ളതു സൃഷ്ടിക്കാൻ പ്രേരിപ്പിക്കുന്നു; അവർ സ്വാനുഭവങ്ങളെന്ന വ്യാജങ്ങളെ കടം വാങ്ങിയതോ തട്ടിക്കൂട്ടിയതോ ആയ മറ്റു വ്യാജങ്ങൾ ചേർത്തു പെരുപ്പിക്കുന്നു. ഓരോ “സമ്പൂർണ്ണകൃതി”യ്ക്കുമടിയിൽ ഒരു തട്ടിപ്പുകാരൻ ഒളിഞ്ഞുകിടപ്പുണ്ട്.

*

ഒരു മോക്ഷവുമില്ല, മൗനത്തിന്റെ അനുകരണത്തിലൂടെയല്ലാതെ. നമ്മുടെ വായാടിത്തം പക്ഷേ, ജന്മനാ ഉള്ളതത്രേ. പ്രസംഗികളായ, വാചാലബീജങ്ങളായ നാം വചനത്തോട്  രസതന്ത്രപരമായിത്തന്നെ ബന്ധപ്പെട്ടിരിക്കുന്നു.

*

ഒരു ജീവചരിത്രകാരൻ ഉണ്ടായേക്കാം എന്ന സാദ്ധ്യത പോലും ഒരാളെയും ജീവിതം പരിത്യജിക്കുന്നതിലേക്കു നയിക്കുന്നില്ല എന്നത് അവിശ്വസനീയമായിരിക്കുന്നു.

*

ആശയങ്ങളെ അത്രയ്ക്കു കണ്ണുമടച്ചു നാം വിശ്വസിക്കുന്നുവെങ്കിൽ സസ്തനങ്ങൾ പരികല്പന ചെയ്തതാണവ എന്നു നാം മറക്കുന്നു എന്നതാണു കാരണം.

*

നമ്മുടെ ചാഞ്ചാട്ടങ്ങൾ നമ്മുടെ ആർജ്ജവത്തിന്റെ മുദ്ര വഹിക്കുന്നവയാണ്‌, നമ്മുടെ ഉറപ്പുകൾ നമ്മുടെ കാപട്യത്തിന്റേതും. ഒരു ചിന്തകൻ മുന്നോട്ടു വയ്ക്കുന്ന കൃത്യമായ ആശയങ്ങളുടെ എണ്ണത്തിൽ നിന്നറിയാം അയാളുടെ സത്യസന്ധതയുടെ തോത്.

*

ഉത്കണ്ഠ പണ്ടേ ഗുഹാജീവിയുടെ ഉല്പന്നമായിരുന്നു. തങ്ങളാണതു കണ്ടുപിടിച്ചതെന്ന് പില്ക്കാലത്തൊരിക്കൽ തത്ത്വചിന്തകന്മാർ അവകാശമുന്നയിക്കുമെന്നറിഞ്ഞിരുന്നെങ്കിൽ നിയാന്തർത്തൽ മനുഷ്യന്റെ മുഖത്തു വരുമായിരുന്ന പുഞ്ചിരി ഒന്നു സങ്കല്പിച്ചു നോക്കൂ!

*

ജീവിതത്തെയും മരണത്തെയും കുറിച്ചു പര്യാലോചന ചെയ്യുന്നതുകൊണ്ടുള്ള ഗുണം അവയെക്കുറിച്ച് ഒന്നും തന്നെ പറയാൻ നമുക്കു കഴിയാതെ വരുന്നു എന്നതാണ്‌.

*

അവശമായപ്പോഴായിരിക്കണം ആശയം ആശ്രയം തേടിപ്പോയത്; എന്തെന്നാൽ മനസ്സിലേ അതിനാതിഥ്യം കിട്ടിയുള്ളു.

*

“കണ്ണുകൾ ഉള്ളിലേക്കു വീണുപോയ ഒരുടഞ്ഞ പാവയെപ്പോലെയാണു ഞാൻ.” ആത്മപരിശോധനയെക്കുറിച്ചുള്ള ഒരു കെട്ടു പുസ്തകങ്ങളെക്കാൾ എന്റെ മനസ്സിൽ ഭാരം തൂങ്ങിയത് ഒരു മനോരോഗിയുടെ ഈ വാക്കുകളാണ്‌.

*

നില്ക്കുമ്പോൾ ഞാനൊരു തീരുമാനമെടുക്കുന്നു; കിടക്കുമ്പോൾ ഞാനതു തിരിച്ചെടുക്കുന്നു.

*

ഏതെന്നല്ല, എല്ലാ വെള്ളത്തിന്റെയും നിറം മുങ്ങിമരണത്തിന്റേതാണ്‌.

*

നാറ്റം വമിപ്പിക്കുന്നവനായി സ്വയം മാറ്റിയിട്ടല്ലാതെ സ്വന്തം ഏകാന്തത കാത്തു സൂക്ഷിക്കാൻ നിങ്ങൾക്കു കഴിയില്ല.

*

നിന്നുകൊണ്ടു നാം അപൂർവ്വമായേ ധ്യാനിക്കാറുള്ളു; നടന്നുകൊണ്ട് അതിലുമപൂർവ്വമായും. നിവർന്നുനില്ക്കാനുള്ള നമ്മുടെ വാശിപിടുത്തത്തിൽ നിന്നാണ്‌ ‘പ്രവൃത്തി’യുടെ ഉത്ഭവം. അതിനാൽ, പ്രവൃത്തിദൂഷ്യത്തെ ചെറുക്കാൻ നാം ‘ശവാസനം’ പരിശീലിക്കുക.

*

പ്രപഞ്ചത്തിനു തീ കൊളുത്തുമെന്നു നിങ്ങൾ സ്വപ്നം കണ്ടു; എന്നിട്ടെന്താ, നിങ്ങളുടെ അഗ്നി വാക്കുകളിലേക്കു പകരാൻ, ഒന്നിനെയെങ്കിലും വെളിച്ചപ്പെടുത്താൻ നിങ്ങൾക്കിതേവരെ കഴിഞ്ഞിട്ടില്ല!

*

കുട്ടിക്കാലത്ത് ഞങ്ങൾ ആൺകുട്ടികൾ കളിച്ചിരുന്ന ഒരു കളിയുണ്ടായിരുന്നു: ശവക്കുഴിവെട്ടുകാരൻ കുഴിയെടുക്കുന്നത് നോക്കിനില്ക്കുക. ചിലപ്പോൾ അയാൾ ഞങ്ങൾക്ക് ഒരു തലയോട്ടി എടുത്തു തരും; ഞങ്ങൾ അത് പന്തു തട്ടിക്കളിക്കും. മരണത്തെക്കുറിച്ചുള്ള ചിന്തകൾ ഇരുളടയ്ക്കാത്ത ഒരാഹ്ളാദമായിരുന്നു ഞങ്ങൾക്കത്.

പിന്നീട് കുറേ വർഷം എനിക്ക് പള്ളിവികാരികൾക്കൊപ്പം താമസിക്കാൻ ഇട വന്നു; ആയിരക്കണക്കിന്‌ അന്ത്യകൂദാശകൾക്കു നേതൃത്വം കൊടുത്തവർ. പക്ഷേ മരണത്തിന്റെ നിഗൂഢതയിൽ ജിജ്ഞാസ തോന്നിയവരായി അവരിൽ ഒരാളെപ്പോലും ഞാൻ കണ്ടില്ല. പില്ക്കാലത്താണെനിക്കു മനസ്സിലാവുന്നത്, നമുക്കെന്തെങ്കിലും പ്രയോജനം ചെയ്യുന്ന ഒരേയൊരു ശവം നമുക്കുള്ളിൽ സ്വയം തയാറായി വരുന്ന നമ്മുടെ സ്വന്തം ശവം മാത്രമാണെന്ന്.


*

സ്വന്തം ശത്രുക്കളെ നിങ്ങൾ തിരഞ്ഞെടുക്കുന്നതു  നിർത്തുന്ന നിമിഷം, കൈയകലത്തുള്ള ശത്രുക്കളെക്കൊണ്ടു നിങ്ങൾ തൃപ്തരാവുന്ന നിമിഷം നിങ്ങളുടെ യൗവനം അസ്തമിച്ചുകഴിഞ്ഞു.

*

എന്താണെന്റെ പരിപാടിയെന്ന് ഇനിയെന്നോടു ചോദിക്കരുത്: ശ്വാസമെടുക്കൽ തന്നെ ഒന്നല്ലേ?

*

അന്യരിൽ നിന്നു നമ്മെ മാറ്റി നിർത്താനുള്ള ഏറ്റവും നല്ല ഉപായം നമ്മുടെ പരാജയങ്ങളിൽ ആഹ്ളാദിക്കാൻ അവരെ ക്ഷണിക്കുക എന്നതാണ്‌; ശിഷ്ടായുസ്സു മുഴുവൻ നമുക്കവരെ വെറുപ്പായിരിക്കുമെന്നതിൽ സംശയിക്കാനില്ല.

*

ഒരു ഭ്രാന്തന്റെ തലച്ചോറു പിഴിഞ്ഞെടുത്താൽ കിട്ടുന്ന ദ്രാവകം തേൻ പോലിരിക്കും, ചില വിഷാദജീവികൾ സ്രവിപ്പിക്കുന്ന പിത്തനീരിനോടു തട്ടിച്ചു നോക്കുമ്പോൾ.

*

ഒരിരയായി പരിശീലനം പൂർത്തിയാക്കിയിട്ടല്ലാതെ ഒരാളും ജീവിക്കാൻ ശ്രമിക്കരുത്.

*

ദൈവത്തെയോ തന്നെയോ കുറിച്ചല്ലാതെ മറ്റെന്തിനെക്കുറിച്ചെങ്കിലും സത്യസന്ധമായി സംസാരിക്കാൻ നിങ്ങൾക്കു കഴിയുമോ?

*

ദൈവത്തിലേക്കെത്താൻ വിശ്വാസത്തിലൂടെ കടന്നുപോകണമെന്നു വരുന്നത് എത്ര ദയനീയമാണ്‌!

*

ശുഭാപ്തിവിശ്വാസികളേ ആത്മഹത്യ ചെയ്യാറുള്ളു, ശുഭാപ്തിവിശ്വാസം നഷ്ടപ്പെട്ട ശുഭാപ്തിവിശ്വാസികൾ. മറ്റുള്ളവർ, ജീവിച്ചിരിക്കാൻ ഒരു കാരണവുമില്ലാത്തവർ, അവർക്കു മരിക്കാൻ എന്തു കാരണം വേണം?

*

എല്ലാ വിഗ്രഹഭഞ്ജകരെയും പോലെ ഞാനും എന്റെ വിഗ്രഹങ്ങൾ തച്ചുടച്ചു, പിന്നെ അവയുടെ ഉടഞ്ഞ കഷണങ്ങൾക്കു ബലിയർപ്പിക്കാൻ.

*

സർപ്പഭീതി ഒരൊഴിയാബാധയായി നമ്മെ പിന്തുടരുന്നതെന്തുകൊണ്ടാവാം? ഒരന്ത്യപ്രലോഭനത്തിന്റെ ഭയം കൊണ്ടല്ലേ അത്, പറുദീസയുടെ ഓർമ്മ പോലും നമുക്കു ബാക്കി വയ്ക്കാത്ത ആസന്നവും അപരിഹാര്യവുമായ ഒരു പതനത്തിന്റെ ഭയം?

*

സ്വർഗ്ഗത്തെ ഭീഷണിപ്പെടുത്താൻ പഴയ നിയമത്തിനറിയാമായിരുന്നു; ഉന്നതങ്ങൾക്കു നേർക്കു കൈ മുറുക്കാൻ അതിനു കഴിഞ്ഞിരുന്നു: പ്രാർത്ഥന സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ഒരു കലഹമായിരുന്നു. പിന്നെ കാര്യങ്ങൾ എളുപ്പമാക്കാൻ സുവിശേഷങ്ങൾ വന്നു: ക്രിസ്തുമതം ചെയ്ത പൊറുപ്പില്ലാത്ത അപരാധം.

*

ഒരു പെണ്ണിനു വേണ്ടി ജീവനൊടുക്കുന്ന കാമുകനു കിട്ടുന്നത് ലോകമെടുത്തു കീഴ്മേൽ മറിക്കുന്ന വീരനായകനു കിട്ടുന്നതിനേക്കാൾ എത്രയോ പൂർണ്ണവും ഗഹനവുമായ അനുഭവമാണ്‌.

*

അയാൾ അവളുടെ മുലകൾക്കിടയിൽ തല പൂഴ്ത്തുന്നു, മരണത്തിന്റെ രണ്ടു ഭൂഖണ്ഡങ്ങൾക്കിടയിൽ...

*

ഡയോജനിസ് ചെറുപ്പത്തിൽ ഏതോ പ്രണയദുരന്തത്തിൽ പെട്ടുപോയിരിക്കണം എന്നാണെന്റെ ചിന്ത. ഗുഹ്യരോഗത്തിന്റെയോ വഴിപ്പെടാത്ത ഒരു വീട്ടുജോലിക്കാരിയുടെയോ സഹായമില്ലാതെ ആരും പരിഹാസത്തിന്റെ വഴിയിലേക്കിറങ്ങാറില്ല.

*

എന്തു പരിഗണനയാണ്‌ പ്രകൃതി തങ്ങളോടു കാണിച്ചതെന്ന് ഷണ്ഡന്മാർക്കറിവുണ്ടായിരുന്നെങ്കിൽ അവർ അതൊരനുഗ്രഹമായി കൊണ്ടാടിയേനെ, സകല തെരുവുമൂലകളിലും നിന്നവർ അതു ഘോഷിച്ചേനെ.

*

നാമെന്തിന്‌ ഇടയ്ക്കിടെ പ്ളേറ്റോയുടെ താളുകൾ മറിച്ചുനോക്കണം, മറ്റൊരു ലോകത്തിന്റെ നിമിഷദർശനം നല്കാൻ അത്ര തന്നെ സമർത്ഥമാണ്‌ ഒരു സാക്സോഫോണെങ്കിൽ.

*

സംഗീതത്തിനു മുന്നിൽ നിരായുധനായ ഞാൻ അതിന്റെ കോയ്മയ്ക്കു കീഴ്‌വഴങ്ങണം, അതിന്റെ ഇഷ്ടത്തിനനുസരിച്ച് ദൈവമോ കുപ്പയോ ആവണം.

*

സന്തോഷം മുറിപ്പെടുത്തിയ ആത്മാക്കളുടെ ആശ്രയമാണ്‌ സംഗീതം.

*

ഭാവി എങ്ങനെയുള്ളതായിരിക്കുമെന്നു മുൻകൂട്ടിക്കാണാനുള്ള സിദ്ധി നോഹയ്ക്കുണ്ടായിരുന്നെങ്കിൽ അദ്ദേഹം പെട്ടകം തട്ടിമറിച്ചിരിക്കുമെന്നതിൽ സംശയിക്കാനില്ല.

*

ജീവിതത്തിനു മേൽ താനേല്പിച്ച മാരകപ്രഹരത്തിൽ നിന്ന് മനുഷ്യൻ എന്നെങ്കിലും മുക്തനാവുമോ?

*

നാമോരോരുത്തരും അവനവന്റെ ഭീതിയിൽ കെട്ടിപ്പൂട്ടിയിരിക്കുന്നു- അവനവന്റെ ദന്തഗോപുരത്തിൽ.

*

ആത്മഹത്യാപ്രവണത കാതരമനസ്സുകളായ കൊലപാതകികളുടെ ലക്ഷണമാണ്‌, നിയമത്തെ മാനിക്കുന്നവരുടെ; കൊല്ലാൻ ഭയമായതിനാൽ അവർ തങ്ങളെത്തന്നെ ഇല്ലാതാക്കുന്നതു സ്വപ്നം കാണുന്നു: ശിക്ഷിക്കപ്പെടുമെന്നു പേടിക്കാനില്ലല്ലോ.

*

ചില ആത്മാക്കളെ വീണ്ടെടുക്കാൻ ദൈവത്തിനു പോലും കഴിയില്ല, അതിനി അവൻ തന്നെ മുട്ടുകാലിൽ വീണു മുട്ടിപ്പായി പ്രാർത്ഥിച്ചാലും.

*

സ്വന്തം ചരമലിഖിതമെഴുതുന്ന ഒരു ഗോളത്തിൽ നല്ല ശവങ്ങളാവാനുള്ള മാന്യതയെങ്കിലും നാം കാണിക്കുക.

(from All  Gall is Divided)