Saturday, September 8, 2012

റോബർട്ട് വാൾസർ - യുളീസസ്

Louis_Frederic_Schutzenberger_-_Retour_d'Ulysse

യുളീസസ് ബുദ്ധിമാനായിരുന്നു എന്നാണു കേൾവി; ആളൊരു സൂത്രശാലിയായിരുന്നു എന്നു കരുതുന്നവരുമുണ്ട്. അതെന്തായാലും അയാൾ മിടുക്കനായിരുന്നു. യുദ്ധത്തിൽ ഒരു മരക്കുതിരയെ പണിതുയർത്തി ഇദ്ദേഹം പേരെടുത്തുവല്ലോ; ഈ മരക്കുതിരയെ ആണ്‌ ശത്രുക്കൾ തമാശയായി കണ്ടതും, കഷ്ടമേ, അതുവഴി തങ്ങളുടെ ദൌർഭാഗ്യത്തെ പരിഹാസ്യമാക്കിയതും. ഈ ഒരു സൂത്രത്തിലൂടെ യുളീസസ് വലിയൊരു സേവനമാണു ചെയ്തതെന്നതിൽ സംശയിക്കാനില്ല. ഹെക്ടർ മരിച്ച് ട്രോയി കത്തിയെരിഞ്ഞപ്പോൾ ആ മാന്യന്മാർക്ക് നാട്ടിലേക്കു മടങ്ങാമെന്നായി; മുഖത്തു വിടർന്ന ചിരിയും വച്ചുകെട്ടിയിട്ടാവണം, അവർ മടങ്ങുകയും ചെയ്തു; അതിൽ മോശമൊന്നും കാണാനുമില്ല; എന്തെന്നാൽ വിജയത്തിനകമ്പടിയായി തികച്ചും ആഹ്ളാദപ്രദമായതെന്തെങ്കിലും കാണുമെന്നതിൽ ആർക്കു സംശയം? മടക്കം പക്ഷേ, അവർ മനസ്സിൽ കണ്ടപോലെ അത്ര സുകരമായിരുന്നില്ല. അഗമെമ്നോണിന്റെ സ്വീകരണം അവർ പ്രതീക്ഷിച്ചപോലെ ആഹ്ളാദത്തിന്റെ വെടിമുഴക്കങ്ങളും കരഘോഷങ്ങളുമൊക്കെയുള്ള ഒരേർപ്പാടായില്ല. കാറ്റുകൾ യുളീസസിനെതിരായി വീശി. പോസിഡോണിനുമുണ്ടായിരുന്നു പഴയൊരു കണക്കു തീർക്കാനെന്നതിനാൽ ഒരു നേരത്തേക്കു പോലും സ്വൈരമായൊരു യാത്ര അവർക്കു കിട്ടിയതുമില്ല. തന്റെ ആ അലച്ചിലുകൾക്കിടയിൽ രസകരമായ സാഹസപ്രവൃത്തികളിൽ ഏർപ്പെടാനും മറ്റൊരാളും അനുഭവിക്കാത്ത സുഖദുഃഖങ്ങളറിയാനും അയാൾക്കു കഴിഞ്ഞുവെന്നതു ശരിതന്നെ; സ്ത്രീകളുമായി കുഴഞ്ഞാടാൻ കിട്ടിയ അവസരങ്ങൾ അയാൾ പാഴാക്കിയിട്ടുമില്ല; അതയാൾക്കു പ്രയോജനം ചെയ്തുവെങ്കിൽ അത്രതന്നെ പ്രതിബന്ധവുമായി. സൈറനുകളുടെ പിടിയിൽ നിന്ന് അയാൾ കഷ്ടിച്ചൂരിപ്പോന്നുവെന്നേയുള്ളു. സത്സ്വഭാവികളും ഉറച്ച ജീവിതശൈലികളുള്ളവരുമെന്നു പറയാവുന്ന പുരുഷന്മാരെ പുറത്തു പറയാൻ കൊള്ളാത്ത മട്ടിൽ മാറ്റിത്തീർക്കുന്ന ഒരു സ്ത്രീയുടെ സാമീപ്യത്തിൽ ഈയാൾ കുറേ വർഷങ്ങൾ കഴിഞ്ഞിരുന്നു. ഒടുവിൽ നാട്ടിലെത്തുമ്പോൾ അയാൾ കേൾക്കുന്നത് ഒരു പറ്റം വിവാഹാർത്ഥികൾ തന്റെ വീട്ടിലെ സുഖസൌകര്യങ്ങളും അനുഭവിച്ചുകൊണ്ട് തന്റെ ഭാര്യയുടെ പിന്നാലെ കൂടിയിരിക്കുന്നു എന്നാണ്‌. കൈയിൽ കിട്ടിയ ഒരു പത്രക്കടലാസ്സിൽ എങ്ങോ വഴി തെറ്റി അലയുന്ന ഒരാളായി തന്നെ ചിത്രീകരിക്കുന്ന ഒരു റിപ്പോർട്ട് അയാൾ വായിക്കുന്നുമുണ്ട്. ആരുടെയും ശ്രദ്ധയിൽ വരാതെ പ്രച്ഛന്നവേഷത്തിൽ കഴിയുകയാണയാൾ; എന്നിട്ട് സമയമെത്തുമ്പോൾ താൻ ആരാണെന്ന് അയാള്‍ വെളിപ്പെടുത്തുകയുമാണ്‌; അയാൾ പ്രത്യക്ഷനാവുന്നതോടെ വരണാർത്ഥികൾ നാനാദിക്കിലേക്കും ചിതറിയോടുകയും അയാൾക്കു തന്റെ ഭാര്യയെ സമീപിക്കാമെന്നാവുകയുമാണ്‌.
1920 ജൂലൈ

വെർലേൻ - സാവിത്രി

KG04-Savitri

പ്രിയതമന്റെ പ്രാണനായി വ്രതമിരുന്നുവത്രെ സാവിത്രി,
മൂന്നു രാവും മൂന്നു പകലും ഒരു തൂണു പോലെ നിശ്ചലയായി,
ഒരു പേശി പോലും പിടയ്ക്കാതെ, ഒന്നു കണ്ണിമയ്ക്കാതെ,
വ്യാസൻ പറയുന്നു, ഒരു മരക്കുറ്റി പോലെ നിശ്ചേഷ്ടയായി.

സൂര്യന്റെ നിശിതരശ്മികൾക്കായില്ല, മലമുടികൾക്കു മേൽ
പരന്നൊഴുകിയ നിലാവിന്റെ നിശീഥാലസ്യത്തിനായില്ല,
ആ വിശ്വസ്തയുടെ, മഹിതാശയയായ ആ സ്ത്രീയുടെ
ശരീരം തളർത്താൻ, മനസ്സൊന്നു ചഞ്ചലിപ്പിക്കാൻ.

വിഷണ്ണനായ കറുത്ത ഘാതകൻ, വിസ്മൃതി നമ്മെ വളയട്ടെ,
മുഖം മുഷിഞ്ഞ ആസക്തി നമ്മെ അതിനുന്നമാക്കട്ടെ,
നിർമ്മമരാവുക നാം, സാവിത്രിയെപ്പോലെ,
ആത്മാവിലൌന്നത്യമുള്ളവരാവുക നാം, അവളെപ്പോലെ.


Friday, September 7, 2012

പ്ലേറ്റോ - ആസ്റ്റെർ

plato



ആസ്റ്റെർ

ഒരുകാലം നീ തിളങ്ങിയിരുന്നു,
ഒരുദയതാരമായി,
ജീവിച്ചിരിക്കുന്നവർക്കു മേൽ;
ഇന്നു നീ തിളങ്ങുന്നു,
ഒരു സാന്ധ്യതാരമായി,
മരിച്ചവർക്കു മേൽ.





ആസ്റ്റെർ
താരകളെ നോക്കിനിൽക്കുന്നുവോ നീ,
എന്റെ ഹൃദയതാരമേ?
ഞാനൊരാകാശമായെങ്കിൽ,
അത്രയും കണ്ണുകളാൽ നിന്നെ നോക്കുവാൻ!


പ്ളേറ്റോ പ്രേമിച്ചിരുന്ന ആസ്റ്റെർ (ഗ്രീക്കിൽ നക്ഷത്രം എന്നർത്ഥം) എന്ന ബാലൻ മരിച്ചപ്പോൾ എഴുതിയത്.

റോബർട്ട് വാൾസർ - ഹെർക്കുലീസ്

farnese-hercules

അത്യുജ്ജ്വലമായിരുന്നു അയാളുടെ ജനനം. എനിക്കു തെറ്റു പറ്റിയിട്ടില്ലെങ്കിൽ, ഒരവിഹിതബന്ധത്തിന്റെ പരിണതഫലമായിരുന്നു അയാൾ. ഒരു രാജകുമാരിയുടെയും ഒരു ദിവ്യാവരോഹണത്തിന്റെയും പുത്രൻ. അയാളുടെ പിതാവായ സിയൂസ് ഒരു രാത്രിയില്‍ ആംഫിട്രയോണിന്റെ ഭാര്യയുടെ കിടപ്പറയിൽ ഒളിച്ചുകയറുകയും അവരെ പ്രാപിക്കുന്നതിൽ വിജയം വരിക്കുകയും ചെയ്തു. അസാധാരണമായ ബലത്തിന്റെ സൂചനകൾ ബാലനായിരിക്കുമ്പോഴേ ഇയാൾ കാണിച്ചുതുടങ്ങിയിരിക്കുന്നു. കളികളും അതുമാതിരിയുള്ള വിഷയങ്ങളുമായിരിക്കണം അയാൾ ഇഷ്ടപ്പെട്ടിരിക്കുക. അയാളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് നമുക്കൊരു വിവരവും ഇല്ല. ആൾ പഠിക്കാൻ പോയിട്ടില്ല എന്നും വരാം. ബൌദ്ധികമെന്നതിനെക്കാൾ കായികമായ വികാസത്തിനാണ്‌ അയാൾ ഊന്നൽ കൊടുത്തതെന്ന് നമുക്കു തോന്നാം. അയാളുടെ വിദ്യാഭ്യാസം സമഗ്രമായിരുന്നില്ല എന്നതിനു നല്ല സാദ്ധ്യതയുമുണ്ട്. എന്തൊക്കെയായാലും ഒരു കാര്യത്തിൽ സംശയിക്കാനില്ല; അയാൾ ചെയ്തുകൂട്ടിയ ഐതിഹാസികയത്നങ്ങളുടെ കാര്യമാണു ഞാൻ പറയുന്നത്. ഉദാഹരണത്തിന്‌ ഒരു തൊഴുത്ത് അയാൾ തീര്‍ത്തും വെടിപ്പാക്കിയില്ലേ? ഇക്കാലത്ത് അതു വലിയൊരു കാര്യമൊന്നുമല്ലെന്നു സമ്മതിച്ചു. അത്രയുമല്ല, തന്റെ തനതായ ഊർജ്ജം കൊണ്ട് വിശാലമായൊരു ഭൂപ്രദേശത്തു നിന്ന് വകയ്ക്കു കൊള്ളാത്ത സകല പ്രാകൃതരെയും അയാൾ ആട്ടിയോടിച്ചു, ഒരു സിംഹത്താനുമായി വിജയകരമായി മല്ലു പിടിച്ചു, യാത്രക്കാരെ അവർക്കിഷ്ടമല്ലാത്തൊരു രീതിയിൽ നിരന്തരം ശല്യം ചെയ്തിരുന്ന  ഒരു പിടിച്ചുപറിക്കാരന്റെ കൈയും കാലും തല്ലിയൊടിക്കുകയും ചെയ്തു. ഒരായുസ്സിനുള്ളതു താന്‍ ചെയ്തുകഴിഞ്ഞതായി  ഈ അഭ്യാസിക്കു വിചാരം വന്ന കാലത്താണ്, തന്റെ കായക്ളേശങ്ങൾ കൊണ്ടു ക്ഷീണിക്കുകയും സമർഹമായൊരു വിശ്രമത്തിനായി അയാള്‍ ദാഹിക്കുകയും ചെയ്തപ്പോഴാണ്, ഒരു സ്ത്രീജനത്തെ കാണാനിടവരികയും അവർ അയാളെ വിശേഷപ്പെട്ട രീതിയിൽ ബന്ധനസ്ഥനാക്കുകയും ചെയ്യുന്നത്. കേൾവിപ്പെട്ട ഈ യോദ്ധാവ് പിന്നെ വെള്ളം കോരിക്കൊണ്ടു വരികയും കാലുറകൾ തുന്നുകയും തലയിണകൾ തട്ടിക്കുടയുകയും ഉരുളക്കിഴങ്ങിന്റെ തൊലി കളയുകയും ചെയ്തുവത്രെ. ഹാ, എന്തൊരധഃപതനം! പക്ഷേ അതിൽ പരാതി പറയാനുമുണ്ടോ? ഭീകരതകളെ കീഴമർത്തിയവനും മഹത്കൃത്യങ്ങളനുഷ്ഠിച്ചവനുമായ ഒരാൾക്ക് ഇപ്പോൾ പാത്രം കഴുകാനും  വീട്ടിൽ അടങ്ങിയൊതുങ്ങിക്കഴിയാനും അശക്തയായ ഒരു സ്ത്രീയുടെ വാക്കു കേട്ടു നടക്കാനും ഒരു കമ്പം തോന്നിയതാണെന്നും വന്നുകൂടേ? ഒരു വക്കാണക്കാരൻ സൌമ്യഹൃദയനും മര്യാദക്കാരനുമായി മാറി. ഇതുമാതിരി സംഗതികൾ നടക്കാറുണ്ട്. ഇതിലും മോശമായതിനു നാം ഇരയാവാതിരിക്കട്ടെ!
1920 മേയ്

 ആൽക്ക്മീനിയിൽ കമ്പം കയറിയ സിയൂസ് ഒരു രാത്രിയിൽ അവളുടെ ഭർത്താവായ ആംഫിട്രയോണിന്റെ രൂപമെടുത്ത് അവളെ പ്രാപിച്ചു. അതിൽ നിന്നാണ്‌ ഹെർക്കുലീസ് ജനിക്കുന്നത്. പില്ക്കാലത്ത് ഹെർക്കുലീസ് ലിഡിയയിലെ റാണിയുടെ അടിമയാകുന്നുണ്ട്; അവർ അദ്ദേഹത്തെ സ്ത്രീകളുടെ വേഷം ധരിപ്പിച്ച് മറ്റു സ്ത്രീകൾക്കൊപ്പം തുന്നല്പണിക്കു നിയോഗിക്കുകയും ചെയ്തു.


(Speaking to the Rose Writings, 1912-1932)


വെർലേൻ - ഇനിയൊരിക്കലുമില്ല

Jan_Preisler_-_Lovers2


ഓർമ്മകളേ, ഓർമ്മകളേ, ഇനിയും നിങ്ങളെന്തിനു പിന്നാലെ വരുന്നു?
നിറം കെട്ട മാനത്തു ശരൽക്കാലം കിളികളെ ചിറകേറ്റുകയായി,
തണുപ്പൻകാറ്റു മുരളുന്ന മഞ്ഞ പടർന്ന കാടുകളിൽ
സൂര്യനതിന്റെ വിരസരശ്മികൾ വാരിയെറിയുകയായി.

ഞങ്ങളൊറ്റയ്ക്കായിരുന്നു, സ്വപ്നാടകരെപ്പോലെ ഞങ്ങൾ നടന്നു,
അവൾ, ഞാൻ, കാറ്റിൽ പറന്ന മുടിയിഴകൾ, ചിന്തകൾ.
പിന്നെപ്പൊടുന്നനേ കണ്ണിലൊരു തിളക്കവുമായവൾ ചോദിച്ചു,
“ജീവിതത്തിലേതായിരുന്നു, നിങ്ങൾക്കത്രമേൽ പ്രിയപ്പെട്ട നാൾ?”

അവളുടെ ശബ്ദം, മാലാഖമാരുടെ ധ്വനിക്കുന്ന, മധുരശബ്ദം.
അതിനു മറുപടിയായി ഞാനൊന്നു മന്ദഹസിച്ചതേയുള്ളു,
ആ വെളുത്ത കൈയിൽ ഭവ്യമായൊന്നു ചുംബിച്ചതേയുള്ളു.

ഹാ, പ്രഥമപുഷ്പങ്ങൾ, എന്താണവയുടെ സമൃദ്ധപരിമളം!
ഹാ, വശ്യം കൊണ്ടെന്നപോലെ നമ്മെ ബന്ധിതരാക്കുന്നു,
ആദ്യമാ‘യതേ’യെന്നു മന്ത്രിക്കുന്ന, നാം സ്നേഹിക്കുന്ന ചുണ്ടുകൾ!


Nevermore

Souvenir, souvenir, que me veux-tu? L’automne
Faisait voler la grive à travers l’air atone,
Et le soleil dardait un rayon monotone
Sur le bois jaunissant où la bise détone.

Nous étions seul à seule et marchions en rêvant,
Elle et moi, les cheveux et la pensée au vent.
Soudain, tournant vers moi son regard émouvant:
«Quel fut ton plus beau jour!» fit sa voix d’or vivant,

Sa voix douce et sonore, au frais timbre angélique.
Un sourire discret lui donna la réplique,
Et je baisai sa main blanch, dévotement.

Ah! les premières fleurs, qu’elles sont parfumées!
Et qu’il bruit avec un murmure charmant
Le premier oui qui sort de lèvres bien-aimées!

 

Nevermore

translated by Ashmore Wingate (1904)

MEMORY, why bring me thither? Now the fear
Of Autumn drives the thrush through the wan sky,
The sun shines with a sad monotony
On yellowing woods where the north wind blows drear,
While we two walk with but each other near,
And thoughts with locks seem to be blown by.
Sudden she bends on mine a kindling eye;
Her voice of living gold so rich and clear,
Fresh as an angel's, asks, "which was most sweet
Of all your days?" For words, I smile discreet,
Kiss her white hand to show that it is dear.
Ah! how the earliest flowers give sweetest scent,
Ah! how deliciously it haunts the ear,
The first "Yes" that from well-loved lips there went.


link to image


Thursday, September 6, 2012

റോബർട്ട് വാൾസർ - മത്തങ്ങാത്തലയൻ

robert-walser-hat

ഒരിക്കൽ ഒരിടത്തൊരാളുണ്ടായിരുന്നു, അയാളുടെ കഴുത്തിൽ തലയുടെ സ്ഥാനത്ത് ഒരു പൊള്ളമത്തങ്ങയാണുണ്ടായിരുന്നത്. ഇതേതെങ്കിലും തരത്തിൽ അയാൾക്കു സഹായമായതുമില്ല. എന്നിട്ടും അയാളുടെ മോഹം ഒന്നാമനാവണമെന്നായിരുന്നു. അങ്ങനെയൊരാളായിരുന്നു അയാൾ. നാവിന്റെ സ്ഥാനത്ത് വായിൽ നിന്ന് ഒരോക്കില തൂങ്ങിക്കിടന്നിരുന്നു; പല്ലുകളാവട്ടെ, കത്തി കൊണ്ടു ചെത്തിയെടുത്തതായിരുന്നു. കണ്ണുകൾക്കു പകരം വട്ടത്തിൽ രണ്ടോട്ടകളായിരുന്നു. ഓട്ടകൾക്കുള്ളിൽ രണ്ടു മെഴുകുതിരിമുരടുകൾ മുനിഞ്ഞുകത്തുന്നുണ്ട്. അതാണയാളുടെ കണ്ണുകൾ. ദൂരക്കാഴ്ച കിട്ടാൻ അതയാൾക്കു സഹായമായതുമില്ല. എന്നിട്ടും അയാൾ പറഞ്ഞുനടന്നു, മറ്റുള്ളവരുടേതിനെക്കാൾ കേമമാണു തന്റെ കണ്ണുകളെന്ന്, ആ പൊങ്ങച്ചക്കാരൻ. ആ മത്തങ്ങാത്തലയിൽ അയാൾ ഒരു നീളൻതൊപ്പി വച്ചിരുന്നു; ആരെങ്കിലും അയാളോടു സംസാരിക്കാൻ നിന്നാൽ അയാൾ തൊപ്പിയെടുത്തു കൈയിൽ പിടിയ്ക്കും: അത്ര മര്യാദയായിരുന്നു, അയാൾക്ക്. ഈ മനുഷ്യൻ ഒരു ദിവസം നടക്കാനിറങ്ങി. പക്ഷേ കാറ്റൊന്നാഞ്ഞുവീശിയപ്പോൾ അയാളുടെ കണ്ണുകൾ കെട്ടുപോയി. ആ മെഴുകുതിരിമുരടുകളും വച്ച് അയാൾക്കു കരയാൻ തോന്നി; അയാൾക്കു വീട്ടിലേക്കുള്ള വഴി കാണാൻ പറ്റേണ്ടേ? രണ്ടു കൈ കൊണ്ടും ആ മത്തങ്ങാത്തല താങ്ങിപ്പിടിച്ച്  അയാൾ അവിടെയിരുന്നു; അയാൾക്കു മരിക്കാൻ തോന്നി. പക്ഷേ അയാളുടെ മരണവും പെട്ടെന്നുണ്ടായില്ല. ഒന്നാമതായി, അയാളുടെ വായിൽ നിന്ന് ആ ഓക്കില തിന്നുതീർക്കാനായി ഒരു ഇലതീനിപ്പാറ്റ വരേണ്ടിയിരുന്നു; അയാളുടെ മത്തങ്ങാത്തലയിൽ ഒരോട്ടയിടാനായി ഒരു കിളി വരേണ്ടിയിരുന്നു; ആ രണ്ടു മെഴുകുതിരിമുരടുകൾ എടുത്തുമാറ്റാനായി ഒരു കുട്ടി വരേണ്ടിയിരുന്നു. എങ്കിൽ അയാൾക്കു മരിക്കാം. പക്ഷേ പാറ്റ ഇല തിന്നു തീർത്തിട്ടില്ല, കിളി ഓട്ടയിടുന്നതേയുള്ളു, കുട്ടിയാവട്ടെ, മെഴുകുതിരിമുരടുകളും വച്ചു കളിക്കുകയുമാണ്‌.


റോബർട്ട് വാൾസർ (1878-1956) - സ്വിറ്റ്സർലന്റുകാരനായ ജർമ്മൻ നോവലിസ്റ്റും കഥാകൃത്തും കവിയും.


wiki link to robert walser


പെട്രോണിയസ് ആർബിറ്റെർ


Petronius_Arbiter_by_Bodart_1707

എന്റെ ദൈവമേ, അതെന്തുതരം രാത്രിയായിരുന്നു!
പതുപതുത്ത മെത്തയിൽ ഒട്ടിപ്പിടിച്ചു നാം കിടന്നു,
ഒരുമിച്ചു നാമെരിഞ്ഞു, നാം കിടന്നുരുണ്ടു.
അണ മുറിഞ്ഞൊഴുകിയ വികാരങ്ങൾ
ചുണ്ടുകൾക്കിടയിലൂടെ കുത്തിയൊലിച്ചു.
ആ പടുതിയിൽ കിടന്നു മരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ
ജീവിതമെന്ന ഏർപ്പാടിനോടന്നേ ഞാൻ വിട പറഞ്ഞേനെ.



പെട്രോണിയസ് ആർബിറ്റെർ (27-66) - നീറോയുടെ കാലത്തു ജീവിച്ചിരുന്ന റോമൻ കവി. സറ്റൈറിക്കോൺ എന്ന നോവൽ പ്രധാനകൃതി.

Monday, September 3, 2012

മീരോസ്ലാവ് ഹോലുബ് - പൂച്ച



പുറത്തു രാത്രിയായിരുന്നു,
അക്ഷരങ്ങളില്ലാത്ത പുസ്തകം പോലെ.
അരിപ്പ പോലത്തെ നഗരത്തിൽ നിന്ന്
നക്ഷത്രങ്ങളിലേക്കു നിത്യാന്ധകാരമിറ്റുവീണിരുന്നു.


ഞാനവളോടു പറഞ്ഞതാണ്
പോകരുതെന്ന്
പോയാൽ നീ കെണിഞ്ഞുപോകുമെന്ന്
വശീകരിക്കപ്പെട്ടുപോകുമെന്ന്
ഫലമില്ലാതെ വേദനിക്കുമെന്ന്.


പോകരുതെന്നു ഞാനവളോടു പറഞ്ഞു,
ഇല്ലായ്മയെ എന്തിനു കൊതിക്കണം?


പക്ഷേ ഒരു ജനാല തുറന്നപ്പോൾ
അവൾ പോയി,

കറുത്ത രാത്രിയിലേക്ക്
ഒരു കറുത്ത പൂച്ച ഇറങ്ങിപ്പോയി,
അവൾ അലിഞ്ഞുപോയി,
അവളെ ആരും പിന്നെ കണ്ടിട്ടുമില്ല,
അവൾ പോലും.


എന്നാൽ നിങ്ങൾക്കു ചിലപ്പോൾ
അവളനങ്ങുന്നതു കേട്ടുവെന്നു വരാം,
ഒരൊച്ചയുമില്ലാതിരിക്കുമ്പോൾ,
ഒരു വടക്കൻകാറ്റു വീശിവരുമ്പോൾ,
തനിയ്ക്കു തന്നെ കാതോർത്തു നിങ്ങളിരിക്കുമ്പോൾ.



link to image

Sunday, September 2, 2012

മീരോസ്ലാവ് ഹോലുബ് - ലോകാവസാനം


2230659140_212f87be2d


കിളി പാട്ടിന്റെ ഒടുവിലത്തെ വരിയിലെത്തിയിരുന്നു
അതിന്റെ നഖങ്ങൾക്കടിയിൽ മരം പൊടിഞ്ഞുതിരുകയായിരുന്നു

ആകാശത്തു മേഘങ്ങൾ പിരിഞ്ഞുകൂടുകയായിരുന്നു
ഭൂമിയെന്ന മുങ്ങുന്ന നൌകയുടെ വിടവുകളിലൂടെ
ഇരുട്ടൊലിച്ചിറങ്ങുകയായിരുന്നു.

ടെലിഗ്രാഫ് കമ്പികളിൽ മാത്രം
ഒരു സന്ദേശം
ഒച്ചപ്പെട്ടുകൊണ്ടിരുന്നു:

തി-.-രി..ച്ചു.-.വ...രൂ---
നി...ങ്ങ-.-ൾ...ക്ക്.--.
ഒ...രു.-.മ---ക...ൻ.-.
പി---റ-.-ന്നു---



link to image


വെർലേൻ - സ്വർണ്ണലിപിയിലെഴുതിയത്

verlaine

കല പൊറുപ്പിക്കില്ല കണ്ണീരിനെ, വിട്ടുവീഴ്ചകളെ,
അതാണെന്റെ കാവ്യാദർശം, ഒതുക്കിപ്പറഞ്ഞാൽ.
മനുഷ്യനോടടക്കവയ്യാത്ത വെറുപ്പാണു കവിത,
പൊട്ടപ്രണയത്തോടും മൂഢവൈരസ്യത്തോടുമുള്ള യുദ്ധവും.

എനിക്കറിയാം, കഠിനമാണാ മലകയറ്റമെന്ന്,
താഴെ നിന്നു നോക്കുമ്പോൾ പരുക്കനാണാ പാതയെന്ന്,
എനിക്കറിയാം. എനിക്കറിയാം ബലം കെട്ട കാലുകളും
കഫം കുറുകുന്ന നെഞ്ചുമാണു മിക്ക കവികൾക്കുമുള്ളതെന്നും.

മഹത്വമെന്നാൽ പക്ഷേ, തൃഷ്ണയെ മതിക്കായ്ക,
ജീവിതവുമായി പൊരിഞ്ഞ യുദ്ധം ചെയ്തു ജയിക്കുക;
വികാരത്തിന്റെ നുകക്കീഴിൽ നിന്നു വിമുക്തി നേടുക.

സ്വപ്നദർശികളോ, അലസമായ സസ്യജീവിതം ജീവിക്കും,
ദുരിതത്തിന്റെ കുപ്പക്കൂനകളായി ദേശങ്ങളുയർന്നടിയും,
മഹത്വമെന്നാൽ കൃഷ്ണശിലയെപ്പോലെ സ്വാശ്രയമാവുക.
(1866)