Wednesday, October 12, 2011

ലോര്‍ക്ക - വിലാപഗീതം: മൗനത്തിന്‌


മൗനമേ, എവിടെയ്ക്കു  കൊണ്ടുപോകുന്നു,
നീ നിന്റെ ജനാലച്ചില്ലിനെ,
ചിരി കൊണ്ട്, വാക്കുകൾ കൊണ്ട്,
മരങ്ങളുടെ തേങ്ങലുകൾ കൊണ്ടു മങ്ങിയതിനെ?
മൗനമേ, എങ്ങിനെ നീ കഴുകിക്കളയും,
നിന്റെ മേലാടയുടെ പ്രശാന്തശുഭ്രതയിൽ നിന്നും
ഗാനങ്ങളുടെ തുഷാരകണങ്ങളെ,
വിദൂരസാഗരങ്ങളുടെ മുഖരമായ പാടുകളെ?
പാടത്തു തേവുന്ന പഴയൊരു ചക്രം
നിന്റെ ചില്ലിലൂടൊരലസബാണമയക്കുമ്പോൾ
ആരാ മുറിവുണക്കും?
എവിടെയ്ക്കു നീ പോകും,
അസ്തമയനേരത്തു
മണിനാദങ്ങൾ നിന്നെ മുറിപ്പെടുത്തിയാൽ,
പാട്ടുകളുടെ പറവപ്പറ്റങ്ങൾ കൊണ്ടു
നിന്റെ തടാകങ്ങൾ ശിഥിലമായാൽ,
നീലമലകളിൽ കണ്ണീർത്തുള്ളികളായി
സുവർണ്ണമർമ്മരങ്ങൾ പൊഴിഞ്ഞാൽ?

നിന്റെ നീലിമയെ ചീളുകളാക്കുകയാണു
ഹേമന്തവായു,
ഏതോ കുളിരരുവിയുടെ അമർന്ന വിലാപം
നിന്റെ തോപ്പുകളെ ഛേദിച്ചും പോകുന്നു.
കൈ വയ്ക്കുന്നേടത്തു നീ കാണുന്നതു
ചിരിയുടെ മുള്ളുകൾ,
വികാരത്തിന്റെ പൊള്ളുന്ന മഴുപ്രഹരം.
നക്ഷത്രങ്ങൾക്കിടയിലും
നീലക്കിളികളുടെ ഭവ്യമന്ത്രണം
നിന്റെ മുഖപടം മാറ്റുന്നുവല്ലോ.

ശബ്ദത്തെ വിട്ടു പാഞ്ഞാലും
ശബ്ദം തന്നെയാകുന്നു നീ:
സംഗീതത്തിന്റെ പ്രേതാത്മാവ്,
വിലാപത്തിന്റെ, ഗാനത്തിന്റെ പുകച്ചുരുൾ.
ഇരുണ്ട രാത്രികളിൽ
ഞങ്ങളെത്തേടി നീയെത്തുന്നു,
അനന്തതയെ ഞങ്ങളുടെ ചെവികളിലോതാൻ,
നിശ്വാസമില്ലാതെ, ചുണ്ടുകളില്ലാതെ.

നക്ഷത്രങ്ങൾ കൊണ്ടു തുളഞ്ഞതേ,
സംഗീതം കൊണ്ടു വിളഞ്ഞതേ, മൗനമേ,
പാവനമായ ഉറവകൾ വറ്റി,
ശ്രുതിമധുരമായ എട്ടുകാലിവലകളിൽ കുടുങ്ങിയ നീ,
നീ എവിടെയ്ക്കു  കൊണ്ടുപോകുന്നു,
മനുഷ്യാതീതമായ നിന്റെ ശോകത്തെ?

ചിന്തകളുടെ മേഘഛായ വീശിയ നിന്റെ തിരകളിൽ
ഇന്നു ശബ്ദങ്ങളുടെ ചാരവും
പ്രാക്തനശോകങ്ങളുമൊഴുകിപ്പോകുന്നു.
നിലവിളികളുടെ മാറ്റൊലികൾ
എന്നെന്നേക്കുമായടങ്ങിയിരിക്കുന്നു,
ഇന്നവ ജഡമായൊരു കടലിന്റെ വിദൂരാരവം.

ഉറക്കത്തിലാണു  യഹോവയെങ്കിൽ
മൗനമേ,
ആ ദീപ്തസിംഹാസനമേറു നീ,
അവന്റെ തലയ്ക്കു മേൽ
തവിഞ്ഞൊരു നക്ഷത്രമെടുത്തുവയ്ക്കൂ,
പ്രകാശത്തിന്റെ നിത്യസംഗീതത്തെ നിശ്ശബ്ദമാക്കൂ.
ദൈവത്തിനും കാലത്തിനും മുമ്പുള്ള
നിത്യരാത്രിയിലേക്കു പിന്നെ നീ മടങ്ങൂ,
അലസം നീയൊഴുകിവന്ന
ആ ഉറവിലേക്ക്.

1920 ജൂലൈ


ലോര്‍ക്കയുടെ വര


No comments: