Friday, August 10, 2012

വെർലെയ്ൻ - അവസാനത്തെ പ്രതീക്ഷ

Paul_Verlaine_by_Ladislas_Loevy

സിമിത്തേരിയിൽ ഒരു മരം,
ഒരു പരേതനെയുമാദരിക്കാനല്ലാതെ;
ഒരു കന്മതിലിനരികിലതു വളരുന്നു,
തനിയേ, ആരും പരിപാലിക്കാനില്ലാതെ.

വേനലും മഞ്ഞുകാലവും ഭേദമില്ലാതെ
അതിന്മേലിരുന്നൊരു കിളി പാടുന്നു,
വിശ്വസ്തതയുടെ വിഷാദഗാനം;
ആ മരം, ആ കിളി, നീയും ഞാനുമാണവ.

ഓർമ്മ നീ, ഞാൻ അഭാവം,
ഘടികാരം രേഖപ്പെടുത്തിയ ഗമനം...
ഹാ, ഒരിക്കൽക്കൂടി നിന്റെ ദാസനായെങ്കിൽ!

ഒരിക്കൽക്കൂടി ജീവിക്കാൻ! എന്റെ മാലാഖേ,
മരവിച്ച ശൂന്യത എന്റെയുടൽ തട്ടിയെടുത്തുവല്ലോ.
പറയൂ, നിന്റെ ഓർമ്മയിലെങ്കിലും ഞാൻ ശേഷിക്കില്ലേ?

(1893)


No comments: