Thursday, January 31, 2013

ഹിൽഡെ ഡൊമിൻ - കൊളോൺ

Hilde Domin

 


മുങ്ങിപ്പോയ നഗരം
മുങ്ങിയത്
എനിക്കു മാത്രമായിരുന്നു.

ഈ തെരുവുകളിലൂടെ
ഞാൻ ഒഴുകിനടക്കുന്നു.
അന്യർ നടക്കുന്നു.

പഴയ വീടുകൾക്ക്
ചില്ലു കൊണ്ടുള്ള
പുതിയ വലിയ വാതിലുകൾ.

മരിച്ചവരും ഞാനും
ഞങ്ങളൊഴുകുന്നു
ഞങ്ങളുടെ പഴയ വീടുകളുടെ
പുതിയ വാതിലുകളിലൂടെ.


ഹിൽഡെ ഡൊമിൻ (1909-2006)- ജർമ്മനിയിലെ കൊളോണിൽ ജനിച്ചു. നാസികൾ അധികാരത്തിലെത്തിയപ്പോൾ റോമിലേക്കു കുടിയേറി. 1939ൽ ഇംഗ്ളണ്ടിലേക്കും 40ൽ ഡൊമിനിക്കൻ റിപ്പബ്ളിക്കിലേക്കും താമസം മാറ്റി. 54ൽ തിരിയെ ജർമ്മനിയിലെത്തി. പതിനാലു കൊല്ലം താൻ താമസിച്ച ഡൊമിനിക്കൻ റിപ്പബ്ളിക്കിന്റെ ഓർമ്മക്കായി 51ൽ ഡൊമിൻ എന്ന പേരു സ്വീകരിച്ചു.


Cologne

The sunken city

Sunk

for me alone

I swim

in these streets.

Others walk.

The old houses

have large new doors

of glass.

The dead and I

we swim

through the new doors

of our old houses.


തിയോഡർ സ്പെൻസർ - ദിവസം

Theodore Spencer

 


ദിവസം ആദ്യമൊരു വർഷമായിരുന്നു,
കുട്ടികൾ പൂന്തോട്ടത്തിലോടിനടന്ന കാലം.
ദിവസം ഒരു മാസമായിച്ചുരുങ്ങി,
കുട്ടികൾ പന്തു തട്ടി നടന്ന കാലം.

ദിവസം ഒരാഴ്ചയായി പിന്നെ,
യുവാക്കൾ പൂന്തോട്ടത്തിലുലാത്തുന്ന കാലം;
ദിവസം ഒരു ദിവസം തന്നെയായി,
പ്രണയത്തിനുയരം വച്ച കാലം.

ദിവസം ഒരു മണിക്കൂറായിച്ചുരുങ്ങി,
കിഴവന്മാർ പൂന്തോട്ടത്തിൽ വേയ്ച്ചുനടന്ന കാലം;
ദിവസം നിത്യതയായി ദീർഘിക്കും,
അതൊന്നുമല്ലാതാകുന്ന കാലം.


തിയോഡർ സ്പെൻസർ (1902-1949)- അമേരിക്കൻ കവിയും അക്കാഡമിക്കും.


വിസ്വാവ ഷിംബോർസ്ക - ഹിറ്റ്ലറുടെ ആദ്യത്തെ ഫോട്ടോ

hitler300x263

 


അല്ല, ഇതാരാണീ കുഞ്ഞുടുപ്പിട്ട ചങ്ങാതി?
ഇതു നമ്മുടെ അഡോൾഫല്ലേ, ഹിറ്റ്ലർ ദമ്പതികളുടെ പുന്നാരമോൻ!
ഇവൻ വളരുമ്പോഴാരാവും, ഡോക്ടർ അറ്റ് ലാ,
അതോ, വിയന്നാ ഓപ്പെറയിലെ ടെനർ ഗായകൻ?
ആരുടെ കുഞ്ഞിക്കൈയാണിത്,
ആരുടെ കുഞ്ഞുകണ്ണുകൾ, കാതുകൾ, മൂക്കും?
ആരുടെ ഉണ്ണിക്കുടവയറാണിത്, അതിനിയും നമുക്കറിയാറായിട്ടില്ല.
പ്രസ്സുടമ, ഡോക്ടർ, ബിസിനസ്സുകാരൻ, പള്ളിവികാരി?
ഈ കുഞ്ഞിക്കാലുകൾ എവിടെക്കാണവനെ കൊണ്ടുപോവുക?
ഉദ്യാനത്തിലേക്ക്, സ്കൂളിലേക്ക്, ഓഫീസിലേക്ക്, കല്യാണത്തിലേക്ക്?
ഇനിയഥവാ, മേയറുടെ മകളുടെയടുത്തേക്കോ?

കുഞ്ഞുമാലാഖ പോലോമന, അമ്മയുടെ പുന്നാരമകൻ,
ഒരു കൊല്ലം മുമ്പവൻ പിറന്നപ്പോൾ
ഭൂമിയിലുമാകാശത്തും ശുഭശകുനങ്ങളെത്രയായിരുന്നു:
വസന്തകാലസൂര്യൻ, ജനാലപ്പടിയിൽ ജറേനിയം പൂക്കൾ,
മുറ്റത്തു തെരുവുഗായകരുടെ സംഗീതം,
ഇളംചുവപ്പു കടലാസ്സിൽ പൊതിഞ്ഞ ഭാഗ്യചിഹ്നം.
പിന്നെ അവനെ പ്രസവിക്കുന്നതിനു തൊട്ടു മുമ്പ്
അമ്മ കണ്ട പ്രവചനം പോലത്തെ സ്വപ്നവും.
മാടപ്രാവിനെ സ്വപ്നം കണ്ടാൽ അതെത്രയും വിശേഷമത്രെ.
അതിനെ കൈയിൽ കിട്ടിയാൽ
ചിരകാലം പ്രതീക്ഷിച്ചിരുന്ന ഒരതിഥി വന്നുചേരുമത്രെ.
ആരാണു മുട്ടുന്നത്?
അഡോൾഫിന്റെ കുഞ്ഞുഹൃദയം മിടിക്കുന്നതല്ലേയത്!

ഡയപ്പർ, കിലുക്കാംപെട്ടി, കളിവണ്ടി,
ദൈവമേ, നമ്മുടെ ഓമനമകൻ എന്തൊരു ചുണക്കുട്ടൻ,
അവന്റെ സ്വന്തക്കാരെപ്പോലെ തന്നെ,
കൂടയിലൊരു പൂച്ചക്കുട്ടിയെപ്പോലെ,
മറ്റേതു കുടുംബഫോട്ടോയിലെയും കുഞ്ഞുങ്ങളെപ്പോലെ തന്നെ.
ശ്ശോ, കരയല്ലേ, കുട്ടാ,
ആ കറുത്ത മൂടിക്കുള്ളിൽ നിന്ന് ക്യാമറ ഇപ്പോൾ ക്ളിക്കു ചെയ്യും.

ക്ളിംഗർ സ്റ്റുഡിയോ, ഗ്രാബൻ റോഡ്, ബ്രമൻ.
ബ്രമൻ ചെറുതെങ്കിലും അന്തസ്സുള്ള നഗരവുമാണ്‌-
നേരും നെറിയുമുള്ള സ്ഥാപനങ്ങൾ,
മര്യാദക്കാരായ അയൽക്കാർ,
പുളിക്കുന്ന മാവിന്റെ, സോപ്പിന്റെ മണങ്ങൾ.
നായ്ക്കൾ ഓരിയിടുന്നതോ വിധിയുടെ കാൽപെരുമാറ്റമോ
ഇവിടെയാരും കേൾക്കുന്നില്ല.
ഒരു ചരിത്രാധ്യാപകൻ തന്റെ കോളറയച്ചിടുന്നു,
കുട്ടികളുടെ ഗൃഹപാഠം നോക്കി കോട്ടുവായിടുന്നു.

hitler


Hitler's First Photograph
-------Wislawa Szymborska


And who's this little fellow in his itty-bitty robe?
That's tiny baby Adolf, the Hitlers little boy!
Will he grow up to be an LL.D.?
Or a tenor in Vienna's Opera House?
Whose teensy hand is this, whose little ear and eye and nose?
Whose tummy full of milk, we just don't know:
printer's, doctor's, merchant's, priest's?
Where will those tootsy-wootsies finally wander?
To garden, to school, to an office, to a bride,
maybe to the Burgermeister's daughter?
Precious little angel, mommy's sunshine, honeybun,
while he was being born a year ago,
there was no dearth of signs on the earth and in the sky:
spring sun, geraniums in windows,
the organ-grinder's music in the yard,
a lucky fortune wrapped in rosy paper,
then just before the labor his mother's fateful dream:
a dove seen in dream means joyful news,
if it is caught, a long-awaited guest will come.
Knock knock, who's there, it's Adolf's heartchen knocking.
A little pacifier, diaper, rattle, bib,
our bouncing boy, thank God and knock on wood, is well,
looks just like his folks, like a kitten in a basket,
like the tots in every other family album.
Shush, let's not start crying, sugar,
the camera will click from under that black hood.
The Klinger Atelier, Grabenstrasse, Braunau,
and Braunau is small but worthy town,
honest businesses, obliging neighbors,
smell of yeast dough, of gray soap.
No one hears howling dogs, or fate's footsteps.
A history teacher loosens his collar
and yawns over homework.


--- Stanislaw Baranczak and
Clare Cavenagh, translators
from The People on the Bridge


Wednesday, January 30, 2013

ഇവാൻ ഗോൾ - യൂറോപ്പിന്റെ പരേതാത്മാക്കൾക്കായി ഒരു വിലാപഗീതം (1915)

2000YardStare-1link to image

 


വിലപിക്കട്ടെ ഞാൻ,
സ്വന്തം കാലത്തിൽ നിന്നു പുറപ്പെട്ടുപോയ പുരുഷന്മാർക്കത്രയുമായി;
വിലപിക്കട്ടെ ഞാൻ,
കിളികളെപ്പോലെ കൂജനം ചെയ്തിരുന്ന ഹൃദയങ്ങൾ കൊണ്ടിന്നലറിക്കരയുന്ന സ്ത്രീകൾക്കായി;
നഷ്ടപ്പെട്ട ഭർത്താക്കന്മാരെയോർത്തു വിളക്കുവെട്ടത്തിലിരുന്നു യുവവിധവകൾ തേങ്ങുമ്പോൾ
കുറിച്ചിടട്ടെ, പട്ടികയിൽ ചേർക്കട്ടെ ഞാനോരോ വിലാപവും;
ഉറങ്ങാൻ നേരത്തു പിതാവായ ദൈവത്തെ വിളിച്ചു കരയുന്ന കുഞ്ഞുങ്ങളുടെ
തുടുത്ത ശബ്ദങ്ങളെനിക്കു കേൾക്കാം;
ഓരോ ചുമരിലുമെനിക്കു കാണാം,
പണ്ടെന്നപോലെ മന്ദഹാസം തൂകുന്ന മുഖങ്ങളുടെ മാല ചാർത്തിയ ഫോട്ടോകൾ;
ഓരോ ജനാലയ്ക്കു പിന്നിലുമുണ്ടു പെൺകിടാങ്ങൾ, ഏകാകിനികൾ,
പൊള്ളുന്ന കണ്ണുകളിൽ കണ്ണീരിന്റെ തിളക്കവുമായി;
ഓരോ പൂന്തോപ്പിലും വിടർന്നുനിൽക്കുന്നുണ്ടു ലില്ലിപ്പൂക്കൾ,
ഏതോ കുഴിമാടമലങ്കരിക്കാനെന്നപോലെ;
ഓരോ തെരുവിലും അതിമന്ദമായി  നീങ്ങുന്നുണ്ടു വണ്ടികൾ,
ഏതോ ശവസംസ്കാരത്തിനെന്നപോലെ;
ഏതു ദേശത്തെയുമേതു നഗരത്തിലും നിങ്ങൾക്കു കേൾക്കാം,
മരണമറിയിക്കുന്ന കൂട്ടമണികളുടെ നാദം;
ഓരോ ഹൃദയത്തിലുമുണ്ടൊരു ദീനനിവേദനം,
ഞാനതു കേൾക്കുന്നു, ഓരോ നാളു ചെല്ലുന്തോറും തെളിഞ്ഞുതെളിഞ്ഞു വരുന്നതായി.



Requiem for the Dead of Europe [1915]

Let me lament the exodus of so many men from their time;
Let me lament the women whose warbling hearts now scream;
Every lament let me note and add to the list,
When young widows sit by lamplight mourning for husbands lost;
I hear the blonde-voiced children crying for God their father at bedtime;
On every mantelpiece stand photographs wreathed with ivy, smiling, true to the past;
At every window stand lonely girls whose burning eyes are bright with tears;
In every garden lilies are growing, as though there’s a grave to prepare;
In every street the cars are moving more slowly, as though to a funeral;
In every city of every land you can hear the passing-bell;
In every heart there’s a single plaint,
I hear it more clearly every day.


ഇവാൻ ഗോൾ - ക്ളെയറിന്‌

yvan Goll

 


നിന്നെ ഞാൻ കണ്ടെടുത്തതെഫീസസ് ഉദ്യാനത്തിൽ നിന്നോ?
സായാഹ്നം പൂക്കൾ വിടർത്തിയ എന്റെ കൈക്കുമ്പിളിൽ
ലവംഗപുഷ്പങ്ങൾ പോലെയായിരുന്നു നിന്റെ കുറുനിരകൾ.

നിന്നെ ഞാൻ പിടിച്ചതു കിനാവിന്റെ തടാകത്തിൽ നിന്നോ?
ആറ്റുവഞ്ഞികൾ വളരുന്ന കരയിൽ ചൂണ്ടയുമായി ഞാനിരുന്നു,
ചൂണ്ടച്ചരടിൽ ഹൃദയം കോർത്തു നിനക്കു നേർക്കു ഞാനെറിഞ്ഞു.

നിന്നെ ഞാൻ കണ്ടതു മണൽക്കാടിന്റെ പാഴ്പ്പരപ്പിൽ വച്ചോ?
നീയായിരുന്നു, എനിക്കാകെ ശേഷിച്ച മരം,
എന്റെ ആത്മാവിനവസാനത്തെക്കനിയും.

ഇന്നു നിന്റെ നിദ്രയിലൊതുങ്ങിക്കൂടി ഞാൻ കിടക്കുന്നു,
നിന്റെ പ്രശാന്തതയ്ക്കുള്ളിലാഴത്തിൽ പൂണ്ടിറങ്ങി,
രാത്രി പോലിരുണ്ട പുറന്തോടിലൊരു ബദാമിന്റെ പരിപ്പു പോലെ.


ഇവാൻ ഗോളിന്റെ അവസാനത്തെ കവിത. മരണക്കിടക്കയിൽ വച്ച് ഭാര്യയായ ക്ളെയറിനെഴുതിയത്.


Monday, January 21, 2013

വീസ്വാവ ഷിംബോർസ്ക - തിരക്കേറിയ തെരുവുകളിൽ വച്ച് എന്നെ പിടികൂടുന്ന ചിന്തകൾ

EDSK.    Picture by Gavin Trafford.   <br /><br />Hope Street Feast.<br />Crowds flocked to Hope Street.<br />link to image

 


മുഖങ്ങൾ.
കോടിക്കണക്കായ മുഖങ്ങൾ ഭൂമിയുടെ പ്രതലത്തിൽ.
ഓരോ മുഖവും വ്യത്യസ്തമാണെന്നാണു വയ്പ്,
ഇല്ലാതായ മുഖങ്ങളിൽ നിന്ന്, ഉണ്ടാവാനുള്ള മുഖങ്ങളിൽ നിന്നും.
പക്ഷേ പ്രകൃതി- അവളെ ആരു മനസ്സിലാക്കിയിരിക്കുന്നു?-
എന്നും ഒരേതരം പ്രവൃത്തി നിരന്തരം ചെയ്തു മുഷിഞ്ഞപ്പോൾ
പഴയ ആശയങ്ങൾ ആവർത്തിച്ചുവെന്നു വരാം,
അണിഞ്ഞു മുഷിഞ്ഞ മുഖങ്ങൾ
നമുക്കെടുത്തു തന്നുവെന്നു വരാം.

ആ കടന്നുപോയത് ജീൻസിട്ട ആർക്കിമെഡീസാവാം,
പഴഞ്ചൻ വേഷത്തിൽ ആ പോയത് കാതറൈൻ റാണിയാവാം,
കറുത്ത കണ്ണടയും വച്ച്, ബ്രീഫ് കേസുമായി നടന്നുപോയത് ഒരു ഫറവോനും.

ഇത്രയും വിപുലമാകാത്തൊരു വാഴ്സയിലെ
നഗ്നപാദനായ ചെരുപ്പുകുത്തിയുടെ വിധവയാവാം മറ്റേത്,
അൽറ്റാമിരായിലെ ഗുഹാചിത്രകാരനാവാം
പേരക്കുട്ടികളെയും കൊണ്ട് മൃഗശാലയിലേക്കു പോകുന്നത്,
കാഴ്ചബംഗ്ളാവിൽ സ്വയം മറന്നുനിൽക്കാൻ പോകുന്ന മറ്റേയാൾ
ഒരു വാൻഡൽ ആയിരിക്കണം.

ഇരുന്നൂറു നൂറ്റാണ്ടു മുമ്പ്,
അഞ്ചു നൂറ്റാണ്ടു മുമ്പ്,
അര നൂറ്റാണ്ടു മുമ്പ് മരിച്ചുപോയവർ.

സ്വർണ്ണരഥത്തിൽ വഹിച്ചുകൊണ്ടു പോയവർ,
കഴുമരത്തിലേക്ക് വണ്ടിയിലിട്ടുകൊണ്ടു പോയവർ.

മോണ്ടെസുമ, കൺഫൂഷ്യസ്, നെബുചദ്നെസ്സാർ,
അവരുടെ ആയമാർ, അവരുടെ അലക്കുകാരികൾ, ബാബിലോൺ റാണിമാർ,
എല്ലാവരും പക്ഷേ ഇംഗ്ളീഷ് സംസാരിക്കുന്നവർ.

കോടിക്കണക്കായ മുഖങ്ങൾ ഭൂമിയുടെ പ്രതലത്തിൽ.
നിങ്ങളുടെ, എന്റെ, ആരുടേതും-
ഏതു മുഖങ്ങളെന്നു നിങ്ങളറിയാൻ പോകുന്നില്ല.
കള്ളക്കളിയെടുക്കുകയാണു പ്രകൃതിയെന്നു വരാം,
ആളുകൾക്കനുസരിച്ചു മുഖങ്ങളില്ലാതെ വന്നപ്പോൾ
മറവിയുടെ കണ്ണാടിയിൽ മുങ്ങിത്താണ മുഖങ്ങളെ
പൊക്കിയെടുത്തുകൊണ്ടു വരികയാണവളെന്നു വരാം.


 

Thoughts Haunting Me in Busy Streets

Faces.
Billions of faces on the surface of the world.
Supposedly each different
from those that were and will be.
But Nature—and who can really tell—
maybe tired from constant work
repeats her former ideas
and puts on us faces
already worn.

Maybe Archimedes in jeans is passing you by,
Catherine the Great in second-hand clothes,
one of the pharaohs with a briefcase, in glasses. 

A widow of a barefoot cobbler
from a still small Warsaw,
the master from the cave of Altamira
taking grandchildren to the zoo,
a shaggy Vandal on the way to a museum
to get his delight.

Some who fell two hundred centuries ago,
five centuries ago
and half a century ago.

Someone transported here in a gilded carriage,
someone in a cart to the scaffold.

Montezuma, Confucius, Nebuchadnezzar,
their nannies, their laundresses and Semiramis,
speaking only in English.

Billions of faces on the surface of the world.
Your face, mine, whose—
you will never find out.
Maybe Nature must cheat,
and to keep pace, and to keep up
she starts to cast for what is sunk
in the mirror of oblivion.


Sunday, January 20, 2013

ഗുസ്താവ് അഡോൾഫ് ബക്വെർ - എന്താണു കവിത...

becquer 1

 


ഒരു ചുംബനത്തിനായി...


ഒരു നോട്ടത്തിനായി, ഒരു ലോകം;
ഒരു പുഞ്ചിരിക്കായി, ഒരാകാശം;
ഒരു ചുംബനത്തിനായി...എനിക്കറിയില്ല,
ഒരു ചുംബനത്തിനായി ഞാനെന്തുതന്നെ നൽകില്ലെന്ന്.


എന്താണു കവിത...


എന്താണു കവിത?
നിന്റെ നീലക്കണ്ണുകൾ
എന്റെ കണ്ണുകളിൽ തറച്ചുകൊണ്ട്
നീ ചോദിക്കുന്നു.
എന്താണു കവിത!
അതു നീ എന്നോടു ചോദിക്കുന്നു?
കവിത...അതു നീ തന്നെ.


വീസ്വാവ ഷിംബോർസ്ക - പുരാവസ്തുശാസ്ത്രം

AY_HS1_1.jpeglink to image

 


എന്റെ രംഗത്തു നാം കുറേയൊക്കെ പുരോഗതി നേടിയിരിക്കുന്നുവെന്നു തോന്നുന്നു,
അങ്ങനെയല്ലേ, സാധുമനുഷ്യാ.
നിങ്ങളെന്നെ ആദ്യമായി പുരാവസ്തുശാസ്ത്രം എന്നു വിളിച്ചതില്പിന്നെ
സഹസ്രാബ്ദങ്ങൾ കടന്നുപോയിരിക്കുന്നു.

എനിക്കിപ്പോൾ നിങ്ങളുടെ ശിലാദൈവങ്ങളെ ആവശ്യമില്ലെന്നായിരിക്കുന്നു,
തകർന്ന ശേഷിപ്പുകളിൽ നിന്നു വായിച്ചെടുക്കാവുന്ന ശാസനങ്ങളും.

നിങ്ങളുടേതായ എന്തെങ്കിലുമൊന്നെനിക്കു കാണിച്ചുതരൂ,
നിങ്ങളെന്തായിരുന്നുവെന്നു ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം.
എന്തിന്റെയെങ്കിലും മേൽഭാഗം,
എന്തിന്റെയെങ്കിലും അടിഭാഗം.
ഒരെഞ്ചിന്റെ തുണ്ട്,
ഒരു പിക്ച്ചർ റ്റ്യൂബിന്റെ കഴുത്ത്.
ഒരിഞ്ചു കേബിൾ,
പൊടിഞ്ഞുവീണ വിരലുകൾ.
അതിൽക്കുറവായാലും മതി,
അതു തന്നെ വേണമെന്നുമില്ല.

നിങ്ങൾക്കന്നറിയാതിരുന്ന ഒരു പ്രയോഗത്താൽ
എണ്ണമറ്റ വസ്തുക്കളിൽ നിന്നു ഞാൻ
ഓർമ്മകളെ ഇളക്കിവിടാം.
ചോരപ്പാടുകൾ മായില്ല.
അസത്യങ്ങൾ തിളങ്ങിനിൽക്കും.
രഹസ്യചിഹ്നങ്ങൾ മാറ്റൊലിക്കും.
സന്ദേഹങ്ങളും ലക്ഷ്യങ്ങളും വെളിച്ചപ്പെടും.

വേണമെന്നെനിക്കു തോന്നിയാൽ
(അതു നിങ്ങളത്രയ്ക്കുറപ്പിക്കുകയും വേണ്ട)
നിങ്ങളുടെ മൌനത്തിന്റെ തൊണ്ടയിലൂടെ ഞാനകത്തേക്കു പാളിനോക്കും,
നിങ്ങളുടെ കൺകുഴികളിൽ നിന്ന്
നിങ്ങളുടെ കാഴ്ചപ്പാടുകൾ ഞാൻ വായിച്ചെടുക്കും,
മരണമല്ലാതെ ജീവിതത്തിൽ നിന്നു നിങ്ങളെന്തു പ്രതീക്ഷിച്ചിരുന്നുവെന്ന്
സൂക്ഷ്മവിശദമായി ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കും.

താനവശേഷിപ്പിച്ചുപോയ സ്വന്തം ശൂന്യതയെ
നിങ്ങളെനിക്കു കാണിച്ചുതരൂ,
ഞാനതിൽ നിന്നു കെട്ടിപ്പൊക്കാം ഒരു കാടും ഒരു രാജവീഥിയും,
ഒരു വിമാനത്താവളവും ഒരു ഹീനതയും ഒരാർദ്രതയും,
നഷ്ടബോധം തോന്നുന്നൊരു വീടും.

നിങ്ങളെഴുതിയ കൊച്ചുകവിത കാണിച്ചുതരൂ,
എന്തുകൊണ്ടാണതു നേരത്തേ അല്ലെങ്കിൽ
പിന്നീടെഴുതാതിരുന്നതെന്നു ഞാൻ കാണിച്ചുതരാം.

ഏയ് വേണ്ട, ഞാൻ പറഞ്ഞതു നിങ്ങൾ കാര്യമായിട്ടെടുത്തു.
കുത്തിക്കുറിച്ച ആ കടലാസ്സുതുണ്ടു നിങ്ങളുടെ കൈയിൽത്തന്നെയിരിക്കട്ടെ.
എന്റെ ആവശ്യം നടത്താനിത്രയേ വേണ്ടു:
നിങ്ങൾക്കു മേൽ വീണ ഒരട്ടി മണ്ണും
എന്നോ മാഞ്ഞുപോയ കരിഞ്ഞ മണവും.


Archaeology

Well, my poor man,
seems we’ve made some progress in my field.
Millennia have passed since
you first called me archaeology.
I no longer require
your stone gods,
your ruins with legible inscriptions.
Show me your whatever
and I’ll tell you who you were.
Something’s bottom, something’s top.
A scrap of engine. A picture tube’s neck.
An inch of cable. Fingers turned to dust.
Or even less than that, or even less.
Using a method
that you couldn’t have known then,
I can stir up memory
in countless elements.
Traces of blood are forever.
Lies shine.
Secret codes resound.
Doubts and intentions come to light.
If I want to
(and you can’t be too sure
that I will),
I’ll peer down the throat of your silence,
I’ll read your views
from the sockets of your eyes,
I’ll remind you in infinite detail
of what you expected from life besides death.
Show me your nothing
that you’ve left behind
and I’ll build from it a forest and a highway,
an airport, baseness, tenderness,
a missing home.
Show me your little poem
and I’ll tell you why it wasn’t written
any earlier or later than it was.
Oh no, you’ve got me wrong.
Keep your funny piece of paper
with its scribbles.
All I need for my ends
is your layer of dirt
and the long gone
smell of burning.

— from The People on the Bridge (trans. Stanislaw Baranczak & Clare Cavanagh)


Saturday, January 19, 2013

ഗുസ്താവ് അഡോൾഫ് ബക്വെർ - നിന്റെ മന്ദഹാസത്തിന്റെ നിഴൽ...

bcquer1

 


നിന്റെ മന്ദഹാസത്തിന്റെ നിഴൽ...


നിന്റെ മന്ദഹാസത്തിന്റെ നിഴൽ
ഉദയം,
നിന്റെ കണ്ണുകൾ വീശുന്ന കതിർ
പകൽവെളിച്ചം,
നിന്റെ ഹൃദയം പക്ഷേ,
ഒരു ഹേമന്തരാത്രി:
ഉറഞ്ഞതും ഇരുളടഞ്ഞതും.



നിന്റെ വിടർന്ന കണ്ണുകൾക്കു വായിക്കാനായി

(എലിസായ്ക്ക്)

നിന്റെ വിടർന്ന കണ്ണുകൾക്കു വായിക്കാനായി,
നിന്റെ തെളിഞ്ഞ ശബ്ദത്തിനു പാടുവാനായി,
നിന്റെ നെഞ്ചിനെ വികാരം കൊണ്ടു നിറയ്ക്കാനായി,
ഞാനെന്റെ കവിതകളെഴുതി.

നിന്റെ നെഞ്ചിലഭയം കണ്ടെത്തട്ടെയവയെന്നതിനായി,
ജീവനും യൌവനവുമൂഷ്മളതയുമവയ്ക്കു ലഭിക്കട്ടെയെന്നതിനായി
(എനിക്കു നൽകാനാവാത്ത മൂന്നെണ്ണമാണവ)
ഞാനെന്റെ കവിതകളെഴുതി.

എന്റെയാനന്ദത്തിൽ നീ സന്തോഷിക്കട്ടെയെന്നതിനായി,
എന്റെ ശോകത്തിൽ നീ വേദനിക്കട്ടെയെന്നതിനായി,
എന്റെ ജീവന്റെ സ്പന്ദനം നീയറിയട്ടെയെന്നതിനായി,
ഞാനെന്റെ കവിതകളെഴുതി.

നിന്റെ ചാരുതയ്ക്കു മുന്നിൽ കാഴ്ച വയ്ക്കാനായി,
എന്റെ ജീവിതത്തിന്റെയും പ്രണയത്തിന്റെയും നൈവേദ്യമായി,
ഹൃദയവും ഭഗ്നസ്വപ്നങ്ങളും ചിരിയും കണ്ണീരുമായി
ഞാനെന്റെ കവിതകളെഴുതി.


വീസ്വാവ ഷിംബോർസ്ക - ഒരു പെൺകുഞ്ഞ് മേശവിരി മേൽ പിടിച്ചു വലിക്കുന്നു

szymborska

 


അവൾ ഈ ലോകത്തു വന്നിട്ട് ഒരു കൊല്ലത്തിനു മേലായിരിക്കുന്നു.
ഈ ലോകത്തുള്ള സർവതും അവളിനിയും പരിശോധിച്ചു കഴിഞ്ഞിട്ടില്ല,
കൈയിലെടുത്തു പെരുമാറിയിട്ടില്ല.

ഇന്നത്തെ അന്വേഷണവിഷയം
തന്നെത്താനനങ്ങാൻ കൂട്ടാക്കാത്ത വസ്തുക്കളത്രെ.

അവയെ നീങ്ങാൻ സഹായിക്കേണ്ടതല്ലേ?
ഉന്തിയും വലിച്ചും നിരക്കിയും
അവയെ ഇളക്കിപ്രതിഷ്ഠിക്കേണ്ടതല്ലേ?

അനങ്ങാൻ കൂട്ടാക്കാത്തവരും കൂട്ടത്തിലുണ്ട്;
ഉദാഹരണത്തിന്‌ അലമാര, ബുൿഷെല്ഫ്, മേശ, പിടിവാശിക്കാരായ ചുമരുകൾ.

അതേ സമയം അനങ്ങാപ്പാറയായ മേശയ്ക്കു മേലുള്ള വിരി
-തുമ്പത്തു വേണ്ടവിധം പിടിച്ചു വലിച്ചാൽ-
യാത്ര ചെയ്യാനുള്ള ഒരു സന്നദ്ധതയൊക്കെ പ്രകടിപ്പിക്കുന്നുണ്ട്.

ഗ്ളാസ്സുകൾ, പാത്രങ്ങൾ, കരണ്ടികൾ, കുടുവൻ കിണ്ണം എന്നിവ
ആഗ്രഹം കൊണ്ട് ഒരുവിധം നന്നായി വിറയ്ക്കുന്നുമുണ്ട്.

മേശയുടെ വക്കത്തെത്തി വിറ പൂണ്ടു നിൽക്കുമ്പോൾ
ചലനത്തിന്റെ ഏതു രൂപമാവും അവ കൈക്കൊള്ളുക?
അവ മച്ചുരുമ്മിപ്പറക്കുമോ?
വിളക്കിനു ചുറ്റും പറന്നുനടക്കുമോ?
ജനാലപ്പടിയിലേക്കും അവിടെ നിന്നു പുറത്തൊരു മരത്തിലേക്കും ചാടിക്കയറുമോ?

ബഹുമാനപ്പെട്ട ന്യൂട്ടണ്‌ ഈ വിഷയത്തിൽ ഒന്നും പറയാനില്ല.
അദ്ദേഹം സ്വർഗ്ഗത്തിരുന്നു താഴേക്കു നോക്കി കൈ വീശട്ടെ.

ഈ പരീക്ഷണം പൂർത്തിയാക്കാതെ പറ്റില്ല.
അതു പൂർത്തിയാക്കുകയും ചെയ്യും.


A Little Girl Tugs At The Tablecloth
She's been in this world for over a year,
and in this world not everything's been examined
and taken in hand.
The subject of today's investigation
is things that don't move by themselves.
They need to be helped along,
shoved, shifted,
taken from their place and relocated.
They don't all want to go, e.g., the bookshelf,
the cupboard, the unyielding walls, the table.
But the table cloth on the stubborn table
-- when well-seized by its hems --
manifests a willingness to travel.
And the glasses, plates,
creamer, spoons, bowl,
are fairly shaking with desire.

It's fascinating,
what form of motion will they take,
once they're trembling on the brink:
will they roam across the ceiling?
fly around the lamp?
hop onto the windowsill and from there to a tree?

Mr. Newton still has no say in this.
Let him look down from the heavens and wave his hands.

This experiment must be completed.
And it will.

—Wislawa Szymborska
(translated, from the Polish, by
Stanislaw Baranczak and
Clare Cavanagh)


വീസ്വാവ ഷിംബോർസ്ക - നമുക്കീ ലോകത്തെ അകം പുറമറിയാമായിരുന്നു

vet_article-small_11402




നമുക്കീ ലോകത്തെ അകം പുറമറിയാമായിരുന്നു:
രണ്ടു മുഷ്ടികൾക്കുള്ളിലൊതുങ്ങുന്നത്രക്കതു ചെറുതായിരുന്നു,
ഒരു പുഞ്ചിരി കൊണ്ടു വിവരിക്കാവുന്നത്ര സരളമായിരുന്നു,
പ്രാർത്ഥനകളിൽ മുഴങ്ങുന്ന പഴയ സത്യങ്ങൾ പോലത്ര സാധാരണമായിരുന്നു.

ചരിത്രം നമ്മെ എതിരേറ്റതു വിജയഭേരി മുഴക്കിയിട്ടായിരുന്നില്ല:
അതു നമ്മുടെ കണ്ണുകളിൽ പൊടിമണൽ വാരിയെറിഞ്ഞു.
നമുക്കു മുന്നിൽ എവിടെയുമെത്താത്ത വഴികളായിരുന്നു,
വിഷം കലക്കിയ കിണറുകളായിരുന്നു, കയ്ക്കുന്ന അപ്പവും.

യുദ്ധം ചെയ്തു നമുക്കു കിട്ടിയതീ വിജ്ഞാനമായിരുന്നു:
രണ്ടു മുഷ്ടികൾക്കുള്ളിലൊതുങ്ങുന്നത്ര വലുതാണു ലോകമെന്ന്,
ഒരു പുഞ്ചിരി കൊണ്ടു വിവരിക്കാവുന്നത്ര ദുഷ്കരമാണതെന്ന്,
പ്രാർത്ഥനകളിൽ മുഴങ്ങുന്ന പഴയ സത്യങ്ങൾ പോലത്രയസാധാരണമാണതെന്ന്.



We used to know the world inside out:
It was so small that it fitted into two clenched fists,
So easy, that it could be described with a smile,
As ordinary as the echo of old truths in a prayer.
History did not greet us with a victorious fanfare:
It poured dirty sand into our eyes.
Before us there were roads, distant and blind,
Poisoned wells, bitter bread.
Our war loot was information about the world:
It is so big that it fits into two clenched fists,
So difficult that it can be described with a smile,
As strange as the echo of old truths in a prayer.

Friday, January 18, 2013

വീസ്വാവ ഷിംബോർസ്ക - മേഘങ്ങൾ

Clouds_em

 


മേഘങ്ങളെ വിവരിക്കണമെങ്കിൽ
ഞാൻ ശരിക്കും തിടുക്കപ്പെടേണ്ടിവരും-
ഒരു നിമിഷാർദ്ധം മതി,
അവയ്ക്കു രൂപം പകരാൻ.

അവയ്ക്കു പണ്ടേയുള്ള സ്വഭാവമാണ്‌-
ഒരു രൂപം, നിറം, നില ഇതൊന്നും
ഒരിക്കൽ കാണുന്നതല്ല പിന്നീട്.

ഒരോർമ്മയുടെയും ഭാരമില്ലാതെ
വസ്തുതകൾക്കു മേലനായാസമായി അവയൊഴുകുന്നു.

അല്ലെങ്കിലെന്തിനാണവ സാക്ഷി നിൽക്കുക?
എന്തെങ്കിലുമൊന്നു സംഭവിക്കേണ്ട താമസം,
അവ ചിതറിമാറുകയായി.

മേഘങ്ങളോടു താരതമ്യം ചെയ്താൽ
ജീവിതത്തിനടിയുറപ്പുണ്ട്,
അതിനു സ്ഥിരതയുണ്ടെന്നു പറയാം,
അതു നിത്യമാണെന്നു കൂടി പറയാം.

മേഘങ്ങളെ വച്ചു നോക്കുമ്പോൾ
ഒരു കല്ലിനെപ്പോലും നമുക്കു സഹോദരനെന്നു പറയാം,
നിങ്ങൾക്കു വിശ്വാസമർപ്പിക്കാവുന്നതൊന്ന്;
അവയോ, സ്വഭാവസ്ഥിരതയില്ലാത്ത അകന്ന ബന്ധുക്കളും.

മനുഷ്യർ വേണമെങ്കിൽ ജീവിച്ചോട്ടെ,
പിന്നെ ഓരോരുത്തരായി മരിച്ചോട്ടെ,
അങ്ങു താഴെ അവരെന്തു ചെയ്യുന്നുവെന്നത്
മേഘങ്ങൾക്കൊരു പ്രശ്നമേയല്ല.

അങ്ങനെ ആ പ്രതാപികളുടെ ഘോഷയാത്ര കടന്നുപോകുന്നു,
നിങ്ങളുടെ ആകെജീവിതത്തിനു മേൽ,
ഇനിയുമപൂർണ്ണമായ എന്റെ ജീവിതത്തിനു മേൽ.

നാം പോയിക്കഴിഞ്ഞാൽ അവ മറഞ്ഞുപോകണമെന്നില്ല,
തങ്ങളൊഴുകിനീങ്ങുന്നതാരെങ്കിലും കണ്ടുനിൽക്കണമെന്നുമവയ്ക്കില്ല.


CLOUDS

I’d have to be really quick
to describe clouds -
a split second’s enough
for them to start being something else.

Their trademark:
they don’t repeat a single
shape, shade, pose, arrangement.

Unburdened by memory of any kind,
they float easily over the facts.

What on earth could they bear witness to?
They scatter whenever something happens.

Compared to clouds,
life rests on solid ground,
practically permanent, almost eternal.

Next to clouds
even a stone seems like a brother,
someone you can trust,
while they’re just distant, flighty cousins.

Let people exist if they want,
and then die, one after another:
clouds simply don't care
what they're up to
down there.

And so their haughty fleet
cruises smoothly over your whole life
and mine, still incomplete.

They aren't obliged to vanish when we're gone.
They don't have to be seen while sailing on.

Translated by Stanislaw Baranczak and Clare Cavanagh  


ബർത്തോൾഡ് ബ്രഹ്ത് - യുദ്ധകാലകവിതകൾ

Bertold_Brecht

 


1


ആഹാരത്തെക്കുറിച്ചു സംസാരിക്കുന്നതു  താഴ്ന്ന പണിയാണെന്നാണ്‌
ഉയർന്നവരുടെ വിചാരം.
വസ്തുതയെന്തെന്നാൽ:
അവർ ആഹാരം കഴിച്ചുകഴിഞ്ഞിരിക്കുന്നു.

ഒരിക്കൽപോലും നല്ല ഇറച്ചിയുടെ രുചിയറിയാതെ
താഴ്ന്നവർ ഈ ലോകം വിട്ടുപോകണം.

തങ്ങൾ എവിടെ നിന്നു വരുന്നു
എവിടെയ്ക്കു പോകുന്നു എന്ന ചിന്തയുടെ ഒടുവിൽ
സുന്ദരസായാഹ്നങ്ങളിൽ
അവർ തളന്നുകിടന്നുപോകുന്നു.

മലകളും വൻകടലും കാണാതെ തന്നെ
അവരുടെ കാലം കഴിയുന്നു.

താഴ്ന്നതിനെക്കുറിച്ചു ചിന്തിക്കാതിരുന്നാൽ
താഴ്ന്നവർ ഒരിക്കലും ഉയരുകയുമില്ല.


2


നേതാക്കൾ സമാധാനത്തെക്കുറിച്ചു സംസാരിക്കുമ്പോൾ
ജനങ്ങൾക്കറിയാം യുദ്ധം വരാറായെന്ന്
നേതാക്കൾ യുദ്ധത്തെ ശപിക്കുമ്പോൾ
പടനീക്കത്തിനുള്ള ഉത്തരവിറങ്ങിക്കഴിഞ്ഞുമിരിക്കുന്നു.


3


തലപ്പത്തുള്ളവർ പറയുന്നു,
യുദ്ധവും സമാധാനവും വ്യത്യസ്തവസ്തുക്കളാണെന്ന്.
അവരുടെ സമാധാനവും അവരുടെ യുദ്ധവും പക്ഷേ,
കാറ്റും കൊടുങ്കാറ്റും പോലെയാണെന്നേയുള്ളു.

അവരുടെ സമാധാനത്തിൽ നിന്ന്
യുദ്ധമാണു പിറക്കുക
അമ്മയിൽ നിന്നു മകനെന്നപോലെ
ആ മകനിൽ കാണാം
അമ്മയുടെ പേടിപ്പെടുത്തുന്ന മുഖലക്ഷണങ്ങൾ.

അവരുടെ യുദ്ധം കൊന്നുകളയുന്നു
സമാധാനം ബാക്കി വച്ചതെന്തെങ്കിലുമുണ്ടെങ്കിൽ
അതിനെ.


4


തലപ്പത്തുള്ളവർ പറയുന്നു
ഇതു മഹത്വത്തിലേക്കുള്ള വഴി
താഴെക്കിടക്കുന്നവർ പറയുന്നു
ഇതു ശവക്കുഴിയിലേക്കു വഴി


5


വരാനുള്ള യുദ്ധം ആദ്യത്തേതല്ല
അതിനു മുമ്പേ വേറെയും യുദ്ധങ്ങളുണ്ടായിരിക്കുന്നു.
അവസാനത്തേതിനൊടുവിൽ
തോറ്റവരും തോല്പിച്ചവരുമുണ്ടായി
തോറ്റവർക്കിടയിൽ
സാധാരണക്കാർ പട്ടിണി കിടന്നു
തോല്പിച്ചവർക്കിടയിലും
സാധാരണക്കാർ പട്ടിണി കിടന്നു


6


തലപ്പത്തുള്ളവർ പറയുന്നു
സൌഹൃദമാണു പട്ടാളത്തിൽ നടപ്പെന്ന്
അടുക്കളയിൽ ചെന്നാൽ മതി
ഇതിന്റെ നേരറിയാൻ
അവരുടെ നെഞ്ചിലുള്ളത്
ഒരേ ധീരത തന്നെ
അവരുടെ പാത്രങ്ങളിൽ പക്ഷേ
രണ്ടു തരം റേഷനും


7


മാർച്ചു ചെയ്തുപോകുമ്പോൾ മിക്കവർക്കുമറിയില്ല
മുന്നിൽ മാർച്ചു ചെയ്യുന്നതു ശത്രു തന്നെയാണെന്ന്
തങ്ങൾക്കു കല്പനകൾ നൽകുന്ന ശബ്ദം
തങ്ങളുടെ ശത്രുവിന്റെ തന്നെ ശബ്ദമാണെന്ന്
ശത്രുവിനെക്കുറിച്ചു സംസാരിക്കുന്ന ആ മനുഷ്യൻ
തങ്ങളുടെ ശത്രു തന്നെയാണെന്ന്


8


ജനറൽ താങ്കളുടെ ടാങ്ക് കരുത്തുറ്റ വാഹനം തന്നെ
കാടുകൾ വെട്ടിനിരത്താനതു മതി
ഒരു നൂറു മനുഷ്യരെ ഞെരിച്ചുകൊല്ലാനും
പക്ഷേ അതിനൊരു കുറവുണ്ട്
അതിനു ഡ്രൈവർ വേണം

ജനറൽ താങ്കളുടെ ബോംബർ കരുത്തുറ്റതു തന്നെ
അതു കൊടുങ്കാറ്റിനെക്കാൾ വേഗത്തിൽ പായും
ഒരാനയെക്കാളധികം ഭാരം വഹിക്കും
പക്ഷേ അതിനൊരു കുറവുണ്ട്
അതിനു മെക്കാനിക്കു വേണം

ജനറൽ മനുഷ്യനെക്കൊണ്ടൊരുപാടുപയോഗമുണ്ട്
അവൻ പറക്കും അവൻ കൊല്ലും
പക്ഷേ അവനൊരു കുറവുണ്ട്
അവൻ ചിന്തിക്കും


Thursday, January 17, 2013

ഷുൻടാരോ തനിക്കാവ - വളർച്ച

Tanikawa_1

 


വയസ്സു മൂന്ന്
എനിക്കു ഭൂതകാലമേ ഉണ്ടായിരുന്നില്ല

വയസ്സഞ്ച്
എന്റെ ഭൂതകാലം ഇന്നലെ വരെ എത്തിയിരുന്നു

വയസ്സേഴ്
എന്റെ ഭൂതകാലം കുടുമ വച്ച സമുരായികൾ വരെ എത്തിയിരുന്നു

വയസ്സു പതിനൊന്ന്
എന്റെ ഭൂതകാലം ദിനോസാറുകൾ വരെ എത്തിയിരുന്നു

വയസ്സു പതിനാല്‌
എന്റെ ഭൂതകാലം സ്കൂളിലെ പാഠപുസ്തകങ്ങളുമായി ഒത്തുപോയിരുന്നു

വയസ്സു പതിനാറ്‌
എന്റെ ഭൂതകാലമെന്ന അനന്തതയെ ഞാൻ ഭീതിയോടെ കാണുന്നു

വയസ്സു പതിനെട്ട്
എന്നെക്കുറിച്ച് ഒരു വസ്തുവും എനിക്കറിയുന്നില്ല


ഷുൻടാരോ തനിക്കാവ- 1931ൽ ജനിച്ച ജാപ്പനീസ് കവി.


ജ്യോത്സ്നാ മിലൻ - നിരന്തരം

1228629443_angles-every_woman_is_a_tree-2008link to image

 


പെട്ടെന്നു കാൽച്ചുവട്ടിലേക്കു നോക്കുമ്പോൾ
ഞാൻ ഭീതയായിപ്പോയി:
വർഷങ്ങൾക്കു മുമ്പ്
എന്നെ നട്ടുവച്ചിടത്തു തന്നെ
നിൽക്കുകയാണു ഞാൻ.
സർവരും എന്റെ മേൽ കൊണ്ടുവന്നു തൂക്കുകയാണ്‌,
അവർക്കു തോന്നിയതൊക്കെ:
സഞ്ചി, തൊപ്പി, ടൌവൽ,
അല്ലെങ്കിൽ തങ്ങളുടെ തളർച്ച.
ഇതുവരെ ഞാൻ കരുതിയതോ,
നിരന്തരചലനത്തിലായിരുന്നു ഞാനെന്നും.



വീസ്വാവ ഷിംബോർസ്ക - നാടകചിന്തകൾ

The-curtain-call-after-th-001link to image

 


എന്റെ കാര്യം പറയുകയാണെങ്കിൽ
ആറാമങ്കമാണ്‌ ദുരന്തനാടകത്തിൽ ഏറ്റവും പ്രധാനമായി
എനിക്കു തോന്നിയിട്ടുള്ളത്:
അപ്പോഴാണു മരിച്ചവർ അരങ്ങിലെ യുദ്ധക്കളത്തിൽ നിന്നെഴുന്നേറ്റു നിൽക്കുന്നതും,
വിഗ്ഗുകളും കിന്നരിയുടുപ്പുകളും നേരേ പിടിച്ചിടുന്നതും,
നെഞ്ചത്തു നിന്നു കഠാരകൾ വലിച്ചൂരുന്നതും,
കഴുത്തിൽ നിന്നു കൊലക്കയറെടുത്തു മാറ്റുന്നതും,
ജീവനോടിരിക്കുന്നവരോടൊപ്പം നിന്ന്
സദസ്സിനെ അഭിമുഖീകരിക്കുന്നതും.

പിന്നെ അഭിവാദനങ്ങൾ, ഒറ്റയായും കൂട്ടായും-
മുറിവേറ്റ നെഞ്ചിനു മേൽ വച്ച വെളുത്ത കൈ,
ഉപചാരത്തോടെ തല കുനിക്കുന്ന ആത്മഘാതി,
താണുയരുന്ന ഒരു ശിരസ്സ്, മുമ്പേ അറ്റുകിടന്നത്.

രണ്ടുപേരായുള്ള അഭിവാദനങ്ങൾ-
രോഷം ശാലീനതയ്ക്കു കൈ കൊടുക്കുന്നു,
പീഡകന്റെ കണ്ണുകളിൽ നോക്കി ഇരയുടെ മന്ദഹാസം,
പരാതികളൊന്നുമില്ലാതെ സ്വേച്ഛാധിപതിക്കൊപ്പം നടക്കുന്ന വിപ്ളവകാരി.

ഒരു സുവർണ്ണപാദുകത്തിനടിയിൽ ഞെരിഞ്ഞമരുന്ന നിത്യത,
ഒരു തൊപ്പിയുടെ ചുഴറ്റലിൽ നിഷ്കാസിതമാവുന്ന ധാർമ്മികമൂല്യങ്ങൾ,
എല്ലാം വീണ്ടും നാളെയാവാർത്തിക്കാനുള്ള സന്നദ്ധത.

പിന്നെ കടന്നുവരികയായി, ഒറ്റ വരിയായി, മുമ്പു മരിച്ചവർ,
മൂന്നാമത്തെയോ നാലാമത്തെയോ അങ്കത്തിൽ, അല്ലെങ്കിൽ രംഗങ്ങൾക്കിടയിൽ.
ഒരു പാടും ശേഷിപ്പിക്കാതെ മറഞ്ഞുപോയവരുടെ അത്ഭുതകരമായ മടക്കം.
അണിയറയിൽ ക്ഷമയോടെ കാത്തുനിൽക്കുകയായിരുന്നു അവർ,
മുഖത്തെ ചായം തേച്ചുകളയാതെ, വേഷമഴിക്കാതെ എന്ന ചിന്ത
നാടകത്തിലെ ഏതൂപാലംഭങ്ങളെക്കാളും ഹൃദയസ്പർശിയായി എനിക്കു തോന്നുന്നു.

ഏറ്റവും ഹൃദയോന്നമനക്ഷമമായ ഭാഗം പക്ഷേ,
തിരശ്ശീല വീഴുന്ന രംഗമത്രെ,
അതു നിലം തൊടുന്നതിനു മുമ്പ് നിങ്ങൾക്കു കണ്ണില്പെടുന്നത്:
ഒരു കൈയതാ, ഒരു പൂവു കടന്നെടുക്കുന്നു,
മറ്റൊരു കൈ താഴെ കിടക്കുന്ന വാൾ എത്തിയെടുക്കുന്നു.
അപ്പോഴാണ്‌ അദൃശ്യമായ മൂന്നാമതൊരു കൈ
അതിന്റെ കർത്തവ്യം നിറവേറ്റിക്കൊണ്ട്
എന്റെ കഴുത്തിൽ കയറിപ്പിടിക്കുന്നതും.


 

Theatrical Impressions - Wislawa Szymborska

Translated from the Polish by Adam Czerniawski
In tragedy I find the sixth act most important:
when they arise from stage battlefields,
adjust their wigs and robes,
pull out the knife from the breast,
remove the noose from the neck,
stand in line amongst the living
facing the audience.
Bows individual and collective:
a white hand on a wounded heart,
a suicide curtseying,
a beheaded nodding.
Bows in pairs:
fury offering an arm to gentleness,
the victim gazing blissfully into the torturer's eyes,
the revolutionary ungrudgingly marching with the tyrant.
Eternity squashed with the toe of a golden slipper.
Morals dispersed with the brim of a hat.
An incorrigible readiness to repeat it all tomorrow.
A file of those who died much earlier
in acts three and four and between the acts.
The miraculous return of those vanished without trace.
The thought that in the wings they patiently waited
not shedding their costumes
not taking off their make-up
moves me more than tragic tirades.
But truly uplifting is the falling curtain
and what can still be glimpsed beneath it:
here a hand hastily grabs a flower,
there another snatches a dropped sword.
Only then a third, unseen,
accomplishes its task:
grips me by the throat.


Wednesday, January 16, 2013

ജ്യോത്സ്നാ മിലൻ - രാത്രി

jyotsna milan


ഒരമ്മയുടെ പകലാണാദ്യം തുടങ്ങുക,
വെള്ളി പൊട്ടുമ്പോൾ.
അതാണൊടുവിലവസാനിക്കുന്നതും.
അമ്മയുടെ രാത്രികളെന്നും ഹ്രസ്വം,
അവരുടെ പകലുകൾ ദീർഘവും,
രാത്രിയിലേക്കു നീളുന്നതും.
ആരുമതു കാണുന്നില്ല,
അമ്മയുടെ രാത്രിയിലേക്ക്
പകലിന്റെ കടന്നുകയറ്റമാണതെന്ന്.
ഉറങ്ങുമ്പോഴവരെപ്പോഴും
കാലുകൾ ചേർത്തുവയ്ക്കും-
ബാക്കി വന്ന രാത്രിയിൽ
മടങ്ങിക്കൂടി ഒരമ്മ.
അമ്മയുടെ രാത്രികൾക്കു നീളമില്ല,
ഒന്നു നിവർന്നു കിടക്കാൻ കൂടി.


(1941ൽ ബോംബൈയിൽ ജനിച്ച ഹിന്ദി കവയിത്രി)



മരീന സ്വെറ്റെയേവ - എവിടെ നിന്നാണിത്രയുമാർദ്രത

marina-tsvetaeva


(ഒസീപ് മാൻഡൽഷ്ടമ്മിന്‌)

എവിടെ നിന്നാണിത്രയുമാർദ്രത?
ഞാനാദ്യം തഴുകിയ ചുരുൾമുടിയിതല്ല,
നിന്റേതിലുമിരുണ്ട ചുണ്ടുകളിൽ
പണ്ടു ഞാൻ ചുംബിച്ചുമിരിക്കുന്നു.

നക്ഷത്രങ്ങളുദിച്ചസ്തമിക്കുമ്പോൾ
(എവിടെ നിന്നാണിത്രയുമാർദ്രത?)
മറ്റു കണ്ണുകളെന്നിലേക്കടുത്തിരുന്നു,
എന്നിൽ നിന്നവയകന്നുപോയിരുന്നു.

നീ പാടിയ പോലാരും പാടിക്കേട്ടില്ല,
(എവിടെ നിന്നാണിത്രയുമാർദ്രത?)
രാത്രിയിലിരുട്ടിൽ നിന്റെ  മാറിൽ
തല ചായ്ച്ചു ഞാൻ കിടക്കുമ്പോൾ.

എവിടെ നിന്നാണിത്രയുമാർദ്രത?
ഞാനിതുകൊണ്ടെന്തു ചെയ്യാൻ,
എനിക്കപരിചിതനായ ഗായകാ?
നിന്റേതെത്ര നീണ്ട കൺപീലികൾ!

 


ആന്ദ്രേ ബല്ലോ - റൂബിയ

andresbello




അൾത്താരകളിൽ നൈവേദ്യങ്ങളർപ്പിക്കുമ്പോൾ റൂബിയാ,
ദേവകളോടു ഞാനർത്ഥിക്കുന്നതെന്തെന്നു നിനക്കറിയുമോ?
സൂര്യപടസമൃദ്ധികളല്ല, സമ്പുഷ്ടദേശങ്ങൾക്കവകാശമല്ല,
ഉദരാർത്തി ശമിപ്പിക്കാൻ വിഭവസമ്പന്നമായ മേശയുമല്ല.

അരാഗ്വയുടെ കോണിലെനിക്കൊരു തുണ്ടു നിലം മതി,
അതു കനിഞ്ഞുനൽകുന്ന സരളാനന്ദങ്ങളുണ്ടായാൽ മതി,
ചെത്തിത്തേക്കാതെ പുല്ലു മേഞ്ഞ വീടിനു തൊട്ടരികിൽ
കല്ലുകൾക്കിടയിലൂടെ കളകളമൊഴുകുന്നൊരരുവി മതി.

ഊഷ്മളമായ ഗ്രീഷ്മത്തിലെനിക്കു തണലു പകരാൻ
എന്റെ വളപ്പിൽ മരങ്ങൾ തിങ്ങിയൊരു കാവു വേണം,
അരളിയും പനയുമതില്‍ നടു നിവർത്തി നിൽക്കണം.

തൃപ്തൻ, ഈയഭയത്തിൽക്കിടന്നു മരിക്കാനെനിക്കായാൽ,
പ്രാണനെന്നെയും വിട്ടുപോകുമ്പോൾ നിന്റെ ചുണ്ടിൽ
യാത്രാമൊഴിയായൊരു ചുംബനമർപ്പിക്കാനെനിക്കായാൽ.



ആന്ദ്രേ ബല്ലോ (1781-1865) - ചിലിയൻ, വെനിസുവേലൻ കവിയും ചിന്തകനും ഭാഷാശാസ്ത്രജ്ഞനും.

Tuesday, January 15, 2013

കാർലോ ബുഗാറിൻ - ഞാൻ

George_Romney_-_Two_Lovers_-_Google_Art_Projectlink to image




നിന്റെ കൈ നക്കുന്ന സാധുവായ നായ ഞാൻ,
നിന്റെ നെഞ്ചു കീറിപ്പൊളിക്കുന്ന സിംഹവും ഞാൻ.
നിന്നെത്തേടി കരഞ്ഞുവിളിക്കുന്ന ശിശുവാണു ഞാൻ,
നിന്റെ കിടക്കയിൽ നിന്റെയൊപ്പം കിടക്കുന്ന ഭൂതവും.


നിന്റെ പലായനത്തിലൊപ്പമലയുന്ന നിഴലു ഞാൻ,
നിനക്കു കണ്ടിട്ടറിയാതെവരുന്ന സർവമാനജീവികളും.
നിന്റെ മുടി തഴുകിപ്പോകുന്ന മൃദുവായ തെന്നൽ ഞാൻ,
പല ശബ്ദങ്ങൾക്കിടയിലൊരതിവിദൂരശബ്ദവും.


ഒരു മൂകസാക്ഷി ഞാൻ, പടർന്നുകേറുന്ന വള്ളി ഞാൻ,
നിന്റെ പൊള്ളുന്ന കണ്ണീരിനൊരു കൂട്ടുകാരൻ;
നീയാളിക്കത്തിക്കുന്ന തീക്കുണ്ഡത്തിനെണ്ണയും നാളവും,
ഇത്ര നാൾ നീ കാത്തിരുന്നവനുമാണു ഞാൻ.


നിന്റെ ചിന്തകൾ ഞാനൌത്സുക്യത്തോടെ വായിക്കുന്നു,
എന്റെ പേരു വരുന്നൊരു വരിയതിൽ ഞാൻ തേടുന്നു
 ;
നിന്റെ ജീവചരിത്രത്തിൽ ആ നിമിഷമായിരിക്കും ഞാൻ,
ഭ്രാന്തനൊരു ഭൂതത്താൻ നിന്റെ ചുണ്ടിൽ ചുംബിച്ച നിമിഷം.



Carlos Bugarin - I am
I am the gentle dog that licks your hand
and I'm the lion that tears open your chest;
I am also the child who calls you in vain
and the spectre who sleeps in your bed.
I am the wandering shadow that follows your flight.
I am all those beings that you don't recognize.
I am the soft wind that caresses your hair
and a faraway voice among so many others.
I am a mute witness, I am a climbing ivy;
I am the companion of your bitter tears.
I am the flame and fuel of your ardent bonfire;
I am the one you have for so long awaited.
I am an avid reader of your thoughts,
seeking a phrase that invoques my name.
And in your biography, I will be that moment
in which a crazy goblin kissed your lips...


Monday, January 14, 2013

അൽവാരോ ജൂൻകേ - തെരുവുകവിത

alvaro yunke

 


തെരുവുകവിതേ,
ഉടമസ്ഥരില്ലാത്തതേ,
ഒരു നിമിഷത്തേക്കു നിന്നെ ഞാൻ ബന്ധിക്കട്ടെ,
ഒരു നിമിഷത്തേക്കെന്റെ വരികളിൽ.

തെരുവുകവിതേ,
തെരുവിലേക്കു മടങ്ങിക്കോളൂ,
ഏവരുടേതുമാകൂ, ആരുടെയുമാകാതെ,
വേശ്യയെപ്പോലെ, കവിതേ.


അൽവാരോ ജൂൻകേ (1889-1982) - അർജന്റീനിയൻ കവിയും ചരിത്രകാരനും കഥാകാരനും.


കബീർ പറയുന്നു - 4

kabir das sant doha

 


സ്വന്തമുടലു മണക്കാൻ നിങ്ങൾ ചന്ദനമുട്ടിയരയ്ക്കുമ്പോൾ
മറ്റൊരിടത്തു മറ്റൊരാൾ മാന്തടി വെട്ടുകയായിരുന്നു
നിങ്ങൾക്കു ചിതയൊരുക്കാൻ.
കൈയിൽ പറക്കുന്ന പട്ടത്തിന്റെ ചരടും
താംബൂലതൈലമൊലിച്ചിറങ്ങുന്ന താടിയും:
ഈ കോലത്തിൽ നിങ്ങൾ മരണത്തെ മറക്കുന്നു,
ഏതു കള്ളനെയും പോലെ ചുടും നിങ്ങളെയെന്നു മറക്കുന്നു.
രാമനാണൊരേയൊരു നേരെന്നു നിങ്ങൾ കാണുന്നില്ലേ,
കബീർ പറയുന്നു, ശേഷമൊക്കെ ഒരു പെരും നുണയെന്നും?



വീസ്വാവ ഷിംബോർസ്ക - ഇതൊക്കെയൊരുപക്ഷേ

rat-01a

 


ഇതൊക്കെയൊരുപക്ഷേ
ഒരു പരീക്ഷണശാലയിൽ നടക്കുകയാണെന്നു വന്നാലോ?
പകൽ ഒരു വിളക്കിനും
രാത്രിയിൽ ലക്ഷങ്ങളായ വിളക്കുകൾക്കുമടിയിൽ?

പരീക്ഷണവസ്തുക്കളായ തലമുറകളാണു നാമെന്നു വന്നാലോ?
ഒരു ബീക്കറിൽ നിന്നു മറ്റൊന്നിലേക്കു പകരുകയും
ടെസ്റ്റ്യൂബിലിട്ടു കുലുക്കുകയും
കണ്ണുകളല്ലാത്ത മറ്റൊന്നിന്റെ നിരീക്ഷണത്തിൻ കീഴിൽ
ചവണ കൊണ്ടൊന്നൊന്നായി പെറുക്കിയെടുക്കുകയുമാണ്‌
നമ്മളെയെന്നു വന്നാലോ?

ഇനിയല്ല, ഈ വിധമാണെന്നും വരാം:
ആരും ഇടപെടുന്നില്ല.
മുൻകൂട്ടി തയാറാക്കിയ പരിപാടിയനുസരിച്ച്
മാറ്റങ്ങൾ സ്വമേധയാ നടക്കുകയാണ്‌.
മീറ്ററിന്റെ സൂചി സാവധാനം രേഖപ്പെടുത്തുകയാണ്‌,
പ്രവചനീയമായ ചുനിപ്പുകൾ.

അത്ര താല്പര്യജനകമായിട്ടില്ല ഇനിയും നാമെന്നു വന്നാലോ?
മോണിട്ടറുകൾ വല്ലപ്പോഴുമേ ഓൺ ചെയ്യാറുള്ളു എന്നു വന്നാലോ,
വലിയ യുദ്ധങ്ങൾ നടക്കുമ്പോൾ,
ഭൂമിയെന്നു വിളിക്കുന്ന ഈ മൺകട്ടയിൽ നിന്നു വല്ലപ്പോഴുമുള്ള ആരോഹണങ്ങൾ നടക്കുമ്പോൾ,
ഏ യിൽ നിന്നു ബീ യിലേക്ക് വൻതോതിൽ കുടിയേറ്റങ്ങൾ നടക്കുമ്പോൾ?

ഇനിയഥവാ, മറിച്ചാണെന്നും വരാം:
നിസ്സാരതകളാണവർക്കിഷ്ടമെന്നു വന്നാലോ?
നോക്ക്! സ്ക്രീനിൽ ഒരു കൊച്ചു പെൺകുട്ടിയിരുന്ന്
ഉടുപ്പിൽ ബട്ടൺ തുന്നുന്നു.
റഡാറിൽ സീൽക്കാരങ്ങൾ.
ശാസ്ത്രജ്ഞർ ഓടിയെത്തുന്നു.
ഹാ, എത്ര അരുമയായൊരു കൊച്ചുജീവി,
ഉള്ളിൽ മിടിക്കുന്നൊരു കുഞ്ഞുഹൃദയവുമായി!
അവൾ നൂലു കോർക്കുന്നതു കാണാനെത്ര വശ്യം!
ആരോ സന്താഷാതിരേകം കൊണ്ടു വിളിച്ചുകൂവുന്നു:
ബോസ്സിനെ വിളിക്ക്!
ഇത് കാണേണ്ട കാഴ്ച തന്നെയാണെന്ന്
അദ്ദേഹത്തോടു ചെന്നു പറയ്!


Maybe All This

Maybe all this
is happening in some lab?
Under one lamp by day
and billions by night?

Maybe we're experimental generations?
Poured from one vial to the next,
shaken in test tubes,
not scrutinized by eyes alone,
each of us separately
plucked up by tweezers in the end?

Or maybe it's more like this:
No interference?
The changes occur on their own
according to plan?
The graph's needle slowly etches
its predictable zigzags?

Maybe thus far we aren't of much interest?
The control monitors aren't usually plugged in?
Only for wars, preferably large ones,
for the odd ascent above our clump of Earth,
for major migrations from point A to B?

Maybe just the opposite:
They've got a taste for trivia up there?
Look! on the big screen a little girl
is sewing a button on her sleeve.
The radar shrieks,
the staff comes at a run.
What a darling little being
with its tiny heart beating inside it!
How sweet, its solemn
threading of the needle!
Someone cries enraptured:
Get the Boss,
tell him he's got to see this for himself!

Translated, from the Polish, by Stanislaw Baranczak and Clare Cavanagh


Sunday, January 13, 2013

ആന്ദ്രേ ബുർസ - കവിധർമ്മം

andre burza


10 മുതൽ 1.30 വരെ ഒരു കവി
ജനകോടികൾക്കായി മനസ്സുരുക്കുന്നു.
11 മണിക്ക് മൂത്രശങ്ക തോന്നി
അദ്ദേഹം പുറത്തു പോകുന്നു
പാന്റിന്റെ കുടുക്കഴിക്കുന്നു
കുടുക്കിടുന്നു
മേശയിങ്കലേക്കു മടങ്ങുന്നു
കണ്ഠശുദ്ധി വരുത്തുന്നു
എന്നിട്ടു പിന്നെയും
ജനകോടികൾക്കായി മനസ്സുരുക്കുന്നു.


 

ൿസു യുവാൻ - ധർമ്മം തേടി

Fleurs,_bambous_et_oiseaux_au_repos_par_Wang_Wulink to image

 


ധർമ്മം തേടി പതിനായിരം പടവുകൾ നിങ്ങൾ കയറി,
ഗ്രന്ഥങ്ങൾ പകർത്തിപ്പകർത്തി നിങ്ങൾ നാളുകൾ കഴിച്ചു.
ടാങ്ങിന്റെ ഗുരുത്വവും സുങ്ങിന്റെ ഗഹനതയും
നിങ്ങളുടെ മാറാപ്പിൽ ഭാരങ്ങളായി.
ഇതാ! നിങ്ങൾക്കായി ഞാൻ പറിച്ച ഒരു പിടി കാട്ടുപൂക്കൾ.
അതേ അർത്ഥം തന്നെയാണിവയ്ക്കും,
കൊണ്ടുനടക്കാനെളുപ്പവും.


ടാങ്ങ്, സുങ്ങ് - സാഹിത്യത്തിലും കലയിലും ചൈനയുടെ സുവർണ്ണകാലങ്ങൾ



നാടോടിയായ ദൈവമേ...

African Art[2]

 


നാടോടിയായ ദൈവമേ,
എന്റെയൊപ്പം തമ്പടിക്കൂ,
എങ്കിലെന്നെത്തടുക്കാതെപോകുമല്ലോ,
ദുരിതവുമന്യതയും സംശയവും.
എന്തായിരിക്കണമെന്റെ നീക്കമെന്നെനിക്കു കാണിക്കൂ,
സമ്പാദ്യമല്ലാത്ത സ്വത്തിലേക്ക്,
കൈക്കരുത്തല്ലാത്ത കരുത്തിലേക്ക്,
എഴുതിവച്ചതല്ലാത്ത വിദ്യയിലേക്ക്,
സ്വർഗ്ഗത്തു മാത്രമല്ലാത്ത ദൈവത്തിലേക്ക്.
എനിക്കെന്നെക്കണ്ടെത്താൻ നീ തുണയ്ക്കൂ,
അന്യരുടെ ചെരുപ്പുകളിലേറി ഞാൻ നടക്കുമ്പോൾ.


(ഘാനയിലെ ഒരു പരമ്പരാഗതകീർത്തനം)


വീസ്വാവ ഷിംബോർസ്ക - ആത്മാവിനെക്കുറിച്ചൊരല്പം

il_570xN.284906272link to image

 


ഇടയ്ക്കിടയ്ക്കേ നമുക്കൊരാത്മാവുണ്ടാവുന്നുള്ളു.
ആർക്കുമതിനെ എന്നും കിട്ടുന്നില്ല,
എന്നെന്നേക്കുമായി കിട്ടുന്നില്ല.

ആത്മാവില്ലാതെ കഴിഞ്ഞുപോയെന്നുവരാം,
ഒന്നിനു പിറകേ ഒന്നായി നാളുകൾ,
ഒന്നിനു പിറകേ ഒന്നായി വർഷങ്ങൾ.

ചിലപ്പോൾ അല്പനേരമതു തങ്ങിനിന്നുവെന്നു വരാം,
ചിലചില പ്രഹർഷങ്ങളിൽ,
ബാല്യകാലഭീതികളിൽ.
നമുക്കു പ്രായമേറുന്നു
എന്നു കണ്ടതിന്റെ വിസ്മയത്തിൽ.

നമ്മുടെ കഠിനയത്നങ്ങളിൽ
നമുക്കതിന്റെ സഹായമേ കിട്ടുന്നില്ല,
ഒരു മേശയോ അലമാരയോ മാറ്റിയിടുന്നതിൽ,
കനത്ത പെട്ടിയുമെടുത്തു നടക്കുന്നതിൽ,
ഇറുകിയ ചെരുപ്പുമിട്ടു നടക്കുന്നതിൽ.

ഇറച്ചി നുറുക്കാനുള്ളപ്പോൾ,
ഫോറങ്ങൾ പൂരിപ്പിക്കാനുള്ളപ്പോൾ
അതിറങ്ങിപ്പോവുകയാണ്‌.

ഒരായിരം സംഭാഷണങ്ങളിൽ
അതു പങ്കാളിയാവുന്നതൊന്നിൽ മാത്രമായിരിക്കും,
അതും നിശബ്ദനായി.

നമ്മുടെ ഉടലിനു നോവു കൂടിക്കൂടി വരുമ്പോൾ
ആശുപത്രിവാർഡു വിട്ടുപോവുകയാണത്.

എന്തു തമാശയാണ്‌:
ആൾക്കൂട്ടത്തിൽ നമ്മെക്കാണുന്നതതിനിഷ്ടമല്ല,
സംശയിക്കേണ്ടതായ ഒരാനുകൂല്യത്തിനു വേണ്ടി നാം തത്രപ്പെടുമ്പോൾ,
വിപണിയിലെ തന്ത്രങ്ങളിൽ നാം ചെന്നുപെടുമ്പോൾ
അതിനു മനം പുരട്ടുന്നു.

സുഖവും ദുഃഖവും തമ്മിൽ
അതിനു വലിയ ഭേദമൊന്നുമില്ല;
രണ്ടും കലർന്നുവരുമ്പോഴേ
അതൊന്നു ശ്രദ്ധിച്ചെന്നു വരൂ.

നമുക്കതിനെ തീർച്ചയായുമാശ്രയിക്കാം,
നമുക്കൊന്നിനെക്കുറിച്ചും തീർച്ച വരാതിരിക്കുമ്പോൾ,
സർവതിനെക്കുറിച്ചും നമുക്കു ജിജ്ഞാസ തോന്നുമ്പോൾ.

താനെവിടെ നിന്നാണു വന്നതെന്നതു പറയില്ല,
ഇനിയെന്നാണു കാണാതാവുകയെന്നും,
ആ മാതിരി ചോദ്യങ്ങൾ അതു പ്രതീക്ഷിക്കുന്നുണ്ടെന്നതും തീർച്ച.

നമുക്കതിനെ വേണം,
ഏതോ കാരണത്താൽ
അതിനു നമ്മെയും വേണമെന്നു തോന്നുന്നു.


A Few Words on the Soul

We have a soul at times.
No one’s got it non-stop,
for keeps.

Day after day,
year after year
may pass without it.

Sometimes
it will settle for awhile
only in childhood’s fears and raptures.
Sometimes only in astonishment
that we are old.

It rarely lends a hand
in uphill tasks,
like moving furniture,
or lifting luggage,
or going miles in shoes that pinch.

It usually steps out
whenever meat needs chopping
or forms have to be filled.

For every thousand conversations
it participates in one,
if even that,
since it prefers silence.

Just when our body goes from ache to pain,
it slips off-duty.

It’s picky:
it doesn’t like seeing us in crowds,
our hustling for a dubious advantage
and creaky machinations make it sick.

Joy and sorrow
aren’t two different feelings for it.
It attends us
only when the two are joined.

We can count on it
when we’re sure of nothing
and curious about everything.

Among the material objects
it favors clocks with pendulums
and mirrors, which keep on working
even when no one is looking.

It won’t say where it comes from
or when it’s taking off again,
though it’s clearly expecting such questions.

We need it
but apparently
it needs us
for some reason too.

translated from the Polish by Stanislaw Baranczak and Clare Cavanagh

Saturday, January 12, 2013

ആന്ദ്രേ ബുർസ - ഒരു യക്ഷിക്കഥ

country-man-duke-norfolkxlink to image

 


പണ്ടൊരിക്കൽ ചക്രവർത്തിക്കു മൂശേട്ട പിടിച്ചിരിക്കുന്ന സമയത്ത് ഒരു സാധാരണക്കാരൻ വശപ്പിശകായിട്ടെന്തോ പറയുകയോ എടുക്കുകയോ ചെയ്യാനിടയായി. ചക്രവർത്തി അയാളെ ശിരച്ഛേദം ചെയ്യാൻ കല്പിച്ചു. ചക്രവർത്തിക്കു പക്ഷേ അപ്പോൾ നേരമുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞു:

-ഓരോ മണിക്കൂറും നീ എന്റെ ഓഫീസിൽ വന്ന് ആസന്നഭാവിയിൽ ഞാൻ നിന്റെ തല വെട്ടേണ്ടതാണെന്ന് ഓർമ്മിപ്പിക്കുക.

അങ്ങനെ ആ മനുഷ്യൻ കൊട്ടാരത്തിൽ ഹാജരാവാൻ തുടങ്ങി. ആദ്യമൊക്കെ അയാൾക്കു വലുതായ മനഃപ്രയാസമൊക്കെ തോന്നിയിരുന്നു. അസ്തിത്വത്തിന്റെ അഗണ്യതയെക്കുറിച്ചും വ്യക്തിക്കു മേൽ അടിച്ചേല്പിക്കപ്പെടുന്ന നിയന്ത്രണങ്ങളെക്കുറിച്ചും മന്ദബുദ്ധിയായ ഒരു നാട്ടുപ്രമാണിയുടെ മാറിമറിയുന്ന മാനസികാവസ്ഥയ്ക്കു വിധേയനാവേണ്ടി വരുന്നതിനെക്കുറിച്ചുമൊക്കെ ദീർഘവിചിന്തനം ചെയ്തിരുന്നു. പിന്നീട് അയാൾക്കതു പൊരുത്തമായി. കൊട്ടാരം ഉദ്യോഗസ്ഥന്മാർക്ക് അയാൾ വലിയൊരു കുരിശ്ശായി മാറി. കൊട്ടക്കണക്കിനു ജോലി കിടക്കുന്നു, നിവേദനവുമായി വരുന്നവർ നിര നിന്നുനിന്ന് തളർന്നു വീഴുകയാണ്‌; അപ്പോഴാണ്‌ നേരം തെറ്റാതെ ഈ മനുഷ്യന്റെ വരവ്.

-നമസ്കാരം. ആസന്നഭാവിയിൽ അദ്ദേഹം എന്റെ തല വെട്ടാനുള്ളതാണെന്നു നിങ്ങളെ ഓർമ്മിപ്പിക്കാൻ ചക്രവർത്തി എന്നോടു കല്പിച്ചിരിക്കുന്നു. എന്നാൽ ഞാൻ പിന്നെ വരാം.

ഓരോ മണിക്കൂറും ഇതിങ്ങനെ നടന്നു.

പന്ത്രണ്ടു മണിയ്ക്ക് രണ്ടു മിനുട്ടുള്ളപ്പോൾ ഈ മനുഷ്യൻ “മിനിസ്റ്റീരിയൽ” എന്നു പേരുള്ള കാപ്പിക്കടയിൽ നിന്ന് (അയാൾ വേറേയെങ്ങും പോകാറു പതിവില്ല) ചാടിയിറങ്ങി ഓടുകയാണ്‌, ആ കൊച്ചു സൂത്രവാക്യം ഉരുവിടാൻ. എല്ലാ ശനിയാഴ്ച രാത്രിയും പതിനൊന്നു മണിക്ക് “അംബാസഡേഴ്സ് പാരഡൈസ്” എന്നു പേരുള്ള ബാറിൽ നിന്ന് (അയാൾ വേറേയെങ്ങും പോകാറു പതിവില്ല) ഒരു കുപ്പിയെടുത്ത് അപ്പാടെ വായിൽ കമിഴ്ത്തി ഉറയ്ക്കാത്ത കാലടികളോടെ പുറത്തേക്കു വരികയാണ്‌, കൊട്ടാരത്തിൽ ചെന്ന് നാവു കുഴഞ്ഞുകൊണ്ടാവർത്തിക്കാൻ:

-ചക്രവർത്തി എന്നോടു കല്പിച്ചിരിക്കുന്നു...എന്തെന്നാൽ... എന്നു പറഞ്ഞാൽ...അതായത് ആസന്നഭാവിയിൽ അദ്ദേഹം എന്റെ തല വെട്ടേണ്ടതാണെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കാൻ.

പുലർച്ചെ നാലു മണിയ്ക്ക് കൊട്ടാരം ഓഫീസിനു മുന്നിലെ ഇടനാഴിയിലുള്ള തന്റെ കട്ടിലിൽ നിന്നു ചാടിയെഴുന്നേറ്റ് ( അയാൾ വേറേയെങ്ങും ഇപ്പോൾ കിടന്നുറങ്ങാറില്ല) ഡ്യുട്ടിയിലിലിരുന്നുറങ്ങുന്ന സെക്രട്ടറിയുടെ ഉറക്കം കെടുത്തുകയാണ്‌:

-ചക്രവർത്തി എന്നോടു കല്പിച്ചിരിക്കുന്നു...എന്നിങ്ങനെ.

ഇങ്ങനെ ഇരുപതു കൊല്ലം കഴിഞ്ഞ് ഒരു ദിവസം ഈ മനുഷ്യൻ കൊട്ടാരം ഓഫീസിൽ വച്ച് രാജാവിന്റെ കണ്ണില്പെടാനിടയായി.

-ഈ മനുഷ്യനെന്താ വേണ്ടത്? ചക്രവർത്തി ചോദിച്ചു.

-ഈയാൾ പറയുകയാണ്‌, അയാളുടെ തല വെട്ടിക്കളയാൻ അവിടുന്ന് കല്പിച്ചിരിക്കുന്നുവെന്ന്, സെക്രട്ടറി ബോധിപ്പിച്ചു.

-എന്നാൽ വെട്ടിക്കളഞ്ഞേക്ക്, ചക്രവർത്തി ക്രോധത്തോടെ മുക്രയിട്ടു.

അങ്ങനെ അയാളുടെ തല വെട്ടുകയും ചെയ്തു.


ആന്ദ്രേ ബുർസ (1932-1957) - പോളിഷ് കവിയും എഴുത്തുകാരനും.


ജാൻ ആന്ദ്രേ മോർത്സിൻ - മരണത്തിന്റെ ജീവിതം

Arnold_Böcklin_-_Self-Portrait_with_Death_as_a_Fiddlerlink to image


“പറയൂ, മുനേ, മരണത്തിനു ജീവനുണ്ടോ?
ഇല്ലെങ്കിലെന്തുകൊണ്ടാണ്‌ ചിത്രകാരന്മാരതിനെ
ജീവനുള്ളപോലെ വരച്ചുവെക്കുന്നത്?
ഇനി, ജീവനുണ്ടെങ്കിൽ
എന്തിനാണതിനെ മരണമെന്നു വിളിക്കുന്നത്?
അല്ല, മരിച്ചതാണെങ്കിൽ
എങ്ങനെയാണതു ജീവനെടുക്കുന്നതും?”
“നിന്റെ ചോദ്യത്തിനുള്ള നേരുത്തരമിതാ:
നിനക്കു ജീവനുള്ളപ്പോൾ മരണത്തിനു ജീവനില്ല,
നീ മരിക്കുമ്പോൾ അതിനു ജീവൻ വയ്ക്കുന്നു.
മരണം നല്ലതോ ചീത്തയോ? അതും നിനക്കറിയണോ?
അറിഞ്ഞോളൂ: നീയെന്താണോ, അതു തന്നെ
നിന്റെ മരണത്തിന്റെ പേരും.“



Jan Andrzej Morsztyn (1613-1693) - പോളിഷ് ബറോക്ക് കവി

വീസ് വാവ ഷിംബോർസ്ക - യഥാർത്ഥലോകം

600px-School_on_a_rainy_day


യഥാർത്ഥലോകമൊരിക്കലും
സ്വപ്നങ്ങൾ ചെയ്യുന്ന പോലോടിപ്പോകില്ല.
ഒരമർത്തിയ ശബ്ദമോ, കതകിൽ മുട്ടിയതോ
അതിനെ നിഷ്കാസനം ചെയ്യില്ല,
ഒരലർച്ചയോ ഒരു തകർച്ചയോ കൊണ്ട്
അതിടയ്ക്കു മുറിയുകയുമില്ല.

സ്വപ്നത്തിൽ കാണുന്ന ചിത്രങ്ങൾ
അവ്യക്തവും സന്ദിഗ്ധവുമാണ്‌,
വ്യത്യസ്തമായ രീതികളിൽ
അവയെ വിശദീകരിക്കുകയുമാവാം.
യാഥാർത്ഥ്യമെന്നാൽ യാഥാർത്ഥ്യമെന്നേ അർത്ഥമുള്ളു:
അതിനെ മെരുക്കുക ദുസ്സാധം.

സ്വപ്നങ്ങൾക്കു സൂചനകളുടെ താക്കോലുകളുണ്ട്.
യഥാർത്ഥലോകം തനിയേ തുറന്നോളും,
അതു പിന്നടയുകയുമില്ല.
പ്രോഗ്രസ് റിപ്പോർട്ടുകളും നക്ഷത്രങ്ങളും
അതിൽ നിന്നുതിരുന്നു,
പൂമ്പാറ്റകളും ഇസ്തിരിപ്പെട്ടികളും
അതിൽ നിന്നു പൊഴിയുന്നു,
തലയില്ലാത്ത തൊപ്പികളും
മേഘത്തുണ്ടുകളും.
അവയെല്ലാം കൂടി നെയ്തെടുക്കുന്ന ചിത്രപ്രശ്നം
നിങ്ങളൊരിക്കലും ഇഴപിരിക്കുകയുമില്ല.

നാമില്ലാതെ സ്വപ്നങ്ങളില്ല.
യഥാർത്ഥലോകത്തിനാധാരമാരെന്ന്
ഇനിയുമറിവായിട്ടില്ല.
അയാൾക്കുറക്കം കിട്ടാത്തതിന്റെ ഉല്പന്നങ്ങൾ
ഉറക്കം വിട്ടുണരുന്നവർക്കൊക്കെ ലഭ്യവുമാണ്‌.

സ്വപ്നങ്ങളിൽ ഒരു യുക്തിയുണ്ട്.
യഥാർത്ഥലോകത്തിനാണ്‌ സുബുദ്ധിയില്ലാത്തത്,
മറ്റൊന്നുമല്ലെങ്കിൽ സംഭവപരമ്പരയെ വിടാതെ പിന്തുടരുന്ന
ആ നിർബന്ധബുദ്ധിയിലെങ്കിലും.

ഇന്നലെ മരിച്ചവർ സ്വപ്നങ്ങളിൽ ജീവനോടിരിക്കുന്നു,
അതും പൂർണ്ണാരോഗ്യത്തോടെയും,
പുഷ്കലയൌവനം തിരിച്ചികിട്ടിയവരായും.
യഥാർത്ഥലോകമാവട്ടെ,
ജഡത്തെ നമ്മുടെ കണ്മുന്നിൽ കൊണ്ടുകിടത്തുന്നു.
യഥാർത്ഥലോകം ഒന്നു കണ്ണു ചിമ്മുന്നപോലുമില്ല.

സ്വപ്നങ്ങൾക്കു തൂവൽക്കനമേയുള്ളു,
ഒന്നു കുടഞ്ഞാൽ ഓർമ്മയിൽ നിന്നു പോകുന്നതേയുള്ളു.
യഥാർത്ഥലോകത്തിനു മറവിയെ ഭയക്കേണ്ടതില്ല.
ഒന്നു വേറെയാണ്‌ ഈ കക്ഷി,
അതു നമ്മുടെ ചുമലുകളിൽ കയറിയിരിക്കുന്നു,
നമ്മുടെ നെഞ്ചുകളിൽ കനം തൂങ്ങുന്നു,
നമ്മുടെ കാൽച്ചുവടുകളിലേക്കുരുണ്ടുവീഴുന്നു.

അതിനെ ഒഴിവാക്കുക എന്നതില്ല,
നാമെങ്ങോട്ടു പാഞ്ഞാലും പിന്നാലെ അതുണ്ടാവും.
നമ്മുടെ രക്ഷാമാർഗ്ഗത്തിൽ ഇടത്താവളങ്ങളില്ല,
അതിനൊടുവിൽ യാഥാർത്ഥ്യം നമ്മെ കാത്തിരിക്കുന്നുമില്ല.


The real world doesn’t take flight
the way dreams do.
No muffled voice, no doorbell
can dispel it,
no shriek, no crash
can cut it short.

Images in dreams
are hazy and ambiguous,
and can generally be explained
in many different ways.
Reality means reality:
that’s a tougher nut to crack.

Dreams have keys.
The real world opens on its own
and can’t be shut.
Report cards and stars
pour from it,
butterflies and flatiron warmers
shower down,
headless caps
and shards of clouds.
Together they form a rebus
that can’t be solved.

Without us dreams couldn’t exist.
The one on whom the real world depends
is still unknown,
and the products of his insomnia
are available to anyone
who wakes up.

Dreams aren’t crazy—
it’s the real world that’s insane,
if only in the stubbornness
with which it sticks
to the current of events.

It dreams our recently deceased
are still alive,
in perfect health, no less,
and restored to the full bloom of youth.
The real world lays the corpse
in front of us.
The real world doesn’t blink an eye.

Dreams are featherweights,
and memory can shake them off with ease.
The real world doesn’t have to fear forgetfulness.
It’s a tough customer.
It sits on our shoulders,
weighs on our hearts,
tumbles to our feet.

There’s no escaping it,
it tags along each time we flee.
And there’s no stop
along our escape route
where reality isn’t expecting us.

"
The Real World by Wisława Szymborska, translated by S. Barańczak and C. Cavanagh


Friday, January 11, 2013

സെൻ കഥകൾ

zen_wallpaper_v2_by_mordachai711


1

-ഗുരോ, എനിക്കു മലമുകളിലേക്കു പോകണം; ഞാനെവിടെ നിന്നാണു കയറാൻ തുടങ്ങേണ്ടത്?
-മലമുകളിൽ നിന്നു തന്നെ.

2


ബുദ്ധവിഗ്രഹത്തിനു മുന്നിൽ ഏറെനേരം ധ്യാനത്തിലിരുന്ന ഗുരുവിനോടു ശിഷ്യൻ ചോദിച്ചു
-ഗുരോ, ബുദ്ധൻ അങ്ങയോടെന്തെങ്കിലും പറഞ്ഞോ?
-ഇല്ല, അദ്ദേഹം കേട്ടുകൊണ്ടിരുന്നതേയുള്ളു.
-അതു ശരി, അങ്ങദ്ദേഹത്തോടെന്താണു പറഞ്ഞത്?
- ഞാനും കേട്ടുകൊണ്ടിരുന്നതേയുള്ളു.


3


സഞ്ചാരികളുടെ കാലടികൾ നോവാതിരിക്കേണ്ടതിലേക്കായി താൻ വഴിയായ വഴിയൊക്കെ തുകലു വിരിക്കാൻ പോവുകയാണെന്നു രാജാവു പ്രഖ്യാപിച്ചു. പകരം സഞ്ചാരികൾ തുകൽച്ചെരുപ്പു ധരിച്ചാൽപ്പോരേയെന്നു ഗുരു ചോദിച്ചു.



4

രാജാവിനു ലോകചരിത്രം പഠിക്കണം. മന്ത്രിമാർ ലഭ്യമായ ചരിത്രപുസ്തകങ്ങളൊക്കെ വരുത്തി രാജാവിനു മുന്നിൽ വച്ചു. പുസ്തകങ്ങളുടെ കൂമ്പാരം കണ്ടപ്പോൾ തനിക്കിതൊന്നും വായിക്കാൻ നേരമില്ലെന്നും ലോകചരിത്രത്തിന്റെ ഒരു സംക്ഷേപം കിട്ടിയാൽ മതിയെന്നുമായി രാജാവ്. മന്ത്രിമാർ ഗുരുവിനെ ചെന്നുകണ്ടു. ഗുരു മനുഷ്യചരിത്രം ചുരുക്കത്തിൽ എഴുതിക്കൊടുത്തതിങ്ങനെ:
മനുഷ്യർ ജനിക്കുന്നു,
മനുഷ്യർ ജീവിക്കുന്നു,
മനുഷ്യർ മരിച്ചും പോകുന്നു.


5


അതിമനോഹരമായ തന്റെ ഉദ്യാനം വന്നു കാണാൻ രാജാവ് ഗുരുവിനെ ക്ഷണിച്ചു. ഉദ്യാനം നടന്നുകണ്ട ഗുരുവിന്റെ മുഖത്തു പക്ഷേ തൃപ്തി കണ്ടില്ല. എവിടെ പൊൻനിറം വീശുന്ന തെന്നൽ, എന്നായി ഗുരു. രാജാവു മറുപടിയില്ലാതെ നിന്നപ്പോൾ ഗുരു തന്റെ കൈയിലുണ്ടായിരുന്ന പഴുക്കിലകൾ ഉദ്യാനത്തിലെമ്പാടും വിതറി. ഈ നേരം ഒരു തെന്നൽ വീശുകയും പഴുക്കിലകൾ പൊൻചീവലുകൾ പോലെ പറന്നുനടക്കുകയും ചെയ്തു. ഇതല്ലേ പൊന്നു വീശുന്ന തെന്നൽ, ഗുരു രാജാവിനോടു പറഞ്ഞു.


6


വാക്കും യാഥാർത്ഥ്യവും തമ്മിലുള്ളത് വിരലും ചന്ദ്രനും തമ്മിലുള്ള ബന്ധമാണെന്നു ഗുരു പറയുന്നു. ചൂണ്ടുന്ന വിരലല്ല ചന്ദ്രൻ; എന്തിന്‌, ഒരു വിരലും ചൂണ്ടാതെ തന്നെ ചന്ദ്രനെ കാണുകയുമാവാമല്ലോ.


കബീർ പറയുന്നു - 3

kabir4444-220x300

 


കൂരമ്പു പോലാണു ഹരിയുടെ പ്രണയം,
കൊണ്ടുതന്നെയറിയണമതിന്റെ നൊമ്പരം.
ഉടലിലതിന്റെ വടു കാണില്ലെന്നിരിക്കെ
അരച്ച പച്ചമരുന്നു നിങ്ങളെവിടെപ്പുരട്ടും?
വധുക്കളെല്ലാരുമൊരുപോലിരിക്കെ
ഹരിയെന്ന വരനിന്നാരെ വരിക്കും?
സീമന്തരേഖയിൽ സിന്ദൂരമണിഞ്ഞവൾ,
അവളാണു ധന്യയെന്നു കബീറു പറയും.



വീസ് വാവ ഷിംബോർസ്ക - ഓർമ്മയോടൊത്തുള്ള ദുഷ്കരജീവിതം

american-artist-art-painting-print-by-kenyon-c-cox-hope-and-memory-1900-approximate-original-size-42x26link to image

 


എന്റെ ഓർമ്മയ്ക്കു പറ്റിയ ശ്രോതാവല്ല ഞാൻ.
താൻ പറയുന്നതൊക്കെയും ഞാൻ ഇടതടവില്ലാതെ കേട്ടുകൊണ്ടിരിക്കണം എന്നാണവളുടെ ആഗ്രഹം.
ഞാൻ പക്ഷേ ചിലപ്പോൾ ശ്രദ്ധിക്കും, ചിലപ്പോൾ ശ്രദ്ധിക്കാതിരിക്കും,
ചിലപ്പോൾ തിരക്കു കാണിക്കും, ചിലപ്പോൾ വെകിളി പിടിക്കും,
ഇടയ്ക്കൊന്നു പുറത്തേക്കു പോകും, മടങ്ങിവരും, പിന്നെയും പോകും.

എന്റെ മുഴുവൻ ശ്രദ്ധയും സമയവും തനിക്കു വേണമെന്നാണവൾക്ക്.
ഞാനുറങ്ങുന്ന സമയത്ത് അവൾക്കെന്നെക്കുറിച്ചു പരാതിയൊന്നുമില്ല.
പകലാണു പ്രശ്നം, അവൾ ആകെ അസ്വസ്ഥയാവുന്നു.

പഴയ കത്തുകളും ഫോട്ടോകളും ഔത്സുക്യത്തോടെ എന്നെ എടുത്തു കാണിക്കുകയാണവൾ,
പ്രധാനവും അല്ലാത്തതുമായ സംഭവങ്ങൾ അവൾ പുറത്തേക്കെടുക്കുന്നു,
കാണാതെപോയ കാര്യങ്ങളുടെ നേർക്കെന്റെ കണ്ണുകളെ തിരിക്കുന്നു,
മരിച്ചുപോയവരെക്കൊണ്ട് എന്റെ കാഴ്ച നിറയ്ക്കുന്നു.

അവളുടെ കഥകളിൽ എനിക്കെന്നും ചെറുപ്പമാണ്‌.
അതിലെനിക്കു വിരോധമൊന്നുമില്ല, പക്ഷേ എന്നും ഒരേ കഥ തന്നെയായാലോ.
ഓരോ കണ്ണാടിയ്ക്കും എന്നോടു പറയാനുള്ളത് വ്യത്യസ്തമായ വാർത്തകളാണല്ലോ.

ഞാനൊന്നു തോളു വെട്ടിച്ചാൽ അവൾക്കു കോപമായി.
എന്റെ പഴയ സ്ഖലിതങ്ങൾ, കനത്തതെങ്കിലും അത്രവേഗം മറന്നവ,
പുറത്തേക്കു വലിച്ചിട്ട് അവൾ പക പോക്കുകയായി;
എന്നിട്ടവൾ എന്നെയും നോക്കി ഇരിക്കും,
എന്താണെന്റെ പ്രതികരണമെന്നു നോക്കും,
അത്രയല്ലേ ഉണ്ടായുള്ളു എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കും.

ഞാൻ അവൾക്കായി മാത്രം, അവളോടൊപ്പം മാത്രമായി ജീവിക്കണമെന്നാണവൾക്ക്.
വെളിച്ചം കേറാത്തതും താഴിട്ടു പൂട്ടിയതുമായ ഒരു മുറിയിലാണെങ്കിൽ അത്രയും നല്ലത്.
എന്റെ മനസ്സിൽ പക്ഷേ ഇന്നത്തെ സൂര്യനാണ്‌,
ഒഴുകിനീങ്ങുന്ന മേഘങ്ങളാണ്‌, നീണ്ടുപോകുന്ന പാതകളുമാണ്‌.

ചിലനേരത്ത് എനിക്കെന്റെ ക്ഷമ പോകാറുണ്ട്.
നമുക്കു പിരിഞ്ഞാലോ എന്നൊരു നിർദ്ദേശം ഞാൻ വയ്ക്കും.
ഇന്നു മുതൽ നിത്യത വരെ.
അപ്പോഴവൾ സഹതാപത്തോടെ എന്നെ നോക്കി ഒന്നു മന്ദഹസിക്കും.
അവൾക്കറിയാം, അതെന്റെയും അവസാനമായിരിക്കുമെന്ന്.


Hard Life with Memory

I’m a poor audience for my memory.
She wants me to attend her voice nonstop,
but I fidget, fuss,
listen and don’t,
step out, come back, then leave again.

She wants all my time and attention.
She’s got no problem when I sleep.
The day’s a different matter, which upsets her.

She thrusts old letters, snapshots at me eagerly,
stirs up events both important and un-,
turns my eyes to overlooked views,
peoples them with my dead.

In her stories I’m always younger.
Which is nice, but why always the same story.
Every mirror holds different news for me.

She gets angry when I shrug my shoulders.
And takes revenge by hauling out old errors,
weighty, but easily forgotten.
Looks into my eyes, checks my reaction.
Then comforts me, it could be worse.

She wants me to live only for her and with her.
Ideally in a dark, locked room,
but my plans still feature today’s sun,
clouds in progress, ongoing roads.

At times I get fed up with her.
I suggest a separation. From now to eternity.
Then she smiles at me with pity,
since she knows it would be the end of me too.

- Wisława Szymborska -Translated from the Polish by Clare Cavanagh and Stanislaw Baranczak


Thursday, January 10, 2013

കബീർ പറയുന്നു - 2

kabir

 


നമുക്കു പോകാം, പോകാമെന്നു തിടുക്കപ്പെടുത്തുകയാണവർ,
ഒരു വളവും കഴിഞ്ഞു ചെന്നാൽ സ്വർഗ്ഗമായെന്ന മട്ടിലാണവർ!
ആ സ്വർഗ്ഗമേതുപോലെയുണ്ടെന്നവരോടൊന്നു ചോദിക്കൂ,
സ്വന്തം തെരുവിന്റെ മാതിരി പോലുമറിയാതവർ നിൽക്കും!
അഥവാ, സ്വർഗ്ഗത്തിലേക്കു തന്നെയാണവരുടെ യാത്രയെങ്കിലും
അവരുടെ യാത്ര തീരുന്നിടം സ്വർഗ്ഗമാകണമെന്നുമില്ല.
കേട്ടുകേൾവി വച്ചാണവരിറങ്ങിപ്പുറപ്പെടുന്നതെങ്കിലോ?
നിങ്ങൾ തന്നെ പോയൊന്നുറപ്പു വരുത്തുകയല്ലേ ഭംഗി?
ഈ കബീറിനു പക്ഷേ, എവിടെയും പോകണമെന്നില്ല,
ഇഷ്ടന്മാർ ചിലരെ കിട്ടിയാൽ അയാൾക്കിവിടം തന്നെ മതി.


Wednesday, January 9, 2013

കബീർ പറയുന്നു - 1

kabir

 


ഉടുതുണിയില്ലാതെ നടന്നാൽ മതി സദ്ഗതിയടയാനെങ്കിൽ
കാട്ടിലെ മാനുകൾക്കതെന്നേ കിട്ടിയേനേ.

മുണ്ഡനം ചെയ്ത ശിരസ്സാണു പരമഭക്തിയുടെ ചിഹ്നമെങ്കിൽ
ഭക്തശിരോമണികളാണു പെണ്ണാടുകളെന്നു പറയരുതോ.

രേതസ്സിനെ നിരോധിച്ചാൽ സ്വർഗ്ഗത്തേക്കു ദൂരം കുറയുമെങ്കിൽ
മുമ്പേ നടക്കുന്നതു വരിയുടച്ച മൂരിയാവേണ്ടേ.

കബീർ പറയുന്നതു കേൾക്കു സഹോദരാ,
മോചനത്തിനു വചനമൊന്നേ,
                                                  -രാമനാമം.


വീസ് വാവ ഷിംബോർസ്ക - ഒടുക്കവും തുടക്കവും

toplink to image

 


ഓരോ യുദ്ധത്തിനു ശേഷവും
ഒക്കെ വെടിപ്പാക്കാൻ ഒരാളു വേണം.
കാര്യങ്ങൾ സ്വമേധയാ
പഴയ പടിയാവുമെന്നു കരുതാനാവില്ലല്ലോ.

കല്ലും കഷണവും
റോഡരികത്തേക്കു തൂത്തുകൂട്ടാനൊരാളു വേണം,
ശവം നിറച്ച വണ്ടികൾക്കു
കടന്നുപോകേണ്ടതല്ലേ.

ചേറിനും ചാരത്തിനുമിടയിലൂടെ,
സോഫാസ്പ്രിംഗുകൾക്കും
കുപ്പിച്ചില്ലുകൾക്കും
ചോര പുരണ്ട പഴന്തുണികൾക്കുമിടയിലൂടെ
കാലെടുത്തുവച്ചു നടക്കാനൊരാളു വേണം.

മരമുട്ടി വലിച്ചെടുത്തു കൊണ്ടുവന്നു
ചുമരു താങ്ങിനിർത്താനൊരാളു വേണം,
ഉടഞ്ഞ ജനാലച്ചില്ലു നേരെയാക്കാൻ,
കതകു ചട്ടത്തിലുറപ്പിക്കാനൊരാളു വേണം.

ഫോട്ടോയെടുക്കാൻ പറ്റിയ
ദൃശ്യങ്ങളൊന്നുമിവിടെയില്ല,
ഇതിനു വർഷങ്ങളെടുക്കുകയും ചെയ്യും.
എല്ലാ ക്യാമറകളും
മറ്റു യുദ്ധങ്ങൾക്കായി പൊയ്ക്കഴിഞ്ഞിരിക്കുന്നു.

പാലങ്ങൾ പുതുക്കിപ്പണിയണം,
റയിൽവേ സ്റ്റേഷനുകൾ നന്നാക്കണം.
തെറുത്തുകേറ്റിക്കേറ്റി
ഷർട്ടിന്റെ കൈകൾ പിഞ്ഞിപ്പോകും.

കൈയിൽ ചവറുകോരിയുമായി നിൽക്കുന്ന ഒരാൾ
പഴയതൊക്കെ ഓർക്കുകയാണ്‌.
തല തകർന്നുപോകാത്ത മറ്റൊരാൾ
അതൊക്കെക്കേട്ടു തല കുലുക്കുകയുമാണ്‌.
സമീപത്തു തിക്കിത്തിരക്കുന്ന മറ്റുള്ളവർക്കു പക്ഷേ,
ഇതൊക്കെ ബോറടിച്ചുതുടങ്ങുകയുമാണ്‌.

പൊന്തകൾക്കടിയിൽ നിന്നുമിടയ്ക്കിടെ
തുരുമ്പിച്ച തർക്കവാദങ്ങൾ തോണ്ടിയെടുക്കാൻ,
കുപ്പക്കൂനയിൽ കൊണ്ടുതള്ളാൻ
ഒരാളു വേണം.

ഇതൊക്കെ എന്തിനു വേണ്ടിയായിരുന്നു എന്നറിയുന്നവർ
ഇതൊന്നുമറിയാത്തവർക്കായി
വഴി മാറിക്കൊടുക്കേണ്ടിവരും,
ഒന്നുമറിയാത്തവർക്കായി,
ഒന്നുമേയറിയാത്തവർക്കായി.

കാര്യകാരണങ്ങളെ മൂടിക്കിടക്കുന്ന പുല്പരപ്പിന്മേൽ
മലർന്നുകിടക്കാനൊരാളു വേണം,
ഒരു പുൽക്കൊടിയും കടിച്ചുപിടിച്ച്,
മേഘങ്ങളെ നോക്കിക്കിടക്കാൻ.


The End and the Beginning


After every war
someone has to clean up.
Things won’t
straighten themselves up, after all.
Someone has to push the rubble
to the sides of the road,
so the corpse-laden wagons
can pass.
Someone has to get mired
in scum and ashes,
sofa springs,
splintered glass,
and bloody rags.
Someone must drag in a girder
to prop up a wall.
Someone must glaze a window,
rehang a door.
Photogenic it’s not,
and takes years.
All the cameras have left
for another war.
Again we’ll need bridges
and new railway stations.
Sleeves will go ragged
from rolling them up.
Someone, broom in hand,
still recalls how it was.
Someone listens
and nods with unsevered head.
Yet others milling about
already find it dull.
From behind the bush
sometimes someone still unearths
rust-eaten arguments
and carries them to the garbage pile.
Those who knew
what was going on here
must give way to
those who know little.
And less than little.
And finally as little as nothing.
In the grass which has overgrown
causes and effects,
someone must be stretched out,
blade of grass in his mouth,
gazing at the clouds.
Wislawa Szymborska
(translated from the Polish by Joanna Trzeciak)

Tuesday, January 8, 2013

ആർതർ ഷോപ്പൻഹോവർ - എഴുത്തുകാരും വായനക്കാരും

Arthur-Schopenhauer-1855

 


മൂന്നു തരം എഴുത്തുകാർ



എഴുത്തുകാരെ കൊള്ളിമീനുകൾ, ഗ്രഹങ്ങൾ, സ്ഥിരനക്ഷത്രങ്ങൾ എന്നു മൂന്നായി വിഭജിക്കാം. ആദ്യത്തെ ഗണം ഒരു ക്ഷണികപ്രഭാവമേ ജനിപ്പിക്കുന്നുള്ളു: നിങ്ങൾ മുകളിലേക്കു നോക്കി “നോക്കൂ!” എന്നു വിസ്മയിക്കുമ്പോഴേക്കും അവ എന്നെന്നേക്കുമായി മറഞ്ഞുകഴിഞ്ഞു. രണ്ടാമത്തെ വിഭാഗം, ചരഗ്രഹങ്ങൾ, അല്പം കൂടി ദീർഘായുസ്സുകളാണ്‌. സമീപസ്ഥമാണെന്നതിനാൽ സ്ഥിരനക്ഷത്രങ്ങളെക്കാൾ അവയ്ക്കു തെളിച്ചം കൂടും; അജ്ഞർ അവയെ നക്ഷത്രങ്ങളായിത്തന്നെ ഗണിക്കുകയും ചെയ്യും. പക്ഷേ അവയും കാലക്രമേണ സ്ഥലമൊഴിഞ്ഞുകൊടുക്കേണ്ടിവരും; തന്നെയുമല്ല, കടം വാങ്ങിയ വെളിച്ചം കൊണ്ടാണ്‌ അവ തിളങ്ങുന്നതും; അവയുടെ സ്വാധീനവലയമാവട്ടെ, തങ്ങളുടെ സഹയാത്രികരിൽ (സമകാലികരിൽ) ഒതുങ്ങിനിൽക്കുകയും ചെയ്യുന്നു. മൂന്നാമത്തെ വിഭാഗം മാത്രമേ മാറ്റമില്ലാത്തതായിട്ടുള്ളു, ആകാശമണ്ഡലത്തിൽ ഉറച്ചുനിൽക്കുന്നുള്ളു, സ്വപ്രകാശം കൊണ്ടു തിളങ്ങുന്നുള്ളു, മാറിവരുന്ന യുഗങ്ങളെ ഒരുപോലെ സ്വാധീനിക്കുന്നുള്ളു; നമ്മുടെ സ്ഥാനം മാറുമ്പോൾ അവയുടെ സ്ഥിതി മാറുന്നുമില്ല. അത്രയും ഉയരത്തിലാണവയെന്നതിനാൽത്തന്നെയാണ്‌ അവയുടെ വെളിച്ചം ഭൂമിയിൽ നിൽക്കുന്നവരിലെത്താൻ ഇത്രയും കാലമെടുക്കുന്നതും.


വായിക്കാതിരിക്കുക എന്ന കല


വായിക്കാതിരിക്കുക എന്ന കല വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. ഒരു പ്രത്യേകകാലഘട്ടത്തിൽ പൊതുസമൂഹത്തിന്റെ ശ്രദ്ധയെ ആകർഷിക്കുന്നതെന്തായാലും അതിൽ താല്പര്യമെടുക്കാതിരിക്കലാണത്. രാഷ്ട്രീയക്കാരുടെയോ പള്ളിക്കാരുടെയോ വക ഒരിടയലേഖനം, ഒരു നോവൽ, ഒരു കവിത, ഇതേതെങ്കിലും സമൂഹത്തിൽ കോളിളക്കമുണ്ടാക്കുന്നെങ്കിൽ ഓർക്കുക- വിഡ്ഢികൾക്കു വേണ്ടി എഴുതുന്നവർക്ക് വേണ്ടത്ര വായനക്കാരെയും കിട്ടും. നല്ല പുസ്തകങ്ങൾ വായിക്കുന്നതിനുള്ള മുന്നുപാധിയാണ്‌ മോശം പുസ്തകങ്ങൾ വായിക്കാതിരിക്കുക എന്നത്: അല്പായുസ്സുകളല്ലേ നാം.


എഴുത്തുകാർ ഏതു ഭാഷ ഉപയോഗിക്കണം?



എഴുത്തുകാർ ഇതോർമ്മ വയ്ക്കുന്നത് അവർക്കു നല്ലതായിരിക്കും: ഒരാൾക്ക് വലിയൊരു പ്രതിഭാശാലിയെപ്പോലെ ചിന്തിക്കാൻ കഴിയുമെങ്കിൽ അങ്ങനെ ആയിക്കോട്ടെ; പക്ഷേ അയാൾ സംസാരിക്കുന്നത് മറ്റുള്ളവരുടെ ഭാഷയിൽത്തന്നെ ആയിരിക്കണം. എഴുത്തുകാർ സാധാരണവാക്കുകൾ ഉപയോഗിച്ച് അസാധാരണമായ കാര്യങ്ങളെക്കുറിച്ചു പറയണം. പക്ഷേ ഇതിനു വിരുദ്ധമായിട്ടാണ്‌ അവർ ചെയ്യുക. വെറും ക്ഷുദ്രമായ ആശയങ്ങൾ കനപ്പെട്ട വാക്കുകളിൽ പൊതിഞ്ഞുതരാൻ ശ്രമിക്കുകയാണവർ; അതിസാധാരണമായ ചിന്തകളെ അത്യസാധാരണമായ ശൈലികളുടെ, അപ്രകൃതവും അസ്വാഭാവികവും അനഭിഗമ്യവുമായ പദപ്രയോഗങ്ങളുടെ വേഷമിടീക്കാൻ നോക്കുകയാണവർ. പൊയ്ക്കാലുകളിൽ ഞെളിഞ്ഞു നടക്കുകയാണ്‌ എപ്പോഴും അവരുടെ വാചകങ്ങൾ. ശബ്ദാഡംബരത്തിലാണ്‌ അവർക്കു ഭ്രമം; ഊതിവീർപ്പിച്ച, കൃത്രിമമായ, അതിശയോക്തി നിറഞ്ഞ, കസർത്തു കാണിയ്ക്കുന്ന ഭാഷയിലേ അവരെഴുതൂ. ഇവരുടെ പൂർവികനായ പിസ്റ്റോളിനെയാണ്‌ പണ്ടൊരിക്കൽ അയാളുടെ ചങ്ങാതി ഫാൾസ്റ്റാഫ് “പറയാനെന്തെങ്കിലുമുണ്ടെങ്കിൽ അതു മറ്റു മനുഷ്യർ പറയുന്ന ഭാഷയിൽ പറയുക” എന്ന് ഒരടി കൊടുത്തിരുത്തിയത്.


ആർതർ ഷോപ്പൻഹോവർ(1788-1860) - ഭാരതീയചിന്തകൾ സ്വാധീനിച്ച ജർമ്മൻ ദാർശനികൻ

വീസ് വാവ ഷിംബോർസ്ക - വിദ്വേഷം

szymborska12

 


എത്ര ചുറുചുറുക്കാണിന്നുമതിനെന്നു നോക്കൂ,

ഉടലിനൊരുടവും പറ്റാതെ-

വിദ്വേഷം, നമ്മുടെ നൂറ്റാണ്ടിലെ വിദ്വേഷം.

ഏതുയരമുള്ള കടമ്പയും എത്രയെളുപ്പത്തിലാണതു ചാടിക്കടക്കുന്നത്.

എത്ര വേഗത്തിലാണതു ചാടിവീഴുന്നതും നമ്മെ കടന്നുപിടിക്കുന്നതും.

മറ്റു വികാരങ്ങളെപ്പോലെയല്ലത്.

അവയെക്കാൾ പ്രായം ചെന്നതും ഒപ്പം ചെറുപ്പവുമാണത്.

അതിനു ജന്മം നല്കിയ കാരണങ്ങൾക്ക്

അതു തന്നെ ജന്മം നല്കുകയാണ്‌.

അതുറങ്ങുമ്പോൾ നിത്യനിദ്രയല്ലത്.

ഉറക്കമില്ലായ്മ അതിന്റെ ബലം കളയുകയല്ല, കൂട്ടുകയുമാണ്‌.

ഒന്നല്ലെങ്കിൽ മറ്റൊരു മതം-

അതിനെ ഇളക്കിവിടാനതു മതി.

ഒന്നല്ലെങ്കിൽ മറ്റൊരു ജന്മദേശം-

അതിനു തുടക്കമിടാനതു മതി.

ആരംഭം നീതി തന്നെയാവട്ടെ,

വിദ്വേഷം അതിനെപ്പിന്നെ തട്ടിയെടുത്തോളും.

വിദ്വേഷം. വിദ്വേഷം.

രതിമൂർച്ഛയിലെന്നപോലെ

അതു ഞെളിപിരി കൊള്ളുന്നതു നോക്കൂ.

ഹാ, ഈ മറ്റു വികാരങ്ങൾ.

രക്തപ്രസാദമില്ലാത്തവ, ചുണ കെട്ടവ.

സാഹോദര്യമെന്നു കേട്ടാൽ

ജനക്കൂട്ടമിരച്ചുവരുന്ന ഒരു കാലമുണ്ടായിട്ടുണ്ടോ?

അനുകമ്പ എന്നെങ്കിലും ഒന്നാമതോടിയെത്തിയിട്ടുണ്ടോ?

സംശയത്തിനെത്ര അനുയായികളെക്കിട്ടിയിരിക്കുന്നു?

വിദ്വേഷത്തിനേ തന്റെ അവകാശമെന്തെന്നറിയൂ.

സമർത്ഥം, സ്ഥിരോത്സാഹി, കഠിനാദ്ധ്വാനി.

എത്ര പാട്ടുകളതെഴുതിയിരിക്കുന്നുവെന്നു പറയേണ്ടതുണ്ടോ?

നമ്മുടെ ചരിത്രപുസ്തകങ്ങളിൽ എത്ര താളുകളതെഴുതിച്ചേർത്തിരിക്കുന്നുവെന്നും?

എത്ര കവലകൾക്കു മേൽ, കളിക്കളങ്ങൾക്കു മേൽ

മനുഷ്യക്കംബളങ്ങളതു വിരിച്ചിരിക്കുന്നുവെന്നും?

എന്തിനു നേരിനു നേർക്കു മുഖം തിരിക്കുന്നു:

സൌന്ദര്യം സൃഷ്ടിക്കാൻ വിദ്വേഷത്തിനുമാവും.

എത്ര ഉജ്ജ്വലമാണ്‌, പാതിരാത്രിയിൽ ആകാശത്തതു പരത്തുന്ന അഗ്നിപ്രഭകൾ;

പ്രഭാതത്തീന്റെ അരുണിമയിൽ ബോംബുസ്ഫോടനങ്ങളുടെ പുകച്ചുരുളുകൾ.

നാശാവശിഷ്ടങ്ങളുടെ കരുണരസത്തെ നിങ്ങൾക്കവഗണിക്കാനാവില്ല,

അവയ്ക്കു മേലുയർന്നു നില്ക്കുന്ന തൂണിന്റെ അശ്ലീലഹാസ്യത്തെ കാണാതിരിക്കാനുമാവില്ല.

വൈരുദ്ധ്യങ്ങളെ അതു വിദഗ്ധമായൊന്നിപ്പിക്കുന്നു-

കോലാഹലവും ശ്മശാനമൂകതയും;

ചുവന്ന ചോരയും വെളുത്ത മഞ്ഞും.

അഴുക്കിൽ കിടക്കുന്ന ഇരയ്ക്കു മേൽ

മുഖം പറ്റെ വടിച്ച ആരാച്ചാർ-

തന്റെ തന്നെ ഈ ചിത്രം അതിനൊട്ടും മുഷിയുന്നില്ല.

പുതിയ വെല്ലുവിളികളേറ്റെടുക്കാൻ എന്നും തയാറാണത്.

കാത്തിരിക്കേണ്ടി വന്നാൽ കാത്തിരിക്കുകയും ചെയ്യുമത്.

അതിനു കണ്ണു കാണില്ലെന്നാളുകൾ പറയുന്നു. കണ്ണു കാണില്ലെന്നോ?

കടൽപ്പുള്ളിന്റെ നിശിതദൃഷ്ടികളുമായി

ചങ്കൂറ്റത്തോടെ ഭാവിയിലേക്കു നോക്കി അതിരിക്കുന്നു-

അതതിനേ പറ്റൂ.