Wednesday, January 16, 2013

ആന്ദ്രേ ബല്ലോ - റൂബിയ

andresbello




അൾത്താരകളിൽ നൈവേദ്യങ്ങളർപ്പിക്കുമ്പോൾ റൂബിയാ,
ദേവകളോടു ഞാനർത്ഥിക്കുന്നതെന്തെന്നു നിനക്കറിയുമോ?
സൂര്യപടസമൃദ്ധികളല്ല, സമ്പുഷ്ടദേശങ്ങൾക്കവകാശമല്ല,
ഉദരാർത്തി ശമിപ്പിക്കാൻ വിഭവസമ്പന്നമായ മേശയുമല്ല.

അരാഗ്വയുടെ കോണിലെനിക്കൊരു തുണ്ടു നിലം മതി,
അതു കനിഞ്ഞുനൽകുന്ന സരളാനന്ദങ്ങളുണ്ടായാൽ മതി,
ചെത്തിത്തേക്കാതെ പുല്ലു മേഞ്ഞ വീടിനു തൊട്ടരികിൽ
കല്ലുകൾക്കിടയിലൂടെ കളകളമൊഴുകുന്നൊരരുവി മതി.

ഊഷ്മളമായ ഗ്രീഷ്മത്തിലെനിക്കു തണലു പകരാൻ
എന്റെ വളപ്പിൽ മരങ്ങൾ തിങ്ങിയൊരു കാവു വേണം,
അരളിയും പനയുമതില്‍ നടു നിവർത്തി നിൽക്കണം.

തൃപ്തൻ, ഈയഭയത്തിൽക്കിടന്നു മരിക്കാനെനിക്കായാൽ,
പ്രാണനെന്നെയും വിട്ടുപോകുമ്പോൾ നിന്റെ ചുണ്ടിൽ
യാത്രാമൊഴിയായൊരു ചുംബനമർപ്പിക്കാനെനിക്കായാൽ.



ആന്ദ്രേ ബല്ലോ (1781-1865) - ചിലിയൻ, വെനിസുവേലൻ കവിയും ചിന്തകനും ഭാഷാശാസ്ത്രജ്ഞനും.

No comments: