Friday, January 11, 2013

വീസ് വാവ ഷിംബോർസ്ക - ഓർമ്മയോടൊത്തുള്ള ദുഷ്കരജീവിതം

american-artist-art-painting-print-by-kenyon-c-cox-hope-and-memory-1900-approximate-original-size-42x26link to image

 


എന്റെ ഓർമ്മയ്ക്കു പറ്റിയ ശ്രോതാവല്ല ഞാൻ.
താൻ പറയുന്നതൊക്കെയും ഞാൻ ഇടതടവില്ലാതെ കേട്ടുകൊണ്ടിരിക്കണം എന്നാണവളുടെ ആഗ്രഹം.
ഞാൻ പക്ഷേ ചിലപ്പോൾ ശ്രദ്ധിക്കും, ചിലപ്പോൾ ശ്രദ്ധിക്കാതിരിക്കും,
ചിലപ്പോൾ തിരക്കു കാണിക്കും, ചിലപ്പോൾ വെകിളി പിടിക്കും,
ഇടയ്ക്കൊന്നു പുറത്തേക്കു പോകും, മടങ്ങിവരും, പിന്നെയും പോകും.

എന്റെ മുഴുവൻ ശ്രദ്ധയും സമയവും തനിക്കു വേണമെന്നാണവൾക്ക്.
ഞാനുറങ്ങുന്ന സമയത്ത് അവൾക്കെന്നെക്കുറിച്ചു പരാതിയൊന്നുമില്ല.
പകലാണു പ്രശ്നം, അവൾ ആകെ അസ്വസ്ഥയാവുന്നു.

പഴയ കത്തുകളും ഫോട്ടോകളും ഔത്സുക്യത്തോടെ എന്നെ എടുത്തു കാണിക്കുകയാണവൾ,
പ്രധാനവും അല്ലാത്തതുമായ സംഭവങ്ങൾ അവൾ പുറത്തേക്കെടുക്കുന്നു,
കാണാതെപോയ കാര്യങ്ങളുടെ നേർക്കെന്റെ കണ്ണുകളെ തിരിക്കുന്നു,
മരിച്ചുപോയവരെക്കൊണ്ട് എന്റെ കാഴ്ച നിറയ്ക്കുന്നു.

അവളുടെ കഥകളിൽ എനിക്കെന്നും ചെറുപ്പമാണ്‌.
അതിലെനിക്കു വിരോധമൊന്നുമില്ല, പക്ഷേ എന്നും ഒരേ കഥ തന്നെയായാലോ.
ഓരോ കണ്ണാടിയ്ക്കും എന്നോടു പറയാനുള്ളത് വ്യത്യസ്തമായ വാർത്തകളാണല്ലോ.

ഞാനൊന്നു തോളു വെട്ടിച്ചാൽ അവൾക്കു കോപമായി.
എന്റെ പഴയ സ്ഖലിതങ്ങൾ, കനത്തതെങ്കിലും അത്രവേഗം മറന്നവ,
പുറത്തേക്കു വലിച്ചിട്ട് അവൾ പക പോക്കുകയായി;
എന്നിട്ടവൾ എന്നെയും നോക്കി ഇരിക്കും,
എന്താണെന്റെ പ്രതികരണമെന്നു നോക്കും,
അത്രയല്ലേ ഉണ്ടായുള്ളു എന്നു പറഞ്ഞ് എന്നെ ആശ്വസിപ്പിക്കും.

ഞാൻ അവൾക്കായി മാത്രം, അവളോടൊപ്പം മാത്രമായി ജീവിക്കണമെന്നാണവൾക്ക്.
വെളിച്ചം കേറാത്തതും താഴിട്ടു പൂട്ടിയതുമായ ഒരു മുറിയിലാണെങ്കിൽ അത്രയും നല്ലത്.
എന്റെ മനസ്സിൽ പക്ഷേ ഇന്നത്തെ സൂര്യനാണ്‌,
ഒഴുകിനീങ്ങുന്ന മേഘങ്ങളാണ്‌, നീണ്ടുപോകുന്ന പാതകളുമാണ്‌.

ചിലനേരത്ത് എനിക്കെന്റെ ക്ഷമ പോകാറുണ്ട്.
നമുക്കു പിരിഞ്ഞാലോ എന്നൊരു നിർദ്ദേശം ഞാൻ വയ്ക്കും.
ഇന്നു മുതൽ നിത്യത വരെ.
അപ്പോഴവൾ സഹതാപത്തോടെ എന്നെ നോക്കി ഒന്നു മന്ദഹസിക്കും.
അവൾക്കറിയാം, അതെന്റെയും അവസാനമായിരിക്കുമെന്ന്.


Hard Life with Memory

I’m a poor audience for my memory.
She wants me to attend her voice nonstop,
but I fidget, fuss,
listen and don’t,
step out, come back, then leave again.

She wants all my time and attention.
She’s got no problem when I sleep.
The day’s a different matter, which upsets her.

She thrusts old letters, snapshots at me eagerly,
stirs up events both important and un-,
turns my eyes to overlooked views,
peoples them with my dead.

In her stories I’m always younger.
Which is nice, but why always the same story.
Every mirror holds different news for me.

She gets angry when I shrug my shoulders.
And takes revenge by hauling out old errors,
weighty, but easily forgotten.
Looks into my eyes, checks my reaction.
Then comforts me, it could be worse.

She wants me to live only for her and with her.
Ideally in a dark, locked room,
but my plans still feature today’s sun,
clouds in progress, ongoing roads.

At times I get fed up with her.
I suggest a separation. From now to eternity.
Then she smiles at me with pity,
since she knows it would be the end of me too.

- Wisława Szymborska -Translated from the Polish by Clare Cavanagh and Stanislaw Baranczak


No comments: