Thursday, January 17, 2013

വീസ്വാവ ഷിംബോർസ്ക - നാടകചിന്തകൾ

The-curtain-call-after-th-001link to image

 


എന്റെ കാര്യം പറയുകയാണെങ്കിൽ
ആറാമങ്കമാണ്‌ ദുരന്തനാടകത്തിൽ ഏറ്റവും പ്രധാനമായി
എനിക്കു തോന്നിയിട്ടുള്ളത്:
അപ്പോഴാണു മരിച്ചവർ അരങ്ങിലെ യുദ്ധക്കളത്തിൽ നിന്നെഴുന്നേറ്റു നിൽക്കുന്നതും,
വിഗ്ഗുകളും കിന്നരിയുടുപ്പുകളും നേരേ പിടിച്ചിടുന്നതും,
നെഞ്ചത്തു നിന്നു കഠാരകൾ വലിച്ചൂരുന്നതും,
കഴുത്തിൽ നിന്നു കൊലക്കയറെടുത്തു മാറ്റുന്നതും,
ജീവനോടിരിക്കുന്നവരോടൊപ്പം നിന്ന്
സദസ്സിനെ അഭിമുഖീകരിക്കുന്നതും.

പിന്നെ അഭിവാദനങ്ങൾ, ഒറ്റയായും കൂട്ടായും-
മുറിവേറ്റ നെഞ്ചിനു മേൽ വച്ച വെളുത്ത കൈ,
ഉപചാരത്തോടെ തല കുനിക്കുന്ന ആത്മഘാതി,
താണുയരുന്ന ഒരു ശിരസ്സ്, മുമ്പേ അറ്റുകിടന്നത്.

രണ്ടുപേരായുള്ള അഭിവാദനങ്ങൾ-
രോഷം ശാലീനതയ്ക്കു കൈ കൊടുക്കുന്നു,
പീഡകന്റെ കണ്ണുകളിൽ നോക്കി ഇരയുടെ മന്ദഹാസം,
പരാതികളൊന്നുമില്ലാതെ സ്വേച്ഛാധിപതിക്കൊപ്പം നടക്കുന്ന വിപ്ളവകാരി.

ഒരു സുവർണ്ണപാദുകത്തിനടിയിൽ ഞെരിഞ്ഞമരുന്ന നിത്യത,
ഒരു തൊപ്പിയുടെ ചുഴറ്റലിൽ നിഷ്കാസിതമാവുന്ന ധാർമ്മികമൂല്യങ്ങൾ,
എല്ലാം വീണ്ടും നാളെയാവാർത്തിക്കാനുള്ള സന്നദ്ധത.

പിന്നെ കടന്നുവരികയായി, ഒറ്റ വരിയായി, മുമ്പു മരിച്ചവർ,
മൂന്നാമത്തെയോ നാലാമത്തെയോ അങ്കത്തിൽ, അല്ലെങ്കിൽ രംഗങ്ങൾക്കിടയിൽ.
ഒരു പാടും ശേഷിപ്പിക്കാതെ മറഞ്ഞുപോയവരുടെ അത്ഭുതകരമായ മടക്കം.
അണിയറയിൽ ക്ഷമയോടെ കാത്തുനിൽക്കുകയായിരുന്നു അവർ,
മുഖത്തെ ചായം തേച്ചുകളയാതെ, വേഷമഴിക്കാതെ എന്ന ചിന്ത
നാടകത്തിലെ ഏതൂപാലംഭങ്ങളെക്കാളും ഹൃദയസ്പർശിയായി എനിക്കു തോന്നുന്നു.

ഏറ്റവും ഹൃദയോന്നമനക്ഷമമായ ഭാഗം പക്ഷേ,
തിരശ്ശീല വീഴുന്ന രംഗമത്രെ,
അതു നിലം തൊടുന്നതിനു മുമ്പ് നിങ്ങൾക്കു കണ്ണില്പെടുന്നത്:
ഒരു കൈയതാ, ഒരു പൂവു കടന്നെടുക്കുന്നു,
മറ്റൊരു കൈ താഴെ കിടക്കുന്ന വാൾ എത്തിയെടുക്കുന്നു.
അപ്പോഴാണ്‌ അദൃശ്യമായ മൂന്നാമതൊരു കൈ
അതിന്റെ കർത്തവ്യം നിറവേറ്റിക്കൊണ്ട്
എന്റെ കഴുത്തിൽ കയറിപ്പിടിക്കുന്നതും.


 

Theatrical Impressions - Wislawa Szymborska

Translated from the Polish by Adam Czerniawski
In tragedy I find the sixth act most important:
when they arise from stage battlefields,
adjust their wigs and robes,
pull out the knife from the breast,
remove the noose from the neck,
stand in line amongst the living
facing the audience.
Bows individual and collective:
a white hand on a wounded heart,
a suicide curtseying,
a beheaded nodding.
Bows in pairs:
fury offering an arm to gentleness,
the victim gazing blissfully into the torturer's eyes,
the revolutionary ungrudgingly marching with the tyrant.
Eternity squashed with the toe of a golden slipper.
Morals dispersed with the brim of a hat.
An incorrigible readiness to repeat it all tomorrow.
A file of those who died much earlier
in acts three and four and between the acts.
The miraculous return of those vanished without trace.
The thought that in the wings they patiently waited
not shedding their costumes
not taking off their make-up
moves me more than tragic tirades.
But truly uplifting is the falling curtain
and what can still be glimpsed beneath it:
here a hand hastily grabs a flower,
there another snatches a dropped sword.
Only then a third, unseen,
accomplishes its task:
grips me by the throat.


No comments: