ഞാനൊരിക്കൽ രാത്രിയിൽ ഒരു ഗ്രാമത്തിലെത്തിപ്പെട്ടു. ഗ്രാമത്തിനൊത്ത നടുക്ക് ഒരു മരം നില്പുണ്ടായിരുന്നു. അങ്ങാടിക്കവലയിലെത്തിയപ്പോഴാണ് എനിക്കു മനസ്സിലായത്, പ്രേതനഗരം പോലെ തോന്നിച്ചിരുന്ന ആ നാട്ടിൽ ശരിക്കും ആൾപ്പാർപ്പുണ്ടായിരുന്നുവെന്ന്. അവർ എനിക്കു ചുറ്റും ഒരു വലയം തീർത്തുകൊണ്ട് പതുക്കെപ്പതുക്കെ എനിക്കടുത്തേക്കു വന്നു; ഒടുവിൽ എന്നെപ്പിടിച്ചു മരത്തിൽ കെട്ടിയിട്ട ശേഷം അവർ സ്ഥലം വിടുകയും ചെയ്തു. ഇതൊക്കെക്കണ്ട് ഞാൻ ചെറുതായൊന്നന്ധാളിച്ചുവെങ്കിലും എനിക്കു ഭയം തോന്നിയില്ല; അതിനുള്ള ഹൃദയം പോലും എനിക്കുണ്ടായിരുന്നില്ലല്ലോ. വെളിച്ചമായപ്പോൾ എന്നെ കെട്ടിയിട്ടവർ ഒറ്റയ്ക്കും തെറ്റയ്ക്കും പ്രത്യക്ഷരായി. എന്നെ കെട്ടഴിച്ചു വിട്ടുകൊണ്ട് അവർ പറഞ്ഞു: “ നിങ്ങൾ ഇവിടെ വന്നുചേർന്നപ്പോൾ ഞങ്ങൾക്കു മനസ്സിലായിരുന്നു നിങ്ങൾക്കാത്മാവിനെ നഷ്ടമായിരിക്കുന്നുവെന്ന്; നിങ്ങളുടെ ആത്മാവ് നിങ്ങളെ അന്വേഷിച്ചു നടക്കുകയായിരുന്നു; അതിനു നിങ്ങളെ കണ്ടുപിടിക്കാൻ വേണ്ടിയാണ് ഞങ്ങൾ നിങ്ങളെ കെട്ടിയിട്ടത്.”
അഡോൾഫോ കസ്റ്റാനൻ-1952ൽ മെക്സിക്കോയിൽ ജനിച്ച സ്പാനിഷ് കവിയും എഴുത്തുകാരനും.
No comments:
Post a Comment