മാലാഖമാരുണ്ടെന്നിരിക്കട്ടെ,
നിഷ്ഫലമായിപ്പോയ മോഹങ്ങളെക്കുറിച്ചുള്ള
നമ്മുടെ നോവലുകൾ
അവർ വായിക്കില്ലെന്നുതന്നെ ഞാൻ കരുതുന്നു.
കഷ്ടമേ,
ലോകത്തോടു നമുക്കുള്ള വൈരം കൊണ്ടു നിറഞ്ഞ നമ്മുടെ കവിതകളും
അവർ കൈ കൊണ്ടു തൊടാൻ പോകുന്നില്ല.
നമ്മുടെ നാടകങ്ങളിലെ
പുലമ്പലുകളും ചീറ്റലുകളും
അവരെ ബോറടിപ്പിക്കുകയുമാവാം.
മാലാഖപ്പണി കഴിഞ്ഞുള്ള,
എന്നു പറഞ്ഞാൽ മനുഷ്യരുടേതല്ലാത്ത ജോലി കഴിഞ്ഞുള്ള
ഇടവേളകളിൽ
അവർ കാണുന്നത്
നിശബ്ദസിനിമയുടെ കാലത്തെ
നമ്മുടെ തമാശപ്പടങ്ങളാണ്.
ഉടുത്തതു വലിച്ചുകീറി വിലപിക്കുന്നവരെയും
പല്ലിറുമ്മി നിലവിളിക്കുന്നവരെയുംകാളവർക്കിഷ്ടം
മുങ്ങിച്ചാവുന്നവനെ വയ്പ്പുമുടിക്കു പിടിച്ചു പൊക്കുകയോ,
വിശന്നുപൊരിയുമ്പോൾ സ്വന്തം ചെരുപ്പു പുഴുങ്ങിത്തിന്നുകയോ ചെയ്യുന്ന
ആ പാവത്താനെയായിരിക്കുമെന്നു ഞാൻ കരുതുന്നു.
അരയ്ക്കു മേൽ: അലക്കിത്തേച്ച ഷർട്ടും അതിമോഹങ്ങളും;
താഴെയാവട്ടെ,
ഒരു വിരണ്ട ചുണ്ടെലി
അയാളുടെ പാന്റുകൾക്കുള്ളിലൂടെ പാഞ്ഞുനടക്കുകയുമാണ്.
അതവർക്കു ശരിക്കും രസിക്കുമെന്നതിൽ എനിക്കു സംശയമില്ല.
പിന്നാലെ വരുന്നവനിൽ നിന്നുള്ള പലായനം ഒടുവിൽ
ഓടിച്ചവനെ ഓടിച്ചിട്ടു പിടിക്കലാവുന്നു.
തുരങ്കത്തിനൊടുവിൽ കണ്ട വെളിച്ചം
ഒരു കടുവയുടെ കണ്ണുകളായെന്നു വരുന്നു.
ഒരുനൂറു ദുരന്തങ്ങളെന്നാൽ
ഒരുനൂറു ഗർത്തങ്ങൾക്കു മേൽ
ഒരുനൂറു മലക്കം മറിച്ചിലുകളെന്നർത്ഥവുമാവുന്നു.
മാലാഖമാരുണ്ടെന്നിരിക്കട്ടെ,
എന്റെ വിശ്വാസം,
അവർക്കിതു ശരിക്കും മനസ്സിലാവുമെന്നാണ്,
കൊടുംഭീതിക്കു മേൽ തൂങ്ങിക്കിടന്നുകൊണ്ടുള്ള ഈ തമാശക്കളി;
രക്ഷിക്കണേ രക്ഷിക്കണേ എന്നുള്ള വിളിച്ചുകൂവലു പോലുമില്ലാതെ:
ശബ്ദമില്ലാതെയാണല്ലോ ഇതൊക്കെ നടക്കുന്നത്.
അവർ ചിറകു കൊട്ടുകയാണെന്നും
ഞാൻ ഭാവനയിൽ കാണുന്നു,
അവർ കുടുകുടെ കണ്ണീരൊലിപ്പിക്കുകയാണെന്നും,
ഒന്നുമല്ലെങ്കിൽ ചിരിച്ചുകുഴഞ്ഞിട്ടെങ്കിലും.
No comments:
Post a Comment