എത്ര ചുറുചുറുക്കാണിന്നുമതിനെന്നു നോക്കൂ,
ഉടലിനൊരുടവും പറ്റാതെ-
വിദ്വേഷം, നമ്മുടെ നൂറ്റാണ്ടിലെ വിദ്വേഷം.
ഏതുയരമുള്ള കടമ്പയും എത്രയെളുപ്പത്തിലാണതു ചാടിക്കടക്കുന്നത്.
എത്ര വേഗത്തിലാണതു ചാടിവീഴുന്നതും നമ്മെ കടന്നുപിടിക്കുന്നതും.
മറ്റു വികാരങ്ങളെപ്പോലെയല്ലത്.
അവയെക്കാൾ പ്രായം ചെന്നതും ഒപ്പം ചെറുപ്പവുമാണത്.
അതിനു ജന്മം നല്കിയ കാരണങ്ങൾക്ക്
അതു തന്നെ ജന്മം നല്കുകയാണ്.
അതുറങ്ങുമ്പോൾ നിത്യനിദ്രയല്ലത്.
ഉറക്കമില്ലായ്മ അതിന്റെ ബലം കളയുകയല്ല, കൂട്ടുകയുമാണ്.
ഒന്നല്ലെങ്കിൽ മറ്റൊരു മതം-
അതിനെ ഇളക്കിവിടാനതു മതി.
ഒന്നല്ലെങ്കിൽ മറ്റൊരു ജന്മദേശം-
അതിനു തുടക്കമിടാനതു മതി.
ആരംഭം നീതി തന്നെയാവട്ടെ,
വിദ്വേഷം അതിനെപ്പിന്നെ തട്ടിയെടുത്തോളും.
വിദ്വേഷം. വിദ്വേഷം.
രതിമൂർച്ഛയിലെന്നപോലെ
അതു ഞെളിപിരി കൊള്ളുന്നതു നോക്കൂ.
ഹാ, ഈ മറ്റു വികാരങ്ങൾ.
രക്തപ്രസാദമില്ലാത്തവ, ചുണ കെട്ടവ.
സാഹോദര്യമെന്നു കേട്ടാൽ
ജനക്കൂട്ടമിരച്ചുവരുന്ന ഒരു കാലമുണ്ടായിട്ടുണ്ടോ?
അനുകമ്പ എന്നെങ്കിലും ഒന്നാമതോടിയെത്തിയിട്ടുണ്ടോ?
സംശയത്തിനെത്ര അനുയായികളെക്കിട്ടിയിരിക്കുന്നു?
വിദ്വേഷത്തിനേ തന്റെ അവകാശമെന്തെന്നറിയൂ.
സമർത്ഥം, സ്ഥിരോത്സാഹി, കഠിനാദ്ധ്വാനി.
എത്ര പാട്ടുകളതെഴുതിയിരിക്കുന്നുവെന്നു പറയേണ്ടതുണ്ടോ?
നമ്മുടെ ചരിത്രപുസ്തകങ്ങളിൽ എത്ര താളുകളതെഴുതിച്ചേർത്തിരിക്കുന്നുവെന്നും?
എത്ര കവലകൾക്കു മേൽ, കളിക്കളങ്ങൾക്കു മേൽ
മനുഷ്യക്കംബളങ്ങളതു വിരിച്ചിരിക്കുന്നുവെന്നും?
എന്തിനു നേരിനു നേർക്കു മുഖം തിരിക്കുന്നു:
സൌന്ദര്യം സൃഷ്ടിക്കാൻ വിദ്വേഷത്തിനുമാവും.
എത്ര ഉജ്ജ്വലമാണ്, പാതിരാത്രിയിൽ ആകാശത്തതു പരത്തുന്ന അഗ്നിപ്രഭകൾ;
പ്രഭാതത്തീന്റെ അരുണിമയിൽ ബോംബുസ്ഫോടനങ്ങളുടെ പുകച്ചുരുളുകൾ.
നാശാവശിഷ്ടങ്ങളുടെ കരുണരസത്തെ നിങ്ങൾക്കവഗണിക്കാനാവില്ല,
അവയ്ക്കു മേലുയർന്നു നില്ക്കുന്ന തൂണിന്റെ അശ്ലീലഹാസ്യത്തെ കാണാതിരിക്കാനുമാവില്ല.
വൈരുദ്ധ്യങ്ങളെ അതു വിദഗ്ധമായൊന്നിപ്പിക്കുന്നു-
കോലാഹലവും ശ്മശാനമൂകതയും;
ചുവന്ന ചോരയും വെളുത്ത മഞ്ഞും.
അഴുക്കിൽ കിടക്കുന്ന ഇരയ്ക്കു മേൽ
മുഖം പറ്റെ വടിച്ച ആരാച്ചാർ-
തന്റെ തന്നെ ഈ ചിത്രം അതിനൊട്ടും മുഷിയുന്നില്ല.
പുതിയ വെല്ലുവിളികളേറ്റെടുക്കാൻ എന്നും തയാറാണത്.
കാത്തിരിക്കേണ്ടി വന്നാൽ കാത്തിരിക്കുകയും ചെയ്യുമത്.
അതിനു കണ്ണു കാണില്ലെന്നാളുകൾ പറയുന്നു. കണ്ണു കാണില്ലെന്നോ?
കടൽപ്പുള്ളിന്റെ നിശിതദൃഷ്ടികളുമായി
ചങ്കൂറ്റത്തോടെ ഭാവിയിലേക്കു നോക്കി അതിരിക്കുന്നു-
അതതിനേ പറ്റൂ.
No comments:
Post a Comment