Sunday, January 6, 2013

വീസ്വാവ സിംബോർസ്ക - സസ്യങ്ങളുടെ മൌനം

491px-Gentile_da_Fabriano_060link to image

 


എനിക്കും നിങ്ങൾക്കുമിടയിലെ ഏകപക്ഷീയമായ ബന്ധം
വളരെ നന്നായി മുന്നോട്ടു പോകുന്നുണ്ടല്ലോ.
എന്താണിലയും ഇതളും പൂവും കായയും കാതലുമെന്നെനിക്കറിയാം,
ഏപ്രിലിലും ഡിസംബറിലും നിങ്ങളിൽ വരുന്ന ഭാവമാറ്റവുമെനിക്കറിയാം.

ഞാൻ കാണിക്കുന്ന ജിജ്ഞാസ നിങ്ങളെന്നോടു കാണിക്കുന്നില്ലെങ്കിലും
എന്താനന്ദത്തോടെയാണു ഞാൻ നിങ്ങളിൽ ചിലരെ കുനിഞ്ഞുനോക്കുന്നത്,
ചിലരെ തല ഉയർത്തിനോക്കുന്നതും.

നിങ്ങൾക്കു നല്കാനെനിക്കു പേരുകളുണ്ട്:
മേപ്പിൾ, സൂര്യകാന്തി, പൈൻ, ഇത്തിക്കണ്ണി, തൊട്ടാവാടി.
നിങ്ങൾ പക്ഷേ, ഒരു പേരും എന്നെ വിളിക്കുന്നില്ല.

എന്തൊക്കെയായാലും ഒരേ വണ്ടിയിലെ യാത്രക്കാരല്ലേ നാം,
ഒരുമിച്ചു യാത്ര ചെയ്യുന്നവർക്കെന്തൊക്കെപ്പറയാനുണ്ടാവും:
അഭിപ്രായങ്ങൾ അന്യോന്യം കൈമാറാനുണ്ടാവില്ലേ,
കാലാവസ്ഥയെക്കുറിച്ചെങ്കിലും,
മിന്നിമായുന്ന സ്റ്റേഷനുകളെക്കുറിച്ചും?

വിഷയദാരിദ്ര്യവുമുണ്ടാവില്ല: നമുക്കു പൊതുവായിട്ടെന്തൊക്കെയിരിക്കുന്നു-
ഒരേ നക്ഷത്രത്തിന്റെ കൈയെത്തുന്നിടത്താണു നാമിരുവരും;
ഒരേ നിയമങ്ങൾക്കനുസരിച്ചാണു നമ്മുടെ നിഴലുകൾ വീഴുന്നതും.
അവനവന്റേതായ രീതിയിൽ നാം കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്,
നമുക്കറിയാത്തവയിലും ചില സാദൃശ്യങ്ങൾ നാം കാണുന്നുണ്ട്.

എന്നോടു ചോദിക്കൂ, എനിക്കറിയാവുന്ന വിധം ഞാൻ വിശദീകരിക്കാം:
രണ്ടു കണ്ണുകൾ കൊണ്ടു കാണുക എന്നാലെന്താണെന്ന്,
എന്റെ ഹൃദയം മിടിക്കുന്നതെന്തിനാണെന്ന്,
എന്റെ ദേഹത്തിനു വേരുകളില്ലാതെപോയതെന്തുകൊണ്ടാണെന്ന്.
പക്ഷേ ചോദിക്കാത്ത ചോദ്യങ്ങൾക്കു ഞാനെങ്ങനെ മറുപടി പറയാൻ,
ഞാൻ നിങ്ങൾക്കാരുമേയല്ലെന്നുമിരിക്കെ?

അടിക്കാടുകളേ, പടർപ്പുകളേ, പുൽത്തകിടികളേ, ഓടൽക്കൂട്ടമേ-
നിങ്ങളോടു ഞാൻ പറയുന്നതൊക്കെയും ഒരാത്മഭാഷണമാവുന്നു,
അതു കേൾക്കുന്നതു നിങ്ങളുമല്ല.

നിങ്ങളോടു സംസാരിക്കുക അനിവാര്യമാണെണിക്ക്, എന്നാലസാദ്ധ്യവും.
ഈ തിരക്കു പിടിച്ച ലോകത്ത് എത്രയും തിടുക്കത്തിൽ ചെയ്യേണ്ടത്,
എന്നാലിനിയൊരിക്കലേക്ക് എന്നെന്നേക്കുമായി മാറ്റിവയ്ക്കപ്പെട്ടതും.


The Silence of Plants


Our one-sided acquaintance
grows quite nicely.
Although my curiosity is not reciprocal,
I specially stoop over some of you,
and crane my neck at others.
I've got a list of names for you:
maple, burdock, hepatica,
mistletoe, heath, juniper, forget-me-not,
but you have none for me.
We're traveling together,
but fellow passengers usually chat,
exchange remarks at least about the weather,
or about the stations rushing past.
We wouldn't lack for topics: we've got a lot in common.
The same star keeps us in its reach.
We cast shadows based on the same laws.
We try to understand things, each in our own way,
and what we don't know brings us closer too.
I'll explain as best I can, just ask me:
what seeing with two eyes is like,
what my heart beats for,
and why my body isn't rooted down.
But how to answer unasked questions,
while being furthermore a being so totally
a nobody to you.
Undergrowth, coppices, meadows, rushes--
everything I tell you is a monologue,
and it's not you who listens.
Talking with you is essential and impossible.
Urgent in this hurried life
and postponed to never.


No comments: