Friday, January 18, 2013

ബർത്തോൾഡ് ബ്രഹ്ത് - യുദ്ധകാലകവിതകൾ

Bertold_Brecht

 


1


ആഹാരത്തെക്കുറിച്ചു സംസാരിക്കുന്നതു  താഴ്ന്ന പണിയാണെന്നാണ്‌
ഉയർന്നവരുടെ വിചാരം.
വസ്തുതയെന്തെന്നാൽ:
അവർ ആഹാരം കഴിച്ചുകഴിഞ്ഞിരിക്കുന്നു.

ഒരിക്കൽപോലും നല്ല ഇറച്ചിയുടെ രുചിയറിയാതെ
താഴ്ന്നവർ ഈ ലോകം വിട്ടുപോകണം.

തങ്ങൾ എവിടെ നിന്നു വരുന്നു
എവിടെയ്ക്കു പോകുന്നു എന്ന ചിന്തയുടെ ഒടുവിൽ
സുന്ദരസായാഹ്നങ്ങളിൽ
അവർ തളന്നുകിടന്നുപോകുന്നു.

മലകളും വൻകടലും കാണാതെ തന്നെ
അവരുടെ കാലം കഴിയുന്നു.

താഴ്ന്നതിനെക്കുറിച്ചു ചിന്തിക്കാതിരുന്നാൽ
താഴ്ന്നവർ ഒരിക്കലും ഉയരുകയുമില്ല.


2


നേതാക്കൾ സമാധാനത്തെക്കുറിച്ചു സംസാരിക്കുമ്പോൾ
ജനങ്ങൾക്കറിയാം യുദ്ധം വരാറായെന്ന്
നേതാക്കൾ യുദ്ധത്തെ ശപിക്കുമ്പോൾ
പടനീക്കത്തിനുള്ള ഉത്തരവിറങ്ങിക്കഴിഞ്ഞുമിരിക്കുന്നു.


3


തലപ്പത്തുള്ളവർ പറയുന്നു,
യുദ്ധവും സമാധാനവും വ്യത്യസ്തവസ്തുക്കളാണെന്ന്.
അവരുടെ സമാധാനവും അവരുടെ യുദ്ധവും പക്ഷേ,
കാറ്റും കൊടുങ്കാറ്റും പോലെയാണെന്നേയുള്ളു.

അവരുടെ സമാധാനത്തിൽ നിന്ന്
യുദ്ധമാണു പിറക്കുക
അമ്മയിൽ നിന്നു മകനെന്നപോലെ
ആ മകനിൽ കാണാം
അമ്മയുടെ പേടിപ്പെടുത്തുന്ന മുഖലക്ഷണങ്ങൾ.

അവരുടെ യുദ്ധം കൊന്നുകളയുന്നു
സമാധാനം ബാക്കി വച്ചതെന്തെങ്കിലുമുണ്ടെങ്കിൽ
അതിനെ.


4


തലപ്പത്തുള്ളവർ പറയുന്നു
ഇതു മഹത്വത്തിലേക്കുള്ള വഴി
താഴെക്കിടക്കുന്നവർ പറയുന്നു
ഇതു ശവക്കുഴിയിലേക്കു വഴി


5


വരാനുള്ള യുദ്ധം ആദ്യത്തേതല്ല
അതിനു മുമ്പേ വേറെയും യുദ്ധങ്ങളുണ്ടായിരിക്കുന്നു.
അവസാനത്തേതിനൊടുവിൽ
തോറ്റവരും തോല്പിച്ചവരുമുണ്ടായി
തോറ്റവർക്കിടയിൽ
സാധാരണക്കാർ പട്ടിണി കിടന്നു
തോല്പിച്ചവർക്കിടയിലും
സാധാരണക്കാർ പട്ടിണി കിടന്നു


6


തലപ്പത്തുള്ളവർ പറയുന്നു
സൌഹൃദമാണു പട്ടാളത്തിൽ നടപ്പെന്ന്
അടുക്കളയിൽ ചെന്നാൽ മതി
ഇതിന്റെ നേരറിയാൻ
അവരുടെ നെഞ്ചിലുള്ളത്
ഒരേ ധീരത തന്നെ
അവരുടെ പാത്രങ്ങളിൽ പക്ഷേ
രണ്ടു തരം റേഷനും


7


മാർച്ചു ചെയ്തുപോകുമ്പോൾ മിക്കവർക്കുമറിയില്ല
മുന്നിൽ മാർച്ചു ചെയ്യുന്നതു ശത്രു തന്നെയാണെന്ന്
തങ്ങൾക്കു കല്പനകൾ നൽകുന്ന ശബ്ദം
തങ്ങളുടെ ശത്രുവിന്റെ തന്നെ ശബ്ദമാണെന്ന്
ശത്രുവിനെക്കുറിച്ചു സംസാരിക്കുന്ന ആ മനുഷ്യൻ
തങ്ങളുടെ ശത്രു തന്നെയാണെന്ന്


8


ജനറൽ താങ്കളുടെ ടാങ്ക് കരുത്തുറ്റ വാഹനം തന്നെ
കാടുകൾ വെട്ടിനിരത്താനതു മതി
ഒരു നൂറു മനുഷ്യരെ ഞെരിച്ചുകൊല്ലാനും
പക്ഷേ അതിനൊരു കുറവുണ്ട്
അതിനു ഡ്രൈവർ വേണം

ജനറൽ താങ്കളുടെ ബോംബർ കരുത്തുറ്റതു തന്നെ
അതു കൊടുങ്കാറ്റിനെക്കാൾ വേഗത്തിൽ പായും
ഒരാനയെക്കാളധികം ഭാരം വഹിക്കും
പക്ഷേ അതിനൊരു കുറവുണ്ട്
അതിനു മെക്കാനിക്കു വേണം

ജനറൽ മനുഷ്യനെക്കൊണ്ടൊരുപാടുപയോഗമുണ്ട്
അവൻ പറക്കും അവൻ കൊല്ലും
പക്ഷേ അവനൊരു കുറവുണ്ട്
അവൻ ചിന്തിക്കും


1 comment:

ajith said...

ഗുഡ്
താങ്ക്സ്