1
-ഗുരോ, എനിക്കു മലമുകളിലേക്കു പോകണം; ഞാനെവിടെ നിന്നാണു കയറാൻ തുടങ്ങേണ്ടത്?
-മലമുകളിൽ നിന്നു തന്നെ.
2
ബുദ്ധവിഗ്രഹത്തിനു മുന്നിൽ ഏറെനേരം ധ്യാനത്തിലിരുന്ന ഗുരുവിനോടു ശിഷ്യൻ ചോദിച്ചു
-ഗുരോ, ബുദ്ധൻ അങ്ങയോടെന്തെങ്കിലും പറഞ്ഞോ?
-ഇല്ല, അദ്ദേഹം കേട്ടുകൊണ്ടിരുന്നതേയുള്ളു.
-അതു ശരി, അങ്ങദ്ദേഹത്തോടെന്താണു പറഞ്ഞത്?
- ഞാനും കേട്ടുകൊണ്ടിരുന്നതേയുള്ളു.
3
സഞ്ചാരികളുടെ കാലടികൾ നോവാതിരിക്കേണ്ടതിലേക്കായി താൻ വഴിയായ വഴിയൊക്കെ തുകലു വിരിക്കാൻ പോവുകയാണെന്നു രാജാവു പ്രഖ്യാപിച്ചു. പകരം സഞ്ചാരികൾ തുകൽച്ചെരുപ്പു ധരിച്ചാൽപ്പോരേയെന്നു ഗുരു ചോദിച്ചു.
4
രാജാവിനു ലോകചരിത്രം പഠിക്കണം. മന്ത്രിമാർ ലഭ്യമായ ചരിത്രപുസ്തകങ്ങളൊക്കെ വരുത്തി രാജാവിനു മുന്നിൽ വച്ചു. പുസ്തകങ്ങളുടെ കൂമ്പാരം കണ്ടപ്പോൾ തനിക്കിതൊന്നും വായിക്കാൻ നേരമില്ലെന്നും ലോകചരിത്രത്തിന്റെ ഒരു സംക്ഷേപം കിട്ടിയാൽ മതിയെന്നുമായി രാജാവ്. മന്ത്രിമാർ ഗുരുവിനെ ചെന്നുകണ്ടു. ഗുരു മനുഷ്യചരിത്രം ചുരുക്കത്തിൽ എഴുതിക്കൊടുത്തതിങ്ങനെ:
മനുഷ്യർ ജനിക്കുന്നു,
മനുഷ്യർ ജീവിക്കുന്നു,
മനുഷ്യർ മരിച്ചും പോകുന്നു.
5
അതിമനോഹരമായ തന്റെ ഉദ്യാനം വന്നു കാണാൻ രാജാവ് ഗുരുവിനെ ക്ഷണിച്ചു. ഉദ്യാനം നടന്നുകണ്ട ഗുരുവിന്റെ മുഖത്തു പക്ഷേ തൃപ്തി കണ്ടില്ല. എവിടെ പൊൻനിറം വീശുന്ന തെന്നൽ, എന്നായി ഗുരു. രാജാവു മറുപടിയില്ലാതെ നിന്നപ്പോൾ ഗുരു തന്റെ കൈയിലുണ്ടായിരുന്ന പഴുക്കിലകൾ ഉദ്യാനത്തിലെമ്പാടും വിതറി. ഈ നേരം ഒരു തെന്നൽ വീശുകയും പഴുക്കിലകൾ പൊൻചീവലുകൾ പോലെ പറന്നുനടക്കുകയും ചെയ്തു. ഇതല്ലേ പൊന്നു വീശുന്ന തെന്നൽ, ഗുരു രാജാവിനോടു പറഞ്ഞു.
6
വാക്കും യാഥാർത്ഥ്യവും തമ്മിലുള്ളത് വിരലും ചന്ദ്രനും തമ്മിലുള്ള ബന്ധമാണെന്നു ഗുരു പറയുന്നു. ചൂണ്ടുന്ന വിരലല്ല ചന്ദ്രൻ; എന്തിന്, ഒരു വിരലും ചൂണ്ടാതെ തന്നെ ചന്ദ്രനെ കാണുകയുമാവാമല്ലോ.
No comments:
Post a Comment