Tuesday, January 8, 2013

ആർതർ ഷോപ്പൻഹോവർ - എഴുത്തുകാരും വായനക്കാരും

Arthur-Schopenhauer-1855

 


മൂന്നു തരം എഴുത്തുകാർ



എഴുത്തുകാരെ കൊള്ളിമീനുകൾ, ഗ്രഹങ്ങൾ, സ്ഥിരനക്ഷത്രങ്ങൾ എന്നു മൂന്നായി വിഭജിക്കാം. ആദ്യത്തെ ഗണം ഒരു ക്ഷണികപ്രഭാവമേ ജനിപ്പിക്കുന്നുള്ളു: നിങ്ങൾ മുകളിലേക്കു നോക്കി “നോക്കൂ!” എന്നു വിസ്മയിക്കുമ്പോഴേക്കും അവ എന്നെന്നേക്കുമായി മറഞ്ഞുകഴിഞ്ഞു. രണ്ടാമത്തെ വിഭാഗം, ചരഗ്രഹങ്ങൾ, അല്പം കൂടി ദീർഘായുസ്സുകളാണ്‌. സമീപസ്ഥമാണെന്നതിനാൽ സ്ഥിരനക്ഷത്രങ്ങളെക്കാൾ അവയ്ക്കു തെളിച്ചം കൂടും; അജ്ഞർ അവയെ നക്ഷത്രങ്ങളായിത്തന്നെ ഗണിക്കുകയും ചെയ്യും. പക്ഷേ അവയും കാലക്രമേണ സ്ഥലമൊഴിഞ്ഞുകൊടുക്കേണ്ടിവരും; തന്നെയുമല്ല, കടം വാങ്ങിയ വെളിച്ചം കൊണ്ടാണ്‌ അവ തിളങ്ങുന്നതും; അവയുടെ സ്വാധീനവലയമാവട്ടെ, തങ്ങളുടെ സഹയാത്രികരിൽ (സമകാലികരിൽ) ഒതുങ്ങിനിൽക്കുകയും ചെയ്യുന്നു. മൂന്നാമത്തെ വിഭാഗം മാത്രമേ മാറ്റമില്ലാത്തതായിട്ടുള്ളു, ആകാശമണ്ഡലത്തിൽ ഉറച്ചുനിൽക്കുന്നുള്ളു, സ്വപ്രകാശം കൊണ്ടു തിളങ്ങുന്നുള്ളു, മാറിവരുന്ന യുഗങ്ങളെ ഒരുപോലെ സ്വാധീനിക്കുന്നുള്ളു; നമ്മുടെ സ്ഥാനം മാറുമ്പോൾ അവയുടെ സ്ഥിതി മാറുന്നുമില്ല. അത്രയും ഉയരത്തിലാണവയെന്നതിനാൽത്തന്നെയാണ്‌ അവയുടെ വെളിച്ചം ഭൂമിയിൽ നിൽക്കുന്നവരിലെത്താൻ ഇത്രയും കാലമെടുക്കുന്നതും.


വായിക്കാതിരിക്കുക എന്ന കല


വായിക്കാതിരിക്കുക എന്ന കല വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. ഒരു പ്രത്യേകകാലഘട്ടത്തിൽ പൊതുസമൂഹത്തിന്റെ ശ്രദ്ധയെ ആകർഷിക്കുന്നതെന്തായാലും അതിൽ താല്പര്യമെടുക്കാതിരിക്കലാണത്. രാഷ്ട്രീയക്കാരുടെയോ പള്ളിക്കാരുടെയോ വക ഒരിടയലേഖനം, ഒരു നോവൽ, ഒരു കവിത, ഇതേതെങ്കിലും സമൂഹത്തിൽ കോളിളക്കമുണ്ടാക്കുന്നെങ്കിൽ ഓർക്കുക- വിഡ്ഢികൾക്കു വേണ്ടി എഴുതുന്നവർക്ക് വേണ്ടത്ര വായനക്കാരെയും കിട്ടും. നല്ല പുസ്തകങ്ങൾ വായിക്കുന്നതിനുള്ള മുന്നുപാധിയാണ്‌ മോശം പുസ്തകങ്ങൾ വായിക്കാതിരിക്കുക എന്നത്: അല്പായുസ്സുകളല്ലേ നാം.


എഴുത്തുകാർ ഏതു ഭാഷ ഉപയോഗിക്കണം?



എഴുത്തുകാർ ഇതോർമ്മ വയ്ക്കുന്നത് അവർക്കു നല്ലതായിരിക്കും: ഒരാൾക്ക് വലിയൊരു പ്രതിഭാശാലിയെപ്പോലെ ചിന്തിക്കാൻ കഴിയുമെങ്കിൽ അങ്ങനെ ആയിക്കോട്ടെ; പക്ഷേ അയാൾ സംസാരിക്കുന്നത് മറ്റുള്ളവരുടെ ഭാഷയിൽത്തന്നെ ആയിരിക്കണം. എഴുത്തുകാർ സാധാരണവാക്കുകൾ ഉപയോഗിച്ച് അസാധാരണമായ കാര്യങ്ങളെക്കുറിച്ചു പറയണം. പക്ഷേ ഇതിനു വിരുദ്ധമായിട്ടാണ്‌ അവർ ചെയ്യുക. വെറും ക്ഷുദ്രമായ ആശയങ്ങൾ കനപ്പെട്ട വാക്കുകളിൽ പൊതിഞ്ഞുതരാൻ ശ്രമിക്കുകയാണവർ; അതിസാധാരണമായ ചിന്തകളെ അത്യസാധാരണമായ ശൈലികളുടെ, അപ്രകൃതവും അസ്വാഭാവികവും അനഭിഗമ്യവുമായ പദപ്രയോഗങ്ങളുടെ വേഷമിടീക്കാൻ നോക്കുകയാണവർ. പൊയ്ക്കാലുകളിൽ ഞെളിഞ്ഞു നടക്കുകയാണ്‌ എപ്പോഴും അവരുടെ വാചകങ്ങൾ. ശബ്ദാഡംബരത്തിലാണ്‌ അവർക്കു ഭ്രമം; ഊതിവീർപ്പിച്ച, കൃത്രിമമായ, അതിശയോക്തി നിറഞ്ഞ, കസർത്തു കാണിയ്ക്കുന്ന ഭാഷയിലേ അവരെഴുതൂ. ഇവരുടെ പൂർവികനായ പിസ്റ്റോളിനെയാണ്‌ പണ്ടൊരിക്കൽ അയാളുടെ ചങ്ങാതി ഫാൾസ്റ്റാഫ് “പറയാനെന്തെങ്കിലുമുണ്ടെങ്കിൽ അതു മറ്റു മനുഷ്യർ പറയുന്ന ഭാഷയിൽ പറയുക” എന്ന് ഒരടി കൊടുത്തിരുത്തിയത്.


ആർതർ ഷോപ്പൻഹോവർ(1788-1860) - ഭാരതീയചിന്തകൾ സ്വാധീനിച്ച ജർമ്മൻ ദാർശനികൻ

5 comments:

Fyzie Rahim said...

ഒരു എഴുത്തുകാരന്‍ വായിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ അറിവുകള്‍ . ഇങ്ങനൊരു പോസ്റ്റ്‌ ഇട്ടതിനു വളരെയേറെ നന്ദി.

Rainy Dreamz ( said...

ഒരു എഴുത്തുകാരന്‍ വായിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ അറിവുകള്‍ എന്നതില്‍ തര്‍ക്കമില്ല

Unknown said...

എഴുത്തുകാർ ഇതോർമ്മ വയ്ക്കുന്നത് അവർക്കു നല്ലതായിരിക്കും

Anonymous said...

എഴുത്തുകാര്‍ എന്നന്നേക്കും ഓര്‍മിക്കേണ്ട വസ്തുതകള്‍..
ആശംസകള്‍ ഇതുപോലെയുള്ള അറിവുകള്‍ പരിചയപ്പെടുത്തിയതിന്..

Pradeep Kumar said...

“പറയാനെന്തെങ്കിലുമുണ്ടെങ്കിൽ അതു മറ്റു മനുഷ്യർ പറയുന്ന ഭാഷയിൽ പറയുക” - ഇങ്ങിനെ ഒരു തല്ല് ഇന്നു പല എഴുത്തുകാർക്കും ആവശ്യമാണ്.