നിന്നെ ഞാൻ കണ്ടെടുത്തതെഫീസസ് ഉദ്യാനത്തിൽ നിന്നോ?
സായാഹ്നം പൂക്കൾ വിടർത്തിയ എന്റെ കൈക്കുമ്പിളിൽ
ലവംഗപുഷ്പങ്ങൾ പോലെയായിരുന്നു നിന്റെ കുറുനിരകൾ.
നിന്നെ ഞാൻ പിടിച്ചതു കിനാവിന്റെ തടാകത്തിൽ നിന്നോ?
ആറ്റുവഞ്ഞികൾ വളരുന്ന കരയിൽ ചൂണ്ടയുമായി ഞാനിരുന്നു,
ചൂണ്ടച്ചരടിൽ ഹൃദയം കോർത്തു നിനക്കു നേർക്കു ഞാനെറിഞ്ഞു.
നിന്നെ ഞാൻ കണ്ടതു മണൽക്കാടിന്റെ പാഴ്പ്പരപ്പിൽ വച്ചോ?
നീയായിരുന്നു, എനിക്കാകെ ശേഷിച്ച മരം,
എന്റെ ആത്മാവിനവസാനത്തെക്കനിയും.
ഇന്നു നിന്റെ നിദ്രയിലൊതുങ്ങിക്കൂടി ഞാൻ കിടക്കുന്നു,
നിന്റെ പ്രശാന്തതയ്ക്കുള്ളിലാഴത്തിൽ പൂണ്ടിറങ്ങി,
രാത്രി പോലിരുണ്ട പുറന്തോടിലൊരു ബദാമിന്റെ പരിപ്പു പോലെ.
ഇവാൻ ഗോളിന്റെ അവസാനത്തെ കവിത. മരണക്കിടക്കയിൽ വച്ച് ഭാര്യയായ ക്ളെയറിനെഴുതിയത്.
No comments:
Post a Comment