Wednesday, January 30, 2013

ഇവാൻ ഗോൾ - യൂറോപ്പിന്റെ പരേതാത്മാക്കൾക്കായി ഒരു വിലാപഗീതം (1915)

2000YardStare-1link to image

 


വിലപിക്കട്ടെ ഞാൻ,
സ്വന്തം കാലത്തിൽ നിന്നു പുറപ്പെട്ടുപോയ പുരുഷന്മാർക്കത്രയുമായി;
വിലപിക്കട്ടെ ഞാൻ,
കിളികളെപ്പോലെ കൂജനം ചെയ്തിരുന്ന ഹൃദയങ്ങൾ കൊണ്ടിന്നലറിക്കരയുന്ന സ്ത്രീകൾക്കായി;
നഷ്ടപ്പെട്ട ഭർത്താക്കന്മാരെയോർത്തു വിളക്കുവെട്ടത്തിലിരുന്നു യുവവിധവകൾ തേങ്ങുമ്പോൾ
കുറിച്ചിടട്ടെ, പട്ടികയിൽ ചേർക്കട്ടെ ഞാനോരോ വിലാപവും;
ഉറങ്ങാൻ നേരത്തു പിതാവായ ദൈവത്തെ വിളിച്ചു കരയുന്ന കുഞ്ഞുങ്ങളുടെ
തുടുത്ത ശബ്ദങ്ങളെനിക്കു കേൾക്കാം;
ഓരോ ചുമരിലുമെനിക്കു കാണാം,
പണ്ടെന്നപോലെ മന്ദഹാസം തൂകുന്ന മുഖങ്ങളുടെ മാല ചാർത്തിയ ഫോട്ടോകൾ;
ഓരോ ജനാലയ്ക്കു പിന്നിലുമുണ്ടു പെൺകിടാങ്ങൾ, ഏകാകിനികൾ,
പൊള്ളുന്ന കണ്ണുകളിൽ കണ്ണീരിന്റെ തിളക്കവുമായി;
ഓരോ പൂന്തോപ്പിലും വിടർന്നുനിൽക്കുന്നുണ്ടു ലില്ലിപ്പൂക്കൾ,
ഏതോ കുഴിമാടമലങ്കരിക്കാനെന്നപോലെ;
ഓരോ തെരുവിലും അതിമന്ദമായി  നീങ്ങുന്നുണ്ടു വണ്ടികൾ,
ഏതോ ശവസംസ്കാരത്തിനെന്നപോലെ;
ഏതു ദേശത്തെയുമേതു നഗരത്തിലും നിങ്ങൾക്കു കേൾക്കാം,
മരണമറിയിക്കുന്ന കൂട്ടമണികളുടെ നാദം;
ഓരോ ഹൃദയത്തിലുമുണ്ടൊരു ദീനനിവേദനം,
ഞാനതു കേൾക്കുന്നു, ഓരോ നാളു ചെല്ലുന്തോറും തെളിഞ്ഞുതെളിഞ്ഞു വരുന്നതായി.



Requiem for the Dead of Europe [1915]

Let me lament the exodus of so many men from their time;
Let me lament the women whose warbling hearts now scream;
Every lament let me note and add to the list,
When young widows sit by lamplight mourning for husbands lost;
I hear the blonde-voiced children crying for God their father at bedtime;
On every mantelpiece stand photographs wreathed with ivy, smiling, true to the past;
At every window stand lonely girls whose burning eyes are bright with tears;
In every garden lilies are growing, as though there’s a grave to prepare;
In every street the cars are moving more slowly, as though to a funeral;
In every city of every land you can hear the passing-bell;
In every heart there’s a single plaint,
I hear it more clearly every day.


No comments: