Sunday, January 20, 2013

വീസ്വാവ ഷിംബോർസ്ക - പുരാവസ്തുശാസ്ത്രം

AY_HS1_1.jpeglink to image

 


എന്റെ രംഗത്തു നാം കുറേയൊക്കെ പുരോഗതി നേടിയിരിക്കുന്നുവെന്നു തോന്നുന്നു,
അങ്ങനെയല്ലേ, സാധുമനുഷ്യാ.
നിങ്ങളെന്നെ ആദ്യമായി പുരാവസ്തുശാസ്ത്രം എന്നു വിളിച്ചതില്പിന്നെ
സഹസ്രാബ്ദങ്ങൾ കടന്നുപോയിരിക്കുന്നു.

എനിക്കിപ്പോൾ നിങ്ങളുടെ ശിലാദൈവങ്ങളെ ആവശ്യമില്ലെന്നായിരിക്കുന്നു,
തകർന്ന ശേഷിപ്പുകളിൽ നിന്നു വായിച്ചെടുക്കാവുന്ന ശാസനങ്ങളും.

നിങ്ങളുടേതായ എന്തെങ്കിലുമൊന്നെനിക്കു കാണിച്ചുതരൂ,
നിങ്ങളെന്തായിരുന്നുവെന്നു ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം.
എന്തിന്റെയെങ്കിലും മേൽഭാഗം,
എന്തിന്റെയെങ്കിലും അടിഭാഗം.
ഒരെഞ്ചിന്റെ തുണ്ട്,
ഒരു പിക്ച്ചർ റ്റ്യൂബിന്റെ കഴുത്ത്.
ഒരിഞ്ചു കേബിൾ,
പൊടിഞ്ഞുവീണ വിരലുകൾ.
അതിൽക്കുറവായാലും മതി,
അതു തന്നെ വേണമെന്നുമില്ല.

നിങ്ങൾക്കന്നറിയാതിരുന്ന ഒരു പ്രയോഗത്താൽ
എണ്ണമറ്റ വസ്തുക്കളിൽ നിന്നു ഞാൻ
ഓർമ്മകളെ ഇളക്കിവിടാം.
ചോരപ്പാടുകൾ മായില്ല.
അസത്യങ്ങൾ തിളങ്ങിനിൽക്കും.
രഹസ്യചിഹ്നങ്ങൾ മാറ്റൊലിക്കും.
സന്ദേഹങ്ങളും ലക്ഷ്യങ്ങളും വെളിച്ചപ്പെടും.

വേണമെന്നെനിക്കു തോന്നിയാൽ
(അതു നിങ്ങളത്രയ്ക്കുറപ്പിക്കുകയും വേണ്ട)
നിങ്ങളുടെ മൌനത്തിന്റെ തൊണ്ടയിലൂടെ ഞാനകത്തേക്കു പാളിനോക്കും,
നിങ്ങളുടെ കൺകുഴികളിൽ നിന്ന്
നിങ്ങളുടെ കാഴ്ചപ്പാടുകൾ ഞാൻ വായിച്ചെടുക്കും,
മരണമല്ലാതെ ജീവിതത്തിൽ നിന്നു നിങ്ങളെന്തു പ്രതീക്ഷിച്ചിരുന്നുവെന്ന്
സൂക്ഷ്മവിശദമായി ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കും.

താനവശേഷിപ്പിച്ചുപോയ സ്വന്തം ശൂന്യതയെ
നിങ്ങളെനിക്കു കാണിച്ചുതരൂ,
ഞാനതിൽ നിന്നു കെട്ടിപ്പൊക്കാം ഒരു കാടും ഒരു രാജവീഥിയും,
ഒരു വിമാനത്താവളവും ഒരു ഹീനതയും ഒരാർദ്രതയും,
നഷ്ടബോധം തോന്നുന്നൊരു വീടും.

നിങ്ങളെഴുതിയ കൊച്ചുകവിത കാണിച്ചുതരൂ,
എന്തുകൊണ്ടാണതു നേരത്തേ അല്ലെങ്കിൽ
പിന്നീടെഴുതാതിരുന്നതെന്നു ഞാൻ കാണിച്ചുതരാം.

ഏയ് വേണ്ട, ഞാൻ പറഞ്ഞതു നിങ്ങൾ കാര്യമായിട്ടെടുത്തു.
കുത്തിക്കുറിച്ച ആ കടലാസ്സുതുണ്ടു നിങ്ങളുടെ കൈയിൽത്തന്നെയിരിക്കട്ടെ.
എന്റെ ആവശ്യം നടത്താനിത്രയേ വേണ്ടു:
നിങ്ങൾക്കു മേൽ വീണ ഒരട്ടി മണ്ണും
എന്നോ മാഞ്ഞുപോയ കരിഞ്ഞ മണവും.


Archaeology

Well, my poor man,
seems we’ve made some progress in my field.
Millennia have passed since
you first called me archaeology.
I no longer require
your stone gods,
your ruins with legible inscriptions.
Show me your whatever
and I’ll tell you who you were.
Something’s bottom, something’s top.
A scrap of engine. A picture tube’s neck.
An inch of cable. Fingers turned to dust.
Or even less than that, or even less.
Using a method
that you couldn’t have known then,
I can stir up memory
in countless elements.
Traces of blood are forever.
Lies shine.
Secret codes resound.
Doubts and intentions come to light.
If I want to
(and you can’t be too sure
that I will),
I’ll peer down the throat of your silence,
I’ll read your views
from the sockets of your eyes,
I’ll remind you in infinite detail
of what you expected from life besides death.
Show me your nothing
that you’ve left behind
and I’ll build from it a forest and a highway,
an airport, baseness, tenderness,
a missing home.
Show me your little poem
and I’ll tell you why it wasn’t written
any earlier or later than it was.
Oh no, you’ve got me wrong.
Keep your funny piece of paper
with its scribbles.
All I need for my ends
is your layer of dirt
and the long gone
smell of burning.

— from The People on the Bridge (trans. Stanislaw Baranczak & Clare Cavanagh)


1 comment: