1
സത്യമായും ഞാൻ ജീവിക്കുന്നത് ഇരുണ്ട കാലഘട്ടത്തിൽത്തന്നെ!
കപടമില്ലാത്ത വചനം വിഡ്ഡിത്തമാണ്.
ചുളി വീഴാത്ത നെറ്റി നിർവികാരതയുടെ ലക്ഷണമാണ്.
ചിരിക്കുന്നവൻ ഭീകരമായ വാർത്തകൾ കേൾക്കാനിരിക്കുന്നതേയുള്ളു.
എന്തു തരം കാലമാണത്,
അത്രയധികം കൊടുമകളെക്കുറിച്ചു മൌനം ദീക്ഷിക്കുന്നുവെന്നതിനാൽ
മരങ്ങളെക്കുറിച്ചൊരു സംഭാഷണം പാതകമാവുന്ന കാലം?
സമാധാനത്തോടെ തെരുവു മുറിച്ചുകടക്കുന്ന ആ മനുഷ്യൻ
അയാളുടെ സഹായമാവശ്യമുള്ള സ്നേഹിതന്മാർക്ക്
കൈ നീട്ടിയാലെത്തില്ലെങ്കിൽ?
എനിക്കു വേണ്ടതു ഞാൻ നേടുന്നുവെന്നതു സത്യം തന്നെ.
അതു പക്ഷേ, ഞാൻ പറയുന്നതു വിശ്വസിക്കൂ,
യാദൃച്ഛികം മാത്രമാണ്.
ഞാൻ ചെയ്യുന്നതൊന്നും സ്വന്തം വയറു നിറയ്ക്കാനുള്ള അവകാശം
എനിക്കു നൽകുന്നില്ല.
ഭാഗ്യം കൊണ്ടു ഞാൻ രക്ഷപെട്ടുവെന്നേയുള്ളു.
(എന്റെ ഭാഗ്യം തീർന്നാൽ ഞാനും തീർന്നു.)
അവർ എന്നോടു പറയുകയാണ്: തിന്നൂ, കുടിക്കൂ!
ഉള്ളവനാവാൻ കഴിഞ്ഞതിലാനന്ദിക്കൂ!
പക്ഷേ എങ്ങനെ ഞാൻ തിന്നുകയും കുടിക്കുകയും ചെയ്യാൻ,
വിശക്കുന്നവന്റെ കൈയിൽ നിന്നു തട്ടിപ്പറിച്ചതാണു ഞാൻ തിന്നുന്നതെങ്കിൽ,
ദാഹിച്ചു മരിക്കുന്നവനു കിട്ടേണ്ടതാണെന്റെ ഗ്ളാസ്സിലെ വെള്ളമെങ്കിൽ?
എന്നിട്ടും ഞാൻ തിന്നുകയും കുടിക്കുകയും ചെയ്യുന്നു.
ജ്ഞാനിയാവാനെനിക്കിഷ്ടമായിരുന്നു.
ജ്ഞാനമെന്താണെന്നു പുരാതനഗ്രന്ഥങ്ങൾ പറയുന്നുണ്ടല്ലോ:
ലോകത്തിലെ മദമാത്സര്യങ്ങളിൽ നിന്നു പിൻവാങ്ങുക,
നിങ്ങൾക്കനുവദിച്ചുകിട്ടിയ ഹ്രസ്വായുസ്സു ഭയലേശമെന്യെ ജീവിച്ചുതീർക്കുക.
തിന്മയെ നന്മ കൊണ്ടു നേരിടുക,
ആഗ്രഹങ്ങൾ നിറവേറ്റുകയല്ല, അവയെ മറന്നുകളയുക.
ഇതൊന്നും പക്ഷേ, എനിക്കനുസരിക്കാൻ കഴിയില്ല.
സത്യമായും ഞാൻ ജീവിക്കുന്നതൊരിരുണ്ട കാലത്തു തന്നെ!
2
എല്ലാം താറുമാറായൊരു കാലത്താണു ഞാൻ നഗരത്തിലേക്കു വന്നത്
വിശപ്പിന്റെ രാജ്യഭാരമായിരുന്നു
പ്രക്ഷുബ്ധമായൊരു കാലത്തെ മനുഷ്യർക്കിടയിലേക്കാണു ഞാൻ വന്നത്
അവർ ഇളകിമറിഞ്ഞപ്പോൾ അവർക്കൊപ്പം ഞാനും ചേർന്നു.
അങ്ങനെ കഴിഞ്ഞു
ഭൂമിയിൽ എനിക്കനുവദിച്ച കാലം.
പോരാട്ടങ്ങൾക്കിടയിൽ കിട്ടിയ നേരത്തു ഞാൻ ആഹാരം കഴിച്ചു
കൊലപാതകികൾക്കിടയിൽ തല ചായ്ച്ചു ഞാനിളവെടുത്തു
അലക്ഷ്യമായി ഞാൻ പ്രണയിച്ചു
പ്രകൃതിയെ ആസ്വദിക്കാനെനിക്കു ക്ഷമയുണ്ടായില്ല.
അങ്ങനെ കഴിഞ്ഞു
ഭൂമിയിൽ എനിക്കനുവദിച്ച കാലം.
എന്റെ കാലത്തു വഴികൾ നിണ്ടുചെന്നതു ചെളിക്കുണ്ടിലേക്കായിരുന്നു.
എന്റെ ഭാഷ കശാപ്പുകാരന് എന്നെ ഒറ്റിക്കൊടുത്തു.
എനിക്കധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
പക്ഷേ ഞാനില്ലെങ്കിൽ അധികാരത്തിലിരിക്കുന്നവർക്കിരുപ്പിന്റെ സുഖം കൂടും
അഥവാ ഞാനങ്ങനെ പ്രതീക്ഷിച്ചു.
അങ്ങനെ കഴിഞ്ഞു
ഭൂമിയിൽ എനിക്കനുവദിച്ച കാലം.
തുച്ഛമായിരുന്നു ഞങ്ങളുടെ ശക്തികൾ.
ലക്ഷ്യം വളരയകലെയുമായിരുന്നു.
എനിക്കതപ്രാപ്യമാണെന്നതു മിക്കവാറുമുറപ്പായിരുന്നെങ്കിലും
അതെന്റെ കണ്മുന്നിൽ തെളിഞ്ഞുനിന്നിരുന്നു.
അങ്ങനെ കഴിഞ്ഞു
ഭൂമിയിൽ എനിക്കനുവദിച്ച കാലം.
3
ഞങ്ങളെ മുക്കിക്കൊന്ന
പ്രളയത്തിൽ നിന്നുയർന്നുവന്നവരേ,
ഞങ്ങളുടെ ദൌർബല്യങ്ങളെക്കുറിച്ചു പറയുമ്പോൾ
നിങ്ങൾക്കനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത
ഈ ഇരുണ്ട കാലത്തെക്കൂടിയോർക്കുക.
ചെരുപ്പുകൾ മാറ്റുന്നതിലും വേഗത്തിൽ നാടുകൾ മാറിമാറി ഞങ്ങൾ കടന്നുപോയി,
വർഗ്ഗസമരങ്ങൾക്കിടയിലൂടെ,
അനീതികളേയുള്ളു, ചെറുത്തുനില്പുകളില്ല എന്ന നൈരാശ്യവുമായി.
എന്നാലും ഞങ്ങൾക്കറിയാമായിരുന്നു:
വിദ്വേഷം, ഹീനതയ്ക്കെതിരെയാണതെങ്കിൽപ്പോലും,
മുഖത്തെ വക്രിപ്പിക്കുമെന്ന്.
കോപം, അനീതിക്കെതിരെയാണതെങ്കിൽപ്പോലും
സ്വരം പരുഷമാക്കുമെന്ന്.
ഹാ, സൌഹാർദ്ദത്തിനടിത്തറയൊരുക്കാനാഗ്രഹിച്ചവർ,
ഞങ്ങൾക്കു പക്ഷേ, സൌഹാർദ്ദമുള്ളവരാവാൻ കഴിഞ്ഞില്ല.
പക്ഷേ നിങ്ങൾ,
മനുഷ്യൻ മനുഷ്യനു തുണയാവുന്ന ആ കാലമെത്തിച്ചേരുമ്പോൾ,
നിങ്ങൾ ഞങ്ങളെ ഓർക്കുന്നതു
ദാക്ഷിണ്യത്തോടെയാവണം.