വിലപിക്കാനാരുമില്ലാത്തൊരു പ്രേതത്തെപ്പോലെ…
വിലപിക്കാനാരുമില്ലാത്തൊരു പ്രേതത്തെപ്പോലെ
ഈ രാത്രിയിലിവിടെ ഞാനലങ്ങുനടക്കും;
നക്ഷത്രരശ്മികൾ കളിയാടുകയാവുമപ്പോൾ
വിടർന്ന ലൈലാക്കുപൂക്കൾ പോലെ.
(1920)
എത്രയെളുപ്പത്തിൽ കഴിഞ്ഞേനേ…
എത്രയെളുപ്പത്തിൽ കഴിഞ്ഞേനേ,
ഈ ജീവിതമുപേക്ഷിച്ചുപോകാൻ,
വേദനയറിയാതെരിഞ്ഞടങ്ങാൻ.
റഷ്യൻ കവിക്കു വിധിച്ചതല്ല പക്ഷേ,
അത്രയും നിർമ്മലമായൊരു മരണം.
പലായനം ചെയ്യുന്നൊരാത്മാവിനു
സ്വർഗ്ഗകവാടങ്ങൾ തുറന്നിടാൻ
അതിലധികമൊരു വെടിയുണ്ടയെ വിശ്വസിക്കാം,
അല്ലെങ്കിലൊരു ഗർജ്ജനത്തിന്റെ വ്യാഘ്രപാദങ്ങൾക്കാവും
സ്പോഞ്ചിൽ നിന്നെന്നപോലെ
ഹൃദയത്തിൽ നിന്നു ജീവൻ പിഴിഞ്ഞെടുക്കാൻ.
(1925)
സ്വയം വെടി വച്ചു മരിച്ച റഷ്യൻ കവി സെർജി യെസെനിന്റെ ഓർമ്മയ്ക്കായെഴുതിയ കവിത എന്നു പറയാറുണ്ടെങ്കിലും ആ മരണത്തിനും മുമ്പാണ് ഇതെഴുതിയതെന്നതിനു തെളിവുണ്ട്.
No comments:
Post a Comment