ഏഴു കവാടങ്ങളുള്ള തീബ്സ് ആരു നിർമ്മിച്ചു?
പുസ്തകങ്ങളിൽ നിങ്ങൾക്കു രാജാക്കന്മാരുടെ പേരുകൾ കാണാം.
കൂറ്റൻ പാറകൾ വലിച്ചുയർത്തിയതു രാജാക്കന്മാരായിരുന്നോ?
പല തവണ തട്ടിനിരപ്പാക്കിയ ബാബിലോൺ നഗരത്തെ
അത്രയും തവണ പണിതുയർത്തിയതാരായിരുന്നു?
പൊന്നു മിനുങ്ങുന്ന ലിമാ പണിഞ്ഞവർ ജീവിച്ചതേതു വീടുകളിൽ?
ചൈനയിലെ വന്മതിൽ പണി തീർന്നന്നു രാത്രിയിൽ
കല്പണിക്കാരെവിടെയ്ക്കു പോയി?
വിജയകമാനങ്ങളാണു മഹത്തായ റോമാനഗരം നിറയെ.
അവ സ്ഥാപിച്ചതാര്?
സീസർമാർ വിജയം കണ്ടതാർക്കെതിരെ?
ഗാനങ്ങളിലേറെപ്പുകഴ്ത്തപ്പെട്ട ബൈസാന്റിയത്തിൽ
കൊട്ടാരങ്ങൾ മാത്രമേ അവർക്കുണ്ടായിരുന്നുള്ളു?
ഇതിഹാസപ്രസിദ്ധമായ അറ്റ്ലാന്റിസിലും
അതിനെ കടലു വിഴുങ്ങിയ രാത്രിയിൽ
മുങ്ങിത്താഴുന്നവർ തങ്ങളുടെ അടിമകളോടൊച്ചയെടുത്തിരുന്നു.
യുവാവായ അലക്സാൻഡർ ഇന്ത്യ കീഴടക്കിയത്രെ.
ആൾ ഒറ്റയ്ക്കായിരുന്നു?
സീസർ ഗാളുകളെ അടിച്ചമർത്തിയത്രെ.
ഒരു പാചകക്കാരൻ പോലും അദ്ദേഹത്തിനൊപ്പമില്ലായിരുന്നു?
തന്റെ പടക്കപ്പലുകളുടെ വ്യൂഹം മുങ്ങിത്താണപ്പോൾ
സ്പെയിനിലെ ഫിലിപ്പുരാജാവ് കണ്ണീരു വാർത്തുവത്രെ.
അദ്ദേഹമൊരാൾ മാത്രമേ കണ്ണീരു വാർത്തുള്ളു?
ഫ്രെഡറിക് രണ്ടാമൻ സപ്തവർഷയുദ്ധം ജയിച്ചുവത്രെ.
കൂടെ വേറെയാരതു ജയിച്ചു?
ഓരോ പേജും ഓരോ വിജയം.
വിജയിച്ചവർക്കു സദ്യയൊരുക്കിയതാരായിരുന്നു?
ഓരോ പത്തു കൊല്ലത്തിലും ഒരു മഹാൻ.
ചെലവുകൾ ആരു വഹിച്ചു?
അത്രയധികം വിവരണങ്ങൾ.
അത്രയധികം ചോദ്യങ്ങൾ.
No comments:
Post a Comment