Saturday, April 20, 2013

മഹമൂദ് ദർവീഷ് - എഴുതിത്തുടങ്ങിയ കവിയോട്

PD*2335975




ഞങ്ങളുടെ പ്രമാണങ്ങളെ വിശ്വസിക്കേണ്ട,
അതെല്ലാം മറന്നേക്കൂ.
നിങ്ങളുടെ സ്വന്തം വാക്കുകളിൽ നിന്നു തുടങ്ങൂ.
കവിതയെഴുത്തു തുടങ്ങിയതു നിങ്ങളാണെന്നപോലെ,
അല്ലെങ്കിൽ അവസാനത്തെക്കവി നിങ്ങളാണെന്നപോലെ.


ഞങ്ങളുടെ കവിത വായിക്കുന്നുവെങ്കിൽ
അതു ഞങ്ങളുടെ മനോഭാവങ്ങളെ പിൻപറ്റാനാവരുത്,
വേദനയുടെ ഗ്രന്ഥത്തിൽ ഞങ്ങൾ വരുത്തിയ സ്ഖലിതങ്ങൾ
തിരുത്താനായി മാത്രം.


ആരോടും ചോദിച്ചുനടക്കരുത്: ആരാണു ഞാൻ?
പെറ്റമ്മയാരെന്നു നിങ്ങൾക്കറിയാം,
അച്ഛന്റെ കാര്യമാണെങ്കിൽ, അതു നിങ്ങൾ തന്നെയായിക്കോളൂ.


സത്യം വെളുത്തതാണ്‌,
കാക്കക്കറുപ്പു കൊണ്ടതിലെഴുതൂ.
സത്യം കറുത്തതാണ്‌,
ഒരു മരീചികയുടെ വെളിച്ചം കൊണ്ടതിലെഴുതൂ.


പ്രാപ്പിടിയനോടു മല്ലു പിടിക്കാനാണാഗ്രഹമെങ്കിൽ
പ്രാപ്പിടിയനോടൊപ്പം  പറന്നുയരൂ.


സ്ത്രീയെ പ്രേമിക്കുന്നുവെങ്കിൽ അവളാവരുത്,
സ്വന്തമന്ത്യം ആഗ്രഹിക്കുന്നവനാവൂ.


നാം കരുതുമ്പോലത്ര ജീവനുള്ളതല്ല ജീവിതം,
നമ്മുടെ വികാരങ്ങളുടെ ആരോഗ്യത്തെച്ചൊല്ലി
നാമതിനെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നേയുള്ളു.


ഒരു പനിനീർപ്പൂവിനെ അത്രയേറെ നേരമോർത്തിരുന്നാൽ
കൊടുങ്കാറ്റിൽ നിങ്ങളുലയുകയില്ല.


എന്നെപ്പോലെ തന്നെ നിങ്ങൾ,
തെളിഞ്ഞതാണു പക്ഷേ, എന്റെ ഗർത്തം.
രഹസ്യങ്ങളവസാനിക്കാത്തതാണ് നിങ്ങളുടെ പാതകൾ.
അവ താഴുന്നു ഉയരുന്നു, താഴുന്നു ഉയരുന്നു.


യൌവനത്തിന്റെ അന്ത്യത്തെ പാകതയെത്തിയ സിദ്ധിയെന്നു
നിങ്ങൾക്കു വിളിക്കാം, അല്ലെങ്കിൽ ജ്ഞാനമെന്നും.
അതെ, അതു ജ്ഞാനം തന്നെ,
ഗാനാത്മകമല്ലാത്ത നിർമ്മമത.


ഒരു മരത്തെയെടുത്തു ധരിച്ച കിളിക്കു തുല്യമാവില്ല,
കൈയിൽ കിട്ടിയ ഒരായിരം കിളികൾ.


ദുരിതകാലത്തെ കവിത
ശവപ്പറമ്പിലെ മനോഹരപുഷ്പങ്ങളത്രെ.


ഉദാഹരണം നോക്കിനടന്നാല്‍ കിട്ടില്ല,
അതിനാല്‍ നിങ്ങളാവുക,
മാറ്റൊലിയുടെ അതിരുകള്‍ക്കു പിന്നില്‍ നിങ്ങളല്ലാതെയുമാവുക.

ശുഷ്കാന്തിക്കു കാലാവധിയുണ്ട്,
അതിനാല്‍ നിങ്ങളുടെ ഹൃദയത്തെക്കരുതി ഉത്സാഹമുള്ളവനാവുക,
നിങ്ങളുടെ പാതയെത്തും മുമ്പേ അതിന്റെ പിന്നാലെ പോവുക.


സ്നേഹിക്കുന്നവളോടു പറയരുത്
നീ ഞാനാണെന്ന്, ഞാൻ നീയാണെന്ന്,
അതിനെതിരു പറയുക:
പലായനം ചെയ്യുന്നൊരു  മേഘത്തിലെ
അതിഥികളാണു തങ്ങളെന്ന്.


വ്യതിചലിക്കൂ, നിയമത്തിൽ നിന്ന്
സർവശക്തിയുമെടുത്തു വ്യതിചലിക്കൂ.


ഒരേ വചനത്തിൽ രണ്ടു നക്ഷത്രങ്ങളെ വയ്ക്കരുത്,
പ്രധാനത്തെ അപ്രധാനമായതിനടുത്തുവയ്ക്കൂ,
ഉയരുന്ന പ്രഹര്‍ഷം അങ്ങനെ പൂര്‍ത്തിയാവട്ടെ.

ഞങ്ങളുടെ നിർദ്ദേശങ്ങളുടെ കൃത്യതയെ വിശ്വസിക്കരുത്,
കാരവാന്റെ കാല്പാടുകളെ മാത്രം വിശ്വസിക്കുക.

കവിയുടെ ഹൃദയത്തിലെ വെടിയുണ്ട പോലെയാണ്‌ ഗുണപാഠം,
മാരകമായൊരു ജ്ഞാനം.

കോപിക്കുമ്പോൾ മൂരിയെപ്പോലെ കരുത്തനാവൂ,
പ്രേമിക്കുമ്പോൾ ബദാം പൂവു പോലെ ബലഹീനന്‍,
അടച്ചിട്ട മുറിയിലിരുന്നു തന്നെത്താൻ പ്രണയഗാനം പാടുമ്പോൾ
ഒന്നും, ഒന്നുമല്ലാതെയും.


പ്രാക്തനകവിയുടെ രാത്രി പോലെ ദീർഘമാണ് പാതകൾ:
മലകളും
 സമതലങ്ങളും, പുഴകളും താഴ്വാരങ്ങളും.
നിങ്ങളുടെ സ്വപ്നത്തിന്റെ താളത്തിൽ നടക്കൂ:
നിങ്ങളെ പിന്തുടരുന്നതൊരു ലില്ലിപ്പൂവായിരിക്കും,
അല്ലെങ്കിൽ കഴുമരം.


നിങ്ങളെച്ചൊല്ലി ഞാൻ ഭയപ്പെടുന്നുവെങ്കിൽ
അതു നിങ്ങളുടെ നിയോഗത്തെ 
ഓർത്തല്ല,
സ്വന്തം സന്തതികളുടെ ശവമാടത്തിനു മേൽ നൃത്തം വയ്ക്കുന്നവർ,
പൊക്കിൾക്കുഴികളിൽ ക്യാമറകളൊളിപ്പിച്ച ഗായകർ,
അവരെച്ചൊല്ലിയാണ്‌.


അന്യരിൽ നിന്ന്, എന്നിൽ നിന്ന്
അകലം പാലിക്കുകയാണു നിങ്ങളെങ്കിൽ
നിങ്ങളെന്നെ നിരാശപ്പെടുത്തില്ല.
എന്നെ ഓർമ്മപ്പെടുത്താത്തതൊന്നുണ്ടെങ്കിൽ
അതാണു കൂടുതൽ സുന്ദരം.


ഇനി മുതൽ നിങ്ങൾക്കൊരു കാവൽമാലാഖയേയുള്ളു:
നിങ്ങൾ അവഗണിച്ചു വിട്ട ഭാവികാലം.


മെഴുകുതിരിയുടെ കണ്ണീരു പോലെ നിങ്ങളുരുകിത്തീരുമ്പോൾ
ഓർക്കരുത്, ആരു നിങ്ങളെ കാണുമെന്ന്,
ആരു പിന്തുടരും നിങ്ങളുടെ ഉൾവെളിച്ചത്തെയെന്ന്.
തന്നോടു തന്നെ ചോദിക്കൂ: ഇത്രയ്ക്കേയുള്ളു ഞാൻ?


കവിത എന്നും അപൂർണ്ണമായിരിക്കും,
പൂമ്പാറ്റകൾ വേണം അതു മുഴുമിക്കാൻ .


പ്രണയത്തിൽ ഉപദേശമില്ല. അതനുഭവമാണ്‌.
കവിതയിൽ ഉപദേശമില്ല. അതു സിദ്ധിയാണ്‌.


ഒടുവിലായിപ്പറയട്ടെ, സലാം.

No comments: