Tuesday, April 2, 2013

റോബർട്ട് വാൾസർ - ഒരു നടൻ

pied_robert_walser1

 


മൃഗശാലയിലെ അബീസീനിയൻ സിംഹം അതികൌതുകം ജനിപ്പിക്കുന്നതൊന്നത്രെ.
ഒരു ദുരന്തനാടകത്തിൽ അഭിനയിക്കുകയാണവൻ: ഒരേ സമയം ക്ഷയിക്കുകയും തടിച്ചുകൊഴുക്കുകയും ചെയ്യുന്ന ഒരു കഥാപാത്രം.
തീവ്രനൈരാശ്യത്തിലാഴുന്നുണ്ടവൻ (പേരില്ലാത്തതാണാ നൈരാശ്യം); ഒപ്പം തന്റെ ഭാവഹാവാദികളിൽ അതു പ്രകടമാവാതെ നോക്കുകയും ചെയ്യുന്നുണ്ടവൻ.
പുഷ്ടിപ്പെടുകയാണവൻ; അതേ സമയം തന്നെ നീറി നീറി മരണത്തിലേക്കടുക്കുകയുമാണവൻ.

ഇതൊക്കെ അവൻ അഭിനയിച്ചുകാണിക്കുന്നതാവട്ടെ, കൂടിയിരിക്കുന്ന കാണികളുടെ കണ്മുന്നിലും. ഈ ഞാൻ തന്നെ അവന്റെ കൂടിനു മുന്നിൽ ഏറെ നേരം നിന്നുപോയി; ആ രാജകീയനാട്യത്തിൽ നിന്നു കണ്ണു പറിക്കാൻ എനിക്കു കഴിഞ്ഞതേയില്ല.
ആനുഷംഗികമായി പറയട്ടെ, എനിക്കു തൊഴിലൊന്നു വെച്ചുമാറിയാൽ കൊള്ളാമെന്നു തോന്നുന്നു (അത്ര വേഗത്തിലും അനായാസമായും കഴിയുമെങ്കിലാണേ.)- മൃഗങ്ങളെ വരയ്ക്കുന്നയാളാവാൻ.
എങ്കിൽ ഈ കൂട്ടിലടച്ച സിംഹത്താനെ എനിക്കു മതിവരുവോളം ചിത്രത്തിലാക്കാം. ബഹുമാന്യനായ സാഹിത്യവായനക്കാരൻ എന്നെങ്കിലുമൊരിക്കൽ ഒരാനയുടെ കണ്ണിൽ
നോക്കിനിന്നിട്ടുണ്ടോ, അത്ര സൂക്ഷ്മമായി, മതിയായ ശ്രദ്ധയോടെ?
ഒരാദിമഗാംഭീര്യത്തോടെയാണ്‌ അതു വെട്ടിത്തിളങ്ങുന്നത്. ഒന്നു ശ്രദ്ധിക്കൂ!
എന്താണാ ഗർജ്ജനം? ഹാ, അതു നമ്മുടെ നാടകകൃത്തു തന്നെ! സ്വന്തം നാടകമെഴുത്തുകാരനും അതിന്റെ അഭിനേതാവും അവനൊരാൾ തന്നെ. ചിലനേരം അവന്റെ
സമനില തെറ്റിയെന്നു നമുക്കു തോന്നിപ്പോകാമെങ്കിലും, അവന്റെ നടപ്പിലും എടുപ്പിലും നാമതു കണ്ടുപിടിക്കുകയേയില്ല; സഹജമാണ്‌, അവന്റെ ആഭിജാത്യം.
തറവാടിത്തം, ഒപ്പം കാടത്തവും. എന്തു സൌന്ദര്യവും ഗാംഭീര്യവുമാണ്‌ അവന്റെ ഉറക്കത്തിൽ കാണുന്നതെന്നൊന്നു ചിന്തിച്ചുനോക്കൂ. അതേ സമയം തന്നെ തീറ്റ
കൊടുക്കുന്ന നേരമടുക്കുമ്പോൾ അവനെ ഒന്നു ശ്രദ്ധിച്ചാലും. ക്ഷമകെട്ട ഒരു കുട്ടിയുടെ നിരപ്പിലേക്കു താഴുകയാണവൻ, വന്നടുക്കുന്ന വിരുന്നിനെ സ്വപ്നം കണ്ട് ആ സ്വപ്നവുമായി പ്രേമത്തിലാവുകയാണവൻ. ഇപ്പോഴവന്‌ ചെയ്യാൻ എന്തെങ്കിലുമുണ്ടെന്നായിരിക്കുന്നു: അവനു പച്ചയിറച്ചി കടിച്ചുകീറാം.
തീറ്റയിൽ കേമനാണവൻ. കൂട്ടിലടച്ച ഇതുപോലൊരു മൃഗം തന്റെ സൂക്ഷിപ്പുകാരനെ തിരിച്ചറിയുക (കുറേയൊക്കെ സ്നേഹിക്കുകയും ചെയ്യുക) എന്നത് എത്ര വിചിത്രമായിരിക്കുന്നു. വിശ്രമമെടുക്കുമ്പോൾ എന്തു ദിവ്യത്വമാണവനിൽ. അവൻ എന്തിനെയോ ചൊല്ലി വിലപിക്കുന്നപോലെ, തികച്ചും തനതായ ചില ചിന്തകൾ മനസ്സിൽ വച്ചിരിക്കുന്നപോലെ; അവൻ ആമഗ്നനാവുന്ന ചിന്തകൾ മനോഹരവും ഉദാത്തവുമാണെന്നു തറപ്പിച്ചു പറയാൻ ഞാനൊരുങ്ങിയെന്നും വരാം. നിങ്ങളെ നേരാം വണ്ണം ഒന്നു നോക്കാനായി നിങ്ങൾ എന്നെങ്കിലും അവനു മുന്നിൽ നിന്നുകൊടുത്തിട്ടുണ്ടോ?
ഒന്നു ശ്രമിച്ചുനോക്കെന്നേ, അവന്റെ ശ്രദ്ധയെ ഏതെങ്കിലും വിധത്തിൽ ആകർഷിക്കാൻ ഒന്നുനോക്കൂ. ഒരു ദേവന്റെ നോട്ടമാണവന്റെ നോട്ടം. എങ്കിൽ അവനിൽ
അസ്വസ്ഥത വളരുമ്പോൾ, സ്വന്തം തടവറയുടെ ചുമരുകളിൽ തന്റെ രാജകീയബലം വച്ചുരുമ്മിക്കൊണ്ട് അവൻ ചാലിടുമ്പോൾ എന്തുപോലെയാണവൻ? ഏതു നേരവും
അങ്ങോട്ടുമിങ്ങോട്ടും. അങ്ങോട്ടുമിങ്ങോട്ടും. ഇടവേളയില്ലാതെ മണിക്കൂറുകളോളം. എന്തൊരു കാഴ്ച! അങ്ങോട്ടുമിങ്ങോട്ടും; അവന്റെ ബലത്ത വാൽ നിലം തല്ലുകയും ചെയ്യുന്നു.


 (1910)


റോബർട്ട് വാൾസർ (1878-1956)- സ്വിറ്റ്സർലണ്ടുകാരനായ ജർമ്മൻ എഴുത്തുകാരൻ.
ഒമ്പതു നോവലുകളും ആയിരത്തോളം കഥകളുമെഴുതി. 1933ൽ
മാനസികാസ്വാസ്ഥ്യത്തെത്തുടർന്ന് എഴുത്തു നിർത്തി, “ഞാൻ ഇവിടെ വന്നത്
എഴുതാനല്ല, ഭ്രാന്തനാവാനാണ്‌” എന്ന പ്രഖ്യാപനത്തോടെ. 1970 മുതലാണ്‌
അദ്ദേഹത്തിന്റെ കൃതികൾ പരക്കെ വായിക്കപ്പെടുന്നതെങ്കിലും, ക്രിസ്റ്റ്യൻ
മോർഗൻസ്റ്റേൺ, കാഫ്ക, വാൾടർ ബന്യാമിൻ, ഹെസ്സേ ഇവരൊക്കെ അദ്ദേഹത്തിന്റെ
ആരാധകരായിരുന്നു.


No comments: