Monday, April 8, 2013

വാൻ ഗോഗ് അമൂർത്തതയെക്കുറിച്ച്

267379_144155755729231_1397689525_n

ഗോഗാങ്ങ് ആർലേയിൽ ഉണ്ടായിരുന്നപ്പോൾ ഒന്നുരണ്ടു തവണ ഞാൻ അമൂർത്തതയിലേക്കു തെന്നിപ്പോവാൻ സ്വയം വിട്ടുകൊടുത്തിരുന്നു; ഉദാഹരണത്തിന്‌ ബുക്ക് ഷെല്ഫിന്റെ മഞ്ഞയുടെ പശ്ചാത്തലത്തിൽ കറുപ്പുമായി “നോവൽ വായിക്കുന്ന സ്ത്രീ”യിൽ;. അക്കാലത്ത് അമൂർത്തത ആകർഷണീയമായ ഒരു രീതിയായിട്ടാണ്‌ എനിക്കു തോന്നിയിരുന്നത്. പക്ഷേ അതൊരു മതിഭ്രമമായിരുന്നു; വൈകാതെ ഒരു കന്മതിലിനു മുന്നിലെത്തുകയാണു നിങ്ങൾ.


പരീക്ഷണങ്ങൾ നിറഞ്ഞ, പ്രകൃതിയുമായി നേർക്കു നേരുള്ള മല്പിടുത്തങ്ങൾ നിറഞ്ഞ ഒരായുസ്സിനു ശേഷം അതിൽ ഒരു കൈ നോക്കരുതെന്നല്ല ഞാൻ പറയുന്നത്; പക്ഷേ വ്യക്തിപരമായി പറയുമ്പോൾ അത്തരം കാര്യങ്ങൾ കൊണ്ടു തല പുകയ്ക്കാൻ എനിക്കാഗ്രഹമില്ല. ഈ വർഷം മുഴുവൻ പ്രകൃതിയിൽ നിന്ന് കൊച്ചുകൊച്ചു കാര്യങ്ങൾ പകർത്തുകയായിരുന്നു ഞാൻ; ഇമ്പ്രഷനിസം, ആ വകയിലേക്കൊന്നും എന്റെ ചിന്ത പോയതേയില്ല. എന്നിട്ടും ഒരു തവണ കൂടി എനിക്കപ്രാപ്യമായ നക്ഷത്രങ്ങൾക്കു നേർക്കു കൈനീട്ടുന്നതിലേക്ക് ഞാൻ വഴി തെറ്റിപ്പോയി; അതൊരു പരാജയമായിരുന്നു; ഇനി ഞാൻ അതിലേക്കില്ല.

408213_143958652415608_984733563_n
ഞാൻ ഇപ്പോൾ ചെയ്യുന്നത് ഒരു ഒലീവുതോട്ടമാണ്‌; മണ്ണിന്റെ മഞ്ഞയ്ക്കെതിരെ ആകാശത്തിന്റെ നരച്ച നിറം; മഞ്ഞനിറമായ ആകാശത്തിനൊപ്പം കടും ചുവപ്പായ ഇലകളും മണ്ണും; അല്ലെങ്കിൽ ചേടിനിറമുള്ള മണ്ണും പച്ചയും ഊതവും കലർന്ന ആകാശവും- ഈ ചേരുവകളുടെ പരിണതികളെയാണ്‌ ഞാൻ തേടുന്നത്. അതെ, മുമ്പു പറഞ്ഞ അമൂർത്തതകളെക്കാൾ ഇതൊക്കെയാണ്‌ ആകർഷകമായി എനിക്കു തോന്നുന്നത്.


(1889 നവംബർ 20ന്‌ എമിൽ ബർണാഡിനയച്ച കത്തിൽ നിന്ന്)


No comments: