മരണം കുളിരുന്ന രാത്രി…
മരണം കുളിരുന്ന രാത്രി,
ജീവിതം വിയർത്തിറ്റുന്ന പകലും;
ഇരുളുമ്പോൾ ഞാനുറങ്ങുന്നു,
അത്രയെന്നെത്തളർത്തിയല്ലോ പകൽ.
എന്റെ തലയ്ക്കലൊരു മരമുയർന്നു നിൽക്കുന്നു,
അതിലിരുന്നൊരു രാപ്പാടി പാടുന്നു;
പ്രണയമാണവന്റെ പ്രമേയം-
എന്റെ സ്വപ്നത്തിലതുയർന്നുകേൾക്കുന്നു.
നിന്റെ വിരലുകൾ...
നിന്റെ വിരലുകൾ, വെളുത്തുനേർത്ത ലില്ലിപ്പൂക്കൾ,
ഇനിയൊരിക്കൽക്കൂടി ഞാനവയിലൊന്നു ചുംബിച്ചോട്ടെ;
എന്റെ നെഞ്ചോടവ ചേർത്തുപിടിക്കുമ്പോൾ
കണ്ണീരടക്കിക്കൊണ്ടു ഞാനൊന്നു കരഞ്ഞോട്ടെ.
എന്നെ വിടാതെ പിന്തുടരുന്നു നിന്റെ തെളിഞ്ഞ കണ്ണുകൾ;
എന്റെ മുന്നിലവ നൃത്തം വയ്ക്കുന്നു രാവും പകലുമെന്നില്ലാതെ;
അവയോടെന്തു മറുപടി പറയുമെന്നെനിക്കറിയുന്നില്ല,
ആ നീലിച്ച സമസ്യകളെങ്ങനെ പൂരിപ്പിക്കുമെന്നും.
No comments:
Post a Comment