Sunday, April 7, 2013

ബ്രഷ്റ്റ് - ലോകത്തിന്റെ സൌമനസ്യത്തെക്കുറിച്ച്

brecht17




1
കൊടിയ ശോകത്തിന്റെ ശീതക്കാറ്റൂതുന്ന ഈ ലോകത്ത്
ഒരു നൂലിഴയുടെ മറ പോലുമില്ലാതെ നിങ്ങൾ വന്നു,
അഗതിയായി, തണുത്തു വെറുങ്ങലിച്ചു നിങ്ങൾ കിടന്നു,
പിന്നെയാണൊരു സ്ത്രീ വന്നു നിങ്ങളെ പൊതിഞ്ഞെടുക്കുന്നതും.

2
ഒരാളും നിങ്ങളെ വിളിച്ചില്ല, അടുത്തേക്കു നിങ്ങളെ വിളിച്ചില്ല,
നിങ്ങളെക്കൊണ്ടുപോകാന്‍ വണ്ടിയും വിളിച്ചാരും വന്നതുമില്ല.
ഈ ലോകത്തൊരപരിചിതനായിരുന്നു നിങ്ങൾ,
പിന്നെയാണൊരാൾ വന്നു നിങ്ങളുടെ കൈ പിടിക്കുന്നതും.

3
ഈ ലോകത്തിനിന്നതെന്നൊരു കടപ്പാടും നിങ്ങളോടില്ല:
നിങ്ങൾക്കു വേണമെങ്കിൽ പോകാം, ആരും നിങ്ങളെ തടയില്ല,
എന്റെ സുഹൃത്തേ, പലർക്കും നിങ്ങളാരുമല്ല, പക്ഷേ,
വേറേ പലരും നിങ്ങളെയോർത്തു കരയുകയും ചെയ്തു.

4
കൊടിയ ശോകത്തിന്റെ കാറ്റൂതുന്ന ഈ ലോകത്തു നിന്ന്
അഴുക്കിലും പൊടിയിലും കുളിച്ചു നിങ്ങൾ വിട്ടുപോകും.
ഒരാളൊഴിയാതെ നിങ്ങളീ ലോകത്തെ സ്നേഹിച്ചിരുന്നു,
അപ്പോഴാണു രണ്ടു പിടി മണ്ണു നിങ്ങൾക്കു മേൽ വന്നു വീഴുന്നതും.


No comments: