Friday, April 5, 2013

കാർലോസ് ദ്രുമോൻ ദെ അന്ദ്രാദെ - രാത്രിയിൽ കരയുന്ന കുട്ടി

CARLOS DRUMMOND DE ANDRADE

 


ചുടുന്ന, പുഴുക്കുന്ന രാത്രിയിൽ, അനക്കമറ്റ നിശബ്ദമായ രാത്രിയിൽ
ഒരു കുട്ടി കരയുന്നു.
ചുമരിനു പിന്നിൽ അവന്റെ കരച്ചിൽ, ജനാലയ്ക്കു പിന്നിൽ വെളിച്ചം-
അവ നഷ്ടപ്പെട്ടുപോകുന്നു, അമർത്തിയ പാദപതനങ്ങളുടെ, തളർന്ന ഒച്ചകളുടെ നിഴലിൽ.
കരണ്ടിയിലേക്കു മരുന്നു പകരുന്നതെന്നാലുമെനിക്കു കേൾക്കാം.

ഒരു കുട്ടി കരയുന്നു, രാത്രിയിൽ, ചുമരിനു പിന്നിൽ, തെരുവിനപ്പുറം,
അങ്ങകലെ ഒരു കുട്ടി കരയുന്നു, മറ്റൊരു നഗരത്തിൽ,
മറ്റൊരു ലോകത്തുമാവാം.

ഒരു കൈ കൊണ്ടു തല താങ്ങി മറ്റേക്കൈ കൊണ്ടു വായിലേക്കു കരണ്ടി അടുപ്പിക്കുന്നതെനിക്കു കാണാം.
കുട്ടിയുടെ താടിയിലൂടെ കൊഴുത്തു നേർത്തൊരു ചാലൊലിച്ചിറങ്ങുന്നതെനിക്കു കാണാം.
അതു തെരുവിലേക്കൊലിച്ചിറങ്ങുന്നു, നഗരത്തിലൂടൊലിക്കുന്നു.
ലോകത്തു മറ്റാരുമില്ല, ആ കരയുന്ന കുട്ടിയല്ലാതെ.


No comments: