Sunday, April 7, 2013

ആൽബർട്ടോ ബ്ളാങ്കോ - കവിതകൾ

Alberto_Blanco

 


ഒച്ചയൊഴിയാത്ത ജന്മദേശം


ഒരു കുറവുമുണ്ടാവരുത്,
ചുറ്റികയുടെയും ഉളിയുടെയും;

ഒരു കുറവുമുണ്ടാവരുത്,
ബസ്സിന്റെയും കാറിന്റെയും;

ഒരു കുറവുമുണ്ടാവരുത്,
കുരയ്ക്കുന്ന നായ്ക്കളുടെ;

നിങ്ങൾക്കൊച്ചയിഷ്ടമില്ലെങ്കിൽ,
നിങ്ങൾ മെക്സിക്കോക്കാരനല്ലെന്നതാണു കാരണം.


തത്തകൾ


പകലു മുഴുവൻ അവർ വർത്തമാനമായിരിക്കും
ഇരുട്ടാവുന്നതോടെ അവർ ഒച്ച താഴ്ത്തുകയായി
തങ്ങളുടെ തന്നെ നിഴലുകളോടു സംസാരിക്കാൻ,
നിശ്ശബ്ദതയോടു സംസാരിക്കാൻ.

എല്ലാവരെയും പോലെയാണവർ,
തത്തകൾ,
പകലു മുഴുവൻ കലപിലസംസാരം
രാത്രിയിൽ പേടിസ്വപ്നങ്ങൾ.

മിടുക്കന്മാരുടെ മുഖങ്ങളുമായി,
പൊൻവളയങ്ങളുമായി,
വർണ്ണോജ്വലമായ തൂവലുകളുമായി,
നിർത്തില്ലാത്ത വർത്തമാനത്താൽ
പൊറുതി കെട്ട ഹൃദയങ്ങളുമായി,

എല്ലാവരെയും പോലെയാണവർ,
തത്തകൾ.
ഏറ്റവും നന്നായി സംസാരിക്കുന്നവർക്കാകട്ടെ,
പ്രത്യേകം കൂടുകളുമുണ്ട്.


ആൽബർട്ടോ ബ്ളാങ്കോ (ജ.1951). സമകാലികമെക്സിക്കൻ കവികളിൽ പ്രമുഖൻ.


No comments: