Tuesday, April 2, 2013

ബ്രെശ്റ്റ് - ഭരിക്കുന്നതിന്റെ പ്രയാസങ്ങൾ

DPAG1998-BertoltBrecht



1
മന്ത്രിമാർ ജനങ്ങളോടു പറഞ്ഞുകൊണ്ടേയിരിക്കുകയാണ്‌,
എത്ര ദുഷ്കരമാണു ഭരിക്കാനെന്ന്.
മന്ത്രിമാരില്ലെങ്കിൽ ചോളം വളരുന്നതു നിലത്തേക്കായിരിക്കും, മുകളിലേക്കല്ല.
ചാൻസലർ ഇത്ര മിടുക്കനായിരുന്നില്ലെങ്കിൽ
കൽക്കരിഖനിയിൽ നിന്ന്
ഒരു കഷണം കരി പോലും പുറത്തേക്കു വരുമായിരുന്നില്ല.
പ്രചാരണകാര്യത്തിന്റെ മന്ത്രി ഇല്ലായിരുന്നെങ്കിൽ
ഒരു പെണ്ണും ഗർഭവതിയാവാൻ സമ്മതിക്കുകയുമില്ല.
യുദ്ധകാര്യമന്ത്രിയില്ലെങ്കിൽ യുദ്ധമേയുണ്ടാവില്ല.
എന്തിനു പറയുന്നു, ഫ്യൂററുടെ സമ്മതമില്ലാതെ
കാലത്തു സൂര്യനുദിക്കുമോ എന്നതു തന്നെ കണ്ടറിയേണ്ടിയിരിക്കുന്നു;
ഇനി ഉദിച്ചാൽത്തന്നെ അതു സ്ഥാനം തെറ്റിയുമായിരിക്കും.

2
അത്ര തന്നെ ദുഷ്കരമാണത്രെ, അവർ നമ്മോടു പറയുകയാണ്‌,
ഒരു ഫാക്ടറി നടത്തിക്കൊണ്ടുപോകലും.
ഫാക്ടറിയുടമ ഇല്ലെങ്കിൽ ചുമരുകളിടിഞ്ഞുവീഴും,
യന്ത്രങ്ങൾ തുരുമ്പെടുക്കും, അവർ പറയുകയാണ്‌.
ഇനി എവിടെയെങ്കിലും ഒരു കലപ്പ ഉണ്ടാക്കിയാൽത്തന്നെ
അതെങ്ങനെ പാടത്തെത്തും,
ഫാക്ടറിയുടമ കൃഷിക്കാരോടു പറയുന്ന കൌശലങ്ങളില്ലാതെ:
കലപ്പകൾ കിട്ടാനുണ്ടെന്ന് മറ്റാരവരോടു പറയാൻ?
ജന്മി ഇല്ലെങ്കിൽ തോട്ടത്തിന്റെ സ്ഥിതി എന്താവും?
സംശയമെന്ത്, ഉരുളക്കിഴങ്ങു നടേണ്ടിടത്ത്
അവർ തിന വിതയ്ക്കും.

3
ഭരണം എളുപ്പപ്പണിയാണെങ്കിൽ
ഫ്യൂററെപ്പോലുള്ള പ്രചോദിതമനസ്സുകളുടെ ആവശ്യം തന്നെ വരുമായിരുന്നോ?
യന്ത്രമോടിക്കാൻ തൊഴിലാളിക്കറിയുമായിരുന്നെങ്കിൽ,
ചപ്പാത്തിപ്പലകയും പാടവും തമ്മിലുള്ള വ്യത്യാസം കൃഷിക്കാരനറിയുമെങ്കിൽ
ഫാക്ടറിയുടമയുടെയോ ജന്മിയുടെയോ ആവശ്യം വരുമായിരുന്നില്ല.
അവർ ഇത്രയും ബുദ്ധി കെട്ടവരായതു കൊണ്ടാണ്‌
അത്രയും മിടുക്കന്മാരായ ചിലരെ വേണ്ടിവന്നത്.

4
ഇനിയഥവാ,
ഭരണം ഇത്രയും ദുഷ്കരമാവുന്നത്
തട്ടിപ്പിനും ചൂഷണത്തിനും കുറച്ചു പരിശീലനം വേണമെന്നുള്ളതുകൊണ്ടാണോ?

 

(1937)


Difficulty of Governing : Bertolt Brecht (1937)

1
Ministers are always telling the people
How difficult it is to govern. Without the ministers
Corn would grow into the ground, not upward.
Not a lump of coal would leave the mine if
The Chancellor weren’t so clever. Without the Minister of
Propaganda
No girl would ever agree to get pregnant. Without the
Minister of War
There’d never be a war. Indeed, whether the sun would rise
in the morning
Without the Fuhrer’s permission
Is very doubtful, and if it did, it would be
In the wrong place.

2
It’s just as difficult, so they tell us
To run a factory. Without the owner
The walls would fall in and the machines rust, so they say.
Even if a plough could get made somewhere
It would never reach a field without the
Cunning words the factory owner writes the peasants: who
Could otherwise tell them that ploughs exist? And what
Would become of an estate without a landlord? Surely
They’d be sowing rye where they had set the potatoes.

3
If governing were easy
There’d be no need for such inspired minds as the Fuhrer’s.
If the worker knew how to run his machine and
The peasant could tell his field from a pastry-board
There’d be no need of a factory-owner or landlord.
It’s only because they are all so stupid
That a few are needed who are so clever.

4
Or could it be that
Governing is so difficult only
Because swindling and exploitation take some learning?

No comments: