Monday, April 1, 2013

ബ്രെശ്റ്റ് - ഷിപ്ക്കാ ചുരത്തിലെ പനിനീർപ്പൂക്കൾ

dramaturgo_bertolt_brecht




എന്റെ ബാല്യത്തിൽ നിന്നൊരു ഞായറാഴ്ച എനിക്കോർമ്മ വരുന്നു,
മസൃണമായ താഴ്ന്ന സ്ഥായിയിൽ അച്ഛൻ ഞങ്ങൾക്കായി പാടിയിരുന്നു,
നിറഞ്ഞ ഗ്ളാസ്സുകൾക്കും ഒഴിഞ്ഞ ഗ്ളാസ്സുകൾക്കുമിടയിലൊരു ഗാനം,
‘ഷിപ്ക്കാ ചുരത്തിലെ പനിനീർപ്പൂക്കൾ’ എന്നൊരു ഗാനം.


ഞായറാഴ്ചകൾ കറങ്ങിത്തിരിഞ്ഞു പിന്നെയും വന്നു,
പിന്നെയുമച്ഛൻ ഞങ്ങൾക്കായിപ്പാടി,
മസൃണമായ താഴ്ന്ന സ്ഥായിയിൽ,
അദ്ദേഹം പാടിയതു ലൈലാക്കുകളെക്കുറിച്ചല്ല, ലില്ലികളെക്കുറിച്ചുമല്ല,
ഷിപ്ക്കാ ചുരത്തിലെ പനിനീർപ്പൂക്കളെപ്പറ്റി.


ഞങ്ങളുടെ കൺപോളകളിൽ ഉറക്കം കനത്തു തൂങ്ങുമ്പോൾ,
അച്ഛന്റെ കൺപീലികൾ മഞ്ഞു വീണ പുൽനാമ്പുകൾ പോലെയാവും,
ഞങ്ങൾക്കായൊടുവിൽ പാടിത്തീർത്ത ഗാനത്താൽ,
‘ഷിപ്ക്കാ ചുരത്തിലെ പനിനീർപ്പൂക്കൾ’ എന്ന ഗാനത്താൽ.


അദ്ദേഹത്തിനായി ശവക്കുഴിയെടുക്കുന്ന കാലമായി,
അന്നുമദ്ദേഹം പാടി, മരണത്തിലേക്കാഴുകയാണു താനെങ്കിലും,
ആരുമോർക്കാതെ പോവുകയെന്നതാണു തന്റെ നിയോഗമെന്നിരിക്കിലും
അന്നുമുണ്ടാവും ഷിപ്ക്കാ ചുരത്തിൽ പനിനീർപ്പൂക്കളെന്ന്.


No comments: