Tuesday, April 23, 2013

ഹീനേ - ചോദ്യങ്ങൾ

145807_the-dark-sea

 


കടൽക്കരെ, ഇരുട്ടു വീണാളൊഴിഞ്ഞ കടൽക്കരെ,
ഒരു യുവാവു നിൽക്കുന്നു,
ഹൃദയം നിറയെ ശോകവുമായി, ശിരസ്സു നിറയെ സംശയവുമായി.
ചുണ്ടുകൾ കയ്ച്ചുകൊണ്ടയാൾ തിരകളെ ചോദ്യം ചെയ്യുന്നു:

“ഹാ, ഈ ജീവിതമെന്ന പ്രഹേളികയുടെ പൊരുളൊന്നു പറഞ്ഞുതരൂ!
എത്രയോ ശിരസ്സുകളുടെ ഉറക്കം കെടുത്തിയ
ക്രൂരവും ലോകപുരാതനവുമായ പ്രഹേളിക.
ചിത്രലിപിത്തൊപ്പികൾ വച്ച ശിരസ്സുകൾ,
തലപ്പാവുകളും കറുത്ത തൊപ്പികളും വച്ച ശിരസ്സുകൾ,
വിഗ്ഗുകൾ വച്ച ശിരസ്സുകൾ,
പിന്നെയുമൊരായിരം സാധുക്കളായ, വിയർക്കുന്ന മനുഷ്യശിരസ്സുകൾ.
പറയൂ, മനുഷ്യനെന്നാൽ എന്താണർത്ഥം?
അവൻ എവിടുന്നു വരുന്നു? എവിടെയ്ക്കു പോകുന്നു?
അവിടെ ആ സുവർണ്ണനക്ഷത്രങ്ങൾക്കുമപ്പുറം ആരിരിക്കുന്നു?”

തിരകൾ അവയുടെ നിത്യമർമ്മരമുതിർക്കുന്നു,
കാറ്റുകൾ വീശുന്നു, മേഘങ്ങളൊഴുകിമായുന്നു.
നിർവികാരമായി നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുമ്പോൾ
ഒരു വിഡ്ഢി ഉത്തരം കാത്തു നിൽക്കുന്നു.


No comments: