തൂവൽ കൊഴിക്കുന്ന കാലം പക്ഷികൾക്കേതു പോലെയാണോ, അതു പോലെയാണ് വിപത്തുകളുടെ, ദൌർഭാഗ്യങ്ങളുടെ കഷ്ടകാലം നമ്മൾ, മനുഷ്യജീവികൾക്കും. നമുക്കു വേണമെങ്കിൽ അതിൽത്തന്നെ കഴിഞ്ഞുകൂടാം, അതല്ലെങ്കിൽ പുത്തൻതൂവലുകളുമായി പുറത്തു വരാം; പക്ഷേ അന്യരുടെ കണ്ണുകൾക്കു മുന്നിൽ വച്ചാകരുതത്; കാണാൻ ഒരു രസവുമുണ്ടാവില്ല. അതുകൊണ്ട് അകലേയ്ക്കു പോവുകയാണു യുക്തി എന്നെനിയ്ക്കു തോന്നുന്നു; നിങ്ങളെ സംബന്ധിച്ചിടത്തോളം ഞാനെന്നൊരാൾ ഈ ലോകത്തില്ലാതാവുന്ന രീതിയിൽ അത്രയ്ക്കകലത്താവട്ടെ ഞാൻ.
എന്റെ കാര്യം പറയട്ടെ, ഞാൻ ഒരു വികാരജീവിയാണ്; മൂഢതകൾ പലതും ചെയ്തുപോവുന്ന, അതിനടിമയായ ഒരാൾ; പിന്നീടു പലപ്പോഴും ഞാൻ അതിനെക്കുറിച്ചു പശ്ചാത്തപിക്കാറില്ലെന്നല്ല. അല്പം ക്ഷമ കാണിച്ചു കാത്തിരിക്കേണ്ടിയിരുന്ന ചില അവസരങ്ങളിൽ സംസാരത്തിലും പ്രവൃത്തിയിലും തിടുക്കം കാണിച്ചിട്ടുണ്ടു ഞാൻ. മറ്റു മനുഷ്യരും ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള ബുദ്ധിമോശങ്ങൾ കാണിക്കുന്നുണ്ടാവാം. അതിരിക്കട്ടെ, ഇങ്ങനെയുള്ള അവസരങ്ങളിൽ ഞാൻ എന്തു ചെയ്യണം? ഒന്നിനും കഴിവില്ലാത്ത, അപകടകാരിയായ ഒരാളാണു ഞാനെന്നു സ്വയം കരുതുകയാണോ വേണ്ടത്? അല്ലെന്നെനിക്കു തോന്നുന്നു. അതേ വികാരങ്ങളെ ഏതു വിധേനയും ഉപയോഗപ്രദമായ ഒരു ചാലിലേക്കു തിരിച്ചുവിടാൻ ശ്രമിക്കുകയാണു ഞാൻ ചെയ്യേണ്ടത്. ഒരുദാഹരണം പറഞ്ഞാൽ, പുസ്തകങ്ങളുടെ കാര്യത്തിൽ തടുക്കരുതാത്തൊരാസക്തി എനിക്കുണ്ട്; ആഹാരത്തോടുള്ള ആർത്തി തന്നെയാണ് പഠനത്തോടും എനിക്കുള്ളത്. നിനക്കതു മനസ്സിലാക്കാവുന്നതേയുള്ളു. ഞാൻ മറ്റൊരു ചുറ്റുപാടിലായിരുന്നപ്പോൾ, ചിത്രങ്ങളും കലാവസ്തുക്കളും നിറഞ്ഞ ഒരു ചുറ്റുപാടിലായിരുന്നപ്പോൾ, നിനക്കറിയുന്നതല്ലേ, ഭ്രാന്തമായൊരാവേശമായിരുന്നു അവയോടെനിക്ക്. എനിക്കതിൽ പശ്ചാത്തപിക്കാൻ തോന്നുന്നുമില്ല. ഇപ്പോൾ ഇത്രയും അകലെക്കിടക്കെ, ചിത്രങ്ങൾ നിറഞ്ഞ ആ ദേശത്തെക്കുറിച്ചു നഷ്ടബോധം തോന്നുകയാണെനിയ്ക്ക്.
(ദൈവശാസ്ത്രപഠനം മുഴുമിക്കാതെ ബോറിനേജിൽ പോയി അവിടത്തെ ഖനിത്തൊഴിലാളികൾക്കിടയിൽ സുവിശേഷവേല നടത്തുന്ന കാലത്ത്(1878) തിയോക്കെഴുതിയ കത്തിൽ നിന്ന്)
No comments:
Post a Comment