(Head of a woman with open hair 1885)
“സ്നേഹിക്കുമ്പോൾ, സ്നേഹിക്കപ്പെടുമ്പോൾ സ്ത്രീ മാറുകയാണ്; തന്നെ പരിഗണിക്കാൻ ആരുമില്ലെന്നു വരുമ്പോൾ അവളുടെ മനസ്സിടിയുന്നു, അവളുടെ ചാരുതകളൊക്കെ പൊയ്പ്പോകുന്നു. സ്നേഹം അവളിൽ നിഹിതമായതിനെ പുറത്തേക്കെടുക്കുന്നു, പിന്നീടവളുടെ വികാസത്തിനാധാരമാകുന്നതും അതു തന്നെ. പ്രകൃതിയെ അതിന്റെ വഴിക്കു നാം വിടണം; സ്ത്രീക്കു വേണ്ടത് എന്നും ഒരേ പുരുഷനോടൊപ്പം കഴിയുകയാണ്, അതും എന്നെന്നും. അതെന്നും സാദ്ധ്യമാകണമെന്നില്ല, അങ്ങനെയായില്ലെങ്കിൽ പക്ഷേ അതു പ്രകൃതിക്കു വിരുദ്ധവുമാവുന്നു. നോക്കൂ, ഇന്നവൾക്കു മറ്റൊരു ഭാവമായിരിക്കുന്നു, അവളുടെ കണ്ണുകൾ മാറിയിരിക്കുന്നു, അവയിലിപ്പോൾ ശാന്തത കാണുന്നുണ്ട്, മുഖത്തു സന്തോഷത്തിന്റെ, സമാധാനത്തിന്റെ ഒരു ഭാവം കാണാനുണ്ട്; അവളുടെ ദുരിതങ്ങൾ തീർന്നിട്ടില്ലെന്നോർക്കുമ്പോൾ അത്രയ്ക്കു ഹൃദയസ്പർശിയുമാണത്. അവളിന്നു കൂടുതൽ ഉത്സാഹവതി ആയിരിക്കുന്നു, മൃദുപ്രകൃതി ആയിരിക്കുന്നു; ദുരിതവും കഷ്ടകാലവും കൂടി അവളെ സംസ്കരിച്ചെടുത്തിരിക്കുന്നുവെന്ന് നിങ്ങൾക്കു കാണാം.”
(ക്രിസ്റ്റീനാ ഹൂർണിക് )
ഹേഗിലായിരുന്ന രണ്ടു കൊല്ലത്തിനുള്ളിൽ ക്രിസ്റ്റീനാ ഹൂർണിക് (സിയേൻ) എന്ന മോഡലിനെ വച്ച് വാൻ ഗോഗ് അമ്പതിലധികം രേഖാചിത്രങ്ങൾ വരച്ചിരുന്നു. വാൻ ഗോഗിനെക്കാൾ മൂന്നു വയസ്സു മൂപ്പുണ്ടായിരുന്ന സിയേന് തുന്നലായിരുന്നു ജോലിയെങ്കിലും അവർ വേശ്യാവൃത്തിയിലും ഏർപ്പെട്ടിരുന്നു. വാൻ ഗോഗ് അവരെ പരിചയപ്പെടുമ്പോൾ അഞ്ചു വയസ്സുള്ള ഒരു മകൾ അവർക്കുണ്ടായിരുന്നു; അവർ ഗർഭിണിയുമായിരുന്നു. അക്കാലത്ത് തിയോക്കെഴുതിയ കത്തിൽ വാൻ ഗോഗ് പറയുന്നു:
“…കഴിഞ്ഞ മഞ്ഞുകാലത്ത് ഒരു ഗർഭിണിയെ ഞാൻ കണ്ടു; തന്റെ ഗർഭത്തിനുത്തരവാദിയായ മനുഷ്യൻ അവളെ കൈയൊഴിഞ്ഞിരിക്കുന്നു. മഞ്ഞുകാലത്ത് സ്വന്തം ശരീരം വിറ്റുനടക്കുന്ന സ്ത്രീ- നിനക്കു മനസ്സിലാവുന്നുണ്ടോ? അവൾക്ക് ആഹാരത്തിനുള്ളതു കണ്ടെത്തണം. അവളെ ഞാൻ മോഡലായി എടുത്തു; കഴിഞ്ഞ മഞ്ഞുകാലം മുഴുവൻ അവളെ വച്ചു ജോലി ചെയ്യാൻ എനിക്കു കഴിഞ്ഞു. ഒരു മോഡലിനു കൊടുക്കേണ്ട കൂലി കൊടുക്കാൻ എനിക്കായില്ലെങ്കിലും അവളെയും കുഞ്ഞിനെയും പട്ടിണിയിൽ നിന്നും മഞ്ഞിൽ നിന്നും രക്ഷിക്കാൻ ദൈവം സഹായിച്ച് എനിക്കു കഴിഞ്ഞു…”
ഒന്നരക്കൊല്ലം സിയേൻ വാൻ ഗോഗിനൊപ്പം കഴിഞ്ഞു. ഇരുവർക്കും മാനസികസംഘർഷങ്ങൾ നിറഞ്ഞതായിരുന്നു ആ കാലം. കൂടുതൽ പണം കിട്ടുമെന്നതിനാൽ വേശ്യാവൃത്തിയിലേക്കു തന്നെ തിരിച്ചുപോകാൻ സിയേനെ നിർബ്ബന്ധിക്കുകയായിരുന്നു അവളുടെ അമ്മ. ഒരു കുടുംബജീവിതത്തിനു വേണ്ടി ദാഹിച്ചിരുന്ന വാൻ ഗോഗിനെ നിരാശയിൽ വീഴ്ത്തിക്കൊണ്ട് ഒടുവിൽ അവർ പിരിയുകയും ചെയ്തു.
സമാധാനവും സംതൃപ്തിയും നിറഞ്ഞ ഒരു കുടുംബജീവിതം വാൻ ഗോഗിന്റെ സ്വഭാവത്തിനു ചേർന്നതല്ല എന്നാണു പൊതുധാരണയെങ്കിലും സിയേനുമൊത്തു കഴിഞ്ഞ കാലത്ത് തിയോക്കയച്ച കത്തുകളിൽ മറ്റൊരു വാൻ ഗോഗിനെയാണു കാണുക.
സിയേന് വില്ലെം എന്ന മകൻ ജനിക്കുന്നത് വാൻ ഗോഗിനൊപ്പം താമസിക്കുമ്പോഴാണ്. തന്റെ മകനെപോലെയാണ് അദ്ദേഹം അവനെ കരുതിയത്.
വാൻ ഗോഗിനെ പിരിഞ്ഞതിനു ശേഷമുള്ള സിയേന്റെ ജീവിതം അശാന്തമായിരുന്നു. ഒടുവിൽ അവർ ഷിൽഡെ പുഴയിൽ ചാടി ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
No comments:
Post a Comment