Sunday, April 7, 2013

വാൻ ഗോഗ് - പൂവിടുന്ന ബദാം മരം

545337_148249538653186_1268234242_n



വാൻ ഗോഗിന്റെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളിലൊന്നാണ്‌ ‘ പൂവിടുന്ന ബദാം മരം.’ ചിത്രകാരനും അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത കുടുംബാംഗങ്ങൾക്കും അത്രമേൽ പ്രിയപ്പെട്ടതാകയാൽ അത്രകണ്ട് ശ്രദ്ധേയവും. ഒരു വ്യക്തിയെ മാത്രം മുന്നിൽക്കണ്ട് വാൻ ഗോഗ് വരച്ച ചുരുക്കം ചിത്രങ്ങളിൽ ഒന്നാണിത്- ഇവിടെ അത് തന്റെ പ്രിയപ്പെട്ട അനുജൻ തിയോയ്ക്കു പിറന്ന ആൺകുട്ടിയും. തങ്ങളുടെ മകന്‌ ‘വിൻസെന്റ്’ എന്നു പേരു വിളിയ്ക്കാൻ തിയോയും ജോഹന്നയും തീരുമാനിച്ചപ്പോൾ വാൻ ഗോഗിന്റെ മനസ്സിനെ അതു വല്ലാതെ സ്പർശിച്ചു; തന്റെ പേരുകാരനായ ആ കുട്ടിയ്ക്ക് വാൻ ഗോഗിന്റെ ഉപഹാരമാണ്‌ ‘പൂവിടുന്ന ബദാം മരം.’ തന്റെ അനന്തരവനോടുള്ള മമതയുടെയെന്നപോലെ താൻ അത്രമേൽ ആദരിച്ചിരുന്ന ജാപ്പനീസ് കലയുടെ കൂടി സൃഷ്ടി.
“അവൻ കുട്ടിയ്ക്ക് എന്റെ പേരിടുന്നതിനു പകരം അച്ഛന്റെ പേരിടുന്നതായിരുന്നു എനിക്കിഷ്ടം; ഇനിയിപ്പോൾ പേരിടൽ നടന്നു കഴിഞ്ഞതിനാൽ ഞാൻ അവന്റെ കിടപ്പുമുറിയിൽ തൂക്കിയിടാനായി ഒരു ചിത്രം ചെയ്യാൻ തുടങ്ങി; നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ വെളുത്ത പൂക്കളുമായി വലിയ ബദാം മരച്ചില്ലകൾ...”

(1890 ഫെബ്രുവരി 20ന്‌ അമ്മയ്ക്കെഴുതിയ കത്ത്)


“ഞാൻ ചെയ്തതിൽ വച്ചേറ്റവും മികച്ചതും, ക്ഷമയെടുത്തു ചെയ്തതും ഇതാണെന്നു പറയാം; മനശ്ശാന്തതയോടെ, ഉറച്ച കൈയോടെ...”
(1890 ഏപ്രിൽ 15ന്‌ തിയോക്കെഴുതിയത്)


“ബദാം പൂക്കൾ ചെയ്യുന്ന സമയത്ത് എനിക്കു നല്ല സുഖമില്ലായിരുന്നു. ജോലി ചെയ്യാൻ പറ്റിയിരുന്നെങ്കിൽ, നിനക്ക് ഇതിൽ നിന്നും മനസ്സിലാവും, മറ്റു പൂത്ത മരങ്ങളെയും ഞാൻ വരയ്ക്കുമായിരുന്നുവെന്ന്. പക്ഷേ എനിക്കു തീരെ ഭാഗ്യമുണ്ടായില്ല, മരങ്ങൾ പൂക്കുന്ന കാലം കഴിഞ്ഞുപോയിരിക്കുന്നു...”
(1890 ഏപ്രിൽ 30ന്‌ തിയോക്കെഴുതിയത്)


“ വലിയ താല്പര്യത്തോടെ വിൻസെന്റമ്മാമന്റെ ചിത്രങ്ങളും നോക്കിക്കിടക്കലാണ്‌ അവന്റെ പണി; അവന്റെ കട്ടിലിനു നേരേ മുകളിലുള്ള പൂത്ത മരത്തിന്റെ ചിത്രം പ്രത്യേകിച്ചും അവനെ വല്ലാതങ്ങു വശീകരിച്ചപോലെയാണ്‌...“
(ജോഹന്ന, തിയോയുടെ ഭാര്യ, 1890 മാർച്ച് 29ന്‌ വാൻ ഗോഗിനെഴുതിയത്)

No comments: