Sunday, April 7, 2013

ബ്രഷ്റ്റ് - അമേരിക്കൻ കവിതകൾ

558108_582911915071434_395549082_n




അതിജീവിച്ചവൻ


എനിക്കറിയാതെയല്ല,
അത്രയധികം സ്നേഹിതന്മാരെ
ഞാൻ അതിജീവിച്ചുവെങ്കിൽ
അതു ഭാഗ്യം കൊണ്ടു മാത്രമാണെന്ന്.
ഇന്നലെപ്പക്ഷേ, ഒരു സ്വപ്നത്തിൽ
അവരെന്നെക്കുറിച്ചു പറയുന്നതു ഞാൻ കേട്ടു:
“അർഹതയുള്ളവന്റെ അതിജീവനം!”
ഞാൻ എന്നെത്തന്നെ വെറുത്തു.


തോട്ടം നനയ്ക്കലിനെക്കുറിച്ച്


ഹാ, തോട്ടത്തിൽ വെള്ളം തളിക്കൽ,
പച്ചപ്പിനു പുതുജീവൻ നൽകൽ!
ദാഹാർത്തരായ മരങ്ങൾക്കു നീരു വീഴ്ത്തൽ.
അവയ്ക്കു വേണ്ടതിലധികം കൊടുക്കൂ.
ചെടികളെയും മറക്കരുതേ,
കായ്കളില്ലാത്തവയേയും,
വരണ്ടുണങ്ങി നേരേ നിൽക്കാനാവത്തവയേയും.
പൂച്ചെടികൾക്കിടെ വളരുന്ന കളകളെ അവഗണിക്കരുതേ.
അവയ്ക്കും ദാഹമുണ്ട്.
പച്ചപ്പുല്ലിനോ കരിഞ്ഞ പുല്ലിനോ മാത്രം നനയ്ക്കുകയുമരുത്.
പുറത്തു കാണുന്ന മണ്ണിനും നിങ്ങൾ വെള്ളം കൊടുക്കണം.

I463_Bertolt_Brecht_300x155_c_Barch_Bild_183-VV0-409-300_CC-BY-SA

മാറ്റമില്ലാതൊന്നുമില്ല


മാറ്റമില്ലാതൊന്നുമില്ല.
അന്ത്യശ്വാസം വലിക്കുന്ന നേരത്തും
നിങ്ങൾക്കൊരു പുതിയ തുടക്കം കുറിക്കാവുന്നതേയുള്ളു.
പക്ഷേ സംഭവിച്ചതു സംഭവിച്ചു കഴിഞ്ഞു.
കള്ളിലൊഴിച്ച വെള്ളം
ഇനി ഊറ്റിയെടുക്കാനും പറ്റില്ല.

സംഭവിച്ചതു സംഭവിച്ചു കഴിഞ്ഞു.
കള്ളിലൊഴിച്ച വെള്ളം
ഇനി ഊറ്റിയെടുക്കാനും പറ്റില്ല.
പക്ഷേ മാറ്റമില്ലാതൊന്നുമില്ല.
അന്ത്യശ്വാസം വലിക്കുന്ന നേരത്തും
നിങ്ങൾക്കൊരു പുതിയ തുടക്കം കുറിക്കാവുന്നതേയുള്ളു.


ഹോളിവുഡ്


അന്നന്നത്തെ അപ്പത്തിനായി
ഞാനെന്നും ചന്തയിൽ പോകും.
അവിടെ നുണകൾ വാങ്ങാനാളുകളുണ്ട്.
പ്രതീക്ഷയോടെ ഞാൻ സ്ഥാനം പിടിക്കുന്നു,
വില്പനക്കാരുടെ നിരയിൽ.




പുതുകാലം


കണ്ണടച്ചു തുറക്കുന്നത്ര വേഗത്തിലല്ല പുതുകാലം തുടങ്ങുക.
എന്റെ മുത്തശ്ശൻ അന്നേ പുതുകാലത്തിൽ ജീവിച്ചു തുടങ്ങിയിരിക്കുന്നു,
എന്റെ പേരക്കുട്ടി മിക്കവാറും പഴയ കാലത്തു തന്നെ ജീവിതം തുടരാനാണു സാദ്ധ്യത.

പുതിയ ഇറച്ചി തിന്നുന്നത് പഴയ കത്തിയും മുള്ളും കൊണ്ടു തന്നെ.
ആദ്യമിറങ്ങിയ കാറുകളായിരുന്നില്ലത്.
ടാങ്കുകളുമല്ല.
നമ്മുടെ മേൽക്കൂരകൾക്കു മേൽ പറന്ന വിമാനങ്ങളല്ല,
ബോംബറുകളുമല്ല.

പുതിയ ട്രാൻസ്മിറ്ററുകളിൽ നിന്നു വന്നത് പഴയ മൂഢതകൾ തന്നെ.
ജ്ഞാനത്തിന്റെ വിനിമയം നടന്നത് പറഞ്ഞും കേട്ടും.

Brechts-techniques



ഹംസഗാനം

അവസാനത്തെ ലിഖിതം ഇങ്ങനെയാവട്ടെ
(വായിക്കാനാരുമില്ലാത്ത ആ തകർന്ന ഫലകം):

ഭൂമി പൊട്ടിപ്പിളരുകയായി.
അതിന്റെ സന്തതികൾ തന്നെ അതിനെ നശിപ്പിക്കും.

ഒരുമിച്ചു ജീവിക്കാനുള്ള ഉപാധിയായി
ഞങ്ങൾക്കു മുതലാളിത്തമേ കണ്ടുപിടിക്കേണ്ടി വന്നുള്ളു.
ഭൌതികശാസ്ത്രത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ
ഞങ്ങൾ വേറേ ചിലതു കൂടി കണ്ടുപിടിച്ചു:
ഒരുമിച്ചു മരിക്കാനൊരുപാധി.



No comments: