നക്ഷത്രാവൃതമായ ആകാശം പശ്ചാത്തലമാക്കി വാൻ ഗോഗ് വരയ്ക്കുന്ന ആദ്യത്തെ ചിത്രമാണ് 1888 സെപ്തംബർ മദ്ധ്യത്തിൽ ചെയ്ത ‘രാത്രിനേരത്തെ കോഫീഹൌസ്.’ അതേ മാസം തന്നെ ‘റോൺ നദിയ്ക്കു മേൽ നക്ഷത്രാവൃതമായ ആകാശ’വും, ഒരു കൊല്ലം കഴിഞ്ഞ് പ്രസിദ്ധമായ ‘നക്ഷത്രാവൃതമായ രാത്രി’യും അദ്ദേഹം വരച്ചു. സഹോദരി വിൽഹെമിനാ വാൻ ഗോഗിന് സെപ്തംബർ 16ന് എഴുതിയ കത്തിൽ നിന്ന്:
“രാത്രിനേരത്തെ ഒരു കോഫീ ഹൌസിന്റെ ബഹിർഭാഗം ചിത്രീകരിയ്ക്കുന്ന പുതിയൊരു പെയിന്റിങ്ങിന്റെ പണിയിലാണ് ഞാൻ. ടെറസ്സിൽ ചെറിയ ആൾരൂപങ്ങൾ കാപ്പി കുടിച്ചു കൊണ്ടിരുപ്പുണ്ട്. കൂറ്റനൊരു മഞ്ഞറാന്തലിന്റെ വെളിച്ചം മട്ടുപ്പാവിലും കെട്ടിടത്തിന്റെ മുഖപ്പിലും വന്നുവീഴുന്നു; തെരുവിൽ പാകിയ തറക്കല്ലുകൾക്ക് ആ വെളിച്ചത്തിൽ ഇളം ചുവപ്പു കലർന്ന ഒരു വയലറ്റുഛായ കൈവരുന്നു. നക്ഷത്രങ്ങൾ വിതറിയ നീലാകാശത്തിനു ചുവട്ടിൽ നീണ്ടുകിടക്കുന്ന തെരുവിലെ വീട്ടുമുഖപ്പുകൾക്ക് നിറം കടുംനീല, അല്ലെങ്കിൽ ഒരു മരത്തിന്റെ പച്ചയുമായി വയലറ്റ്. ഈ രാത്രിയുടെ ചിത്രത്തിൽ കറുപ്പേയില്ല, മനോഹരമായ നീലയും വയലറ്റും പച്ചയും മാത്രം; ചുറ്റിനുമുള്ള പ്രദേശം വിളറിയ ഗന്ധകമഞ്ഞയും നാരകപ്പച്ചയും. രാത്രിയെ നേരിട്ടു വരയ്ക്കുന്നത് എന്നെ ഏറെ രസിപ്പിക്കുന്നു. സാധാരണഗതിയിൽ സ്കെച്ചു ചെയ്തിട്ട് പിന്നെ പകൽനേരത്താണു നാം പെയിന്റു ചെയ്യുക. പക്ഷേ വസ്തുക്കളെ അപ്പോൾത്തന്നെ നേരിട്ടു വരയ്ക്കുന്നതിലാണ് എനിയ്ക്കു തൃപ്തി. ഇരുട്ടിൽ നീല പച്ചയായോ, നീലലൈലാക്ക് ഇളംചുവപ്പു ലൈലാക്കായോ തോന്നിയേക്കാമെന്നതു ശരി തന്നെ; അതേ സമയം അരണ്ട വെളിച്ചമുള്ള സാമ്പ്രദായികരാത്രികളിൽ നിന്നു മാറിപ്പോകാൻ എനിക്കിതല്ലാതെ വേറേ മാർഗ്ഗവുമില്ല. വെറുമൊരു മെഴുകുതിരി പോലും എത്ര സമൃദ്ധമായ മഞ്ഞകളും ഓറഞ്ചുകളുമാണു നമുക്കു നൽകുക...“
No comments:
Post a Comment