Saturday, August 22, 2009

സുനിൽ ഗംഗോപാധ്യായ- ഞാൻ അൽപ്പം വൈകിപ്പോയി



ഞാൻ ചെന്നിടത്തൊക്കെ
വാതിലുകൾ കൊട്ടിയടച്ചിരുന്നു.
അവർ എന്നോടു ചോദിച്ചു:
അൽപ്പം കാത്തുകൂടേ?
ഇനി കരിമൊട്ടുകൾ മാത്രം
ശേഷിച്ച സ്ഥിതിക്ക്‌?
കുഴഞ്ഞ വിരലുകൾ മാറത്തു ചേർത്ത്‌
ശിശിരത്തിലെ കൊഴിയുന്ന ഇലകളെപ്പോലെ
അവർ ചിരിച്ചു:
ഈ നേരമല്ലാത്ത നേരത്ത്‌
നിങ്ങൾ എന്തിനു വന്നു?
ഇനി എന്തു ശേഷിപ്പുണ്ട്‌?
പോയ വസന്തമേളയോടെ
എല്ലാം കഴിഞ്ഞു.
വിളക്കുകൾ കെട്ടുപോയി,
കമ്പികൾ പൊട്ടിപ്പോയി,
മുറിയിലൊക്കെയും പൊടിയടിഞ്ഞു,
തുരുമ്പിച്ച താഴുകൾ ഇനി തുറക്കുകയില്ല-
വീട്ടുകാരിക്ക്‌ വിരലിൽ കുഷ്ടമാണ്‌.

തവിഞ്ഞ ജ്വാലകൾ പോലെ
കുനിഞ്ഞ ശിരസ്സുകൾ തേങ്ങുന്നു;
മറ്റുള്ളവർ തങ്ങളുടെ ഹൃദയങ്ങളിലെ
വന്ധ്യമായ തണുപ്പിൽ ചുരുണ്ടുകൂടുന്നു:
മരണമിപ്പോഴും ദൂരെയാണല്ലോ.
ചോരയും ഉടഞ്ഞ കല്ലുകളും
തെരുവുകളിൽ അടിഞ്ഞുകൂടുന്നു.
തോപ്പുകളിൽ പൂക്കളുടെ മണമില്ല.
കരിഞ്ഞ പൂക്കൾ കാറ്റിൽ പ്രേതങ്ങളെപ്പോലെ
നൃത്തം വയ്ക്കുന്നു.

എനിക്കു മുമ്പേ വന്നവൻ
സൗന്ദര്യത്തെ കൊള്ളയടിക്കുന്നവനായിരുന്നു-
അഴിച്ചുവിട്ടൊരു തെമ്മാടി,
മരണത്തോളം ശക്തനായവൻ,
ജീവിതത്തിന്റെ ഗതിഭേദങ്ങളെപ്പോലെ
പേടിപ്പെടുത്തുന്നവൻ.
ഈ നശ്വരമായ ഇടത്താവളങ്ങളുടെ
സൗന്ദര്യത്തെ കൊള്ളയടിക്കാൻ
അ രഹസ്യസഞ്ചാരി എനിക്കു മുമ്പേ വന്നു.
ഇപ്പോഴെല്ലാം നശിച്ചുകിടക്കുന്നു:
നിന്റെ കഴുത്തിന്റെ തകർന്ന ചരിത്രം,
എഴുതിയതു മായ്ച്ചെഴുതിയ താളിയോലകൾ പോലെ
നിന്റെ കണ്ണുകളും ചുണ്ടുകളും.
ഞാനൊന്നു വൈകിപ്പോയി-
വഴി ദീർഘവും വളഞ്ഞതുമായിരുന്നു;
ഓടിയെത്തിയിട്ടും ഞാൻ വൈകിപ്പോയി.
കൊള്ള കഴിഞ്ഞിരുന്നു,
മാനഭംഗം പൂർണ്ണമായിരുന്നു.
വിതുമ്പുന്ന ചുണ്ടുകളുമായി
അവർ കാത്തുനിന്നു.
*

No comments: