Monday, January 30, 2012

കാഫ്ക - എന്റെ തലയ്ക്കുള്ളിലെ ബൃഹത്തായ ലോകം

File:Germany 2008 10 euro Franz Kafka Obverse.jpg

1912 മാർച്ച് 12

അതിവേഗം പാഞ്ഞുപോകുന്ന ട്രാമിന്റെ ഒരു കോണിൽ, ജനാലയിൽ കവിളമർത്തി, ഇടതുകൈ സീറ്റിന്റെ പിന്നിൽ നീട്ടിവച്ച്, ബട്ടണിടാത്ത ഓവർക്കോട്ട് തനിയ്ക്കു ചുറ്റും പറത്തിവിട്ട്, മുന്നിലെ ആളൊഴിഞ്ഞ നീണ്ട ബഞ്ചിലേക്കു നോക്കിക്കൊണ്ടും ഒരു ചെറുപ്പക്കാരൻ ഇരിപ്പുണ്ടായിരുന്നു. ഇന്നയാളുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നു; ഇപ്പോഴയാളുടെ മനസ്സിൽ അതു മാത്രമേയുള്ളു. തന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നുവെന്നത് സുഖകരമായ ഒരനുഭൂതിയായി അയാളുടെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്; ആ സുഖാനുഭൂതിയുമായി അയാൾ ചിലനേരം ട്രാമിന്റെ മച്ചിനു നേർക്ക് ഉദാസീനമായ ഒരു നോട്ടമയക്കുന്നുമുണ്ട്. കണ്ടക്റ്റർ ടിക്കറ്റുമായി വരുമ്പോൾ പോക്കറ്റിൽ അധികം പരതാതെ കൃത്യമായ ചില്ലറ തന്നെ അയാൾക്കു കിട്ടുന്നുണ്ട്, ഒരേയൊരു കൈയിളക്കത്താൽ കണ്ടക്റ്ററുടെ കൈയിലേക്ക് അയാൾ അതു വച്ചുമാറുന്നുണ്ട്, കത്രിക പോലെ തുറന്നുപിടിച്ച ഇരുവിരലുകളിൽ അയാൾ ടിക്കറ്റ് കൈപ്പറ്റുകയും ചെയ്യുന്നുണ്ട്. അയാളും ട്രാമും തമ്മിൽ ഒരു ബന്ധവുമില്ല; പ്ളാറ്റുഫോമോ, ചവിട്ടുപടിയോ ഉപയോഗിക്കാതെതന്നെ തെരുവിലാണു പിന്നെ അയാൾ കാണപ്പെടുന്നതെങ്കിൽ, അതേ മുഖഭാവത്തോടെ അയാൾ തന്റെ വഴിയ്ക്കു പോവുകയാണെങ്കിൽ അതിൽ ആശ്ചര്യപ്പെടാൻ ഒന്നുമുണ്ടാകുമായിരുന്നില്ല.

പാറിക്കിടക്കുന്ന ഓവർക്കോട്ടു മാത്രമേ ശേഷിക്കുന്നുള്ളു, ബാക്കിയൊക്കെ കെട്ടിച്ചമച്ചതും.


മാർച്ച് 16

ശനിയാഴ്ച. വീണ്ടുമൊരുൾപ്രേരണ. വീണ്ടും ഞാനെന്നെത്തന്നെ പിടിച്ചെടുക്കുന്നു, താഴേക്കു വരുന്നൊരു പന്തു പിടിച്ചെടുക്കുമ്പോലെ. നാളെ, ഇന്ന്, വിപുലമായൊരു രചനയ്ക്ക് ഞാൻ തുടക്കമിടും, എവിടെ നിന്നുമൊരു നിർബന്ധവുമില്ലാതെ എന്റെ കഴിവുകൾക്കൊത്തു രൂപം പ്രാപിക്കുന്നതൊന്ന്. എനിക്കു പിടിച്ചുനിൽക്കാനാവുന്നിടത്തോളം കാലം ഞാനതിന്റെ പിടി വിടില്ല. ഈ രീതിയിൽ ജീവിക്കുന്നതിനെക്കാൾ ഉറക്കമില്ലാതെ കിടക്കുക തന്നെ ഭേദം.


മാർച്ച് 18

ജ്ഞാനിയെന്നെപ്പറഞ്ഞോളൂ, ഏതു നിമിഷവും മരിക്കാൻ തയാറായിരുന്നു ഞാനെന്നതിനാൽ; പക്ഷേ, എന്നോടു ചെയ്യാൻ പറഞ്ഞതൊക്കെ ചെയ്തുതീർത്തു ഞാനെന്നതിനാലല്ല, മറിച്ച്, അതിലൊന്നുപോലും ചെയ്തിട്ടില്ല ഞാനെന്നതിനാലും, അതിലേതെങ്കിലുമൊന്ന് എന്നെങ്കിലും ചെയ്യാമെന്നു ഞാൻ പ്രതീക്ഷിക്കേണ്ടെന്നതിനാലും.


മാർച്ച് 27

തിങ്കളാഴ്ച. തങ്ങൾക്കു മുന്നിൽ നിരാലംബയായി നടന്നുപോകുന്ന ഒരു വേലക്കാരിപ്പെൺകുട്ടിക്കു നേരെ വേറേ പലരുമായിച്ചേർന്ന് പന്തെടുത്തെറിയുന്ന പയ്യൻ; പന്ത് പെൺകുട്ടിയുടെ പിന്നാലെ പായുമ്പോൾ ഞാൻ അവന്റെ കഴുത്തിനു കയറിപ്പിടിച്ച് ഉഗ്രകോപത്തോടെ അവനെ ശ്വാസം മുട്ടിച്ചു, ഒരു വശത്തേക്കു പിടിച്ചുതള്ളി, അവനെ ശപിക്കുകയും ചെയ്തു. പിന്നെ ഞാൻ നേരേ നടന്നുപോയി; ആ പെൺകുട്ടിയുടെ നേർക്ക് ഞാനൊന്നു നോക്കുക കൂടിച്ചെയ്തില്ല. ഈ ഭൂമിയിൽ തന്റെ അസ്തിത്വം തന്നെ നിങ്ങൾ മറന്നുപോവുകയാണ്‌; എന്തെന്നാൽ, അത്രയും രോഷം തിങ്ങിനിൽക്കുകയാണു നിങ്ങൾക്കുള്ളിൽ; സന്ദർഭം കിട്ടിയാൽ ഇതിലും സുന്ദരമായ വികാരങ്ങൾ കൊണ്ടു നിറയും താനെന്നു വിശ്വസിക്കാൻ നിങ്ങൾക്കു വരുതി കിട്ടിയപോലെയുമാണ്‌.


ആഗസ്റ്റ് 21

ഒരു തെരുവ് മുന്നിൽ വയ്ക്കുന്ന അസംതൃപ്തിയുടെ ചിത്രം: താൻ നിൽക്കുന്നിടത്തു നിന്നു രക്ഷപ്പെടാൻ നിരന്തരം കാലുയർത്തുകയാണു സർവ്വരും.

സെപ്തംബർ 21

സഹോദരനും സഹോദരിയും തമ്മിലുള്ള സ്നേഹം- അച്ഛനും അമ്മയും തമ്മിലുള്ള സ്നേഹത്തിന്റെ ആവർത്തനം.


1913 ജൂൺ 21

ഞാൻ എന്റെ തലയ്ക്കുള്ളിൽ കൊണ്ടുനടക്കുന്ന ബൃഹത്തായ ലോകം. പക്ഷേ എങ്ങനെ ഞാനെന്നെ സ്വതന്ത്രനാക്കും, അതിനെ സ്വതന്ത്രമാക്കും, ചീളുകളായി ചിതറിപ്പോകാതെ. അതിനെ എന്റെയുള്ളിൽ കൊണ്ടുനടക്കുകയോ, കുഴിച്ചിടുകയോ ചെയ്യുന്നതിനെക്കാൾ ആയിരം മടങ്ങു ഭേദമാണ്‌, അങ്ങനെ ചിതറിപ്പോവുക. അതുകൊണ്ടു തന്നെയാണ്‌, ഞാനിപ്പോൾ ഇവിടെ നിൽക്കുന്നതും, അതെനിക്കു വ്യക്തവുമാണ്‌.


link to image

നിസാർ ഖബ്ബാനി - ഭ്രാന്തന്റെ കവിതകൾ

File:1815-regency-proposal-woodcut.gif


മേൽവിലാസമില്ലാത്ത സ്ത്രീ


എവിടെയും നിങ്ങളവളെത്തിരയും,
കടലിലെത്തിരകളോടവളെക്കുറിച്ചാരായും,
കരയിലെ ആമകളോടവളെക്കുറിച്ചു ചോദിക്കും,
കടലായ കടലെല്ലാം നിങ്ങളലയും,
നിങ്ങളുടെ കണ്ണീരു പുഴകളായൊഴുകും,
നിങ്ങളുടെ ശോകം മരങ്ങളായി വളരും,
ഒടുവിൽ, ജീവിതാന്ത്യത്തിൽ
താൻ തേടിയലഞ്ഞതൊരു
പുകച്ചുരുളിനെയെന്നു നിങ്ങളറിയും-
നിന്റെ പ്രണയത്തിനിന്ന നാടെന്നില്ല,
ജന്മദേശമില്ല, മേൽവിലാസവുമില്ല.



കുളിയ്ക്കുന്നവൾ

നിന്നെക്കുറിച്ചു ഞാനവരോടു മിണ്ടിയിട്ടേയില്ല...പക്ഷേ
എന്റെ കണ്ണുകളിലവർ നിന്നെക്കണ്ടു,
നീയിറങ്ങിക്കുളിയ്ക്കുന്നതായി.



അപ്രതീക്ഷിതമത്സ്യങ്ങൾ

ഇനിയും നിന്നെ പ്രേമിച്ചുതുടങ്ങിയിട്ടില്ല ഞാൻ,
എന്നാലൊരുനാൾ പ്രണയത്തിന്റെ അനിവാര്യമുഹൂർത്തമെത്തും,
കടൽ നിന്റെ മാറിടത്തിലേക്കു തെറിപ്പിയ്ക്കും,
നീ പ്രതീക്ഷിക്കാത്ത മത്സ്യങ്ങൾ.



പൂമ്പാറ്റ

നിന്റെ അരക്കെട്ടിനു ചുറ്റും
പച്ചപെൻസിലു കൊണ്ടൊരു വര ഞാൻ വരച്ചു:
താനൊരു പൂമ്പാറ്റയാണെന്നതിനു തോന്നരുതല്ലോ,
അങ്ങനെയതങ്ങു പറന്നുപോകരുതല്ലോ.



മതി

നിന്റെ സാന്നിദ്ധ്യം മതി
സ്ഥലത്തിനു നിലയ്ക്കാൻ;
നിന്റെ വരവു മതി
കാലത്തിനു വരാതിരിയ്ക്കാൻ.



നീയായതെല്ലാം

എന്നെ പ്രേമിക്കൂ,
നിന്റെ ചുവട്ടടിയിലെ ജലത്തെ ഭയക്കാതെയുമിരിക്കൂ;
സ്ത്രീത്വത്തിന്റെ ജ്ഞാനസ്നാനം നീയേൽക്കുകയുമില്ല,
നിന്റെയുടലും നിന്റെ മുടിയും
ഈ ജലം കൊണ്ടു നനയാതിരുന്നാൽ.



ഉച്ചമയക്കം

ഒരു പേർഷ്യൻ പരവതാനി നിന്റെ വാക്കുകൾ,
ചുമരോടു ചുമരു പറന്നുനടക്കുന്ന രണ്ടു മാടപ്രാവുകൾ
നിന്റെ കണ്ണുകൾ,
എന്റെ ഹൃദയമൊരു മാടപ്രാവിനെപ്പോലെ
നിന്റെ കൈകളുടെ തിരകൾക്കു മേൽ പറക്കുന്നു,
ചുമരിന്റെ നിഴലത്തൊരുച്ചമയക്കമുറങ്ങുന്നു.



വിപരീതപ്രണയം

നിന്റെ തലമുടിയെ ഞാനുപദേശിച്ചുനോക്കി,
നിന്റെ ചുമലും കടന്നു വളർന്നുപോകരുതെന്ന്,
എന്റെ ജീവിതത്തിനു മേൽ ശോകത്തിന്റെ ചുമരാവരുതെന്ന്;
ഞാനാഗ്രഹിച്ചതിനെയൊക്കെ നിഷ്ഫലമാക്കി
നിന്റെ മുടി പക്ഷേ, നിണ്ടുതന്നെ കിടന്നു.
നിന്റെയുടലിനെ ഞാനുപദേശിച്ചുനോക്കി,
കണ്ണാടിയുടെ ഭാവനയെ ഉദ്ദീപിക്കരുതെന്ന്,
നിന്റെയുടൽ പക്ഷേ, ഞാൻ പറഞ്ഞതു കേട്ടില്ല,
അതു സുന്ദരമായിത്തന്നെയിരുന്നു.
നിന്റെ പ്രണയത്തെ പറഞ്ഞുമനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു,
കടൽക്കരയിലോ, മലമുകളിലോ ഒരാണ്ടത്തെ അവധിക്കാലം
ഇരുകൂട്ടർക്കും നല്ലതായിരിക്കുമെന്ന്,
നിന്റെ പ്രണയം പക്ഷേ, പെട്ടികളെടുത്തു പാതയോരത്തെറിഞ്ഞു,
താനെവിടെയും പോകുന്നില്ലെന്നതു തീർത്തുപറഞ്ഞു.



ബാല്യത്തിനൊപ്പം

ഇന്നു രാത്രിയിൽ നിന്നോടൊപ്പമുണ്ടാവില്ല ഞാൻ,
എവിടെയും ഞാനുണ്ടാവുകയുമില്ല;
വയലറ്റുപായകളുമായി ഞാനൊരു കപ്പൽപ്പറ്റം വാങ്ങിയിരിക്കുന്നു,
നിന്റെ കണ്ണുകളിലെ സ്റ്റേഷനിൽ മാത്രം നിർത്തുന്ന തീവണ്ടികളും,
പ്രണയത്തിന്റെ ഇന്ധനത്തിൽ പറക്കുന്ന കടലാസുവിമാനങ്ങളും.
കടലാസും ചായപ്പെൻസിലുകളും ഞാനെടുത്തുവന്നിരിക്കുന്നു,
എന്റെ ബാല്യത്തിനൊപ്പമിന്നുരാത്രിയിലുറങ്ങാതിരിക്കാൻ
ഞാൻ തീരുമാനിച്ചുമിരിക്കുന്നു.



ഭ്രൂണം

എനിക്കു മോഹം,
നിന്നെയെന്റെയുടലിലൊളിപ്പിച്ചുവയ്ക്കാൻ,
ജനനമസാദ്ധ്യമായൊരു ശിശുവായി,
ഞാനല്ലാതാരും നോവറിയാത്തൊരു
കഠാരമുറിവായി.



വികാരം

നിന്റെ മാറിടത്തിനിടയിൽ കിടക്കുന്നു,
കത്തിച്ചാമ്പലായ ഗ്രാമങ്ങൾ,
ആയിരങ്ങളായ ഖനികൾ,
പിന്നെയാരും പറഞ്ഞുകേൾക്കാതെ
ഹതരായവരുടെ പരിചകൾ.
നിന്റെ മാറിടം കടന്നുപോയവരെപ്പിന്നെ
കാണാതെയായി,
അവിടെ നേരം വെളുപ്പിച്ചവർ
പിന്നെ ആത്മഹത്യയും ചെയ്തു.


link to image


Saturday, January 28, 2012

നിസാർ ഖബ്ബാനി - പ്രണയഗ്രന്ഥത്തിൽ നിന്ന്


എന്നെക്കുറിച്ചന്യർ പറയുന്നതൊക്കെ നേരു തന്നെ…


എന്നെക്കുറിച്ചന്യർ പറയുന്നതൊക്കെ നേരു തന്നെ,
സ്ത്രീവിഷയത്തിൽ, പ്രണയവ്യവഹാരത്തിൽ
എന്നെക്കുറിച്ചു പറഞ്ഞുകേൾക്കുന്നതും...നേരു തന്നെ.
എന്നാലവരറിയുന്നില്ല,
നിന്റെ പ്രണയത്തിൽ രക്തം വാർക്കുകയാണു ഞാനെന്ന്,
ക്രിസ്തുവെപ്പോലെ.
*


ജന്മം കൊണ്ടേ സുന്ദരിയായിരുന്നു…


ജന്മം കൊണ്ടേ സുന്ദരിയായിരുന്നു നീയെന്നതുകൊണ്ടായില്ല,
ഒരു നാളെന്റെ കൈകൾ കടന്നുപോയിട്ടേ,
സുന്ദരിയിലുമധികമായുള്ളു നീ.
*


കണ്ടാലൊരു…


കണ്ടാലൊരു പരലുമീനെപ്പോലെയേയുള്ളു നീ,
പ്രണയത്തിൽ കാതര...ഒരു മീനെപ്പോലെ.
എന്നാലെന്റെയുള്ളിലൊരായിരം സ്ത്രീകളെ
നീ കശാപ്പു ചെയ്തു,
റാണിയുമായി നീ.
*


കുടത്തിൽ നിന്നു…


കുടത്തിൽ നിന്നു ഭൂതം പുറത്തുവ-
ന്നെന്നോടു ചോദിക്കുകയാണെന്നിരിക്കട്ടെ:
“അങ്ങയ്ക്കെന്തുവേണം, യജമാനനേ!
ഈ ലോകത്തെ സർവമരതകങ്ങളും വരിക്കാൻ
ഒരു നിമിഷം ഞാനങ്ങെയ്ക്കു തരാം.”
നിന്റെ കണ്ണുകൾ മതിയെന്നേ ഞാൻ പറയൂ.
*


വാക്കുകൾ കൊണ്ടു വരയ്ക്കുമ്പോൾ


ഇരുപതു കൊല്ലമായിരിക്കുന്നു,
പ്രണയത്തിന്റെ പാതയിലേക്കിറങ്ങിയിട്ട്,
വഴിയിന്നുമപരിചിതമാണെനിക്ക്;
ചിലപ്പോൾ വിജയി ഞാനായിരുന്നു,
പലപ്പോഴും പരാജിതനും.
ഇരുപതുകൊല്ലം, ഹാ, പ്രണയത്തിന്റെ ഗ്രന്ഥമേ,
ഇന്നുമാദ്യത്തെയേടിൽ.
*


വിഡ്ഢിത്തം


ഓർമ്മയുടെ പുസ്തകത്തിൽ നിന്നു
നിന്നെ മായ്ച്ചുകളയുമ്പോൾ,
ഞാനോർത്തില്ല,
എന്റെ ജീവിതത്തിൽപ്പാതി
വെട്ടിക്കളയുകയാണു ഞാനെന്ന്.
*


സമവാക്യം


നിന്നെ പ്രണയിക്കുന്നുവെന്നതിനാൽ
വർത്തമാനകാലമെനിക്കുണ്ടെന്നായി;
ഞാനെഴുതുന്നു, പ്രിയേ,
പോയകാലത്തെ വീണ്ടെടുക്കുവാനായി.


ചിത്രം- മണവാട്ടി - ദാന്തേ ഗബ്രിയേല്‍ റോസെറ്റി (വിക്കിമീഡിയ ശേഖരം)


Friday, January 27, 2012

റുബേൻ ദാരിയോ - നിശാഗീതം


നിശാഗീതം


രാത്രിയുടെ നിശ്ശബ്ദത, വേദനിപ്പിക്കുന്ന നിശ്ശബ്ദത,
നിശാഗീതം...എന്തേയെന്റെയാത്മാവിന്നിത്ര പിടയ്ക്കാൻ?
എന്റെ ചോരയുടെ അമർന്ന മർമ്മരം ഞാൻ കേൾക്കുന്നു,
തലയ്ക്കുള്ളിലൊരു കൊടുങ്കാറ്റു വീശിയടങ്ങുന്നതു ഞാൻ കേൾക്കുന്നു.
ഹാ, ഉറങ്ങാനാവാതെ വരിക, സ്വപ്നം കാണാനാവാതെ വരിക.
സ്വയംവിശകലനത്തിന്റെ മുഴുനീളനാത്മഗതമാവുക,
എന്റെ ഹാംലെറ്റ് - ഞാൻ!
ഒരു രാത്രിയുടെ മദിരയിൽ,
ഇരുളിന്റെ വിസ്മയച്ചില്ലുപാത്രത്തിൽ
എന്റെ വിഷാദമലിച്ചുചേർക്കുക...
പിന്നെ ഞാനാലോചിച്ചുപോവുന്നു:
പ്രഭാതമെപ്പോഴെത്തും?
ഒരു വാതിലതാ അടയുന്നു...
ആരോ തെരുവിൽ നടക്കുന്നു...
ഘടികാരത്തിൽ മണി മൂന്നടിയ്ക്കുന്നു...
അതവളാവണം!



ലോലാപ്പെങ്ങൾക്കു വേണ്ടി വരച്ച സ്വന്തം ചിത്രം

ഈ യാത്രികൻ, നീ കണ്മുന്നിൽ കാണുന്നവൻ,
നാടോടിയായ നിന്റെ ഉടപ്പിറന്നവൻ തന്നെ,
ഇന്നും ജീവനോടിരിക്കുന്നവൻ,
നിനക്കൊരത്ഭുതമായി ഇന്നും ശ്വാസമെടുക്കുന്നവൻ,
നിന്നെപ്പിരിഞ്ഞ മാതിരിയല്ല,
അതില്പിന്നെയായതു മാതിരി:
കിഴവൻ, വിരൂപൻ, പൊണ്ണൻ, വിഷാദി.


Thursday, January 26, 2012

കാഫ്ക - വാതില്‍ തുറന്നു നോക്കുമ്പോള്‍


1912 ഫെബ്രുവരി 26

ഒന്നു നടക്കാനിറങ്ങാൻ കാലാവസ്ഥ എന്നെ പ്രലോഭിപ്പിക്കുമോയെന്നറിയാനായി ഞാൻ മുൻവാതിൽ തുറന്നുനോക്കി. നീലാകാശമുണ്ടായിരുന്നുവെന്നതു ഞാൻ നിഷേധിക്കുന്നില്ല; അതേ സമയം, നീലിമ അരിച്ചിറങ്ങുന്ന വന്മേഘങ്ങൾ ധൂസരനിറത്തിൽ, അരികു മടങ്ങിയ പാളികളായി താഴ്ന്നിറങ്ങി നിൽക്കുന്നുമുണ്ടായിരുന്നു; അരികിലെ കാടു പിടിച്ച കുന്നുകൾക്കെതിരെയായി അവയെ നിങ്ങൾക്കു കാണാം. എന്നിട്ടുകൂടി നടക്കാനിറങ്ങിയവരെക്കൊണ്ടു തെരുവു നിറഞ്ഞിരിക്കുകയായിരുന്നു. അമ്മമാരുടെ ഉറച്ച കൈകൾ കുട്ടികളെ കിടത്തിയ ഉന്തുവണ്ടികളെ നിയന്ത്രിച്ചുകൊണ്ടു നടന്നിരുന്നു. അവിടെയുമിവിടെയുമൊക്കെ ഓരോ വണ്ടികൾ ചാടിത്തുള്ളുന്ന കുതിരകൾക്ക് ആളുകൾ വഴി മാറിക്കൊടുക്കുന്നതുവരെ മുന്നോട്ടു നീങ്ങാനാവാതെ നിന്നിരുന്നു. ഈ നേരത്ത് വണ്ടിക്കാരൻ ഒന്നും മിണ്ടാതെ വിറകൊള്ളുന്ന കടിഞ്ഞാണുകളും കൈയിൽ പിടിച്ച് നേരേ മുന്നോട്ടു നോക്കുകയും, യാതൊന്നും വിടാതെ പലതവണ സൂക്ഷ്മപരിശോധന ചെയ്യുകയും ചെയ്തിട്ട് പറ്റിയ മുഹൂർത്തം നോക്കി വണ്ടി ഇളക്കിവിടുകയാണ്‌. കിട്ടിയ അല്പസ്ഥലത്ത് കുട്ടികൾക്ക് ഓടിക്കളിക്കാൻ പറ്റുന്നുണ്ട്. നേർത്ത വസ്ത്രങ്ങളണിഞ്ഞ പെൺകുട്ടികൾ തപാൽ മുദ്രകളെപ്പോലെ നിറം കനത്ത തൊപ്പികളുമായി ചെറുപ്പക്കാരുടെ കൈകളിൽ കൈ ചേർത്തു നടക്കുന്നു; അവരുടെ ആ നൃത്തച്ചുവടിൽ വെളിപ്പെടുന്നുണ്ട്, അവർ തൊണ്ടകളിൽ അമർത്തിപ്പിടിച്ച ഒരു ഗാനം. കുടുംബങ്ങൾ ഒരുമിച്ചുകൂടി നിന്നിരുന്നു; ഇനിയവർ എപ്പോഴെങ്കിലും പിരിഞ്ഞ് ഒരാളൊരാൾക്കു പിന്നിൽ നടക്കേണ്ടി വന്നാലും, അപ്പോഴും കൈകൾ പിന്നിലേക്കു പോകുന്നുണ്ട്, കൈകൾ വീശുന്നുണ്ട്, ചെല്ലപ്പേരുകൾ വിളിച്ചുകേൾക്കുന്നുമുണ്ട്, കൂട്ടം തെറ്റിയവരെ തിരിച്ചു കൊണ്ടുവരാൻ. ഇതിലൊന്നിലും ഒരു പങ്കുമില്ലാതിരുന്ന പുരുഷന്മാർ കൈകൾ കീശയിലാഴ്ത്തി തങ്ങളെ പിന്നെയും ഒറ്റപ്പെടുത്തുകയാണ്‌. അതു ശുദ്ധ അസംബന്ധം തന്നെ. ആദ്യം ഞാൻ വാതിൽക്കൽ നിന്നു നോക്കുകയായിരുന്നു; പിന്നെ നല്ല നോട്ടം കിട്ടാനായി ഞാൻ കട്ടിളയിൽ ചാരിനിന്നു. വസ്ത്രങ്ങൾ എന്നെ ഉരുമ്മിപ്പോയി; ഒരു തവണ ഒരു പെൺകുട്ടിയുടെ പിൻവശമലങ്കരിച്ചിരുന്ന ഒരു റിബണിൽ ഞാൻ പിടി കൂടുകയും, നടന്നുപോകുന്ന വഴി അവൾ എന്റെ കൈയിൽ നിന്ന് അതു വലിച്ചൂരുകയുമുണ്ടായി. മറ്റൊരു തവണ ഒരു പെൺകുട്ടിയുടെ തോളത്തു ഞാനൊന്നു തലോടിയപ്പോൾ, അവളെയൊന്നു പുകഴ്ത്താനായിട്ടാണ്‌ ഞാനതു ചെയ്തതും, അവളുടെ പിന്നാലെ വന്ന ഒരാൾ എന്റെ വിരലുകൾക്കു മേൽ ഒന്നടിച്ചു. ഞാനയാളെ കുറ്റിയിട്ട കതകിന്റെ പിന്നിലേക്കു പിടിച്ചുവലിച്ചു. ഞാനയളെ ശകാരിച്ചു, പൊക്കിപ്പിടിച്ച കൈയുമായി, കൺകോണിലൂടെയുള്ള നോട്ടങ്ങളിലൂടെ, ഒരടി മുന്നിലേക്കു വച്ച്, ഒരടി പിന്നിലേക്കു വച്ച്; ഒരു തള്ളും കൊടുത്ത് ഞാനയാളെ പറഞ്ഞുവിടുമ്പോൾ അയാൾക്കു സന്തോഷമായിരുന്നു. അതിനു ശേഷം സ്വാഭാവികമായും പിന്നെ പലപ്പോഴും ഞാൻ ആളുകളെ അരികിലേക്കു വിളിക്കും; വിരലൊന്നു വളച്ചാൽ മതിയായിരുന്നു അതിന്‌, അതല്ലെങ്കിൽ അറയ്ക്കാതെ പെട്ടെന്നൊരു നോട്ടം.

എത്ര ഉറക്കച്ചടവോടെയാണ്‌, ഒരു യത്നവുമെടുക്കാതെയാണ്‌, നിരുപയോഗമായ, പൂർണ്ണത വരാത്ത ഈ വസ്തു ഞാനെഴുതിയത്.


മാർച്ച് 2

ഇതിന്റെ യാഥാർത്ഥ്യത്തിനോ, സംഭാവ്യതയ്ക്കോ ആരെനിക്കൊരു സ്ഥിരീകരണം തരും, എന്റെ സാഹിത്യപരമായ ദൌത്യമൊന്നു കാരണമാണ്‌ മറ്റൊന്നിലും എനിക്കു താല്പര്യമില്ലാതെ പോയതെന്നതിന്‌, അങ്ങനെയാണു ഞാൻ ഹൃദയശൂന്യനായതെന്നതിന്‌?


 

ഷൂൾ ലഫോർഗ്- നടക്കാവിൽ ഒരു വസന്തകാലസന്ധ്യ

File:TheatreVarietes.jpg

വെറയിറ്റീസിനിരികിലുള്ള വിശാലമായ നടക്കാവിൽ ഒരു വസന്തകാലസന്ധ്യയ്ക്ക് ഒരു ബഞ്ചിലിരിക്കെ. ഗ്യാസുവെട്ടം കുത്തിയൊലിക്കുന്ന ഒരു കഫേ. ആകെ ചുവപ്പു ധരിച്ച ഒരു വേശ്യ ഒരു ബിയറിൽ നിന്നു മറ്റൊന്നിലേക്കു തെന്നുന്നു. രണ്ടാം നിലയിൽ പ്രശാന്തമായ ഒരു മുറി, ഒന്നുരണ്ടു വിളക്കുകളും തലകൾ ചാഞ്ഞുകിടക്കുന്ന ചില മേശകളുമായി; ചെറിയൊരു വായനമുറി പോലെ. മൂന്നാമത്തെ നിലയിൽ ഗ്യാസുവെട്ടം വെട്ടിത്തിളങ്ങുന്നു, ജനാലകളെല്ലാം തുറന്നിട്ടിരിക്കുന്നു, പൂക്കൾ, പരിമളങ്ങൾ, നൃത്തപരിപാടി. സംഗീതം നിങ്ങൾക്കു കേൾക്കാനാവുന്നില്ല, ആളുകളും വണ്ടികളുമായി തെരുവു നുരയ്ക്കുമ്പോൾ, ഇടനാഴികൾ നിരന്തരം ആൾക്കൂട്ടങ്ങളെ വിഴുങ്ങുകയും ഛർദ്ദിക്കുകയും ചെയ്യുമ്പോൾ, വെറയിറ്റീസിനു മുന്നിൽ പരിപാടികളുടെ വിലപേശലുകൾ നടക്കുമ്പോൾ...പക്ഷേ നിങ്ങൾക്കു കാണാം, ആ പത്തു ജനാലകൾക്കു മുന്നിലൂടെ ഒഴുകിനീങ്ങുന്ന, വെളുത്ത ഷർട്ടും കറുത്ത കോട്ടും ധരിച്ച പുരുഷന്മാരെ; സംഗീതത്തിന്റെ താളത്തിൽ സ്ത്രീകളെ, നീലയും ഇളംചുവപ്പും ലൈലാക്കുനിറവും വെള്ളയുമായ സ്ത്രീകളെ അണച്ചുപിടിച്ചു നടക്കുന്നവരെ; എത്ര മൃദുലമായി, എത്ര ശരിയായിട്ടാണവർ അവരെ ചേർത്തുപിടിച്ചിരിക്കുന്നത്. അവർ വരുന്നതും പോകുന്നതും നിങ്ങൾക്കു കാണാം, ഗൗരവപ്പെട്ട, ചിരി വരാത്ത മുഖങ്ങളുമായി (അവർ താളം പിടിക്കുന്ന സംഗീതം പക്ഷേ, നിങ്ങളുടെ കാതിൽപ്പെടുന്നതുമില്ല). കൂട്ടിക്കൊടുപ്പുകാർ പലരും ചുറ്റിപ്പറ്റി നടക്കുന്നുണ്ട്; ഒരുത്തൻ മറ്റൊരുത്തനോടു പറയുകയാണ്‌:“അവൾ പത്തു ഫ്രാങ്കുണ്ടാക്കി, ആ കിഴവനെ...” ഇടവേളയുടെ നേരത്ത് വെറയിറ്റീസിൽ നിന്ന് ഒരാൾക്കൂട്ടം പുറത്തേക്കിരച്ചിറങ്ങുന്നു; നടക്കാവിലെ നാരകീയത തുടരുക തന്നെയാണ്‌, വണ്ടികൾ, കഫേകൾ, ഗ്യാസ് ലൈറ്റുകൾ, കടകളുടെ ചില്ലുജനാലകൾ, കാൽനടക്കാർ- കഫേകളിലെ രൂക്ഷമായ വെളിച്ചത്തിനടിയിലൂടെ കടന്നുപോകുന്ന വേശ്യകൾ... എനിക്കരികിൽ ഒരു പത്രക്കട; രണ്ടു സ്ത്രീകൾ സൊറ പറഞ്ഞിരിക്കുന്നു:“ അവൾ ഈ രാത്രി കടക്കില്ലെന്നേ, എന്റെ പയ്യൻ അവളുടെ കൈയിൽ നിന്നതു പിടിച്ചെടുത്തു.“ രണ്ടു ജാതികളേയും, ആണിനെയും പെണ്ണിനെയും, കുത്തിനിറച്ച വണ്ടികൾ; ഓരോരുത്തരും അവന്റെയോ, അവളുടെയോ വികാരങ്ങളുമായി, വേവലാതികളുമായി, ദുഷ്ടതകളുമായി.

ഇതിനൊക്കെയും മുകളിൽ സൗമ്യവും നിത്യവുമായ നക്ഷത്രങ്ങൾ.



വെറയിറ്റീസ്  - പാരീസിലെ വെറൈറ്റി തിയേറ്റർ
link to image

ഷുൾ ലഫോർഗെ - കവിതകള്‍

File:Laforgue portrait painting.jpg

എന്റെ പാവനഹൃദയം


എന്റെ പാവനഹൃദയം മിടിക്കുന്നതു ഞാൻ കേട്ടു,
ഏകാകിയായി, തുണയാരുമില്ലാതെയും,
കാലത്തിന്റെ സാന്ധ്യവെളിച്ചത്തിൽ,
പ്രത്യാശയൊന്നുമില്ലാതെ, അഭയവുമില്ലാതെ.

എന്റെ യുവത്വത്തിന്റെ രക്തമൊഴുകുന്നതു ഞാൻ കേട്ടു,
സന്ദിഗ്ധമായെന്റെ ധമനികളിലൂടെ,
എന്റെ കവിതയുടെ ഏദൻതോട്ടത്തിനും
എന്റെ പിതാക്കളുടെ ജന്മദേശത്തിനുമിടയിലൂടെ.

ദേവനായ പാനിന്റെ പുല്ലാങ്കുഴലും ഞാൻ കേട്ടു,
“പോകൂ, അന്യദേശം പൂകൂ”യെന്നതു പാടുന്നു,
“മരിക്കൂ, ജീവിതമസഹ്യമായിവരുമ്പോൾ,
കളയുന്നവനാണു കിട്ടുന്നതെന്നുമോർക്കൂ.”

 



ശൃംഗാരം

എന്റെ രുചിരാത്മാവിന്റെ ചുമരുകളിൽ കൂടു കൂട്ടുന്നു,
ഒരായിരം കടൽപ്പക്ഷിക,ളൊക്കെയും വിളർത്തവ;
നാളിൽ, നാളിൽ വിഷണ്ണമായ മുറികളിലവ നിറയ്ക്കുന്നു,
അലകളിൽ തുഴ വീഴുന്ന ശബ്ദങ്ങൾ, തിരപ്പെരുക്കങ്ങളും.

മാലിന്യങ്ങൾ നിക്ഷേപിക്കുകയാണവ സർവതിലും,
ഇറച്ചികൾ, പുറ്റുകൾ, കടൽച്ചിപ്പികൾ;
ചുമരുകൾ ചുറ്റിയന്ധാളിച്ചു പറക്കുമ്പോൾ
ഉയർന്ന മച്ചിലാഞ്ഞിടിക്കുകയുമാണവ.

ഇരമ്പുന്ന തിരകളിലെ വിളർത്ത പക്ഷികളേ,
കടൽക്കക്കകൾ കൊണ്ടൊരു കണ്ഠഹാരം കൊരുക്കൂ,
ആഹ്ളാദിക്കട്ടെയെന്നെക്കാണാൻ വരുന്നവൾ,
ശവത്തിന്റെ ചീഞ്ഞനാറ്റവുമിരിക്കട്ടെ.

അവൾ പറയട്ടെ:“ എന്റെ നാസികക്കാവില്ല,
ഈയാത്മാവിന്റെ രൂക്ഷഗന്ധം സഹിച്ചുനിൽക്കാൻ;
ഈ കണ്ഠഹാരം മനോഹരം, ഞാനിതെടുത്തോട്ടെ?”
അവൾക്കതുകൊണ്ടെന്തുകാര്യമെന്നറിയുമോ, നിങ്ങൾക്ക്?


ഷൂൾ ലഫോർഗെ (1860-1887) - ഉറുഗ്വേയിൽ ജനിച്ച ഫ്രഞ്ചുകവി. വിദ്യാഭ്യാസം ഫ്രാൻസിൽ. പാരീസിലെ ദരിദ്രജീവിതത്തിനിടയിൽ പതിനാറാമത്തെ വയസ്സിൽ കവിതയെഴുത്തു തുടങ്ങി. 1881ൽ ജർമ്മനിയിലെ ആഗസ്റ്റാ രാജ്ഞിയുടെ അദ്ധ്യാപകനായി. 1886ൽ ബർലിനിൽ വച്ച് തന്നെ ഇംഗ്ളീഷു പഠിപ്പിച്ച ലീ ലീയെ വിവാഹം കഴിക്കാനായി ലണ്ടനിലേക്കു പോയി. മടങ്ങി പാരീസിലെത്തിയപ്പോൾ ക്ഷയരോഗബാധിതനായി 1887ൽ മരിച്ചു. ഭാര്യ ലീയും അതേ രോഗത്താൽ തൊട്ടടുത്ത കൊല്ലം മരിച്ചു. ഫ്രഞ്ചുസിംബലിസ്റ്റ് കവികളിൽ പ്രമുഖൻ. റ്റി.എസ്.എലിയട്ടിന്റെ “ആൽഫ്രഡ് ജെ. പ്രൂഫ്രോക്കിന്റെ പ്രണയഗീത”ത്തിൽ ലഫോർഗെയുടെ സ്വാധീനം പ്രകടമാണെന്നു വിമർശകർ.


wikilink to laforgue


Wednesday, January 25, 2012

കാഫ്ക - ഒരു പരിഛേദനകര്‍മ്മം


ഡിസംബർ 18

ഞാൻ വെർഫലിനെ വെറുക്കുന്നു, അതു പക്ഷേ അവനോട് എനിക്കസൂയ ഉള്ളതുകൊണ്ടല്ല, അവനോടും എനിക്കസൂയ ഉള്ളതു കൊണ്ടാണ്‌. അവൻ ആരോഗ്യവാനാണ്‌, ചെറുപ്പക്കാരനാണ്‌, പണക്കാരനുമാണ്‌, ഞാനല്ലാത്തതൊക്കെ. അതിനും പുറമേ, സംഗീതബോധം കൊണ്ട് അനുഗൃഹീതനുമാണവൻ; സ്തുത്യർഹമായ ജോലി ചെയ്തു കഴിഞ്ഞിരിക്കുന്നു അവൻ, വളരെ നേരത്തേ, വളരെ അനായാസമായും. അതിസന്തുഷ്ടമായ ഒരു ജീവിതമാണ്‌ അവനു പിന്നിലുള്ളത്, മുന്നിലുള്ളതും; ഞാനോ, കുടഞ്ഞെറിയാനാവാത്ത ഭാരങ്ങളും വച്ചു വേണം ഞാൻ ജോലി ചെയ്യാൻ; സംഗീതമാകട്ടെ, എനിയ്ക്കു തീരെ വിലക്കപ്പെട്ടതും.


ഡിസംബർ 24

ഇന്നു രാവിലെ എന്റെ മരുമകന്റെ പരിഛേദനം. ഉയരമധികമില്ലാത്ത, കാലു വില്ലുപോലെ വളഞ്ഞ ഓസ്റ്റർലിറ്റ്സ് -2800 പരിഛേദനങ്ങൾ ഇതിനകം നടത്തിക്കഴിഞ്ഞിരിക്കുന്നു അയാൾ- വളരെ വിദഗ്ധമായി ആ സംഗതി നിർവഹിച്ചു. കുട്ടി മേശപ്പുറത്തല്ല, അവന്റെ മുത്തശ്ശന്റെ മടിയിലാണു കിടക്കുന്നതെന്നതിനാലും, ക്രിയ നടത്തുന്ന വ്യക്തിയ്ക്ക് അതിൽ മാത്രം ശ്രദ്ധിക്കാതെ ചില പ്രാർത്ഥനകൾ ഉരുവിടേണ്ടതുണ്ട് എന്നതിനാലും വൈഷമ്യമേറിയൊരു ശസ്ത്രക്രിയയാണത്. ആദ്യം തന്നെ കുട്ടിയെ അവന്റെ അവയവം മാത്രം പുറത്തു കാണത്തക്ക വിധം കെട്ടിപ്പൊതിഞ്ഞ് അനങ്ങാൻ പറ്റാതെയാക്കുന്നു. പിന്നെ മുറിക്കേണ്ട ഭാഗം കൃത്യമായി തിരിക്കാൻ തുളയുള്ള ഒരു ലോഹത്തകിട് വയ്ക്കുന്നു; പിന്നെ വെറുമൊരു സാധാരണ കത്തി കൊണ്ട്, ഒരുതരം മീൻകത്തി കൊണ്ട് മുറിക്കൽ നടത്തുകയാണ്‌. ചോരയും പച്ചമാംസവും നിങ്ങൾ കാണുന്നു; കർമ്മി, നഖം നീണ്ട, വിറയാർന്ന വിരലുകൾ കൊണ്ട് എന്തോ പരതുകയും, മുറിവിനു മേൽ എവിടുന്നോ തൊലി വലിച്ചിടുകയും ചെയ്യുന്നു, കൈയുറയുടെ വിരലുപോലെ. അതോടെ ഒക്കെ ഭംഗിയായി നടന്നുകഴിഞ്ഞു, കുട്ടി കരഞ്ഞിട്ടുപോലുമില്ല. ഇനി ശേഷിക്കുന്നത് ചെറിയൊരു പ്രാർത്ഥന മാത്രം; ഈ സമയത്ത് കർമ്മി അല്പം വീഞ്ഞു കുടിക്കുന്നുണ്ട്, ചോര പറ്റിയിരിക്കുന്ന വിരലുകൾ കൊണ്ട് കുട്ടിയുടെ ചുണ്ടുകളിലും വീഞ്ഞു തൊട്ടുതേയ്ക്കുന്നുണ്ട്. വന്നുകൂടിയവർ പ്രാർത്ഥിക്കുന്നു: “ഇതാ, ദൈവത്തിന്റെ വാഗ്ദത്തം നേടിയപോലെ, അവൻ നേടുമാറാകട്ടെ, തോറാജ്ഞാനവും, സന്തുഷ്ടദാമ്പത്യവും, സൽപ്രവൃത്തികളും.”


ഡിസംബർ 27

നിർഭാഗ്യവാനായ ഒരു മനുഷ്യൻ, സന്തതികളില്ലാതിരിക്കാൻ വിധിക്കപ്പെട്ട ഒരു മനുഷ്യൻ, തന്റെ ദൗർഭാഗ്യത്തിന്റെ ഭയാനകതയിൽ തടവിലാവുകയാണയാൾ. എവിടെയുമില്ല ഒരു പ്രത്യാശ, ഒരു പുനരുത്ഥാനത്തിനായി, ഒരു ഭാഗ്യനക്ഷത്രത്തിന്റെ തുണയ്ക്കായി. ദൗർഭാഗ്യം ബാധിച്ച തന്റെ ജീവിതം ജീവിച്ചുതീർക്കുക തന്നെവേണം അയാൾ. ആ വൃത്തം പൂർത്തിയായാൽ അതിനു കീഴ്വഴങ്ങുകയും വേണമയാൾ; ഒരുങ്ങിപ്പുറപ്പെടുകയുമരുതയാൾ, ദീർഘമായ മറ്റൊരു പാതയിൽ, ശരീരവും കാലവും മറ്റൊന്നായിരിക്കെ, താനിതുവരെയനുഭവിച്ച ദൗർഭാഗ്യം മറഞ്ഞുപോവുകയോ, നല്ലതെന്തെങ്കിലും സൃഷ്ടിക്കുമോ എന്നറിയാൻ.


 

Tuesday, January 24, 2012

റൂമി - ഭൂതകാലത്തിന്റെ മുഖവുരകളിൽ...


ഭൂതകാലത്തിന്റെ മുഖവുരകളിൽ...


ഭൂതകാലത്തിന്റെ മുഖവുരകളിൽ കാലിടറുകയരുത്,
പശ്ചാത്താപങ്ങളാൽ മുറിപ്പെടുകയുമരുത്;
നഷ്ടബോധത്തിന്റെ ശരൽക്കാലത്ത്
ആസന്നവസന്തത്തെയറിയാതെപോകരുത്,
സുതാര്യമായൊരു നിമിഷത്തിലെ
സ്വദേശിയാണു നിങ്ങൾ,
അതിനെയനന്തമാക്കൂ,
സ്ഥലകാലങ്ങളുടെ പാമ്പിൻചുറകൾക്കുമപ്പുറം.
അനന്തമായി വഴുതുന്ന നിമിഷത്തിൽക്കിടന്നു
മരിക്കാനുമഭ്യസിക്കൂ.


പ്രണയമെന്നാൽ...


പ്രണയമെന്നാലിതുതന്നെ-
നേരിന്റെ പകൽവെളിച്ചത്തിൽ
പൊടുന്നനേ നഗ്നരാവുക.


ഒരു വികാരത്തിൽ നിന്ന്...


ഒരു വികാരത്തിൽ നിന്നു
മറ്റൊന്നിലേക്ക്
ദൈവം നിങ്ങളെ മറിച്ചിടുന്നു,
വിപരീതങ്ങളാൽ
നിങ്ങളെ പഠിപ്പിക്കുന്നു,
ഒന്നല്ല, രണ്ടാണു ചിറകുകൾ
നിങ്ങൾക്കു പറക്കാനെന്ന്.



ചെസ് വാ മിവോഷ് - എന്റെ വിശ്വസ്തയായ മാതൃഭാഷേ...


ചന്ദ്രനുദിക്കുമ്പോൾ


ചന്ദ്രനുദിക്കുമ്പോൾ,
പട്ടുടയാടകളണിഞ്ഞ സ്ത്രീകളുലാത്തുമ്പോൾ,
എന്റെ മനസ്സിൽ തട്ടുകയാണ്‌,
അവരുടെ കണ്ണുകൾ, കണ്ണിമകൾ,
ലോകത്തിന്റെ ആകവിധാനവും.
അത്രയും ശക്തമായൊരു പരസ്പരാകർഷണത്തിൽ നിന്ന്
ആത്യന്തികസത്യം പുറപ്പെട്ടുതന്നെയാവണം
എന്നും എനിക്കു തോന്നുന്നു.

1966



വരൂ പരിശുദ്ധാത്മാവേ

വരൂ, പരിശുദ്ധാത്മാവേ,
പുൽക്കൊടികളെ വളച്ചോ, അല്ലാതെയോ,
ഞങ്ങളുടെ തലയ്ക്കു മേലൊരഗ്നിജ്വാലയായോ, അല്ലാതെയോ,
കൊയ്ത്തുകാലത്തോ, പഴത്തോപ്പുകളുഴുമ്പോഴോ,
സിയേറാ നെവാദയിലെ മുരടിച്ച ദേവതാരങ്ങൾക്കു മേൽ
മഞ്ഞു വീണു മൂടുമ്പോഴോ ആവട്ടെ.
ഞാനൊരു വെറും മനുഷ്യൻ.
അടയാളങ്ങളെനിക്കു വേണം.
അമൂർത്തതകൾ കൊണ്ടു കോണി പടുക്കുമ്പോൾ
പെട്ടെന്നു തളർന്നുപോകും ഞാൻ.
എത്രകാലമായി ഞാനപേക്ഷിക്കുന്നു,
നിനക്കതറിയുകയും ചെയ്യാം,
പള്ളിയിലെ വിഗ്രഹം വിരലൊന്നുയർത്തണമെന്ന്,
ഒരിക്കൽ, ഒരിക്കൽ മാത്രം, എനിക്കായി.
അടയാളങ്ങൾ പക്ഷേ, മാനുഷികമാകണമെന്നും എനിക്കറിയാം.
അതിനാൽ ഒരാളെ വിളിയ്ക്കൂ,
ഭൂമിയിലെവിടെയായാലും
-എന്നെ വേണ്ട, ഞാനൊരു മര്യാദക്കാരനല്ലേ-
അയാളെ നോക്കുമ്പോൾ നിന്നെച്ചൊല്ലി വിസ്മയപ്പെടാൻ
എന്നെ അനുവദിക്കൂ.

1961



എന്റെ വിശ്വസ്തയായ മാതൃഭാഷേ...

എന്റെ വിശ്വസ്തയായ മാതൃഭാഷേ,
നിനക്കു സേവ ചെയ്യുകയായിരുന്നു ഞാൻ.
ഓരോ രാത്രിയും നിനക്കു മുന്നിൽ കൊച്ചളുക്കുകൾ ഞാൻ നിരത്തിവച്ചിരുന്നു,
അവയിൽ ചായങ്ങളുമായി,
നിനക്കു നിന്റെ ബിർച്ചുമരം, നിന്റെ പുൽച്ചാടി, നിന്റെ കുരുവിയും
എന്റെ ഓർമ്മയുടെ സൂക്ഷിപ്പുകളിൽ നിന്നു പകർത്താൻ.

എത്രയാണ്ടുകളങ്ങനെ പോയി.
എന്റെ ജന്മദേശമായിരുന്നു നീ.
രണ്ടാമതൊന്നെനിക്കുണ്ടായിരുന്നില്ല.
നീയൊരു ദൂതിയാവുമെന്നും ഞാൻ കരുതി,
എനിക്കും ചില നല്ല മനുഷ്യർക്കുമിടയിൽ,
വളരെക്കുറച്ചാണവരെങ്കിലും,
ഇരുപത്, പത്ത്,
പിറക്കാനിരിക്കുന്നതേയുള്ളു അവരെങ്കിലും.

ഇപ്പോൾ എന്റെ സന്ദേഹങ്ങൾ ഞാനേറ്റുപറയട്ടെ.
ചിലനേരമെനിക്കു തോന്നിപ്പോവുന്നു,
ജീവിതം ഞാൻ തുലച്ചുകളയുകയായിരുന്നുവെന്ന്.
നിന്ദിതരുടെ ഭാഷയായിരുന്നു നി,
ചിന്താശേഷിയില്ലാത്തവരുടെ,
അന്യജനതകളെക്കാളേറെ തങ്ങളെത്തന്നെ വെറുക്കുന്നവരുടെ,
ഒറ്റുകൊടുക്കുന്നവരുടെ ഭാഷ,
സ്വന്തം നിഷ്കളങ്കത തന്നെ രോഗമായ
വിഹ്വലാത്മാക്കളുടെ ഭാഷ.

നീയില്ലാതെ പക്ഷേ, ആരാണു ഞാൻ?
ഒരു വിദൂരദേശത്തെ പണ്ഡിതൻ,
ഒരു ജീവിതവിജയം,
ആകുലതകളും, അവമാനങ്ങളുമറിയാത്തവൻ.
അതെ, ആരാണു ഞാൻ, നീയില്ലാതെ?
വെറുമൊരു ചിന്തകൻ, മറ്റാരെയും പോലെ.

ഞാൻ മനസ്സിലാക്കുന്നു, എനിക്കിതൊരു പാഠമാണെന്ന്:
വ്യക്തിത്വത്തിന്റെ മഹിമകളൊക്കെ നഷ്ടമാവുന്നു,
ഒരു പ്രബോധനനാടകത്തിൽ
പാപിയ്ക്കു മുന്നിൽ വിധി ചുവന്ന പരവതാനി വിരിക്കുന്നു,
പിൻതിരശ്ശീലയിൽ ഒരു മായാദീപത്തിൽ നിന്നു വിക്ഷേപിക്കുന്നു
മനുഷ്യന്റെയും ദേവന്റെയും യാതനയുടെ ബിംബങ്ങൾ.

വിശ്വസ്തയായ മാതൃഭാഷേ,
ഒടുവിൽ ഞാൻ തന്നെ വേണം നിന്നെ രക്ഷിക്കാനെന്നാവാം.
അതിനാൽ ഇനിയും നിന്റെ മുന്നിൽ ഞാൻ നിരത്തിവയ്ക്കാം,
ചായം നിറച്ച കൊച്ചളുക്കുകൾ,
സാദ്ധ്യമെങ്കിൽ കലർപ്പില്ലാത്തതും, തിളങ്ങുന്നതും.
ഒരല്പം ചിട്ടയും സൗന്ദര്യവുമാണല്ലോ,
ദുരിതകാലത്തു വേണ്ടത്.

1968



Monday, January 23, 2012

കാഫ്ക - അവിവാഹിതന്റെ മരണം

1911-ലെ ഡയറിയില്‍ നിന്ന്‍


നവംബർ 22


എന്റെ പുരോഗതിക്കു വലിയൊരു വിഘാതം എന്റെ ശാരീരികാവസ്ഥയാണെന്നതു തീർച്ച തന്നെ. ഇങ്ങനെയൊരു ശരീരം വച്ചുകൊണ്ടു യാതൊന്നും ഞാൻ കൈവരിക്കാൻ പോകുന്നില്ല. അതിന്റെ നിരന്തരമായ വഴുതിപ്പോകലിനോടു ഞാൻ പൊരുത്തെപ്പെട്ടുപോകേണ്ടിവരും. കഴിഞ്ഞ ചില രാത്രികൾ ഉറക്കം തീരെ കിട്ടാതെ കാടൻസ്വപ്നങ്ങളും കണ്ടു കിടന്നതിന്റെ ഫലമായി ഇന്നു രാവിലെ എഴുന്നേൽക്കുമ്പോൾ ചിന്തയുടെ അടുക്കും ചിട്ടയുമൊക്കെ പോയിരിക്കുന്നു, നെറ്റിത്തടമല്ലാതെ മറ്റൊന്നും ഞാനറിയാതെപോയിരിക്കുന്നു; പകുതിയെങ്കിലും സഹിക്കാവുന്നൊരവസ്ഥ കണ്ണിൽപ്പെടുന്നുണ്ടെങ്കിൽ അതെന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നെ വളരെവളരെയകലെ; മരിക്കാനുള്ള കേവലമായ ആഗ്രഹത്തോടെ ഫയലുകളും കൈയിൽപ്പിടിച്ച് ഇടനാഴിയുടെ സിമന്റുതറയിൽ ഒരു പന്തുപോലെ ചുരുണ്ടുകൂടി കിടക്കുകയും ചെയ്തേനെ ഞാൻ. എന്റെ ശരീരത്തിന്റെ ബലക്കുറവിനു നിരക്കുന്നതല്ല, അതിന്റെ നീളക്കൂടുതൽ; കൊഴുപ്പെന്നതതിലില്ല, സുഖകരമായ ഒരൂഷ്മളത ജനിപ്പിക്കാനായി, ഒരാന്തരാഗ്നി കെടാതെ നിർത്തുന്നതിനായി; ആത്മാവിന്‌ അതിന്റെ ദൈനന്ദിനാവശ്യങ്ങൾക്കുമപ്പുറം ഇടയ്ക്കെങ്കിലും സ്വയമൊന്നു പുഷ്ടിപ്പെടുത്തണമെങ്കിൽ അതിനുള്ള കൊഴുപ്പില്ല, എന്റെ ഉടലിൽ. എങ്ങനെയാണ്‌, അടുത്തകാലത്തായി പലപ്പോഴും എന്നെ ശല്യപ്പെടുത്തുന്ന എന്റെ ദുർബലമായ ഹൃദയം എന്റെ കാലുകളുടെ ഇക്കണ്ട നീളമുടനീളം ചോരയൊഴുക്കിയെത്തിക്കുക? മുട്ടുകളിലേക്കെത്തിക്കുക തന്നെ മതിയായ പണിയായിരിക്കെ, കാലുകളുടെ തണുത്ത താഴ്വാരങ്ങളിലേക്ക് മന്ദിച്ചൊരു ശക്തിയോടെ തുള്ളിയിറ്റിക്കാനേ അതിനു കഴിയൂ. പക്ഷേ അപ്പോഴേക്കും മേൽഭാഗത്ത് അതിനാവശ്യം വന്നിരിക്കുന്നു, ഇങ്ങു താഴെ അതു സ്വയം പാഴാക്കുമ്പോൾ  കാത്തുനിൽക്കുകയാണതിനെയവിടെ. എന്റെ ദേഹമുടനീളം സർവതും പിരിഞ്ഞുമാറുകയാണ്‌. ഇങ്ങനെയായിരിക്കെ, അതെന്തു കൈവരിക്കാൻ, ഇനിയഥവാ, ഇതിലും നീളം കുറഞ്ഞതും ഒതുങ്ങിയതുമായിരുന്നു എന്റെ ദേഹമെങ്കിൽക്കൂടി ഞാൻ കൈവരിക്കാനാഗ്രഹിക്കുന്നതിനു മതിയായ ബലം അതിനില്ല്ലെങ്കിൽ?


ഡിസംബർ 3


ഒരവിവാഹിതന്റെ സന്തോഷമില്ലായ്മ, അതിനി പുറമേ തോന്നുന്നതോ യഥാർത്ഥമോ ആവട്ടെ, അയാൾക്കു ചുറ്റുമുള്ള ലോകം അത്ര പെട്ടെന്നൂഹിച്ചെടുക്കുന്നതു കാണുമ്പോൾ അയാൾ താനെടുത്ത തീരുമാനത്തെ ശപിക്കുക തന്നെ ചെയ്യും, നിഗൂഢതയിൽ ആനന്ദം കാണുക കാരണമാണ്‌ അയാൾ അവിവാഹിതനാവാൻ തീരുമാനിച്ചതെങ്കിൽ പ്രത്യേകിച്ചും. അയാൾ നടക്കുന്നത് കോട്ട് കഴുത്തറ്റം വരെ ബട്ടണിട്ടും, കൈകൾ പോക്കറ്റിലാഴ്ത്തിയും, തൊപ്പി കണ്ണുകൾക്കു മേൽ വലിച്ചിട്ടുമാണ്‌; ജന്മനാ കിട്ടിയതെന്ന മട്ടിലായിപ്പോയ ഒരു കള്ളപ്പുഞ്ചിരി അയാളുടെ വായയെ മറയ്ക്കുമെന്നു വച്ചിരിക്കുന്നു, കണ്ണട കണ്ണുകളെയും; മെലിഞ്ഞ കാലുകൾക്കു നിരക്കാത്ത മാതിരി പിടിച്ചുകിടക്കുന്നതാണ്‌ അയാളുടെ ട്രൗസറും. പക്ഷേ ഓരോ മനുഷ്യനുമറിയാം അയാളുടെ അവസ്ഥ; അയാളുടെ ദുരിതങ്ങൾ അവർ എണ്ണിയെണ്ണിപ്പറയും. ഉള്ളിൽ നിന്ന് അയാളുടെ നേർക്കു വീശുകയാണ്‌ ഒരു ശീതക്കാറ്റ്; തന്റെ ഇരട്ടമുഖങ്ങളിൽ വിഷാദത്തിന്റെ മുഖം വച്ച് ഉള്ളിലേക്കു കണ്ണോടിക്കുകയാണയാൾ. ഒരിക്കലും സ്ഥിരതാമസമല്ല അയാളെങ്കിലും മുൻകൂട്ടിക്കാണാവുന്ന ചിട്ടയോടെ വീടു വിട്ടു വീടു മാറുകയാണയാൾ. ജീവിച്ചിരിക്കുന്നവർക്കിടയിൽ നിന്നു മാറിപ്പോകുന്തോറും - തന്റെ മനസ്സിലുള്ളതു പുറത്തു പറയാൻ ധൈര്യം വരാത്ത ബോധവാനായ ഒരടിമയെപ്പോലെ അപ്പോഴും അവർക്കായി അയാൾ പണിയെടുക്കണമെന്നുള്ളതാണ്‌ ഏറ്റവും വലിയ തമാശ- അത്രയും കുറഞ്ഞ ഇടം മതി അയാൾക്കെന്ന് തീരുമാനമാവുകയാണ്‌. മരണം തന്നെ വേണം മറ്റുള്ളവരെ അടിച്ചിടാനെന്നാലും, രോഗശയ്യയിൽ കിടന്നാണ്‌ അവർ ആയുസ്സു മൊത്തം കഴിച്ചതെങ്കിൽക്കൂടി- സ്വന്തം ബലക്ഷയം കൊണ്ടുതന്നെ വളരെപ്പണ്ടേ അടിഞ്ഞുപോകേണ്ടവരായിട്ടുകൂടി, രക്തബന്ധവും വിവാഹവും കൊണ്ട് തങ്ങളെ സ്നേഹിക്കുന്നവരും ആരോഗ്യം കൂടിയവരുമായ ബന്ധുക്കളിൽ അള്ളിപ്പിടിച്ചുകിടക്കുകയാണവർ-, ഇയാൾ, ഈ അവിവാഹിതൻ, ജിവിതത്തിന്റെ മദ്ധ്യത്തിലായിരിക്കെത്തന്നെ, ചെറിയൊരിടം മതി തനിയ്ക്കെന്ന് സ്വമനസ്സാലെയെന്നവണ്ണം ഒതുങ്ങുകയാണ്‌; മരിക്കുമ്പോൾ ശവപ്പെട്ടി കൃത്യമായും അയാൾക്കൊതുങ്ങുന്നതുമായിരിക്കും.

ബോര്‍ഹസ് - സ്വപ്നം

File:Grandville Dream of Crime and Punishment 1847.jpg

പാതിരാവിന്റെ ഘടികാരങ്ങൾ
കാലത്തിന്റെ സമൃദ്ധി ധൂർത്തടിക്കുമ്പോൾ,
ഞാൻ പോകും,
യുളീസസിന്റെ നാവികർ പോയതിനുമപ്പുറത്തേക്ക്,
മനുഷ്യസ്മൃതിക്കപ്രാപ്യമായതിനുമപ്പുറം,
സ്വപ്നത്തിന്റെ മേഖലയിലേക്ക്.
ആ ജലഗർഭത്തിൽ നിന്നു ഞാൻ വീണ്ടെടുത്തുവരും,
എന്റെ ഗ്രാഹ്യത്തിനു പൊരുളു തിരിയാത്ത ചിലതൊക്കെ:
ഏതോ ആദിമസസ്യശാസ്ത്രത്തിലെ പുൽക്കൊടികൾ,
നാനാവിധമായ മൃഗങ്ങൾ,
മരിച്ചവരുമായുള്ള വർത്തമാനങ്ങൾ,
എന്നും മുഖംമൂടികളായ മുഖങ്ങൾ,
അതിപ്രാചീനഭാഷകളിലെ വാക്കുകൾ,
ചിലനേരം, കൊടുംഭീതി,
പകൽനേരത്തൊരു വിധേനയും നാമനുഭവിക്കാത്തതും.
ഞാൻ സർവതുമാവും, അഥവാ ശൂന്യതയാവും.
ഞാനറിയാതെ ഞാനായ മറ്റേ ഞാനാവും ഞാൻ,
എന്റെ ജാഗ്രദവസ്ഥയെ സ്വപ്നം കാണുന്നവൻ.
അയാളതിനെ തട്ടിക്കിഴിച്ചുനോക്കുന്നു,
നിർമ്മമതയോടെ, മന്ദഹാസത്തോടെ.


link to image


ബോര്‍ഹസ് - രണ്ടു കവിതകള്‍


ചന്ദ്രൻ


ആ സ്വർണ്ണത്തിലുണ്ടത്രയുമേകാന്തത.
ആദിയിലാദാം കണ്ട ചന്ദ്രനല്ല,
ഈ രാത്രികളിലെ ചന്ദ്രൻ.
മനുഷ്യനുറങ്ങാതിരുന്ന നീണ്ട നൂറ്റാണ്ടുകൾ
ഒരു പ്രാക്തനവിലാപമായതിൽ നിറയുന്നു.
നോക്കൂ. നിങ്ങൾക്കൊരു ദർപ്പണമത്.

image

നിമിഷം


എവിടെ യുഗങ്ങൾ, എവിടെ താർത്താറുകൾ
സ്വപ്നം കണ്ടുനടന്ന വാൾപ്പയറ്റുകൾ?
എവിടെ അവർ നിലം പരിശ്ശാക്കിയ വൻകോട്ടകൾ?
കുരിശു പണിത മരമെവിടെ, ആദാമിന്റെ വൃക്ഷമെവിടെ?

മുമ്പും പിമ്പുമില്ലാത്തതാണു വർത്തമാനം.
കാലത്തെ സ്ഥാപിച്ചെടുക്കുന്നതോർമ്മ.
ഘടികാരത്തിന്റെ ചര്യക്കൊപ്പമെത്തുന്നു,
പരമ്പരയുമൊപ്പം സ്ഖലിതങ്ങളും.
ചരിത്രം പോലെതന്നെ വൃഥാവാദമത്രെ, ഒരു വർഷവും.

ഉദയാസ്തമയങ്ങൾക്കിടയിലൊരു ഗർത്തം,
യാതനകളുടെ, ശ്രേയസ്സുകളുടെ, വേവലാതികളുടെ.
ക്ഷയിച്ച രാത്രികളുടെ ദർപ്പണങ്ങളിൽ കാണുക
അവയിലേക്കു നോക്കുന്ന അതേ മുഖങ്ങളുമല്ല.
നശ്വരവുമനശ്വരവുമാണു പാഞ്ഞുപോകുന്ന ദിനരാത്രങ്ങൾ.
മറ്റൊരു സ്വർഗം പ്രതീക്ഷിക്കേണ്ട, മറ്റൊരു നരകവും.



Sunday, January 22, 2012

ഇവാൻ ഗോൾ - മലയൻ പ്രണയഗാനങ്ങൾ


1


നിന്റെ തോണി വെള്ളത്തിൽ വരയുന്ന
കറുത്ത താരയാണു ഞാൻ.

നിന്റെ പനമരത്തിനരികിൽ കിടത്തുന്ന
കാതരനിഴലാണു ഞാൻ.

നിന്റെ വെടിയുണ്ട വന്നുകൊള്ളുമ്പോൾ
തിത്തിരിപ്പക്ഷി കരയുന്ന
കുഞ്ഞുരോദനമാണു ഞാൻ.



2

മറ്റൊന്നുമെനിക്കാവേണ്ട,
നിന്റെ വീടിനരികിലൊരു കാരകിലെന്നല്ലാതെ,
ആ കാരകിലിന്റെയൊരു കൊമ്പെന്നല്ലാതെ,
ആ കൊമ്പിലൊരു ചില്ലയെന്നല്ലാതെ,
ആ ചില്ലയിലൊരിലയെന്നല്ലാതെ,
ആ ഇലയുടെയൊരു നിഴലെന്നല്ലാതെ,
നിന്റെ നെറ്റിത്തടത്തെ
ഒരുനിമിഷം തഴുകുന്ന
ആ നിഴലിന്റെയൊരു കുളിർമ്മയെന്നല്ലാതെ.



3

എന്റെ ഓർമ്മയുടെ ഉറവയിൽ
നിന്റെ നിഴൽപ്പൂവിനു ഞാൻ വെള്ളം തേവുന്നു-
അതിന്റെ പരിമളമേറ്റു ഞാൻ മരിക്കും.



4

നിന്റെ ആവനാഴിയിൽ നിന്നമ്പുകളെടുത്തുമാറ്റി
വയൽപ്പൂക്കളതിൽ ഞാൻ നിറച്ചു.

മുഗ്ധകളായ മാൻപേടകളെ ഞാൻ രക്ഷിച്ചു.

നിന്റെയമ്പുകൾ ചെന്നുകൊണ്ടപ്പോൾ
അവയുടെ കടാക്ഷങ്ങളോ-
ടെനിക്കസൂയ തോന്നിയിരുന്നു.


5


നമ്മുടെ പ്രണയത്തിന്റെ അയ്യായിരാമത്തെ സായാഹ്നത്തിലും
പണ്ടേപ്പോലെ കാതരനാണു ഞാൻ:
ഈറൻ പുല്പുറത്തു നിന്നു പറിച്ചെടുത്ത
നീലിച്ച തൊട്ടാവാടികൾ കൊണ്ടെന്റെ
വെളുത്ത കൈയുറകളിൽ പാടു വീഴ്ത്തിയും,
എന്റെ കോട്ടിന്റെ പോക്കട്ടിൽ ഞാനിട്ടുകൊണ്ടുവന്ന
മീവൽക്കിളിയെ ശ്വാസം മുട്ടിച്ചും.
എന്റെ ശോകത്തിന്റെ ഭാഗ്യത്തെ മറയ്ക്കാൻ
എങ്ങനെ മന്ദഹസിക്കണമെന്നെനിക്കറിയില്ല,
നിന്നെ പുണരാൻ തോന്നുമ്പോൾ
സൂര്യനെ ഞാൻ തിരിച്ചും നിർത്തുന്നു.


ഇവാൻ ഗോൾ (1891-1950) - ഫ്രഞ്ചിലും ജർമ്മനിലും കവിതയെഴുതിയിരുന്നു. 1950ൽ ലുക്കേമിയ വന്നു മരിച്ചു. ഭാര്യയും കവയിത്രിയുമായ ക്ളെയറിനെ സംബോധന ചെയ്തെഴുതിയതാണ്‌ “മലയൻ പ്രണയഗാനങ്ങൾ.”


‌wiki link to ivan goll


കാഫ്ക - അവിവാഹിതന്റെ ഗതി


1911-ലെ ഡയറിയില്‍ നിന്ന്‍


ഒക്റ്റോബർ 2

ഉറക്കമില്ലാത്ത രാത്രി. തുടർച്ചയായി മൂന്നാമത്തേത്. നല്ല ഉറക്കത്തിലേക്കു ഞാൻ വീഴുകയാണ്‌; പക്ഷേ ഒരു മണിക്കൂർ കഴിയുമ്പോൾ ഞാനുണർന്നുപോകുന്നു, ഞാൻ തല കൊണ്ടുവച്ചിടം പിശകിപ്പോയെന്നപോലെ.  നല്ല ബോധത്തിലാണു പിന്നെ ഞാൻ, ഞാനൊട്ടുമുറങ്ങിയിട്ടില്ലെന്നാണെന്റെ തോന്നൽ, ഇനിയുറങ്ങിയെങ്കിൽത്തന്നെ ലഘുനിദ്രയാണതെന്നും. ഉറങ്ങുക എന്ന അദ്ധ്വാനം രണ്ടാമതും തുടങ്ങേണ്ടിവരികയാണെനിയ്ക്ക്; ഉറക്കം എന്നെ തള്ളിക്കളഞ്ഞ പോലെയുമെനിയ്ക്കു തോന്നുന്നു. ശേഷിച്ച രാത്രി, അഞ്ചു മണിവരെയും, ഇങ്ങനെ പോകും. അതായത് ഉറങ്ങുമ്പോൾത്തന്നെ വിശദമായ സ്വപ്നങ്ങൾ എന്നെ ഉണർത്തിയിരുത്തുകയുമാണ്‌. എനിക്കരികിൽ കിടന്നു ഞാനുറങ്ങുകയാണെന്നു പറയാം; മറ്റൊരു ഞാൻ സ്വപ്നങ്ങളുമായി മല്ലു പിടിയ്ക്കുകയും. അഞ്ചുമണിയാവുന്നതോടെ ഉറക്കത്തിന്റെ അവസാനലാഞ്ഛനയും ഒഴിഞ്ഞുപോവുകയായി; പിന്നെ ശേഷിക്കുന്നതു സ്വപ്നം മാത്രം; അതാവട്ടെ, ഉണർന്നിരിക്കുന്നതിനെക്കാൾ തളർത്തുന്നതും. ചുരുക്കത്തിൽ ആരോഗ്യവാനായ ഒരാൾ ഉറക്കം പിടിയ്ക്കുന്നതിനു മുമ്പുള്ള അല്പനേരം അനുഭവിക്കുന്ന അവസ്ഥയാണ്‌ എനിക്കു രാത്രി മുഴുവൻ സഹിക്കേണ്ടിവരുന്നത്. ഉണരുമ്പോൾ കണ്ട സ്വപ്നങ്ങളൊക്കെയും ചുറ്റും വന്നു തിരക്കിക്കൂടും; പക്ഷേ അവയെക്കുറിച്ചാലോചിക്കാതിരിക്കാൻ ഞാൻ ജാഗ്രത കാണിക്കാറുണ്ട്. പുലർച്ചയാവുമ്പോൾ ഒരു നെടുവീർപ്പോടെ ഞാൻ തലയിണയിൽ മുഖമമർത്തുന്നു, കാരണം ഈ രാത്രി ഞാനിനി പ്രത്യാശ വയ്ക്കേണ്ടതില്ലെന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുകയാണ്‌. ഗാഢനിദ്രയിൽ നിന്നെഴുന്നേറ്റുവന്ന രാത്രികളെയും, ഒരടയ്ക്കയ്ക്കുള്ളിലെന്നപോലെ  ചുരുണ്ടുകൂടിയ രാത്രികളെയും കുറിച്ച് ഞാനപ്പോളോർത്തുപോകും.


ഒക്റ്റോബർ 3

സ്ഥലത്തെ പോലീസ് മേധാവിക്ക് അല്പം നീളമുള്ള ഒരു റിപ്പോർട്ട് പറഞ്ഞുകൊടുത്തെഴുതിക്കെ, അവസാനഭാഗമെത്തിയപ്പോൾ (അവിടെ ഒരു ക്ളൈമാക്സും ഉദ്ദേശിക്കപ്പെട്ടിരുന്നു)എന്റെ മനസ്സു പെട്ടെന്നു ശൂന്യമായി; ടൈപ്പിസ്റ്റ് കെ.യെ നോക്കിയിരിക്കാനേ എനിക്കു കഴിഞ്ഞുള്ളു. അവളാകട്ടെ, ഉടനെ വളരെ ഊർജ്ജസ്വലയാവുകയും, കസേര ഒന്നു പിന്നിലേക്കു നിരക്കി, ഒരു ചുമയും, മേശപ്പുറത്ത് ഒരു തട്ടലും കൊണ്ട് ഓഫീസിന്റെയാകെ ശ്രദ്ധ എന്റെ ഗതികേടിലേക്കു തിരിക്കുകയും ചെയ്തു. ഞാൻ അന്വേഷിച്ചുനടന്ന ആശയത്തിന്‌ അവളെ അടക്കിയിരുത്തുക എന്ന അധികമൂല്യം കൂടി കൈവന്നിരിക്കുന്നുവെങ്കിലും, മൂല്യമേറുന്തോറും കണ്ടുകിട്ടാൻ വിഷമമാവുകയുമാണതിനെ. ഒടുവിൽ ‘ദുഷ്കീർത്തി വരുത്തുക’ എന്ന പ്രയോഗം എനിക്കു വീണുകിട്ടുന്നു, അതിനനുരൂപമായ വാക്യവും; പക്ഷേ അതിനെ വായിൽത്തന്നെ പിടിച്ചുവച്ചിരിക്കുകയാണു ഞാൻ, അറപ്പോടെയും ഒരുതരം ലജ്ജയോടെയും; പച്ചമാംസമാണതെന്നപോലെ, എന്നിൽ നിന്നുതന്നെ മുറിച്ചെടുത്തതാണതെന്നപോലെ (അത്രയും യത്നമെടുക്കേണ്ടിവന്നിരിക്കുന്നു എനിക്കതിന്‌). അവസാനം ഞാനതു പറയുകതന്നെ ചെയ്യുന്നുണ്ട്; പക്ഷേ കാവ്യാത്മകമായൊരു സൃഷ്ടിയ്ക്ക് എന്റെ ഉള്ളിലുള്ളതാകെ ഒരുങ്ങിയിരിക്കെ, ദൈവദത്തമായൊരു വെളിപാടായിരിക്കും, ഒരു പ്രത്യക്ഷജാഗരണമായിരിക്കും അതെന്നു വ്യക്തമായിരിക്കെ, ഞാൻ ഇവിടെ, ഈ ഓഫീസിൽ ഹീനമായ ഒരൌദ്യോഗികരേഖയ്ക്കായി അത്രയും ആനന്ദത്തിനു സമർത്ഥമായ ഒരുടലിൽ നിന്ന് ഒരു കഷണം മാംസം തട്ടിപ്പറിക്കുകയാണെന്ന ഭീതി ബാക്കി നിൽക്കുകയും ചെയ്യുന്നു.

നവംബർ 2

കുറേ നാളുകൾ കൂടി ആദ്യമായി ഇന്നു രാവിലെ എന്റെ ഹൃദയത്തിനുള്ളിൽ ഒരു കത്തി കടത്തി തിരിക്കുന്നതു ഭാവനയിൽ കാണുന്നതിന്റെ ആനന്ദം വീണ്ടും.

നവംബർ 11

എന്റെയുള്ളിലുള്ളതിനെയൊക്കെ തീർച്ചയായത്, വിശ്വാസയോഗ്യമായത്, സാധ്യമായത് എന്നിങ്ങനെ ക്രമേണ തരം തിരിക്കാൻ ഞാനൊന്നു ശ്രമിച്ചുനോക്കട്ടെ. പുസ്തകങ്ങളോടുള്ള ആർത്തി തീർച്ചയായതൊന്നു തന്നെ. അവ സ്വന്തമാക്കാനോ, വായിക്കാനോ അല്ല, മറിച്ച്, അവയെ കണ്ടുകൊണ്ടിരിക്കാൻ, ഒരു പുസ്തകക്കടയിലെ അലമാരക്കള്ളികളിൽ അവയുടെ പ്രത്യക്ഷം സ്വയം ബോദ്ധ്യപ്പെടുത്താൻ മാത്രം. ഒരേ പുസ്തകത്തിന്റെ പല കോപ്പികൾ എവിടെയെങ്കിലും കണ്ടാൽ ഓരോന്നിന്റെ പേരിലും ആനന്ദമനുഭവിക്കുകയാണു ഞാൻ. ആമാശയത്തിൽ നിന്നു മുളയ്ക്കുമ്പോലെയാണ്‌ ഈ ആർത്തി, വികലമായൊരു വിശപ്പു പോലെ. എനിക്കു സ്വന്തമായിട്ടുള്ള പുസ്തകങ്ങളെക്കാളേറെ എന്റെ സഹോദരിമാരുടെ പുസ്തകങ്ങളാണ്‌ എനിക്കാഹ്ളാദമേകുന്നത്. അവ സ്വന്തമാക്കാനുള്ള ആഗ്രഹം താരതമ്യേന കുറവാണ്‌, ഇല്ലെന്നുതന്നെ പറയാം.

നവംബർ 14

ഉറക്കം വരുന്നതിനു മുമ്പ്.
ഭയാനകമായിത്തോന്നുന്നു, ഒരവിവാഹിതനായിക്കഴിയേണ്ടിവരിക; ഒരു വൈകുന്നേരം അന്യരോടൊപ്പം ചെലവഴിക്കാൻ ആഗ്രഹം തോന്നുമ്പോൾ, അതിനവരുടെ ക്ഷണത്തിനു യാചിക്കെത്തന്നെ സ്വന്തം അന്തസ്സിടിയാതെ നോക്കാൻ പാടു പെടേണ്ടിവരുന്ന ഒരു വൃദ്ധനായിപ്പോവുക; ഭക്ഷണം വാങ്ങി കൈയിലെടുക്കേണ്ടിവരിക; അലസവും പ്രശാന്തവുമായ ഒരാത്മവിശ്വാസത്തോടെ പ്രതീക്ഷിച്ചിരിക്കാൻ ആരുമില്ലാതെവരിക; ആർക്കെങ്കിലും ഒരു സമ്മാനം കൊടുക്കേണ്ടിവരുമ്പോൾ അതു വൈഷമ്യത്തോടെ, മനഃക്ളേശത്തോടെയാവുക; മുൻവാതിൽക്കൽ വച്ചുതന്നെ യാത്ര പറഞ്ഞുപോരേണ്ടിവരിക; ഒരിക്കലും അരികിൽ സ്വന്തം ഭാര്യയുമൊത്ത്  കോണിപ്പടി ഓടിക്കയറാനാവാതെവരിക; സുഖമില്ലാതെ കിടക്കുമ്പോൾ, എഴുന്നേറ്റിരിക്കാനാവുന്ന നേരത്ത് ജനാലയിലൂടെ കാണുന്ന കാഴ്ച മാത്രം സാന്ത്വനമാവുക; സ്വന്തം മുറിയ്ക്ക് അന്യരുടെ സ്വീകരണമുറികളിലേക്കു തുറക്കുന്ന വാതിലുകൾ മാത്രമുണ്ടാവുക; സ്വന്തം കുടുംബത്തിൽ നിന്നന്യനായിപ്പോവുക (അതിനോടടുപ്പം വയ്ക്കണമെങ്കിൽ അതു വിവാഹം വഴിയേ കഴിയൂ, ആദ്യം അച്ഛനമ്മമാരുടേതും, അതിന്റെ ശക്തി ക്ഷയിക്കുമ്പോൾ തന്റെയും); അന്യരുടെ കുട്ടികളെ പുകഴ്ത്തേണ്ടി വരുമ്പോൾത്തന്നെ ‘എനിക്കൊരു കുട്ടിയില്ല’ എന്നു പറയാനും കൂടി സമ്മതം കിട്ടാതെവരിക; തനിയ്ക്കു ചുറ്റും ഒരു കുടുംബം വളർന്നുവരുന്നില്ലെന്നതിനാൽ തനിയ്ക്കു പ്രായമേറുകയാണെന്നറിയാതെ വരിക; തന്റെ രൂപവും പെരുമാറ്റവും ചെറുപ്പത്തിൽ കണ്ട ഓർമ്മയുള്ള ഒന്നോ രണ്ടോ അവിവാഹിതരുടെ മട്ടിലാക്കേണ്ടി വരിക.

ഇതൊക്കെ ശരിതന്നെ; അതേ സമയം, ഭാവിയിൽ വരാനിരിക്കുന്ന യാതനകളെ സ്വന്തം കണ്ണുകൾക്കു മുന്നിൽ അത്രദൂരം നിരത്തിയിടുക എന്ന പിശകു വരുത്താനും വളരെയെളുപ്പമാണ്‌; കണ്ണുകൾ അവിടവും കടന്നുപോവുകയും, പിന്നെയൊരിക്കലും തിരിച്ചുവരാതിരിക്കുകയും ചെയ്യാം; അതേ സമയം വാസ്തവമെന്തെന്നാൽ, ഇന്നും ഇനി വരാനുള്ള നാളുകളും നിങ്ങൾ നിൽക്കും, തൊട്ടറിയാവുന്ന ഒരുടലും ഒരു യഥാർത്ഥശിരസ്സുമായി, എന്നു പറഞ്ഞാൽ, സ്വന്തം കൈത്തലം കൊണ്ടടിയ്ക്കാൻ യഥാർത്ഥത്തിലുള്ള ഒരു നെറ്റിത്തടവുമായി.

നവംബർ 21

എന്നെ പണ്ടു വളർത്തിയ സ്ത്രീ, മുഖം മഞ്ഞയും കറുപ്പുമായ, ചതുരമൂക്കായ, പണ്ടു ഞാൻ തിരുപ്പിടിച്ചു കളിച്ചിരുന്ന അരിമ്പാറ വളർന്ന കവിളുള്ള സ്ത്രീ, അവരെന്നെ കാണാൻ രണ്ടാമതും ഇന്നു വീട്ടിൽ വന്നു. അവർ ആദ്യം വരുമ്പോൾ ഞാൻ വീട്ടിലുണ്ടായിരുന്നില്ല; ഇത്തവണ, ഒന്നു സമാധാനത്തോടെ കിടന്നുറങ്ങണമെന്നെനിക്കുണ്ടായിരുന്നതിനാൽ, ഞാൻ പുറത്തുപോയിരിക്കുകയാണെന്നു പറയാൻ ഞാൻ വീട്ടുകാരോടു പറയുകയും ചെയ്തിരുന്നു. എന്തു കൊണ്ടാണ്‌ അവരെന്നെ ഇത്രയും മോശമായി വളർത്തിക്കൊണ്ടുവന്നത്, അനുസരണയുള്ള കുട്ടിയായിരുന്നു ഞാൻ, എന്നിട്ടും? ഇപ്പോൾ അടുക്കളക്കാരിയോടും, വേലക്കാരിയോടും ഞാൻ നല്ല കുട്ടിയായിരുന്നുവെന്നും, ശാന്തപ്രകൃതമായിരുന്നു എന്റേതെന്നും അവർ പറയുന്നതും ഞാൻ കേട്ടു. ഇതൊക്കെ അന്നവർ എന്റെ ഗുണത്തിനായി എന്തുകൊണ്ടുപയോഗപ്പെടുത്തിയില്ല, ഇതിലും നല്ലൊരു ഭാവി ഒരുക്കിത്തന്നില്ല? അവരിപ്പോൾ വിവാഹിതയോ, വിധവയോ ആണ്‌, കുട്ടികളുണ്ട്, അവരുടെ ചടുലമായ സംസാരം കാരണം എനിക്കുറക്കം കിട്ടുന്നില്ല; അവർ കരുതുന്നു, ഇരുപത്തൊമ്പത് എന്ന സുന്ദരമായ പ്രായത്തിൽ നല്ല ഉയരവും ആരോഗ്യവുമുള്ള , സ്വന്തം ചെറുപ്പത്തെക്കുറിച്ചോർക്കാനിഷ്ടപ്പെടുന്ന, തന്റെ ജീവിതത്തെ എങ്ങനെ കൊണ്ടുപോകണമെന്നറിയുന്ന ഒരു മാന്യദേഹമാണു ഞാനെന്ന്. അങ്ങനെയല്ല പക്ഷേ; ഞാൻ ഈ സോഫയിൽ കിടക്കുകയാണ്‌, ലോകത്തിൽ നിന്നു തൊഴിച്ചെറിയപ്പെട്ടവനായി, എന്നിലേക്ക് വരാൻ മടിയ്ക്കുന്ന, അതിനു തോന്നുമ്പോൾ മാത്രം അരികിൽ വരാൻ ദയവു കാട്ടുന്ന ആ ഉറക്കത്തെ കാത്തും കൊണ്ട്; എന്റെ സന്ധികളാകെ തളർന്നുകടയുന്നു; ഞാൻ കണ്ണു മലർക്കെത്തുറന്നു നോക്കാൻ ഭയപ്പെടുന്ന പ്രക്ഷുബ്ധതകളിലൂടെ സ്വന്തം നാശത്തിലേക്കു വിറച്ചുകൊണ്ടടുക്കുകയാണ്‌ എന്റെ ശുഷ്കിച്ച ശരീരം; എന്റെ തലയ്ക്കുള്ളിലാകെ അത്ഭുതപ്പെടുത്തുന്ന കോച്ചിവലികളുമാണ്‌. എന്റെ മുറിയുടെ വാതിലിനു മുന്നിൽ അതാ നിൽക്കുന്നു, മൂന്നു സ്ത്രീകൾ, ഒരാൾ അന്നത്തെ എന്നെ സ്തുതിക്കുന്നു, രണ്ടു പേർ ഇന്നത്തെ എന്നെയും. അടുക്കളക്കാരി പറയുന്നു ഞാൻ നേരേ - വളഞ്ഞ വഴിയൊന്നുമില്ലാതെ എന്നാണ്‌ അവർ ഉദ്ദേശിക്കുന്നത്- സ്വർഗ്ഗത്തേക്കു പോകുമെന്ന്. അതു തന്നെയാണു നടക്കാൻ പോകുന്നതും.


മിഗ്വെൽ ഹെർണാണ്ടെഥ് - കരയാനും നോവാനുമായിപ്പിറന്നവനാണു ഞാൻ...


കരയാനും നോവാനുമായിപ്പിറന്നവനാണു ഞാൻ,
ഒരു മൂരിയെപ്പോലെ,
പൊള്ളുന്ന കമ്പി കൊണ്ടു പക്കുകളിൽ ചാപ്പ കുത്തിയവനാണു ഞാൻ,
ഒരു മൂരിയെപ്പോലെ,
ആണായതിനാൽ തുടയിടുക്കിൽ വൃഷണങ്ങൾ കൊണ്ടും.

ഹൃദയത്തിന്റെ വലുപ്പം കൊണ്ടെന്തും ചെറുതായിപ്പോയവനാണു ഞാൻ,
ഒരു മൂരിയെപ്പോലെ,
ഒരു മുഖത്തോ,ടൊരു ചുംബനത്തോടു പ്രണയത്തിലായ ഞാൻ,
നിന്റെ പ്രണയം പൊരുതിനേടുകയും വേണം ഞാൻ,
ഒരു മൂരിയെപ്പോലെ.

പ്രഹരമേറ്റു ചീർത്തവനാണു ഞാൻ, ഒരു മൂരിയെപ്പോലെ,
സ്വന്തം ഹൃദയരക്തത്തിൽ കുളിച്ചതാണെന്റെ നാവ്,
ഒരു കൊടുങ്കാറ്റിന്റെ പട്ടയണിഞ്ഞതാണെന്റെ കഴുത്ത്.

നിന്റെ പിന്നാലെ വരുന്നു, നിന്നെപ്പിരിയാതെ കൂടുന്നു ഞാൻ,
ഒരു മൂരിയെപ്പോലെ,
എന്റെ തൃഷ്ണയെ ഒരു വാൾമുനയ്ക്കിട്ടുകൊടുക്കുന്നു നീ,
ഒരു മൂരിയെപ്പോലെ ചതിയിൽപ്പെട്ടുപോകുന്നു ഞാൻ,
ഒരു മൂരിയെപ്പോലെ.


link to image


Saturday, January 21, 2012

റയോകാൻ - സെൻ കവിതകൾ - 3

File:Xia Chang-Clear Wind on the Qi River.jpg

21


ഭിക്ഷ യാചിച്ചും കൊണ്ടു പട്ടണത്തിലേക്കു ഞാൻ പോയി,
പോകും വഴിയ്ക്കൊരു പണ്ഡിതവൃദ്ധനെ ഞാൻ കണ്ടു.
അദ്ദേഹമെന്നോടു ചോദിച്ചു, ‘ഗുരോ, അങ്ങെന്തു ചെയ്യുന്നു,
വെണ്മേഘങ്ങളലയുന്ന മലമുടികൾക്കിടയിൽ?’
ഞാനദ്ദേഹത്തോടും ചോദിച്ചു,‘താങ്കളെന്തു ചെയ്യുന്നു,
പ്രായമേറിക്കൊണ്ടീ പട്ടണച്ചെമ്മൺപൊടിയിൽ?’
ഞങ്ങളന്യോന്യമുത്തരം പറയാൻ തുടങ്ങും മുമ്പേ,
പ്രഭാതമണിനാദം മുഴങ്ങിയെന്റെ സ്വപ്നം മുറിഞ്ഞു.



22

കീ-യെന്ന പ്രവിശ്യയിൽ
തകാനോ-യെന്ന ദേശത്ത്
പഴയൊരമ്പലത്തിൽ
ഞാൻ രാത്രി കഴിച്ചു,
ദേവതാരങ്ങളിലിറ്റുന്ന
മഴത്തുള്ളികളെക്കേട്ടും.



23

അനക്കമറ്റ രാത്രിയിൽ ശൂന്യമായ ജനാലയ്ക്കൽ
ഭിക്ഷുവേഷം ധരിച്ചു ധ്യാനത്തിൽ ഞാനിരുന്നു,
നാഭിച്ചുഴിയും നാസികയുമൊരേ വരയിലാക്കി,
ചുമലുകളുടെ ചായ് വിനൊത്തു കാതുകളിണക്കി.
ജനാല വെളുക്കുന്നു- ചന്ദ്രനുദിച്ചുയരുന്നു,
മഴ പെയ്തുതോരുന്നു, തുള്ളികൾ പിന്നെയുമിറ്റുന്നു.
വിസ്മയാവഹം-ഈ നിമിഷത്തിന്റെ ഭാവം-
വിദൂരം, വിപുലം, എനിക്കു മാത്രമറിയുന്നതും!



24

ഈ ലോകത്തു നമ്മുടെ ജീവിതം-
എന്തിനോടു ഞാനതിനെയുപമിക്കാൻ?
ഒരു മാറ്റൊലിയത്,
മലകൾക്കിടയിൽ മുഴങ്ങുന്നത്,
ഒഴിഞ്ഞ മാനത്തുപോയലിയുന്നത്.



25

ഏകാന്തജീവിതമെങ്ങനെയുണ്ടെ-
ന്നോടൊരാളു ചോദിച്ചാൽ,
ഞാനയാളോടിങ്ങനെ പറയും:
മഴ പെയ്താൽ, പെയ്യട്ടെ!
കാറ്റു വീശിയാൽ, വീശട്ടെ!


link to image

മിഗ്വെൽ ഹെർണാൻഡെഥ് - തണുത്തുറഞ്ഞൊരോറഞ്ചാണു നിന്റെ ഹൃദയം...


തണുത്തുറഞ്ഞൊരോറഞ്ചാണു നിന്റെ ഹൃദയം,
അതിനുള്ളിൽക്കടക്കില്ലൊരു വെളിച്ചവും;
സൗവർണ്ണം, സുഷിരമയ,മെണ്ണ മിനുങ്ങുന്നതും;
കാണുന്നവർക്കപായം വാഗ്ദാനം ചെയ്യുന്ന പ്രതലം.

ജ്വരതപ്തമായൊരു മാതളമാണെന്റെ ഹൃദയം,
തുടുപ്പുകളുടെ സഞ്ചയവും പിളർന്നതൊലിയുമായി;
നിനക്കതർപ്പിച്ചേക്കാമതിന്റെ ലോലബീജങ്ങൾ,
പ്രണയവിവശമായൊരു ദുശ്ശാഠ്യത്തോടെ.

ഹാ, എത്രമേൽ പ്രാണഭേദകമായൊരനുഭവം,
നിന്റെ ഹൃദയം കടന്നുചെല്ലുമ്പോൾക്കാണുക,
ഭയാനകമായൊരു മഞ്ഞുവീഴ്ചയുടെ ശൈത്യം!

എന്റെ ശോകത്തിന്റെ വിളുമ്പുകളിൽ
ദാഹാർത്തമായൊരു തൂവാല തങ്ങിനിൽക്കുന്നു,
എന്റെ കണ്ണീരു കുടിച്ചുതീർക്കാമെന്ന മോഹത്തോടെ.


 

Friday, January 20, 2012

റയോകാൻ - സെൻ കവിതകൾ - 2


11


വഴിവക്കിൽ പൂക്കളിറുത്തുനിൽക്കെ
മറന്നുവച്ചു ഞാനെൻ ഭിക്ഷാപാത്രം;
പാവം, പാവമെൻ പാത്രമേ!



12

ഭിക്ഷ യാചിക്കാൻ പോകവെ
വഴിയിലൊരു പൂത്ത പാടം കണ്ടു,
പൂക്കളും നുള്ളിനുള്ളി
പകലു മുഴുവനവിടെക്കഴിഞ്ഞു.



13

വസന്തത്തിലെ മഴയത്ത്,
വേനൽക്കലെ കാറ്റത്ത്,
ശരത്തിലിളംകാറ്റത്തും
ഭിക്ഷയ്ക്കായി ഞാനിറങ്ങുന്നു,
സർവലോകത്തിനും ശാന്തിയാശംസിച്ചും.



14

എന്റെ ഭിക്ഷാപാത്രത്തിൽ
വയലറ്റുപൂക്കളും ഡയ്സിപ്പൂക്കളുമിടകലർത്തി
നാമതു നിവേദിക്കുക,
ത്രിലോകബുദ്ധന്മാർക്ക്!



15

പൊറുക്കുക
ഞാനിറുത്ത പൂക്കൾ
വാടിത്തുടങ്ങിയെങ്കിൽ,
എനിക്കു നിവേദിക്കാ-
നെന്റെ ഹൃദയമേയുള്ളു.

.



16

എന്റെ ഓർമ്മയ്ക്കായി ഞാനെന്തു തന്നുപോകാൻ?
വസന്തത്തിൽ ചെറിപ്പൂക്കൾ,
വേനലിൽ കിളിപ്പാട്ടുകൾ,
ശരൽക്കാലത്ത് മേപ്പിളിന്റെ പഴുക്കിലകളും.



17

അന്യരുമായിടപഴകുന്നതു
ഹിതമല്ലെനിക്കെന്നല്ല,
സ്വയം രമിക്കുന്നതാ-
ണതിലും ഹിതമെന്നേയുള്ളു.



18

മലയുടെ നിഴലിൽ
പായലു മൂടിയ പാറകൾക്കു മേൽ
വെള്ളമിറ്റുന്നപോലെ-
അതാണെന്റെ ജീവിതം,
ശാന്തമായി,
ആരുടെയും കണ്ണിൽപ്പെടാതെ,
എന്നാൽ മലിനപ്പെടാതെയും.



19

മനസ്സിനെ വഴി തെറ്റിയ്ക്കുന്ന മനസ്സ്
മനസ്സു തന്നെ,
മനസ്സിന്മേൽ കുതിച്ചുപായുമ്പോൾ
കടിഞ്ഞാണൊരുനിമിഷവുമയയ്ക്കരുതേ!



20

അന്തിമഞ്ഞിൽ മൂടി
വിദൂരഗ്രാമങ്ങൾ,
കുടിലേക്കുള്ള വഴിയേ
ഞാൻ നടക്കുന്നു
ഗോപുരങ്ങൾ പോലുയർന്ന
ദേവതാരങ്ങൾ ചൂഴവെ.


കാഫ്ക - ഒരു കഥാസായാഹ്നം


1911-ലെ ഡയറിയില്‍ നിന്ന്‍

നവംബർ 27

ബർണാർഡ് കെല്ലർമൻ ഉറക്കെ വായിച്ചു. ‘വെളിച്ചം കാണാത്ത ചില സംഗതികൾ, എന്റെ തൂലികയിൽ നിന്ന്,’ അയാൾ തുടങ്ങി. കാണുമ്പോൾ ദയാലുവായ ഒരാൾ, മിക്കവാറും നരച്ച മുടി, സമയമെടുത്തു പറ്റെ വടിച്ച മുഖം, കൂർത്ത നാസിക, കവിളെല്ലുകൾക്കു മേലുള്ള പേശികൾ ഇടയ്ക്കിടെ ഓളം വെട്ടുന്നു. ഒരിടത്തരം എഴുത്തുകാരനാണയാൾ; ചില ഭാഗങ്ങൾ നന്നാവാം (ഒരാൾ ഇടനാഴിയിലേക്കു പോകുന്നു, ചുമയ്ക്കുന്നു, ആരെങ്കിലും അവിടെയുണ്ടോയെന്നറിയാൻ ചുറ്റും നോക്കുന്നു); താൻ വാഗ്ദാനം ചെയ്തതു വായിക്കാനാഗ്രഹിക്കുന്നതിനാൽ വാക്കിനു നെറിയുള്ളയാളും; സദസ്യർ പക്ഷേ അതിനയാളെ അനുവദിക്കുകയുമില്ല. മാനസികവൈകല്യമുള്ളവരെ ചികിത്സിക്കുന്ന ഒരാശുപത്രിയെക്കുറിച്ചുള്ള ആദ്യത്തെ കഥ കൊണ്ടുതന്നെ വിരണ്ടതു കാരണം, വായനയുടെ മുഷിപ്പൻ രീതി കാരണം, ആളുകൾ, കഥയുടെ വിലകുറഞ്ഞ പരിണാമഗുപ്തി ഇരിക്കെത്തന്നെ, ഓരോരുത്തരായി ഇറങ്ങിപ്പോവുകയായിരുന്നു, തൊട്ടപ്പുറത്തു നടക്കുന്ന മറ്റാരുടെയോ കഥാവായന കേൾക്കാനുള്ള ഉത്സാഹം കൊണ്ടെന്നപോലെ. കഥയുടെ മൂന്നിലൊന്നു തീർത്ത് അല്പം വെള്ളം കുടിയ്ക്കാനായി അയാൾ ഒന്നു നിർത്തിയപ്പോൾ ഒരുകൂട്ടമാളുകൾ അങ്ങനെതന്നെ സ്ഥലം വിട്ടു. ആൾ വിരണ്ടുപോയി. ‘ഇതു കഴിയാറായി,’ അയാൾ പച്ചക്കള്ളം തട്ടിവിട്ടു. ഒടുവിൽ വായന കഴിഞ്ഞപ്പോൾ സർവ്വരും എഴുന്നേറ്റുനിന്നു. ചെറിയൊരു കൈയടിയുണ്ടായി; അതു കേട്ടിട്ട്, എഴുനേറ്റുനിൽക്കുന്ന അത്രയുമാളുകൾക്കിടയിൽ ഒരാൾ മാത്രം ഇരുപ്പുണ്ടെന്നും, അയാളാണു കൈയടിക്കുന്നതെന്നും തോന്നിപ്പോയി. കെല്ലർമന്നു പക്ഷേ പിന്നെയും വായിക്കണം മറ്റൊരു കഥ, പറ്റിയാൽ പല കഥകൾ. പക്ഷേ, വേലിയിറക്കം പോലെയുള്ള ആ ഒഴിഞ്ഞുപോക്കിനു മുന്നിൽ വാ പൊളിച്ചുനിൽക്കാനേ അയാൾക്കു കഴിഞ്ഞുള്ളു. ഒടുവിൽ ആരോ ഉപദേശിച്ചതു കാരണം അയാൾ പറഞ്ഞു, ‘പതിനഞ്ചു മിനുട്ടു മാത്രമെടുക്കുന്ന ഒരു കഥ കൂടി വായിക്കണമെന്നെനിക്കുണ്ട്. അതിനു മുമ്പ് ഒരഞ്ചു മിനുട്ട് വിശ്രമം.’ പലരും പിന്നെയും ശേഷിച്ചു. തുടർന്ന് അയാൾ വായിച്ച കഥയിലെ ഭാഗങ്ങൾ തന്നെ മതിയായ ന്യായീകരണമായിരുന്നു, സദസ്സിന്റെ അങ്ങേയറ്റത്തിരിക്കുന്ന ഒരാൾക്ക് സദസ്സിന്റെ നടുവിലൂടെ, അവർക്കു മുകളിലൂടെയും ചാടിയോടുന്നതിന്‌.


1911 ഫെബ്രുവരി 21

എനിക്കു രണ്ടാമതൊരു ജന്മം തീർച്ചയായിട്ടുണ്ടെന്ന മട്ടിലാണ്‌ ഇവിടത്തെ എന്റെ ജീവിതം.

മേയ് 27

ഇന്നു നിന്റെ പിറന്നാളാണ്‌; പക്ഷേ പതിവുള്ള പുസ്തകം പോലും ഞാനയക്കുന്നില്ല; കാരണം, അതൊരു നാട്യമാവുകയേയുള്ളു. നിനക്കു പുസ്തകം സമ്മാനിക്കാനുള്ള അവസ്ഥയിലല്ല ഞാനെന്നതാണു വാസ്തവം. ഞാനിതെഴുന്നുവെങ്കിൽ, അത് ഇന്നത്തെ ദിവസം ഒരു നിമിഷമെങ്കിലും നിന്റെ അരികിലിരിക്കുക എനിക്കത്രയുമത്യാവശ്യമായതുകൊണ്ടും, അതിനി ഈ കാർഡു വഴിയ്ക്കാണെങ്കിൽ അങ്ങനെ. ഒരു പരാതി കൊണ്ടു തുടങ്ങിയത് നിനക്കെന്നെ അത്രവേഗം മനസ്സിലായിക്കോട്ടെ എന്നു കരുതിയും.


ആഗസ്റ്റ് 26

നാളെ ഞാൻ ഇറ്റലിയ്ക്കു പുറപ്പെടുമെന്നാണു വച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ രാത്രികളായി അച്ഛന്‌ ഉറക്കമേയില്ല; തന്റെ ബിസിനസ്സിനെക്കുറിച്ചുള്ള ആധികളിലും, അവ വഷളാക്കിയ രോഗത്തിലും പൂർണ്ണമായും നിമഗ്നനാണദ്ദേഹം. നെഞ്ചത്തു നനച്ചിട്ട തുണി, ഛർദ്ദി, വിമ്മിഷ്ടം, നെടുവീർപ്പുകളുടെ അകമ്പടിയോടെയുള്ള ചാലിടൽ. അമ്മ തന്റെ ഉത്കണ്ഠയിൽ പുതിയൊരു സാന്ത്വനം കണ്ടെത്തിയിരിക്കുന്നു. അദ്ദേഹത്തിന്‌ എന്നും നല്ല ചുറുചുറുക്കായിരുന്നു, എന്തുമദ്ദേഹം മറികടന്നിരിക്കുന്നു. ഇനിയിപ്പോൾ...ബിസിനസ്സു സംബന്ധമായിട്ടുള്ള വൈഷമ്യമൊക്കെ ഇനിയൊരു മൂന്നു മാസമേ നീണ്ടുനിൽക്കൂയെന്നും, അതു കഴിഞ്ഞാൽ ഒക്കെ ശരിയായിത്തന്നെയാവണമെന്നും ഞാൻ. അദ്ദേഹം നടപ്പു തന്നെയാണ്‌, നെടുവീർപ്പുകളുതിർത്തും, തലയിട്ടിളക്കിയും. സ്വന്തം വീക്ഷണത്തിൽ അദ്ദേഹത്തിനു വ്യക്തമാണ്‌, തന്റെ വേവലാതികൾ താൻ തന്നെ ചുമക്കണമെന്നും, ഞങ്ങളെക്കൊണ്ട് അതിന്റെ ഭാരമൊന്നു കുറയ്ക്കാൻ പോലുമാവില്ലെന്നും. ഞങ്ങളുടെ വീക്ഷണത്തിൽ നിന്നു നോക്കിയാലും ഞങ്ങൾ ഒരാശ്വാസവുമാവാൻ പോകുന്നില്ലെന്ന് ഞങ്ങൾക്കറിയാം; ഞങ്ങളുടെ ഏതു സദുദ്ദേശ്യത്തിലുമുണ്ടാവും, അദ്ദേഹം തന്നെ വേണം കുടുംബത്തെ രക്ഷിക്കാനെന്ന വിഷാദം കലർന്ന ബോദ്ധ്യം...

സെപ്തംബർ 26

ചിത്രകാരൻ കുബിൻ: ബലിഷ്ഠവും, അതേസമയം ഭാവഭേദമില്ലാത്തതുമായ മുഖം. ഒന്നിനൊന്നു വൈവിദ്ധ്യമുള്ള  കാര്യങ്ങൾ പറയുമ്പോഴും പക്ഷേ, മുഖപേശികളുടെ ചലനം സമാനം തന്നെ. പ്രായത്തിൽ, വലിപ്പത്തിൽ, ബലത്തിൽ വ്യത്യസ്തനായി തോന്നും, ആൾ ഇരിക്കുകയാണോ, നിൽക്കുകയാണോ, ഷർട്ടു മാത്രമേ ധരിച്ചിട്ടുള്ളോ അതോ ഓവർക്കോട്ടു കൂടി ഇട്ടിട്ടുണ്ടോയെന്നതിനെ ആശ്രയിച്ച്.


സെപ്തംബർ 27

ഒരു പെൺകുട്ടിയുടെ വേഷത്തിൽ കണ്ട, കൈയ്ക്കു താഴെയായി തുന്നിപ്പിടിപ്പിച്ച മനോഹരമായ വലിയ ബട്ടൺ. വേഷവും മനോഹരമായിരിക്കുന്നു; അമേരിക്കൻ ബൂട്ടുകൾക്കു മേൽ അതു പാറിക്കിടക്കുന്നു. എത്ര ചുരുക്കമായിട്ടാണ്‌ മനോഹരമായതൊന്നു സൃഷ്ടിക്കാൻ എനിക്കു കഴിയുക? ശ്രദ്ധയിൽ പെടാത്ത ഈ ബട്ടണും, അതു തുന്നിപ്പിടിപ്പിച്ച അജ്ഞയായ തയ്യൽക്കാരിയും അതിൽ വിജയിച്ചിരിക്കുന്നു.


റയോകാൻ - സെന്‍ കവിതകള്‍ - 1


1


വിശറി വയ്ക്കാനിടം തേടുന്നു
വീശിത്തളർന്ന കൈകൾ.


2


വരൂ, കുട്ടികളേ,
പൂക്കൾക്കു വേണം
തെമ്മാടിക്കൈകളെ.


3


മഴയത്തു കയറിനിൽക്കുമ്പോൾ

ഇന്നു ഭിക്ഷ തെണ്ടാനിറങ്ങുമ്പോൾ
ഒരു മഴയത്തു ഞാൻ പെട്ടുപോയി,
പഴയൊരമ്പലത്തിനുള്ളിൽ
അല്പനേരം ഞാനഭയവും തേടി.
എന്റെ ഗതികേടോർത്തു
നിങ്ങൾ  നോക്കിച്ചിരിച്ചോളൂ.
ഒരു വെള്ളക്കുപ്പിയും ഒരു ഭിക്ഷാപാത്രവും,
അത്രയും സ്വന്തമായിട്ടുള്ളവൻ.
എന്നാലെന്റേതൊരു കാവ്യജീവിതം,
ലോകത്തിന്റെ വേവലാതികളകലെയും.


4


ശരൽക്കാലസന്ധ്യ

എത്ര ശാന്തവുമേകാന്തവുമാണു ശരൽക്കാലം!
ഊന്നുവടിയിലൂന്നിനിൽക്കെ കാറ്റിനു കുളിരേറുന്നു,
ഒരേകാന്തഗ്രാമത്തിനു മേൽ മഞ്ഞിന്റെ മേലാട വീഴുന്നു,
ഒരു നാട്ടുപാലം കടന്നൊരു രൂപം വീടണയുന്നു,
പ്രാക്തനവനത്തിനുമേലൊരു കിഴവൻ കാക്ക ചേക്കയേറുന്നു,
കാട്ടുവാത്തുകളൊരു വരയായി ചക്രവാളത്തിലേക്കു ചായുന്നു.
കറുപ്പു ധരിച്ചൊരു ഭിക്ഷു മാത്രം ശേഷിക്കുന്നു
സന്ധ്യക്കു പുഴയ്ക്കു മുന്നിൽ നിശ്ചലധ്യാനത്തിൽ.


5


വാഴയിലയിൽ മഴത്തുള്ളികൾ

നിങ്ങൾ വൃദ്ധനും ജരാധീനനുമായിക്കഴിയുമ്പോൾ
ഏതു നേർത്ത ശബ്ദവും നിങ്ങളെ തട്ടിയുണർത്തും;
എന്റെ വിളക്കു മുനിഞ്ഞുകത്തുന്നു,
ഒരന്തിമഴ പെയ്തുതോരുന്നു,
തലയിണയൊതുക്കിവച്ച്
വാഴയിലകളിൽ മഴവെള്ളമിറ്റുന്നതു
മൗനമായി ഞാൻ കേട്ടുകിടക്കുന്നു.
ഈ നിമിഷത്തിന്റെ അനുഭൂതികൾ
ആരുമായി ഞാൻ പങ്കുവയ്ക്കാൻ?


6


മനുഷ്യലോകം വിട്ടാണെന്റെ ജീവിതമെങ്കിൽ
അതിലെന്നെപ്പഴിക്കേണ്ട;
തൃപ്തനാണു നിങ്ങളെങ്കിൽ
ശാന്തിയും നിങ്ങൾക്കുള്ളതു തന്നെ.
പച്ചമലകൾക്കിടയിലൊളിച്ചിരുപ്പില്ല,
മനസ്സിന്റെ ചെന്നായ്ക്കളും കടുവകളുമെന്നാരു കണ്ടു?


7


തെണ്ടിനടക്കൽ

പുല്ലു തലയിണയാക്കി
തുറന്ന പാടത്തു ഞാൻ കിടന്നു,
ആകെ കേട്ട ശബ്ദം
ഒരിരപിടിയൻ കിളിയുടെസീൽക്കാരം.
രാജാക്കന്മാർ, സാമാന്യന്മാർ-
ഒരു സായാഹ്നത്തിലെ
സ്വപ്നശകലങ്ങൾ.


8


കാട്ടുപുല്ലുകൾ വകഞ്ഞെത്രകാലം ഞാൻ കഴിച്ചുവെന്നോ,
ആഴക്കയങ്ങളിലേക്കൊരു നോട്ടം കിട്ടാൻ.
പിന്നെയാണു ഗുരു പറഞ്ഞതിന്റെ പൊരുളു ഞാനറിഞ്ഞതും
ജനിച്ച നാട്ടിലേക്കു ഞാൻ മടങ്ങിയതും.
നിങ്ങൾ വിട്ടുപോകുന്നു, നിങ്ങൾ മടങ്ങിയെത്തുന്നു,
ഒക്കെയും പക്ഷേ, പണ്ടേപ്പോലെ ശേഷിക്കുന്നു-
മലമുടി മൂടുന്ന വെണ്മേഘങ്ങൾ,
നിങ്ങളുടെ കാൽക്കലൊഴുകുന്ന ചോലകൾ.


9


വിരലുണ്ടെന്നതിനാൽ
ചന്ദ്രനെ ചൂണ്ടാൻ നിങ്ങൾക്കായെന്നായി,
ചന്ദ്രനുണ്ടെന്നതിനാൽ
വിരലിനെ നിങ്ങൾക്കറിയാമെന്നുമായി.
രണ്ടല്ല, ഒന്നല്ല, വിരലും ചന്ദ്രനും.
ഈ സദൃശവാക്യം പറയുന്നുവെങ്കിൽ
അതു വെളിപാടിലേക്കുള്ള വഴിയായി മാത്രം.
സംഗതികളതേപടി കാണാൻ നിങ്ങൾക്കായാൽ,
ചന്ദ്രനില്ല പിന്നെ, വിരലുമില്ല പിന്നെ.


10


ഈയിടത്തെത്തിയതിൽപ്പിന്നെത്ര തവണ ഞാൻ കണ്ടു,
ഇലകൾ തളിർക്കുന്നതും, പിന്നെ മഞ്ഞിച്ചുകൊഴിയുന്നതും?
വള്ളികൾ ചുറ്റിപ്പടർന്നു കിഴവൻമരങ്ങളിരുളുന്നു,
താഴവരയുടെ തണലിലും മുളകൾ കിളരം വയ്ക്കുന്നു.
രാത്രിമഴയേറ്റെന്റെ ഊന്നുവടി ദ്രവിച്ചു,
കാറ്റും മഞ്ഞും കൊണ്ടെന്റെ ഉടുവസ്ത്രം പിന്നി.
ഈ പ്രപഞ്ചത്തിന്റെ വിപുലശൂന്യതയിൽ
ഞാൻ ധ്യാനിക്കുന്നതാരെ, രാത്രിയും പകലും?


റയോകാന്‍ (1758-1831) - ജാപ്പനീസ് സെന്‍ ഗുരു

link to ryokan


 

Thursday, January 19, 2012

കാഫ്ക - ഡാൻസർ എഡ്വാർഡോവ


1910-ലെ ഡയറിയില്‍ നിന്ന്‍

ഒരു സ്വപ്നത്തിൽ ഡാൻസർ എഡ്വാർഡോവയോട് ഒരു തവണ കൂടി സർദാസ് നൃത്തം വയ്ക്കാൻ ഞാനപേക്ഷിച്ചു. അവരുടെ മുഖമദ്ധ്യത്ത്, നെറ്റിയുടെ കീഴ്ഭാഗത്തിനും താടിയിലെ മടക്കിനുമിടയിലായി നിഴലോ വെളിച്ചമോ വീതിയേറിയൊരു ചീളായി വീണുകിടന്നിരുന്നു. ഈ സമയത്താണ്‌, ബോധശൂന്യനായ ഒരുപജാപകന്റെ അറയ്ക്കുന്ന ചേഷ്ടകളുമായി ഒരുവൻ അവർക്കടുത്തുചെന്ന് ട്രെയിൻ വിടാറായി എന്ന് അവരോടു പറയുന്നത്. ഈ അറിയിപ്പിന്‌ അവർ കാതു കൊടുത്ത രീതി കണ്ടപ്പോൾ കിടിലം കൊള്ളുന്ന വിധം എനിക്കു ബോദ്ധ്യമായി, അവരിനി നൃത്തം ചെയ്യാൻ പോകുന്നില്ലെന്ന്. ‘ഞാനൊരു ദുഷ്ടത്തിയാണല്ലേ?’ അവർ ചോദിച്ചു. ‘ഹേയ്, അല്ല,’ ഞാൻ പറഞ്ഞു. പിന്നെ ഞാൻ ലക്ഷ്യഹീനനായി അവിടെനിന്നു മാറിപ്പോയി.

അതിനും മുമ്പ് ഞാൻ അവരോടു ചോദിച്ചിരുന്നു, അവരുടെ അരപ്പട്ടയിൽ തിരുകിവച്ചിരുന്ന പൂക്കളെപ്പറ്റി. ‘അതു യൂറോപ്പിലെങ്ങുമുള്ള രാജാക്കന്മാർ തന്നതാണ്‌,’ അവർ പറഞ്ഞു. എന്തായിരിക്കും അതിനർത്ഥമെന്ന് ഞാൻ ചിന്തിച്ചുനോക്കി. അവരുടെ അരപ്പട്ടയിൽ തിരുകിവച്ചിരിക്കുന്ന ആ പുതുപൂക്കളത്രയും യൂറോപ്പിലെ രാജാക്കന്മാർ ഡാൻസർ എഡ്വാർഡോവയ്ക്കു സമ്മാനിച്ചതാണെന്നോ?

സംഗീതപ്രേമിയായ ഡാൻസർ എഡ്വാർഡോവ ട്രാമിൽ യാത്ര ചെയ്യുമ്പോൾ ഊർജ്ജസ്വലരായ രണ്ടു വയലിനിസ്റ്റുകളെ ഒപ്പം കൂട്ടും. അവരെക്കൊണ്ട് ഇടയ്ക്കിടെ വയലിൻ വായിപ്പിക്കുകയും ചെയ്യും. ട്രാമിൽ വയലിൻ വായിക്കരുതെന്നതിന്‌ വ്യക്തമായ കാരണങ്ങളൊന്നുമില്ല, വായന നന്നായിട്ടുണ്ടെങ്കിൽ, സഹയാത്രികർക്ക് അതിഷ്ടപ്പെടുന്നുവെങ്കിൽ, അതിനു ചെലവൊന്നുമില്ലെങ്കിൽ; എന്നു പറഞ്ഞാൽ, പിന്നീടൊരാൾ തൊപ്പിയും നീട്ടിപ്പിടിച്ചു പണം പിരിക്കാനായി നടക്കുന്നില്ലെങ്കിൽ. ആദ്യമൊക്കെ ഒരമ്പരപ്പു തോന്നിയേക്കാമെന്നതു ശരിതന്നെ, അല്പനേരത്തേക്ക് അതനുചിതമായി എല്ലാവർക്കും തോന്നിയെന്നും വരാം. പക്ഷേ കുതിച്ചോടുന്നൊരു ട്രാമിനുള്ളിൽ, പുറത്തു കാറ്റു കനക്കുമ്പോൾ, തെരുവു നിശ്ശബ്ദമായിരിക്കുമ്പോൾ അതിമനോഹരമായിരിക്കും അതു കേട്ടിരിക്കാൻ.

പുറമേ കാണുമ്പോൾ അരങ്ങത്തു കാണുന്നത്ര ഭംഗിയില്ല, ഡാൻസർ എഡ്വാർഡോവയെ കാണാൻ. അവരുടെ നിറം മങ്ങിയ ചർമ്മം, മുഖത്തു ചലനത്തിന്റെ ലാഞ്ഛന പോലും വരാത്ത വിധം, ഒരു യഥാർത്ഥമുഖം പിന്നെ അസാദ്ധ്യമാകും വിധം ചർമ്മത്തെ വലിച്ചുമുറുക്കുന്ന കവിളെല്ലുകൾ, ഒരു ഗഹ്വരത്തിൽ നിന്നെന്ന പോലെ ഉന്തിനിൽക്കുന്ന വലിയ നാസിക- അതിനോടങ്ങനെ സ്വാതന്ത്ര്യമെടുക്കാൻ പറ്റില്ല; തുമ്പത്തു തൊട്ടുനോക്കി കാഠിന്യം പരിശോധിക്കാനോ, മൂക്കിന്റെ പാലത്തിൽ മൃദുവായി പിടിച്ചുകൊണ്ട് ‘ഇനിയൊപ്പം വരൂ,’യെന്നു പറയാനുമാവില്ല. ആവശ്യത്തിലധികം മടക്കുകളുള്ള പാവാടകളുമായി- ആരതിഷ്ടപ്പെടാൻ?- ഇടുപ്പുയർന്ന അവരെക്കാണുമ്പോൾ എന്റെ ഒരമ്മായിയെപ്പോലെ തോന്നും; പ്രായം ചെന്ന ഒരു സ്ത്രീ. പലരുടെയും പല അമ്മായിമാരും കാണാൻ ഇതുപോലെയുണ്ടാവും. പുറത്തു വച്ചു കാണുമ്പോൾ ഈ കുറവുകൾ നികത്തുന്നതായി യാതൊന്നുമില്ല എഡ്വാർഡോവയിൽ, ആ നല്ല കാലടികളല്ലാതെ. ഒരു സംഗതിയുമില്ല, ആവേശത്തിനോ, വിസ്മയത്തിനോ, പോട്ടെ, ബഹുമാനത്തിനെങ്കിലും ഇടകൊടുക്കുന്നതായി. അതു കാരണം ആളുകൾ അവരോട് ഒരുതരം ഉദാസീനതയോടെ പെരുമാറുന്നതും ഞാൻ കണ്ടിരിക്കുന്നു; അതും മറ്റു വിധത്തിൽ അതിനിപുണരും, ഒരിക്കലും തെറ്റു പറ്റാത്തവരുമായ മാന്യദേഹങ്ങൾക്കു പോലും മറച്ചുപിടിയ്ക്കാൻ പറ്റാത്ത ഒരുദാസീനത, എഡ്വാർഡോവയെപ്പോലെ പേരെടുത്ത ഒരു നർത്തകിയ്ക്കു മുന്നിൽ അങ്ങനെയാവാതിരിക്കാൻ സ്വാഭാവികമായും അവർ ജാഗ്രത കാണിക്കാറുണ്ടെങ്കിൽക്കൂടി.

*

എന്റെ ഉടലിനെയോർത്ത്, ഈയുടലും വച്ചുകൊണ്ടുള്ള ഒരു ഭാവിയെയോർത്തുള്ള കൊടുംനൈരാശ്യത്തിൽ നിന്നാണ്‌ ഞാനിതെഴുതുന്നത്.

**

എത്ര നാളുകൾ നിശ്ശബ്ദമായി കടന്നുപോയി. ഇന്ന് മേയ് 28. ഒരു നാളും വിടാതെ ഈ പെൻ ഹോൾഡർ, ഈ തടിക്കഷണം കൈയിലെടുക്കാനുള്ള നിശ്ചയദാർഢ്യം പോലുമെനിക്കില്ലേ? ഇല്ലെന്നുതന്നെ എനിക്കു തോന്നുന്നു. ഞാൻ തുഴയുന്നുണ്ട്, കുതിരസവാരി ചെയ്യുന്നുണ്ട്, നീന്തുന്നുണ്ട്, വെയിലു കൊള്ളുന്നുണ്ട്. അതിനാൽ എന്റെ കാല്‍വണ്ണകൾ കൊള്ളാം, തുടകൾ മോശമല്ല, വയറു തരക്കേടില്ല; പക്ഷേ എന്റെ നെഞ്ചു മുഷിഞ്ഞതാണ്‌, തോളുകൾക്കിടയിൽ ഇറക്കിവച്ചപോലെ തല-
**

നവംബർ 15, 10 മണി

തളർന്നുപോകാൻ ഞാനെന്നെ വിടില്ല; എന്റെ കഥയിലേക്കു ഞാൻ ചാടിക്കയറും, അതിനി എന്റെ മുഖത്തെ തുണ്ടുതുണ്ടായി കീറിമുറിച്ചാലും.


ബോര്‍ഹസ് - 1922-നടുത്തെന്നോ ഞാനെഴുതിയതും പിന്നെ നഷ്ടപ്പെട്ടതുമായേക്കാവുന്ന വരികൾ

File:Cretan-labyrinth-square.svg

നഗരത്തിന്റെ പുറമ്പോക്കുകളിൽ
അസ്തമയത്തിന്റെ നിശബ്ദയുദ്ധങ്ങൾ,
ആകാശത്തൊരു പോരാട്ടത്തിന്റെ പ്രാക്തനപരാജയങ്ങൾ,
കാലത്തിന്റെ കയത്തിൽ നിന്നെന്നപോലെ
സ്ഥലരാശിയുടെ നിശ്ശുന്യാതലത്തിൽ നിന്നു
നമ്മിലേക്കെത്തുന്ന തുച്ഛമായ പുലരികൾ,
മഴയുടെ കരിന്തോപ്പുകൾ,
തുറന്നുനോക്കാനെനിക്കു പേടിയായ,
സ്വപ്നങ്ങളിലെന്നെത്തേടിയെത്തിയ
ഒരു പുസ്തകത്താളിലെ സ്ഫിങ്ക്സ്,
വെണ്ണക്കൽപ്പടവിലെ ചന്ദ്രബിംബം,
പ്രശാന്തദേവകളെപ്പോലെ
നിലകൊള്ളുന്ന വൃക്ഷങ്ങൾ,
അന്യോന്യരാത്രിയും കാത്തിരുന്ന സന്ധ്യയും,
പ്രപഞ്ചമെന്നു പേരായ വാൾട്ട് വിറ്റ്മാൻ,
മൗനം കൊണ്ടൊരു പുഴത്തടത്തിൽ
ഒരു രാജാവിന്റെ വീരഖഡ്ഗം,
സാക്സണുകൾ, അറബികൾ, ഗോത്തുകൾ,
തങ്ങളറിയാതെ എനിക്കു ജന്മം നല്കിയവർ,
ഇവയൊക്കെയും, ബാക്കിയും ചേർന്നതാണോ ഞാൻ,
അതോ, രഹസ്യത്താക്കോലുകളും ദുർഘടഗണിതവുമുണ്ടോ,
നമുക്കു പൊരുളു തിരിയാത്തതായി?



link to image


ടാഗോർ - ഉറങ്ങുന്ന സുന്ദരി: നിശ്ചലചിത്രം


ഒരു ശാപത്തിന്റെ വശ്യത്തിലെന്നപോലെ സായാഹ്നം,
കാൻവാസിലിനിയുമസ്തമിക്കാത്ത സാന്ധ്യതാരം.
കല്ലോലമാലകൾ പോലെ മുടിയഴിഞ്ഞുലഞ്ഞും,
ഒരു കൈയിൽ തലചേർത്തുവച്ചുമവളുറങ്ങുന്നു.
ഒരു പോളക്കണ്ണടയ്ക്കാതെ ഭൂമി നോറ്റിരിക്കുമ്പോൾ
ഇത്ര മേൽ നിദ്ര കൊണ്ടാരവളെയനുഗ്രഹിച്ചു?
എവിടുന്നെന്നറിയാതെ മൗനമന്ത്രണങ്ങൾ നുള്ളി,
എന്നുമെന്നുവളുടെ കാതുകളിലാരാരതിറ്റിച്ചു?
നിരന്തരമൊരു ജലപാതം ചിത്രത്തിനു പിന്നിലായി,
നുരഞ്ഞുയരുകയാണതു നിശ്ശബ്ദഗാനങ്ങളായി.
ചിരന്തനം, കാടിന്റെ മൗനമർമ്മരം,
ചിരന്തനം, ഈ ശാലീനസാന്നിദ്ധ്യം.
പിന്നെയുറക്കം ഞെട്ടുമ്പോൾ ലജ്ജാവതിയായി
ഉടുപുടവ കൊണ്ടവൾ മാറിടം മറയ്ക്കും.

(കടി ഓ കോമൾ - 1886)


Wednesday, January 18, 2012

റോസ് ഓലാൻഡെർ - എന്റെ രാപ്പാടി



എന്റെ ചാവി


എന്റെ ചാവിയ്ക്ക്
അതിന്റെ വീടു കളഞ്ഞുപോയി.

ഓരോ വീടും ഞാൻ കയറിയിറങ്ങി,
ഒന്നിനും അതു ചേരുന്നില്ല.

ഒടുവില്‍ കൊല്ലനെ
ഞാൻ കണ്ടെത്തി.

എന്റെ ചാവി ചേരുന്നത്
അയാളുടെ കുഴിമാടത്തിന്‌.




എന്റെ രാപ്പാടി




മറ്റൊരു കാലത്തെ മാൻപേടയായിരുന്നു എന്റെ അമ്മ.
അവരുടെ തേനിന്റെ നിറമായ കണ്ണുകളും
അവരുടെ ചാരുതയും
മറ്റൊരു നിമിഷത്തിന്റെ അവശിഷ്ടങ്ങൾ.
ഇവിടെ അവർ,
പാതി മാലാഖയും പാതി മനുഷ്യജാതിയുമായിരുന്നു.
എന്താകണമെന്നാണാഗ്രഹമെന്നു ഞാനൊരിക്കൽ ചോദിച്ചപ്പോൾ
അവർ തന്ന മറുപടി ഇങ്ങനെ: ഒരു രാപ്പാടി.
ഇന്നവരൊരു രാപ്പാടി.
എന്നും രാത്രിയിൽ, രാത്രിയോടു രാത്രി, അവർ പാടുന്നതു ഞാൻ കേൾക്കുന്നു,
എന്റെ ഉറക്കമറ്റ സ്വപ്നത്തിന്റെ പൂന്തോട്ടത്തിൽ.
തന്റെ പൂർവികരുടെ സിയോണിനെക്കുറിച്ചവർ പാടുന്നു
പണ്ടൊരു കാലത്തെ ഓസ്ട്രിയായെക്കുറിച്ചവർ പാടുന്നു
ബുക്കോവിനായിലെ കുന്നുകളെയും ബീച്ചുമരക്കാടുകളെയും കുറിച്ചവർ പാടുന്നു.
എന്റെ രാപ്പാടി
എനിക്കായി ഉറക്കുപ്പാട്ടുകൾ പാടുന്നു
ഒരു രാത്രിയുമൊഴിയാതെ
എന്റെ ഉറക്കമറ്റ സ്വപ്നത്തിന്റെ പൂന്തോട്ടത്തിൽ.




അപരിചിതർ


അപരിചിതരെയും കൊണ്ടു തീവണ്ടികളെത്തുന്നു
അവരിറങ്ങിനിൽക്കുന്നു
വഴി നഷ്ടപ്പെട്ടവരെപ്പോലെ നോക്കിനിൽക്കുന്നു 

പേടിച്ചരണ്ട മത്സ്യങ്ങൾ.
അവരുടെ കണ്ണുകളിലൊഴുകുന്നു
അവരുടെ മൂക്കുകൾ വിചിത്രം
ചുണ്ടുകൾ ശോകമയം.

അവരെ കൂട്ടിക്കൊണ്ടുപോകാൻ ആരുമെത്തുന്നില്ല
വേർതിരിവുകളില്ലാത്ത സന്ധ്യക്കായി
അവർ കാത്തുനിൽക്കുന്നു
പിന്നെയവർ ബന്ധുക്കളെ സന്ദർശിക്കാൻ പോകുന്നു,
ആകാശഗംഗയിൽ,
ചന്ദ്രന്റെ തോണിയിൽ.

ഒരാൾ ഹാർമോണിക്ക വായിക്കുന്നു
കേട്ടിട്ടില്ലാത്ത ഈണങ്ങൾ.
മറ്റൊരു തരം സ്വരവിന്യാസം
ഏകാന്തതകളുടെ
നിരന്തരാവർത്തനം.


പ്രണയം


വീണ്ടും നാം കണ്ടുമുട്ടും
ഒരു തടാകത്തിൽ
നീ ജലമായി
ഞാനൊരു താമരപ്പൂവായി

നീയെന്നെ വഹിക്കും
ഞാൻ നിന്നെ മോന്തും

കാണുന്നവരുടെയൊക്കെക്കണ്ണിൽ
നാമന്യോന്യം സ്വന്തമായിരിക്കും
നക്ഷത്രങ്ങൾക്കു പോലുമത്ഭുതമായിരിക്കും 

ഇതാ രണ്ടു ജീവികൾ
തങ്ങളെ വരിച്ച സ്വപ്നത്തിലേക്ക്
രൂപം മാറിച്ചെന്നവർ.


ഞാൻ പോയിക്കഴിഞ്ഞാൽ


ഞാൻ പോയിക്കഴിഞ്ഞാൽ
സൂര്യൻ പിന്നെയുമെരിയാം

സ്വന്തം ചലനനിയമങ്ങൾക്കൊത്തു
ഗ്രഹങ്ങൾ പിന്നെയും തിരിയും,
ഏതെന്നാർക്കുമറിയാത്തൊരു
കേന്ദ്രത്തിനു ചുറ്റും

ലൈലാക്കുകൾ
പണ്ടേപ്പോലെ വാസനിക്കും
മഞ്ഞതിന്റെ വെളുത്ത രശ്മികൾ
പായിക്കും
ഈ മറവി ബാധിച്ച ഭൂമിയിൽ നിന്നു
ഞാൻ പോയിക്കഴിഞ്ഞാൽ
അല്പനേരമെനിക്കായിപ്പറയുമോ,
ഞാനെഴുതിയ വാക്കുകൾ


പഴയ ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ ഭാഗമായ ബുക്കോവിനായിൽ 1907-ൽ ജനിച്ചു. 1939ൽ ആദ്യപുസ്തകം പ്രസിദ്ധീകരിച്ചുവെങ്കിലും യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ടു. നാസി അധിനിവേശകാലത്ത് ഒരു നിലവറയിൽ ഒളിച്ചുകഴിഞ്ഞു. 1936ൽ അമേരിക്കയിലേക്കു കുടിയേറി. 1946ൽ പോൾ സെലാനുമായി പാരീസിൽ വച്ചു കണ്ടുമുട്ടിയത് അവരുടെ കവിതയെ കാര്യമായി സ്വാധീനിച്ചു. 1988ൽ ജർമ്മനിയിൽ വച്ചു മരിച്ചു.


link to Rose Aulander




ചൈനീസ്‌ കവിതകള്‍


വാങ്ങ് വെയ് (701-761)- മുളങ്കാവിനുള്ളിൽ


ഇടതൂർന്ന മുളങ്കാവിലേകനായിFile:Wang Shimin-After Wang Wei's Snow Over Rivers and Mountains.jpg
നന്തുണി മീട്ടി ഞാൻ പാടി;
ദീപ്തചന്ദ്രൻ വന്നെത്തിനോക്കും വരെ,
ആരുമറിഞ്ഞതുമില്ലെന്നെ.


ചെൻ തുവാൻ(871-989)- മടങ്ങി ആശ്രമത്തിലേക്ക്


ചെമ്മൺപൊടിയിലൂടെ പത്തുകൊല്ലം ഞാനുഴന്നു,
സ്വപ്നങ്ങളിലിടയ്ക്കിടെ പച്ചമലകൾ വന്നുപോയെങ്കിലും;
പട്ടുനൂലു കൊണ്ടു പേരുണ്ടായാലുമുറക്കത്തിനതു താരതമ്യമല്ല,
ചുവന്ന പടിവാതിലുകൾ കേമമെങ്കിലുമതില്ലാത്തതാണു ഭേദം.
ദാരുണം, ദുർബലനായൊരു പ്രഭുവിനെ വാളുകൾ കാക്കുന്നതു കേൾക്കുക,
മനസ്സിടിയ്ക്കും, ലക്കു കെട്ട കുടിയന്മാരുടെ പ്രലാപങ്ങളും.
എന്റെ പഴയ ഗ്രന്ഥങ്ങളുമെടുത്തു ഞാൻ മടങ്ങുന്നു, എന്റെ ആശ്രമത്തിലേക്ക്,
കാട്ടുപൂക്കളിലേക്ക്, കിളിപ്പാട്ടുകളിലേക്ക്, അതേ പഴയ വസന്തത്തിലേക്ക്.


പട്ടുനൂൽ- അധികാരികൾ മുദ്ര വയ്ക്കാനുപയോഗിക്കുന്നത്
ചുവന്ന പടിവാതിൽ- ധനികഗൃഹങ്ങളുടെ പടിവാതിലുകളിൽ ചുവന്ന ചായമടിച്ചിരിക്കും


വസന്തകാലത്തൊരലസകവിത - ചൈനീസ്‌ കവിതകള്‍

File:Flowers and birds (Ren Bonian).jpg

ചെങ്ങ് ഹാവോ (1032-1085)-വസന്തകാലത്തൊരലസകവിത


 

നേർത്തിട്ടാണു മേഘങ്ങൾ, തെന്നലലസവും,
പൂക്കളെക്കട,ന്നരളിമരങ്ങൾക്കുമപ്പുറ-
മരുവിക്കരയിലൂടെ നടക്കുമ്പോൾ,
ആളുകൾക്കു കണ്ടിട്ടറിയുന്നില്ലെന്റെ മനസ്സിലെയാനന്ദം;
നേരം പോക്കുകയാണു ഞാനെന്നവർ കരുതുന്നു,
അല്ലെങ്കിലെന്റെ ബാലപ്രകൃതം മാറിയിട്ടില്ലെന്നും.

(ദാവോ ദാർശനികനായ ഷുവാങ്ങ്-സു സ്നേഹിതനുമൊത്തുലാത്തുമ്പോൾ പാലത്തിനടിയിൽക്കിടന്നു തുടിയ്ക്കുന്ന മീനുകളുടെ ആനന്ദത്തെക്കുറിച്ചു പറഞ്ഞു. സ്നേഹിതൻ ചോദിച്ചു:“നിങ്ങൾ മീനല്ലല്ലോ. മീനുകളാനന്ദിക്കുകയാണോയെന്ന് നിങ്ങൾക്കെങ്ങനെയറിയാം?” ദാർശനികൻ പറഞ്ഞു:“നി  ഞാനല്ലല്ലോ. മീനുകളാനന്ദിക്കുകയാണെന്നെനിക്കറിയില്ലെന്ന് നിനക്കെങ്ങനെയറിയാം?”)



ചു ഹ്സി (1130-1200)-വസന്തകാലം

 

ഷൂയെന്ന പുഴക്കരെ പൂക്കൾക്കൊരനുകൂലദിനം,
ആകസ്മികമായൊരു നൂതനത ഭൂഭാഗമാകെ,
കിഴക്കൻകാറ്റിന്റെ പരിചിതമുഖമെനിക്കു കണ്ടിട്ടറിയുന്നു,
എവിടെയും വസന്തമായതിന്റെ ചെമലയും പാടലവും.

(അവരേറ്റവുമാഗ്രഹിക്കുന്നതെന്താണെന്ന് കൺഫ്യൂഷിയസ് ഒരിക്കൽ ശിഷ്യന്മാരോടു ചോദിച്ചു. മിക്കവരും തങ്ങളുടെ രാഷ്ട്രീയാഭിലാഷങ്ങൾ പ്രകടിപ്പിച്ചുകഴിഞ്ഞപ്പോൾ ത്സെങ്ങ് സീ പറഞ്ഞു: “വസന്തകാലത്തിന്റെ ഒടുവിലത്തെ മാസം, കോടിത്തുണികളൊക്കെ ഒരുങ്ങിക്കഴിയുമ്പോൾ പുഴക്കരെ രണ്ടു ശിഷ്യന്മാരെയും കൂട്ടി എനിക്കു പോകണം, വസന്തത്തിന്റെ അനുഷ്ഠാനങ്ങൾ അവിടെ നിർവഹിക്കണം.“ ഒരു ദീർഘനിശ്വാസത്തോടെ കൺഫ്യൂഷിയസ് പറഞ്ഞു:”നിന്റെ കൂടെയാണു ഞാൻ.“



വാങ്ങ് ആൻ-ഷി(1021-1086)-വാസന്തരാത്രി

File:Momohatozu.jpg

ധൂപപാത്രത്തിൽ കനലടങ്ങി,
വെള്ളമിറ്റുന്നതും നിന്നു;
തെന്നൽ നിശ്വാസങ്ങളായി,
കുളി,രലകളായി,
വസന്തമെന്നെയലട്ടുന്നു,
എനിക്കുറക്കം വിലക്കുന്നു,
കൈവരിയിൽ ചന്ദ്രൻ
നിഴൽപ്പൂക്കളും വീഴ്ത്തുന്നു.



ഹ്സു യുവാൻ-ചിയേ (1196-1245)-തടാകത്തിൽ

 

പാടലമരച്ചില്ലകളിൽ
മഞ്ഞക്കിളികളുടെ ഉന്മത്തസല്ലാപം,
പുല്ലു വളർന്ന തടാകത്തിൽ
കൊറ്റികളുടെ സമ്മേളനം,
ഏവർക്കുമിഷ്ടമാണു
കുളിർന്നു തെളിഞ്ഞൊരു പകലിനെ,
ചെണ്ടയുടെയും കുഴലിന്റെയും തിരപ്പുറത്തു
സന്ധ്യക്കു തോണികൾ കടവടുക്കുന്നു.



വാങ്ങ് ചിയാ(851-)-വസന്തത്തെളിമ

File:Pine, Plum and Cranes.jpg

മഴയെത്തും മുമ്പേ പൂക്കൾക്കിടയിൽ പൂമൊട്ടുകളുണ്ടായിരുന്നു,
മഴ മാറിയപ്പോൾ ഇലകൾക്കിടയിലുള്ളതും കൂടി പൊയ്ക്കഴിഞ്ഞു;
തേനീച്ചകളും പൂമ്പാറ്റകളുമൊക്കെ ചുമരു കേറിപ്പറന്നു,
വസന്തമയൽക്കാരന്റെ വളപ്പിലേക്കു കുടിയേറിയെന്നും തോന്നുന്നു.

(മനുഷ്യന്റെ സ്വഭാവചാപല്യത്തെക്കുറിച്ച്.)



ലിയു കോ-ചുവാങ്ങ്(1187-1269)-മഞ്ഞക്കിളിയുടെ നെയ്ത്തോടം

 

അരളിമരത്തലപ്പുകളിലത്രയും വികാരത്തോടെയവർ
സല്ലപിച്ചു പറക്കുമ്പോളതു നെയ്ത്തോടമോടുമ്പോലെ;
ഏപ്രിലിൽ ലോയാങ്ങ് പൂക്കൾ നെയ്ത കംബളം പോലെ,
എത്ര യത്നമെടുക്കണമെന്നോ, അതു നെയ്തെടുക്കാൻ പക്ഷേ?



Tuesday, January 17, 2012

ഹാൻ ഷാൻ - സെൻ കവിതകൾ - 2


7
കുടിയിരിക്കാനൊരിടം തേടുകയാണെന്നോ?
ഹാൻ ഷാൻ തന്നെ പോരേയതിന്‌?
കനത്ത പൈൻമരങ്ങൾക്കിടെ നനുത്ത തെന്നലുണ്ട്,
കാതു കൊടുക്കുന്തോറും കാതിനിമ്പവും കൂടും;
അവയ്ക്കടിയിൽ തല നരച്ചൊരാളൊളിച്ചിരിക്കുന്നു,
ദാവോയുടെ സൂക്തങ്ങളും മന്ത്രിച്ചുമന്ത്രിച്ച്.
പത്താണ്ടായിട്ടും മടങ്ങാനയാൾക്കായിട്ടില്ല,
വന്ന വഴി അയാൾക്കു മറന്നും പോയി.


8
എന്നുമൊരു മിണ്ടാക്കുട്ടിയാണു നിങ്ങളെങ്കിൽ,
പുതിയ തലമുറയ്ക്കെന്തു കഥ പറയാനുണ്ടാവും?
എന്നുമൊരു കൊടുങ്കാട്ടിലൊളിച്ചിരിപ്പാണു നിങ്ങളെങ്കിൽ
നിങ്ങളുടെ ജ്ഞാനദീപമെങ്ങനെ വെളിച്ചം പരത്തും?
എല്ലുകളിട്ടുവച്ച ഈ തോൽസഞ്ചി അത്രയുറച്ച പാത്രമൊന്നുമല്ല,
കാറ്റും മഞ്ഞുമാണെങ്കിൽ തങ്ങളുടെ പണിയിലതിവിരുതന്മാരും.
കരിങ്കല്പാടത്തു കളിമൺകാളയെക്കൊണ്ടുഴാനാണെങ്കിൽ,
കൊയ്യാനുള്ള നാളൊരിക്കലും വന്നുചേരുകയുമില്ല.


9

മുന്നിൽ തെളിഞ്ഞൊഴുകുന്നൊരരുവി,
അരികിൽ ഇരിക്കാൻ നല്ലൊരരികുമായൊരു പാറ,
ഒരേകാന്തമേഘം പോലെ ഹൃദയം,
അതിനാശ്രയിക്കാനൊരു വസ്തുവുമില്ല.
ലോകമിത്രയകലെയായിരിക്കെ,
എന്തിനെത്തേടി ഞാനുഴലാൻ?


10

ഇറങ്ങിച്ചെല്ലുന്തോറും ഭംഗിയേറുന്ന കുന്നുകൾ-
എന്നിട്ടൊരാളുപോലുമീവഴി വന്നിട്ടുമില്ല.
നെടുങ്കൻ പാറകളെ ചുറ്റിപ്പറ്റി അലസമേഘങ്ങൾ,
ഒരു മരത്തലപ്പിലൊരേയൊരു മൊച്ചയും:
മറ്റേതു ചങ്ങാതിമാരെയെനിക്കു വേണം?
ആണ്ടുകളാണ്ടുകൾ പോകെ മുഖവും വടിവും മാറിയാലും,
മനസ്സെന്ന മുത്തിനെ കൈവിടാതെ ഞാനിരിക്കുന്നു.


11

ഇന്നലെ പുഴക്കരെ മരങ്ങളെ ഞാൻ കണ്ടു,
വിശ്വാസം വരാത്ത മാതിരി തകർന്നും നശിച്ചും.
നിവർന്നു നിൽക്കുന്നവ രണ്ടോ, മൂന്നോ,
ഒരായിരം മഴുത്തലകളുടെ പ്രഹരങ്ങളേറ്റവ.
കോടമഞ്ഞു കൊഴിച്ചിടുകയാണു പഴുക്കിലകളെ,
പുഴയലകൾ കാർന്നുതിന്നുകയാണു ദ്രവിച്ച വേരുകളെ.
ജീവിതം കഴിച്ചുകൂട്ടേണ്ടതീവിധമായിരിക്കെ,
എന്തിനു ശപിക്കുന്നു ഭൂമിയെ, സ്വർഗ്ഗത്തെ?


12

നിങ്ങളുടെ പ്രബന്ധങ്ങളൊക്കെ കേമം തന്നെ,
നിങ്ങളുടെയുടൽ കനത്തതുമുറച്ചതും.
ജനനം പക്ഷേ നിങ്ങൾക്കു നല്കുന്നതു പരിമിതമായൊരുടൽ,
മരണം നിങ്ങളെ പേരില്ലാത്തൊരു പ്രേതവുമാക്കുന്നു.
ഈ യത്നം കൊണ്ടു നിങ്ങളെന്തു നേടാൻ?
വരൂ, ഈ വെളുത്ത മേഘങ്ങൾക്കിടയിലേക്കു വരൂ;
ഞാൻ പഠിപ്പിക്കാം ചെമന്ന കുമിളു പാടുന്ന ഗാനം.


 

Monday, January 16, 2012

സു ദുങ്ങ്പോ - സെൻ കവിതകൾ

File:Attributed to Tan Zhirui, Chinese (active late 13th to early 14th century), ‘Bamboo and Rocks’, c. 1275.jpg

വീണ


ചിലർ പറയുന്നു,
വീണയിൽത്തന്നെയുണ്ട് സംഗീതമെന്ന്;
എങ്കിലെന്തേ,
മൂടിവയ്ക്കുമ്പോഴതു മൂകമാവുന്നു?
ചിലർ പറയുന്നു,
മീട്ടുന്ന വിരലുകളിലാണു സംഗീതമെന്ന്;
എങ്കിലെന്തേ,
നിന്റെ വിരലുകളിൽ ഞാനതു കാണുന്നുമില്ല?



മിയാഞ്ചിയിൽ പോയ നാളുകൾ

മനുഷ്യജന്മത്തെ നാമെന്തിനോടുപമിക്കാൻ?
ചെളിയിലോ മഞ്ഞിലോ പറന്നിറങ്ങിയ
കാട്ടുവാത്തിന്റെ കാല്പാടുകളോടോ?
ഇന്ന ദിക്കെന്നില്ലാതെ പറന്നുയരും മുമ്പേ
ചെളിയിലതിന്റെ നഖങ്ങൾ പതിഞ്ഞുവെന്നേയുള്ളു.
കിഴവൻ ഭിക്ഷു ചത്തുപോകുന്നു,
പുതിയൊരു സമാധി പണിതീരുന്നു;
പഴയ ചുമരു ദ്രവിച്ചുതിരുന്നു,
അതിൽ നാമെഴുതിവച്ച കവിതയും മായുന്നു.
നിനക്കിന്നുമോർമ്മയുണ്ടോ,
അന്നു നാം നടന്ന പരുക്കൻ മലമ്പാതകൾ,
ദീർഘിച്ച വഴിയും, നമ്മുടെ ക്ഷീണവും,
ഒരു മുടന്തൻകഴുത കരഞ്ഞുനിൽക്കുന്നതും?



അചേതനങ്ങളുടെ ധർമ്മപ്രവചനം

ബുദ്ധന്റെ ദീർഘവും വിസ്തൃതവുമായ നാവത്രേ,
മർമ്മരം വയ്ക്കുന്ന ചോല;
നൈർമ്മല്യത്തിന്റെ ഉടലല്ലേ,
വടിവൊത്ത മലനിരയും?
എമ്പതിനായിരം ഗാഥകൾക്കു കാതോർത്തു
രാത്രി മുഴുവൻ ഞാൻ കിടന്നു;
പിന്നെ പ്രഭാതമാവുമ്പോൾ,
ഞാനിതൊക്കെയെങ്ങനെ വിശദീകരിക്കാൻ?

(അചേതനങ്ങളും ധർമ്മോപദേശം ചെയ്യാറുണ്ടോയെന്നു ശിഷ്യൻ ഗുരുവിനോടു ചോദിച്ചു; “നിരന്തരമായി,” എന്നായിരുന്നു ഗുരുവിന്റെ മറുപടി. സു ദുങ്ങ്പോ രാത്രി മുഴുവൻ ഈ പ്രഹേളികയുമായി ആലോചിച്ചുകിടന്നു; പുലർച്ചെ എഴുന്നേറ്റ് ഈ കവിത എഴുതുകയും ചെയ്തു.)



ഭൂമിയ്ക്കും സ്വർഗ്ഗത്തിനുമിടയിൽ...

ഭൂമിയ്ക്കും സ്വർഗ്ഗത്തിനുമിടയിൽ പിറന്നവരാണു നമ്മൾ,
കൂറ്റനൊരു തിരികല്ലിൽ സവാരി ചെയ്യുന്ന ഒറ്റയാനുറുമ്പുകൾ.
ഇടത്തേക്കൊന്നു തിരിയാൻ നാമെങ്ങാൻ ശ്രമിച്ചുപോയാൽ
കാറ്റിന്റെ ചക്രം നമ്മെ വലത്തേക്കടിച്ചുപായിക്കും.
നന്മയും ധർമ്മവുമൊക്കെ ഞാൻ പ്രവൃത്തിയിലാക്കിയിട്ടുണ്ടെങ്കിലും
വിശപ്പും തണുപ്പും ഞാൻ സഹിക്കാതെപോയിട്ടുമില്ല.
വാൾത്തലപ്പിന്റെ അരിക്കലം- ചോറു വയ്ക്കാനൊരപായവഴി!
കൂരാണി കൊണ്ടൊരു തടുക്ക് - അതിൽ സുഖിച്ചിരുപ്പുമില്ല.
എന്നാലുമെനിക്കില്ലേ, ഈ മലകളുമരുവികളും?
കണ്ണു ചിമ്മിത്തുറക്കും മുമ്പേ കൊടുങ്കാറ്റും കടന്നുപോകും;
കിഴവനാവണമെന്നില്ല ജീവിതത്തിൽ നിന്നു പിന്തിരിയാനെങ്കിലും,
അതിനുള്ള മനക്കരുത്തെത്രപേർക്കുണ്ടാവും?
മേയാൻ വിട്ട കുതിരയെപ്പോലെ ഭാഗ്യവാനാണു ഞാൻ,
അവന്റെ തളർന്ന പിടലിയിൽ നിന്നു നുകവും മാറ്റിയിരിക്കുന്നു.
ഇതൊക്കെ മതിയെന്റെ വിശപ്പിനും ദാരിദ്ര്യത്തിനുമെതിരു നിൽക്കാൻ.
അനുശോചനങ്ങളും വേണ്ട, അഭിനന്ദനങ്ങളുമെനിക്കു വേണ്ട!
സ്വസ്ഥനും ശാന്തനുമായിരിക്കെ സുഖവും ദുഃഖവും ഞാനറിയുന്നില്ല,
അതിനാലീ ദുരിതത്തിന്റെ വാക്കുകളെ ഞാൻ പാട്ടാക്കി മാറ്റുന്നുമില്ല.



ഒരു ഗുരുവിന്റെ ആശ്രമത്തിൽ

അന്തിച്ചെണ്ട കൊട്ടുന്നതദ്ദേഹം തനിയെ,
അതികാലത്തു മണി മുഴക്കുന്നതുമദ്ദേഹം തന്നെ;
ആശ്രമവാതിലടയുന്നതൊരേയൊരു തലയിണയ്ക്കു മേൽ,
മുനിഞ്ഞുകത്തുന്നൊരൊറ്റവിളക്കിനുമേൽ.
വെളുത്ത ചാമ്പലിനിടയിൽ ചുവന്ന കനലുകളൊന്നിളക്കി
ഗുരു പിന്നെ നടുനീർക്കുന്നു, ജനാലയിൽ മഴ തല്ലുന്നതു കേൾക്കാൻ.



പുഴക്കരെ ഒരു ചിരഞ്ജീവി

കിഴക്കൻമലഞ്ചരിവിൽ കുടിച്ചിരിക്കെ രാത്രിയായി,
ഉണരുമ്പോൾ വെളിവു വന്നിട്ടുമില്ല;
പാതിരയ്ക്കേതോ നേരത്തു ഞാൻ വീട്ടിലെത്തി,
ഇടി വെട്ടുമ്പോലെ കൂർക്കം വലിച്ചുറക്കമാണു വേലക്കാരൻ,
എത്ര മുട്ടിയിട്ടും ഫലമൊന്നും കാണാനുമില്ല.

ഊന്നുവടിയിൽ ചാരി, പുഴയ്ക്കു കാതോർത്തു നിൽക്കെ,
മറ്റൊരാളുടേതായിരുന്നെങ്കിലീയുടലെന്നു ഞാൻ മോഹിച്ചുപോയി;
ഈ ദുരിതത്തിൽ നിന്നൊരു മോചനമെനിക്കെന്നു കിട്ടാൻ?

കാറ്റും കടലുമടങ്ങിയ ദീർഘരാത്രി;
ഒരു തോണി കണ്ടെത്തി ഞാൻ തുഴഞ്ഞുപോയേനേ,
ശേഷിച്ച നാളുകൾ ഞാനൊഴുകിക്കഴിച്ചേനേ,
പുഴയെ നമ്പിയും, കടലിനെ നമ്പിയും.



വേനൽരാത്രി

പൈൻമരത്തിന്റെ പരിമളം
ധ്യാനത്തിൽ നിന്നുണരുക
പുതുമയോടെ,
പടുതകളുയർത്തുക,
പച്ചമുളങ്കാടിൽ ചൂളിയിരു-
ന്നന്തിക്കുളിരു കൊള്ളുക,
കിഴക്കൻചുമരുരുമ്മുന്നു
ചന്ദ്രൻ,
മൗനിയായി


സു ദുങ്ങ്പോ (1037-1101)- സോങ്ങ് കാലഘട്ടത്തിലെ ഏറ്റവും മഹാനായ കവി.