Wednesday, January 4, 2012

നിസ്സാർ ഖബ്ബാനി - നിന്റെ മാറിടത്തിന്റെ തീരത്തു...


നിന്റെ മാറിടത്തിന്റെ തീരത്തു...


നിന്റെ മാറിടത്തിന്റെ തീരത്തു
ചുരുണ്ടുകൂടി ഞാൻ കിടന്നു,
പിറന്നിട്ടൊരുനാൾ പോലു-
മുറക്കം കിട്ടാത്തൊരു കുഞ്ഞിനെപ്പോലെ.


എനിക്കു ശേഷം…


എനിക്കു ശേഷം നിന്നെ ചുംബിക്കുന്ന
പുരുഷന്മാർ കണ്ടെത്തട്ടെ,
നിന്റെ ചുണ്ടുകൾക്കു മേലെയായി
ഞാൻ നട്ട മുന്തിരിവള്ളി.


നിന്റെ നേർക്കെന്റെ പ്രണയം...


നിന്റെ നേർക്കെന്റെ പ്രണയം കുതിച്ചുവരുന്നു
സഞ്ചാരിയെക്കുടഞ്ഞുകളഞ്ഞൊരു വെള്ളക്കുതിരയെപ്പോലെ;
എന്റെ പ്രിയേ,
കുതിരകൾക്കുള്ളാസക്തികൾ നിന്നക്കറിയുമായിരുന്നെങ്കിൽ
എന്റെ വായയിൽ നീ നിറയ്ക്കുമായിരുന്നു,
ചെറിപ്പഴങ്ങൾ, ബദാം കായകൾ, പിസ്റ്റാഷിയോയും.


എന്റെ കൺവെട്ടത്തിൽ നിന്ന്...


എന്റെ കൺവെട്ടത്തിൽ നിന്നൊന്നു മാറിനിൽക്കൂ,
നിറങ്ങളെ വേറുതിരിച്ചറിയാനെനിക്കാകട്ടെ;
എന്റെ കൈകളിൽ നിന്നൊന്നകലെപ്പോകൂ,
പ്രപഞ്ചത്തിന്റെ വലിപ്പമിത്രയെന്നു ഞാനറിയട്ടെ,
ഭൂമിയുരുണ്ടിട്ടാണെന്നും.



അവസാനത്തെക്കത്ത്

ഇതാണെന്റെയവസാനത്തെക്കത്ത്,
ഇനിമേലൊന്നും പ്രതീക്ഷിക്കുകയുമരുത്.
ഇതു നിന്റെ മേൽ പെയ്യുന്ന
അവസാനത്തെ ധൂസരമേഘം,
ഇനി മേൽ മഴയെന്തെന്നു
നീയറിയുകയുമില്ല.
ഇതെന്റെ പാനപാത്രത്തിലെ
അവസാനത്തെത്തുള്ളി,
ഇനി മേലില്ലൊരു മദ്യലഹരിയും.
*
ഇതെന്റെയുന്മാദത്തിന്റെ അവസാനത്തെക്കത്ത്,
എന്റെ ബാല്യത്തിന്റെ അവസാനത്തെക്കത്ത്.
ഇനിമേൽ നീയറിയില്ല,
യൗവനത്തിന്റെ നൈർമ്മല്യം,
ഉന്മാദത്തിന്റെ സൗന്ദര്യവും.
കീശകളിൽ കിളികളെയും കവിതകളെയുമൊളിപ്പിച്ചു
സ്കൂൾ വിട്ടോടിവരുന്നൊരു കുട്ടിയെപ്പോലെ
നിന്നെ ഞാൻ പ്രേമിച്ചു.
നിനക്കു മുന്നിലൊരു ശിശുവായിരുന്നു ഞാൻ,
മതിഭ്രമങ്ങളുടെ,
വിഹ്വലതകളുടെ,
വൈരുദ്ധ്യങ്ങളുടെ.
കവിതയുടെ, തന്റേടം കെട്ട എഴുത്തിന്റെ
കുട്ടിയായിരുന്നു ഞാൻ.
നീയോ,
കിഴക്കൻ ചിട്ടക്കാരിയൊരു സ്ത്രീയായിരുന്നു നീ,
കാപ്പിക്കപ്പുകളുടെ നിരയിൽ
തന്റെ ജാതകം വായിച്ചുനോക്കുന്നവൾ.
*
എത്ര ദുരിതപ്പെടുത്തുന്നു സ്ത്രീയേ, നീ.
ഇനി മേൽ നീയുണ്ടാവില്ല,
എന്റെ നോട്ടുപുസ്തകത്താളുകളിൽ,
നീലിച്ച കത്തുകളിൽ,
മെഴുകുതിരികളുടെ നിലവിളികളിൽ,
തപാൽക്കാരന്റെ സഞ്ചിയിൽ.
നീയുണ്ടാവില്ല,
കുട്ടികളുടെ മിഠായികൾക്കുള്ളിൽ,
ചായം തേച്ച പട്ടങ്ങളിൽ.
നീയുണ്ടാവില്ല,
കത്തുകളുടെ നോവുകളിൽ,
കവിതകളുടെ നോവുകളിൽ.
എന്റെ ബാല്യത്തിന്റെ പൂന്തോപ്പുകളിൽ നിന്നും
നീ സ്വയം ഭ്രഷ്ടയായിപ്പോയി.
ഇനിമേൽ നീ കവിതയുമല്ല.


No comments: