Saturday, January 14, 2012

ക്രിസ്റ്റീനാ റോസെറ്റി - ഗാനം



ഞാൻ മരിച്ചുകിടക്കുമ്പോഴെന്റെ പ്രിയനേ,
ഒരു വിഷാദഗാനമുമെനിക്കായിപ്പാടേണ്ട;
എന്റെ തലയ്ക്കലൊരു പനിനീർച്ചെടിയും നടേണ്ട,
തണലു തരാൻ സൈപ്രസ്മരവും.
മഴയും മഞ്ഞുമേറ്റീറനായിക്കോട്ടെ,
എനിക്കു മേൽ പച്ചപ്പുൽനാമ്പുകൾ;
നിന്റ മനസ്സു പോലെ നിനക്കോർമ്മ വയ്ക്കാം,
നിന്റെ മനസ്സു പോലെ നിനക്കു മറക്കുകയാവാം.

നിഴലുകള്‍ ഞാൻ കാണില്ല,
മഴ പൊഴിയുന്നതു 
ഞാനറിയില്ല, 
വേദനപ്പെട്ടിട്ടെന്നപോലെ
രാപ്പാടി പാടുന്നതും ഞാൻ കേൾക്കില്ല;
ഉദയാസ്തമയങ്ങളില്ലാത്ത മങ്ങൂഴത്തിൽ
സ്വപ്നം കണ്ടുകിടക്കുമ്പോൾ,
ഒരുവേള ഞാനോർത്തുവെന്നാവാം,
ഒരുവേള ഞാൻ മറന്നുവെന്നാവാം.



ക്രിസ്റ്റീനാ റോസെറ്റി (1830-1894) - ദാന്തേ ഗബ്രിയേൽ റോസെറ്റിയുടെ സഹോദരിയായ ഇംഗ്ളീഷ് കവയിത്രി.



No comments: